Friday, October 3, 2025

വായിച്ച പുസ്തകം / മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ / ബെന്യാമിൻ


▪️കഴിഞ്ഞദിവസം നാട്ടിലെ ലൈബ്രറിയില്‍ നിന്ന് മാസങ്ങൾക്കു മുമ്പ് എടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കാൻ പോയപ്പോള്‍ റാക്കുകളിലേ തിരിച്ചിലിനിടയില്‍ ആദ്യം കയ്യില്‍ കിട്ടിയത് “എം.ടിയുടെ ലോകങ്ങൾ” എന്ന പുസ്തകമായിരുന്നു. അടുത്തൊരു പുസ്തകത്തിനായുള്ള തിരച്ചിലില്‍ കണ്ണില്‍ തടഞ്ഞതെല്ലാം വായിച്ചതും കൈയ്യിലുള്ളതു മായിരുന്നു. പഴയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന റാക്കിൽ പരതിയപ്പോൾ കണ്ണുകൾ കുടുങ്ങിയത് വായനയുടെ ആദ്യ കാലങ്ങളില്‍ ഏറെ മോഹിപ്പിച്ചിരുന്ന ഒരു പഴയ പുസ്തകത്തിലാണ്. "മള്‍ബറിയുടെ, ഷെല്‍വിയുടെ(എഡിറ്റര്‍) ഓർമ്മകൾ" എന്ന പുസ്തകം. കയ്യിൽ കിട്ടിയ പുസ്തകം മൾബറയുടെ ഓർമ്മകളുടെ രണ്ടാം തുടർച്ചയാണ്. പുസ്തകത്തിലെ പ്രസാധനകുറിപ്പില്‍ ഹൃദയപൂര്‍വ്വം ഷെല്‍വി എഴുതുന്നുണ്ട് “1995 പ്രസിദ്ധികരിച്ച് ഓര്‍മ്മയുടെ ആദ്യവോള്യം ഒരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി ഈ പുസ്തകം ആദ്യവോളിയ ത്തിന്റെ തുടര്‍ച്ച തന്നെയാണ് (പുനപ്രസിദ്ധീകരണമല്ല) .ഓര്‍മ്മകളുടെ ന്യുറോണുകള്‍ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജീവിത കാലഘട്ട ത്തില്‍ ഈ വോള്യത്തിന് പ്രസക്തിയേറുന്നു” .പണ്ട് വായനയുടെ വസന്തകാലം എന്നോർക്കാൻ ഇഷ്ടപ്പെടുന്ന 90 കളിൽ, 1995ൽ പ്രസിദ്ധികരിച്ച് “മള്‍ബറിയുടെ ഓര്‍മ്മകള്‍” കണ്ടപ്പോൾ, വായിക്കാനായി കൈയ്യില്‍ കിട്ടിയപ്പോൾ, ഉണ്ടായ അത്ഭുതവും ആകാംക്ഷയും, ഇന്ന് ഒരു പുസ്തകവും കിട്ടുമ്പോൾ ഉണ്ടാകാറില്ല. അന്ന് എഴുത്തുകാരുടെ ആത്മകഥകൾ പുസ്തകമായി ഇറങ്ങിയിരുന്നു, എന്നാൽ ഓർക്കുവാൻ ഏറെ ആഗ്രഹിക്കുന്ന, എഴുത്തുകാരുടെ ഓർമ്മകൾ, അതും ഒരു പുസ്തകത്തിൽ അനേകം എഴുത്തുകാരുടെ ഓർമ്മകളെ ഒന്നിച്ച്, മനോഹരമായി രൂപകല്പന ചെയ്ത് ഇങ്ങനെ വായിക്കാൻ കഴിയുന്നു എന്നത്,ഒരു വായനക്കാരനെ സംബന്ധിച്ച്, അക്കാലത്ത് ചിന്തിക്കാൻ കഴിയാത്തതായിരുന്നു. , പരമ്പരാഗത പുസ്തകം നിർമ്മാണത്തിന് വിധേയമായി ആ കാലത്ത് പുറത്തുവന്നുകൊണ്ടിരുന്ന പുസ്തകങ്ങളെ, ഞെട്ടിച്ചു കൊണ്ടാണ് മള്‍ബറിയുടെ ഓരോ പുസ്തകവും വന്നിരുന്നത്. അതുവരെ വായനക്കാര്‍ക്ക് ചിന്തിക്കാത്ത കഴിയാത്തതായിരുന്നു ആ പുസ്തകങ്ങളുടെ സൌന്ദര്യവും ഉള്ളടക്കവും, മനോഹരമായ കവറിലും, രൂപത്തിലും, ഉള്ളടക്കത്തിലും അച്ചടിയിലും വിഷയത്തിലും ഈ പുസ്തകങ്ങൾ കിട്ടുമ്പോൾ,ഈ പുസ്തകങ്ങളെ പറ്റിയുള്ള “പ്രിയ സുഹൃത്ത് “ മായി പോസ്റ്റ്മാൻ വീട്ടില്‍ എത്തുമ്പോള്‍, ഇന്നത്തെ ഏതൊരു വായനക്കാരനും ഒരിക്കലും ഉണ്ടാകാൻ ഇടയില്ലാത്ത ഒരു സന്തോഷം മള്‍ബറി കാലത്തെ വായനക്കാർക്ക് മാത്രം സ്വന്തമായിട്ടുണ്ടായിരുന്നു. കെ.പി നിർമ്മല്‍ കുമാറും,മേതില്‍ രാധാകൃഷ്ണനും അവരുടെ പുസ്തകങ്ങളും, അന്യഭാഷകളിലെ കഥകൾ, നോവലുകളുമായി അനേകം പുസ്തകങ്ങൾ അന്ന് മള്‍ബറി വായന കേരളത്തിന് നൽകി. അത് ഒരാളുടെ മാത്രം പ്രയ്കത്നമായിരുന്നു, സ്വപ്നമായിരുന്നു, ഷെല്‍വിയുടെയും, അയാളുടെ മള്‍ബറി എന്ന അച്ചടിശാലയുടെയും. 1990 കളിലെ മലയാള പുസ്തകം ലോകത്തിനെ,വായനാലോകത്തിനെ, അമ്പരിപ്പിച്ച ഒരാൾ, പുസ്തകങ്ങളെ പറ്റിയുള്ള തന്റെ സ്വപ്നങ്ങളെ, മള്‍ബറിയുടെ വായനക്കാരിൽ എത്തിക്കാൻ ജീവിതം മാറ്റി വച്ച ഒരാള്‍, അതായിരുന്നു ഷെൽവി. കാലമെത്തുമുമ്പ് വായനക്കാരിൽ നിന്നും, ജീവിതത്തിൽ നിന്നും,പുസ്തകങ്ങളില്‍ നിന്ന് തിരികെ നടന്നുവെങ്കിലും, ആ കാലത്തെ വായനക്കാരുടെ മനസ്സിൽ എന്നും മൾബറുടെയും ഷെൽവിയും ഉണ്ടായിരുന്നു.


 
പക്ഷേ ജീവിതത്തിന്റെ ഒഴുക്കില്‍ എവിടെയോ ഒലിച്ച് പോയ ആ ഓർമ്മകളെ, ജീവിതത്തെ,ആ ജീവിതത്തിലെ ഡിയേ ഒക്കെ വീണ്ടും ഓർമിപ്പിക്കുന്നു, “ബെന്യായാമിന്റെ മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ.
 
“എങ്ങനെയാണ് ഒരാള്‍ക്ക് ഒരെഴുത്തുകാരൻ അത്രമേല്‍ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന 
അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായി അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക ?
പുസ്തകങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ ജീവിച്ചു മടങ്ങിയ ഷെല്‍വിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്സാകിസിന്റെയും കാലങ്ങളിലുടെ,ഇരുവര്‍ക്കുമിടയിലെ സമാനലോകങ്ങളിലുടെ,അവരുടെആഹ്ലാങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും വേദനകള്‍ക്കു മൊപ്പംമാണ് ബെന്യാമിൻ,ഒരു നോവലിസ്റ്റിന്റെ സര്‍വസ്വാതന്ത്ര്യത്തോടെ.” (ബള്ര്‍ബ്)
 
 ഷെൽവിയുടെ,ഡിയുടെ ജീവിതത്തെ പറ്റി പറയുമ്പോൾ നിക്കോസ് കസാൻദ്സാകിസ് എന്ന എഴുത്തുകരനെ പറ്റി എങ്ങനെ പറയാ തിരിക്കാനാകും, കാരണം ഷെൽവിക്കും,ഡിയിക്കും നിക്കോസ് കസാൻദ്സാകിസ് വെറും എഴുത്തുകാരൻ മാത്രമല്ല അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ എഴുത്തുകാരനും അയാളുടെ എഴുത്തുകളും പുസ്തകങ്ങളും ആ ജീവിതങ്ങള്‍ക്കോപ്പമാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ കോഴിക്കോടും ഗ്രീസിലുമെക്കെ നടക്കുന്നത്,

പുസ്തകത്തിൽ ഒരിടത്ത് ഷെൽവിയും ഡിയും ഒന്നിച്ചുള്ള ജീവിതം തുടങ്ങി ദിവസം രാത്രി ആഹാരത്തിനു ശേഷം സാകിസിൻ്റെ The Fratricides എന്ന നോവലിൻ്റെ ഒരു ഭാഗം വായിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്.

"എന്റെ ജീവിതത്തിൽ ഞാനാഗ്രഹിച്ചിരുന്നത് വെറും മൂന്ന് കാര്യങ്ങളാ യിരുന്നു, ഒരു കൊച്ചുവീട്, ഭാര്യ, ചുരുണ്ട ഇലകൾ തിങ്ങിയ ഒരു പൂപ്പാത്രം. എന്റെ പ്രിയപ്പെട്ടവളേ, ജീവിതമെന്നത് വളരെ വിചിത്രമാണ്. മനുഷ്യന് വളരെ കുറച്ചേ വേണ്ടൂ സന്തുഷ്ടനാകാൻ. എന്നാൽ കപടയശസ്സിനു പിന്നാലെ അലഞ്ഞ് അവൻ സ്വയം നഷ്ടപ്പെടുത്തുന്നു. സ്വയം നശിപ്പിക്കുന്നു. എന്റെ മാരിയ, ഇവിടം ഉപേക്ഷിക്കാനും ആ കൊച്ചുമുറി യുടെ വാതിലിനരികെ എത്താനും ഒരക്ഷരംപോലുമുരിയാടാതെ നിൻ്റെ കൈത്തണ്ട തൊടാനും അതിന്റെ ഇളം ചൂട് എൻ്റെ കൈപ്പത്തിക്കു ള്ളിലറിയാനും ഞാനെത്ര തവണ കൊതിച്ചിട്ടുണ്ടെന്നോ. സ്നേഹിക്കുന്ന കൈകളുടെ സ്‌പർശനത്തെ ക്കാളേറെ വലിയ ആനന്ദം മറ്റൊന്നുമില്ലെന്നുതന്നെ ഞാൻ കരുതുന്നു."

ഈ വരികൾ വായിക്കുന്ന ,ഇന്നും മള്‍ബറിയേ ഇഷ്ടപ്പെടുന്ന, ഷെൽവിയെ ഓർക്കുന്ന, കസാൻദ്സാകിസിനെ വായിക്കുന്ന, സോര്‍ബയുടെ ജീവിതം തങ്ങളുടെ കൂടെ ജീവിതമായി സ്വപ്നങ്ങളിൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് ഈ പുസ്തക വായന നൽകുന്ന ആവേശം, അനുഭവിച്ചറിയാനെ കഴിയൂ, അത് പറഞ്ഞു മറ്റോരാളെ മനസ്സിലാക്കിക്കുവാൻ ശ്രമിച്ചാൽ തീർച്ചയായും അത് ഒരു പരാജയം മാത്രമായിരിക്കും. കസാൻദ്സാകിസിന്റെ മണ്ണിലേക്ക് 2023 ലെ ഡിയുടെ യാത്രയും, 1985 മുതൽ 2023 വരെയുള്ള ഡിയുടെ കോഴിക്കോട് ജീവിതവുമാണ് "ഷെഹ്നായിയുടെ" മുറ്റത്തെ മള്‍ബറി വായനക്കാരനോട് പറയുന്നത് ,ആ കഥ പറച്ചിൽ അവസാനിക്കുന്നത് നിക്കോസ് കസാൻദ്സാകിസിന്റെ ഈ വാക്കുകളിലാണ്...
 
“അവര്‍ എന്നെക്കുറിച്ച് കരുതിയത്
പണ്ഡിതൻ,ബുദ്ധിജീവി,എഴുത്തുകാരൻ എന്നൊക്കെയാണ്,
എന്നാല്‍ ഞാനിതൊന്നുമായിരുന്നില്ല.
ഞാനെഴുതുമ്പോള്‍ എന്റെ വിരലുകളില്‍ പടര്‍ന്നത് മഷിയായിരുന്നില്ല,രക്തമായിരുന്നു.
ഞാനിതില്‍ കൂടുതല്‍ മറ്റൊന്നുമല്ല എന്ന് ഞാൻ വിചാരിക്കുന്നു:
ധൈര്യമുള്ള ഒരാത്മാവ് !”
 
നിക്കോസ് കസാൻദ്സാകിസ്
(1883-1957)
 
ആ വരികളിൽ പറയുന്നതു പോലെ, മൾബറി എന്ന പുസ്തകശാലയിൽ നിന്ന് പുറത്തു വന്നവ, വെറും പുസ്തകങ്ങൾ മാത്രം ആയിരുന്നില്ല അത് ഷെൽവിയുടെ സ്വപ്നങ്ങളായിരുന്നു, ജീവിതമായിരുന്നു, ആ ജീവിതം അവസാനിക്കുമ്പോൾ, ആ സ്വപ്നങ്ങള്‍ അവസാനിക്കുമ്പോൾ അവസാനിച്ചത് ,പുസ്തകങ്ങളെ ജീവിതം പോലെ സ്നേഹിക്കുന്ന വായനക്കാരന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു,പുസ്തകത്തിന്റെ പുറത്തും അകത്തും അതിന്റെ മനോഹരിതയേ എന്നും സ്വപ്നം കാണുന്ന വായനക്കാരന്റെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു അത്. വായനക്കാരന്റെ ഓര്‍മ്മകളില്‍ നിന്ന് എന്നോ മറവിയിലേക്ക് മടങ്ങി പോയിരുന്ന ഷെല്‍വിയും മൾബറി എന്ന പുസ്തകശാലയും, അവിടുന്ന് വായനക്കായി പുറത്തുവന്ന പുസ്തകങ്ങളെയുമാണ് ബെന്യാമിന്‍ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന "കേട്ടുകേഴ്വിയില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും പൊലിപ്പിച്ചെടു ത്തവ.അവിടവിടെ ജീവിതത്തിന്റെ നേര്‍ത്ത നിഴല്‍ വീണു കിടക്കുന്നു ഒരു കഥയായിമാത്രം ഇതിനെ കാണുക” എന്ന് പറയുന്ന ഈ കഥയിലൂടെ (ഒരു വാക്ക്- ബെന്യാമിന്‍) മള്‍ബറിയില്‍ നിന്നും, ജീവിതത്തില്‍ നിന്നും ഷെല്‍വിയും മള്‍ബറിയും പിൻതിരിഞ്ഞു നടന്ന കാലത്ത്, നിരാശയി ലേക്ക് ആണ്ടു പോയ, പുസ്തകങ്ങളെ,വായനയെ ജീവിതത്തിനോപ്പം പ്രണയിച്ച് വായനക്കാര്‍ക്കായി വീണ്ടും മൾബറി ഓർമ്മകളുടെ ഒരു വസന്തമായി ബെന്യാമിന്‍ നല്‍കുന്നത്.

📙- മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” (നോവൽ)
✍️- ബെന്യാമിന്‍
📖- 352
🖨️- ഡി.സി ബുക്സ് ( 2025)
💸 499 ₹

Sunday, September 7, 2025

വായിച്ച / ഓർമ്മകൾ ഉപ്പിലിട്ടത് / ബിബിൻ ഏഴുപ്ലാക്കൽ



▪️വീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതെയേന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മ കളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്! (ബ്ളർബ്ബ്)

▪️വെറുതെ ഇരുന്നു പഴയകാലത്തേക്ക്, ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടമാണ്. ഓർമ്മകളെ ഞാൻ എവിടെയോ ഉപ്പിലിട്ടു വച്ചിട്ടുണ്ട്. പഴകും തോറും എനിക്ക് ഇഷ്ടം കൂടുന്ന, എന്നെ ചിരിപ്പിക്കുന്ന, എന്നെ കരയിപ്പി ക്കുന്ന ഓർമ്മകൾ. ഒന്നും എഴുതാൻ ശ്രമിക്കാതെ, അതൊന്നും ആരോടും പറയാതെ ഞാൻ എന്നിൽ തന്നെ ഉപ്പിലിട്ടു വച്ച എന്റെ ഓർമ്മ കൾ. ഇവിടെ അതു ഞാൻ എഴുതി തുടങ്ങുകയാണ്. ഈ ഭൂമിയിൽ ഓർമ്മകളോളം വിലപിടിപ്പുള്ളതായി എന്തുണ്ട്? എനിക്കത് അത്രമേൽ പ്രിയങ്കരമാണ്. തനിച്ചിരിക്കുമ്പോൾ ഞാൻ ഓർമ്മകളിലേക്കു പോകും. അവിടെ എല്ലാമു ണ്ട്. എന്നെ ഞാനാക്കുന്ന എല്ലാം. അതിൻ്റെ ചേർത്തു വയ്ക്കലുകൾ മാത്രമാണ് ഈ കുറിപ്പുകൾ. (ആമുഖത്തിൽ)

▪️നമ്മൾ കൂടുതൽ മുറിവേറ്റത് എപ്പോഴാണ്? നമ്മൾ ശൂന്യരായി നിന്നുപോയത് എപ്പോഴാണ്?

ഓർത്തു നോക്കിയിട്ടുണ്ടോ? ഒന്നോർത്തെടുക്കുന്നത് നന്നാവും. ജീവിത ത്തിൽ മുറിവുകൾ ആഴത്തിൽ തൊടുന്നത് വാക്കുകൾ കൊണ്ടാണ്. വാക്കുകളേക്കാൾ മറ്റെന്താണ് അത്രമേൽ നമ്മളെ മുറിപ്പെടുത്തുന്നത്. ചിലരുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നു നമ്മൾ കരകയറിയി ട്ടില്ല അതല്ലേ സത്യം. ജീവിതത്തിന്റെ നന്മ തിന്മകളുടെ ഏറ്റവും നല്ല ഉപക രണം വാക്കുകളാണ്. ലോകത്തുള്ള സകല കലഹങ്ങളും, യുദ്ധങ്ങളുടെ പോലും കാരണം വാക്കുകളുടെ മൂർച്ചയേറിയ പ്രയോഗമല്ലേ?

ചില മൗനങ്ങളും അങ്ങനെ തന്നെ ചിലരുടെ മൗനത്തിൽ നമ്മൾ ആഴത്തിലേക്കു വീണു പോകുന്നു. കാരണം നമ്മൾ കാത്തിരിക്കുന്നത് അവരുടെ വാക്കുകൾക്കു വേണ്ടിയാണ്. നമ്മളെ ഉയിർപ്പിക്കുന്ന വാക്കു കൾ. കേൾക്കാത്ത ഒരായിരം ശബ്ദങ്ങൾ ഇവിടെ കറങ്ങി തിരിയു മ്പോൾ, എന്തു കേൾക്കണം ആരെ കേൾക്കണം എന്നൊക്കെയുള്ളത് ഒരു തിരഞ്ഞെടുപ്പാണ്. കേൾക്കാൻ ആരുമില്ലാതെ വാക്കുകൾ കൊതി ക്കുന്നുണ്ട്.കേൾക്കാത്ത ശബ്ദമായി ഒരായിരം വാക്കുകൾ നമുക്ക് ചുറ്റുമുണ്ട്. ഇനിയും കേൾക്കാൻ പറ്റാത്ത വാക്കുകൾ നമുക്കു മീതെ വട്ടം കറങ്ങു ന്നുണ്ട്. വാക്കുകൾ അങ്ങനെയുമാണ്. ഒരു ജന്മത്തെ മുഴുവൻ വിശുദ്ധമാക്കുന്ന സുകൃതങ്ങളായി അതു രൂപപ്പെടും. സൗഖ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായി അതു നമുക്കു വേണ്ടി കാത്തിരിക്കും.(കേൾക്കാത്ത ശബ്ദങ്ങൾ)

▪️ചിലപ്പോഴെങ്കിലും നമ്മളും പ്രാർത്ഥിക്കാറുണ്ട്, ആ പഴയ മനുഷ്യനെ തിരിച്ചു കിട്ടാൻ. എവിടെയോ കൈവിട്ടുപോയ ആ പഴയ മനുഷ്യനെ നമ്മളെല്ലാം ഒത്തിരി കൊതിയോടെ ആഗ്രഹിക്കുന്നുണ്ട്. അതു നമ്മുടെ ഉള്ളിലെ സാധ്യതകളാണ്. നഷ്ടപ്പെട്ടുപോയതു ഞാനും നിങ്ങളും ആണ്. ജീവിതത്തി ൻ്റെ ഏതോ ഒരു ഘട്ടത്തിൽ പതറിപ്പോയ ആ നിമിഷത്തിൽ വച്ചു ശൂന്യതയുടെ മറ്റൊരു തലത്തിലേക്കു നമ്മൾ വഴുതിപ്പോകുന്നു. തിരിച്ചുവരാൻ സാധ്യതകൾ ഏറെയുണ്ടെങ്കിലും നമ്മൾ അവിടെത്തന്നെ നിലയുറപ്പി ക്കുന്നു. തിരിച്ചു വരിക എന്നതു മാത്രമാണു ജീവിതത്തിന്റെ പ്രത്യാശ യിലേക്കുള്ള വാതിൽ. നാമൊക്കെ നന്നായി കാണേണ്ടത് ആർക്കാണ്? മറ്റാരെക്കാളും അതു നമുക്കു തന്നെയാണ്. എവിടെയെ ങ്കിലും എന്നെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ആർക്കെങ്കിലും ഞാൻ നഷ്ടമായിട്ടുണ്ടെങ്കിൽ തിരിച്ചു വരാൻ സാധ്യമാകട്ടെ തിരിച്ചു വരണം, കാരണം എന്നെ വേണ്ടത് എനിക്കു മാത്രമാണ്.

തിരികെ... അതു കുടുംബത്തിലേക്കായിരിക്കാം, സൗഹൃദത്തിലേ ക്കായിരിക്കാം, എന്നിലേക്കു തന്നെയായിരിക്കാം...(തിരികെ)

▪️ഓർമ്മകൾ അവസാനിക്കരുതേ എന്നാണു പ്രാർത്ഥന. ഓർമ്മകൾ ഇല്ലാതായാൽ ഞാൻ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓർമ്മ കളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്നു സംശയമാണ്. ഒന്നു കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ഓർമ്മകൾ അങ്ങനെ തന്നെ നിൽക്കുന്നതു നല്ലതാണ്.

മനുഷ്യന് ഓർമ്മിക്കപ്പെടാനും ഓർത്തെടുക്കാനും എന്തെങ്കിലു മൊക്കെ വേണം. ഞാൻ എവിടെയെങ്കിലുമൊക്കെ ഓർമ്മിക്കപ്പെടുന്നു! ണ്ടോ? ആർക്കെങ്കിലുമൊക്കെ ഓർത്തെടുക്കാൻ പാകത്തിൽ എന്തെങ്കിലു മൊക്കെ ഞാൻ അവശേഷിപ്പിക്കുന്നുണ്ടോ? ഇന്നു നാം പറയുന്ന ഏറ്റവും വലിയ കളവ്,

'ഞാൻ നിന്നെ ഇടയ്ക്ക് ഓർക്കാറുണ്ട്' എന്നുള്ളതാണ്. സത്യമാണ്, ചിലരെയൊക്കെ ചിലതിനോടു ചേർത്തു വായിക്കുമ്പോൾ ഓർത്തെടുക്കും. പക്ഷേ ഒരു കാരണവുമില്ലാതെ ചില സമയങ്ങളിൽ നമ്മുടെ ഓർമ്മ കളിലേക്ക്, ഹൃദയത്തിലേക്ക് ആരെങ്കിലുമൊക്കെ കടന്നു വരാറുണ്ടോ?(ഓർമ്മകൾ ഉപ്പിലിട്ടത്)


▪️"സെക്യുരിറ്റി മുതല്‍ വീട്ടിലെക്ക്" വരെയുള്ള 18 കുറിപ്പുകള്‍,നമ്മള്‍ ജീവിക്കുന്നത് അന്യരാല്‍ ഓര്‍മ്മിക്കപ്പെടുവാൻ മാത്രമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല എന്നും,അതു പോലെ തന്നെ അന്യരെ ഓര്‍മ്മിക്കാൻ കൂടിയാണ് നമ്മുടെ ജീവിതവും എന്ന് ആ ചിന്തയോട് കൂട്ടി ചേര്‍ത്ത് വായിക്കേണ്ടതാണെന്നും ഓർപ്പിക്കുന്ന ഈ 18 കുറിപ്പുകള്‍. ജീവിതത്തില്‍ ഇന്ന് എത്തി നില്‍കുന്നിടത്ത് നിന്ന്, പിന്നിലിട്ട് പോന്ന ഓര്‍മ്മകളെ തിരികെ പിടിക്കുവാൻ ശ്രമിച്ചാല്‍, എത്ര മാത്രം നമ്മുക്ക് ഓര്‍മ്മിക്കാനാവും,ചിന്തിച്ചിട്ടുണ്ടോ ?വളരെ കുറച്ച് മാത്രം എന്നതാവും ഏറെ നേരം ചിന്തിച്ചാലും അതിനു കിട്ടാവുന്ന ഉത്തരം.നമ്മളെ വേദനിപ്പിക്കുകയും,സന്തോഷിപ്പിക്കുകയും ചെയ്ത ചില ഓര്‍മ്മകള്‍ മാത്രമാവും ആ തിരിച്ചു പിടിക്കലില്‍ അവശേഷിക്കുക.ജിവിതത്തില്‍ ഒരിക്കലും മറക്കരുതാത്തതായ ഓര്‍മ്മകളില്‍ പലതും ഒരിക്കലും തിരിച്ചു കിട്ടാൻ കഴിയാത്ത വണ്ണം എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു, ഇക്കാല മത്രയുമുള്ള ജീവിതത്തിൽ നിന്ന് (അച്ഛനമ്മമാര്‍, കൂടെപിറപ്പുകള്‍, കൂട്ടുകാര്‍, സഹയാത്രികര്‍,ശത്രുകള്‍,പരിചയക്കാർ അങ്ങനെ) അനേകരിൽ എത്ര പേരെ ഇന്ന് ഓര്‍ത്തേടുക്കാനാകും. ഇങ്ങനെ ഓര്‍മ്മകളില്‍ നിന്ന് നഷ്ടമായവയെ ഒക്കെ ഓര്‍മ്മിപ്പിക്കുവാൻ ശ്രമിക്കുന്നു ബിബിൻ ഏഴുപ്ലാക്കലിന്റെ “ഓര്‍മ്മകളെ ഉപ്പിലിട്ടത്”.പണ്ട് ഉപ്പിലിടുന്നത് അതിലിടുന്നതൊക്കെ കേടാകാതിരിക്കാനാണ്,അങ്ങനെ കേടാകാത്ത ഈ ഒരു പിടി ഓര്‍മ്മകളില്‍,അച്ഛനും,അമ്മയും സഹോദരങ്ങളും, കൂട്ടുകാരും, അദ്ധ്യാപകരും, സഹയാത്രികരും,പോയ ഇടങ്ങളില്‍ കണ്ടുമുട്ടി പിരിഞ്ഞ വരുമുണ്ട്.ഈ ഓര്‍മ്മകളോക്കെ വായിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരു ചെറു സന്തോഷങ്ങളും, സങ്കടങ്ങളും, വേദനങ്ങളും,കുറ്റബോധം ഒക്കെയും ഇങ്ങനെ മനസ്സിലൂടെ കടന്നു പോകും.അന്നു ഞാൻ അങ്ങനെ ചെയ്തിരുന്നേങ്കില്‍, ചെയ്യാതി രുന്നേങ്കില്‍,അങ്ങനെ പറയാതിരുന്നെങ്കില്‍, പറഞ്ഞിരുന്നേങ്കില്‍, ജീവിതത്തില്‍ തന്നെ എന്തെല്ലാം മാറിപോയെനെ എന്ന ആലോചനകള്‍ വന്നും പോയിമിരിക്കും.ഈ കുറിപ്പുകളില്‍ മനുഷ്യര്‍ മാത്രമല്ല ഉള്ളത് പുസ്തകങ്ങളും ,ചലച്ചിത്രങ്ങളും ഒക്കെയും ഈ ഓര്‍മ്മകളിലുടെ കടന്നു പോകുന്നു.എന്തിനോക്കൊയോ വേണ്ടി, ജീവിച്ച ഇടത്തില്‍ നിന്ന് ഇറങ്ങി പോയ ഒരാള്‍, തിരികെ വരുമ്പോള്‍ എന്താവും പ്രതീക്ഷിക്കുക,അതിനെ പറ്റി ചിന്തിച്ചിരിക്കുമ്പോൾ, ,ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു ,നമ്മള്‍ തിരിച്ചു പിടിക്കെണ്ട ഇടങ്ങള്‍ ഇനിയും ഇവിടെ അവശേഷിക്കുന്നു എന്ന്.ഒരു മടക്ക യാത്ര,എന്നോ പിന്നില്‍ ഉപേക്ഷിച്ച് പോയ വീട്ടിലേക്ക്, വീട്ടിലെ അത്താഴത്തിലേക്ക്,വീട്ടിലേ പൊട്ടിച്ചിരികളി ലേക്ക്, വീട്ടിലേ കുസൃതികളിലേക്ക്,നമ്മളെ അവിടങ്ങളില്‍ ആരോക്കെയോ കാത്തിരി പ്പുണ്ടാവുമെന്നും,സൂക്ഷിച്ച് നോക്കിയാല്‍ ആ വാതില്‍ തുറന്നു കിടപ്പുണ്ട് എന്നും,വിളിമ്പിയ അത്താഴം അവിടെ തന്നെയുണ്ട് എന്നും വീണ്ടും വീണ്ടും ഈ കുറിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുമ്പോൾ നമ്മളും എന്നോ ഉപ്പിലിട്ടു വച്ചിരിക്കുന്ന ഓർമ്മകളെ തിരികെ എടുത്തു കൂടെ.

📙- ഓർമ്മകൾ ഉപ്പിലിട്ടത് (ഓർമ്മകൾ)
✍️- ബിബിൻ ഏഴുപ്ലാക്കൽ
📖- 97
🖨️- പ്രവദ ബുക്സ് ( 2024)
💸-170 ₹

Friday, September 5, 2025

വായിച്ച പുസ്തകം / പായ / മനോജ് വെങ്ങോല



▪️ഒന്നുറപ്പാണ്, നിങ്ങളീ കുറിപ്പുകൾ വായിച്ചു കഴിയുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതം മാറാൻ തുടങ്ങിക്കഴിഞ്ഞിരിക്കും. നീതി രാഹി ത്യത്തിന്റെ ഏതൊക്കെയോ മനുഷ്യാവസ്ഥകൾ നിങ്ങളിൽ നിന്ന് ചോർന്നു പോയിത്തുടങ്ങിയിരിക്കും. കാരുണ്യത്താലും സ്നേഹത്താലും നിങ്ങളെ നവീകരിക്കാനുള്ള സ്‌നാനമായി ഈ ചെറിയ പുസ്തകം പിന്നീട് നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. വാക്കിന്റെ ദൈവത്തോട്, നിങ്ങൾ കടപ്പാടുള്ളവരായിക്കഴിഞ്ഞിരിക്കും. സാഹിത്യത്തിന്റെ, പുസ്‌തകങ്ങളുടെ ജീവിതത്തിൻ്റെ അഗാധമായ വഴികൾ നിങ്ങൾ ഇവിടെ കാണും; അവിടെ നിങ്ങൾ വെളിച്ചമുള്ള പ്രഭാതങ്ങൾ കാണും. എനിക്കുറപ്പാണ്, പിന്നീടുള്ള ജീവിതത്തിന്റെ വെളിച്ചങ്ങളോട് കടപ്പാടുള്ളിടത്തോളം, നിങ്ങൾ ഈ അത്യപൂർവ പുസ്ത‌കം മറക്കാതിരിക്കും, ഹൃദയത്തോട് ചേർക്കും.(വാക്കിന്റെ ദൈവമേ... ഈ പായയെനിക്ക് വെളിച്ചം തന്നു!-അൻസിഫ് അബു)

▪️എന്തായാലും, ഞാൻ ചലഞ്ചിൽ കൈ കോർത്തു കൊണ്ട് പുസ്‌തക അലമാരയ്ക്ക് മുന്നിൽ ചെന്നുനിന്നു. ഓരോ പുസ്‌തകങ്ങൾ എടുത്ത് മറിച്ചുനോക്കി. അപ്പോൾ അത്ഭുതമെന്ന് പറയട്ടെ, അവ എന്നോട് സംസാരിക്കാൻ തുടങ്ങി. ആ പുസ്‌തകങ്ങൾ വായിച്ചപ്പോൾ ഉള്ളതിനേക്കാൾ വാചാലമായി അവയെന്നോട് മിണ്ടുകയാണ്. ഓരോ സംഭവങ്ങൾ. ഓരോ കൂട്ടുകാർ. ഓരോ അലച്ചിലുകൾ. ഓരോ ഭ്രാന്തുകൾ. ഓരോ പാതകൾ. അതോടെ പുസ്തകത്തിന്റെ കവർ മാത്രം പോസ്റ്റ് ചെയ്യുക എന്നതിനപ്പുറം, ആ പുസ്തകങ്ങൾ എന്നോട് പറഞ്ഞവയും ഞാൻ കുറിച്ചിട്ടു. (ആമുഖത്തിൽ മനോജ്....)

▪️അങ്ങനെ നിൽക്കുമ്പോൾ, ജീവിതത്തിന്റെ സൗന്ദര്യം ഘോരവിഷം പോലെ നമ്മൾ പാനം ചെയ്‌തുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഉള്ളിൽ തികട്ടിവന്നു.

നോക്കുന്നിടത്തെല്ലാം, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കും പോലെ ജീവിക്കുന്ന മനുഷ്യരാണ്. മേൽ സൂചിപ്പിച്ച മനുഷ്യനെപ്പോലുള്ളവർ. അവർ ചുമന്നുനടക്കു ന്നതത്രയും കഥകളാണ്. ഓരോ വിചാരങ്ങളാണ്.

വാക്കുകൾകൊണ്ട് തുന്നിയെടുക്കുന്ന ലോകം. കഥകൾ. വിചാരങ്ങൾ. അവരെയും, എന്നെത്തന്നെയും അടയാളപ്പെടുത്താൻ, വാക്കുകളുടെ ഇഴകോർത്ത് ഞാൻ നിൽക്കുന്നു. ഉള്ളിലുണ്ട് മറ്റൊരു സൗരയൂഥം. മറ്റൊരു ജീവിതം, ദൈവം, സൂര്യൻ, ഭൂമി, ആകാശം, പക, പാപം, കാമം, പ്രണയം, സ്നേഹം, കിളികൾ, വെളിച്ചം, പൂച്ചകൾ, ഇരുട്ട്, മുടി, സമയം, മരങ്ങൾ, സിനിമ, പാട്ട്, ആന, ആശുപത്രി, ഇലകൾ, ഇലക്ഷൻ, നിരത്ത്, സൗഹൃദം...

ഹോ... വാക്കുകൾ തിക്കിത്തിക്കി വരുന്നു. നശിക്കാനായിട്ട്, ഇതെങ്ങനെ എഴുതിത്തീർക്കും..?(ഒറ്റയാൻ)

▪️"പുസ്‌തകങ്ങളുടെ അച്ഛൻ" മുതൽ "ജീവിച്ചിരിക്കുന്നവർ"വരെ തന്റെ ഓർമ്മയിൽ തെളിയുന്ന മനുഷ്യരിൽ നിന്ന് ജീവിതങ്ങളിൽ നിന്ന്  പകർത്തിയെടുത്ത 22 കുറിപ്പുകൾ. അതിൽ എഴുത്തുകാരനുമായി ബന്ധമുള്ള ഏറെ കാര്യങ്ങൾ ഹൃദ്യമായി വാക്കുകളിൽ എഴുതിയിട്ടിരി ക്കുന്നു. തന്റെ വായനാ ജീവിതത്തിൻ്റെ , എഴുത്തു ജീവിതത്തിൻ്റെ , ഓർമ്മകൾ പറയുന്ന "പുസ്തകങ്ങളുടെ അച്ഛൻ","പായ" എന്ന കുറിപ്പുകൾ പോലെ , എടുത്തു പറയേണ്ടതായ കുറിപ്പുകൾ പലതുണ്ട് ഈ പുസ്തകത്തിൽ ,പക്ഷേ അത് ഇവിടെ പറയുന്നതിലല്ല, നിങ്ങൾ, വായനക്കാർ അതെല്ലാം വായിക്കുമ്പോളാണ്, അനുഭവിക്കുമ്പോഴാണ് ഈ പുസ്തകവും എഴുത്തുകാരനും നിങ്ങളോട് അടുത്തു നിൽക്കുന്നത്. വായിച്ചു തീരുമ്പോൾ ഈ ഓർമ്മകൾ, എന്റേത് കൂടിയാണ് എന്ന് തോന്നിപ്പോകുന്നു. ഇതിലെ പല കുറിപ്പുകളോടും ചേർത്തുവയ്ക്കാവുന്ന എത്രയോ ഓർമ്മകൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ട്. നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഉറക്കം പൂണ്ട് കിടക്കുന്നവ. മനോജിന്റെ ഓർമ്മകൾ, ആ കുറിപ്പുകൾ, ഉറക്കത്തിൽ നിന്ന് അവയേയൊക്കെ ഉണർത്തും, നിങ്ങളെ ചെയ്യേണ്ടത് ഒന്ന് മാത്രം,അവയേ എല്ലാം പതുക്കെ എടുത്ത് ഉടയാതെ, ഒന്ന് തൂത്ത് തുടച്ച് ,ഓർമ്മകളുടെ ഷെൽഫിൽ അടുക്കി വയ്ക്കുക. ജീവിതത്തിൻ്റെ പാച്ചലിനിടയിൽ ഇടയ്ക്കിടയ്ക്ക് കാണാനായി, ഓർമ്മിക്കാനായി, ഓർമ്മകൾ നഷ്ടമാകാതിരിക്കനായി. 

📙- പായ (ഓർമ്മകൾ)
✍️- മനോജ് വെങ്ങോല 
📖- 128
🖨️- യെസ്പ്രസ് ബുക്സ് ( 2022)
💸-200 ₹

Sunday, August 31, 2025

വായിച്ച പുസ്തകം /സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ.കെ


“എനിക്കറിയില്ലല്ലോ കുട്ടീ, അങ്ങനെയൊരു പുസ്‌തകം." വാതിൽ തുറക്കുമ്പോൾ ഉമ്മി പറഞ്ഞു.

"പക്ഷേ, നമുക്കെന്താണ് ഉറപ്പിച്ചു പറയാനാകുക നമ്മുടെ കുഞ്ഞുങ്ങളെ ക്കുറിച്ച്... അവരെച്ചൊല്ലി നമ്മൾ സൂക്ഷിക്കുന്ന ഉറപ്പുകൾ, അവയെല്ലാം നമ്മുടെ സ്വപ്‌നങ്ങളാണെന്ന് തിരിച്ച റിയുക ഒരുണർച്ചയിലാവും... ചിലപ്പോളൊക്കെ ഉണർച്ചയിലോ ഉറക്കത്തിലോ എന്നുകൂടി അറിയാറില്ല ഞാനിപ്പോൾ. ആ പുസ്‌തകം, അതിലെന്തായിരുന്നു അവൻ എഴുതാറ്?"

"സ്വ‌പ്നങ്ങൾ." ഉമ്മി വിസ്‌മയത്തോടെ എന്നെ നോക്കി. പിന്നെ താക്കോ ലെടുത്ത്, പൂട്ടിൻ്റെ ദ്വാരത്തിലേക്കും. “നീയത് വായിച്ചിട്ടുണ്ടോ എപ്പോഴെ ങ്കിലും?" "ഞാനത് കണ്ടിട്ടില്ല...” ഞാൻ പിറുപിറുത്തു. അവരൊന്നും പറഞ്ഞില്ല.

നിൻ്റെ മുറി...അതെനിക്കറിയാം, എപ്പോളും ഉറങ്ങാൻ തോന്നുന്ന ഇരുട്ടുണ്ടവിടെ. “കാറ്റിലോരോന്നിലും എന്നെയോർക്കാനായിട്ടെ"ന്ന് ഞാൻ സമ്മാനിച്ച നീലലോഹംകൊണ്ടുള്ള കാറ്റുമണി. ജനൽപ്പടിയിലെ വള്ളിപ്പടർപ്പുകൾ, നിറമുള്ള സ്‌ഫടികക്കുപ്പികൾ, എപ്പോഴും സമയം തെറ്റിച്ചോടുന്ന ചുവന്ന അലാം ക്ലോക്ക്, വലിച്ചുവാരിയിട്ട പുസ്‌തകങ്ങൾ, ഡയറികൾ, കുപ്പായങ്ങൾ... പരതിപ്പരതി അതിനിടയിൽ ഞാനത് കണ്ട ത്തും. നിൻ്റെ സ്വപ്‌നങ്ങളുടെ പുസ്‌തകം. നീ എഴുതി നിർത്തിയിടത്തു നിന്ന് ഞാനെഴുതിത്തുടങ്ങുന്ന ദിവസം നീ തിരികെ വരുമെന്ന് എനിക്ക റിയാം.

തൻറെ കൺമുമ്പിൽ നിന്ന് പ്രതീക്ഷമായ ഒരു ഓർമ്മകളുമായി അവനെ തേടുന്ന ഒരുവളെ "സ്വപ്നങ്ങളുടെ പുസ്തകത്തിൽ" കാണുന്നു, വായിക്കു ന്നു.

എനിക്കു നേരെ കണ്ണുകൾ ചുരുക്കി കനത്ത പുരികങ്ങൾ വളച്ച്, പറഞ്ഞു വന്ന വാചകത്തോട് അദ്ദേഹം ഇത്രകൂടി ചേർത്തു: "കൂട്ടത്തിൽ, അനാവശ്യമായ വൈകാരികത ഇവിടെയിരിക്കുമ്പോൾ നിനക്കും ഗുണം ചെയ്യില്ല."

"അനാവശ്യ വൈകാരികത" എന്ന സാബിൻ്റെ കണ്ടെത്തൽ ചൊടിപ്പിച്ചെ ങ്കിലും ഉറപ്പായും അവ പുതിയ പാഠങ്ങളായിരുന്നു, ടെലികമ്മ്യൂണിക്കേ ഷൻ വിഭാഗത്തിൽനിന്ന് തികച്ചും വ്യത്യസ്‌ത മായ ഈ ഭൂമികയിലേക്ക് എത്തിച്ചേർന്ന എന്നെ സംബന്ധിച്ചിട ത്തോളം. ആ സംഭാഷണത്തിനൊ ടുവിൽ സാബ് കടന്നുപോയപ്പോൾ ഞാൻ വെറുതെ ചുറ്റിനും നോക്കി.

കുറേ മനുഷ്യരുടെ അങ്ങുമിങ്ങുമായി മുറിഞ്ഞു ചിതറിപ്പോയ ഹൃദയ ങ്ങൾക്കിടയിലെ അതിർത്തിപോലെ നീലപ്പച്ചകളുടെ താഴ്‌വര ഒരുപാട് മുറിവുകളും നിലവിളികളും ഒളിപ്പിക്കപ്പെട്ട അഗാധമായ നിശ്ശബ്ദതയും പേറി നിലകൊള്ളുകമാത്രം.

അനുഗ്രഹിക്കപ്പെട്ട താഴ്‌വരയിൽ സമാധാനമായി ജീവിക്കാനായി ആർക്കോവേണ്ടി ജീവിതത്തിൽ അഭിനയിക്കുന്ന ഒരു കൂട്ടം മനുഷ്യർ ക്കിടയിൽ എത്തിപ്പെടുന്ന ഒരുവൻ്റെ മനോവിചാരങ്ങൾ "കാശീർ,കല്ല്, സൂഫിയാനിൽ" വായിക്കുന്നു.

.

എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല ഗ്രാമംവിട്ട്, മണ്ണ് വിട്ട്, എല്ലാവ രെയുംവിട്ട്... ഏതോ വേഗത്തീവണ്ടിയിൽ കയറിയിരിക്കുന്നു. തെക്കോ ട്ടാണ്. തെക്കെവിടെയാണ്? വളവോ തിരിവോ ഇല്ലാത്ത ഒറ്റയടിപ്പാത യിലൂടെ പായുന്ന തീവണ്ടിക്ക് എങ്ങനെയാണ് ദിക്കറിയാനാവുക? ഖോകനറിയില്ല ഒരു ദിക്കും. ഗ്രാമംവിട്ട് ഒരിക്കലും പുറം ചാടിയിട്ടില്ല. മണ്ണി ലല്ലാതെ പണിതിട്ടുമില്ല. ഇനി പണിയേണ്ടത് കെട്ടിടങ്ങളാണ്. കൂറ്റൻ സിമൻ്റെടുപ്പുകൾ. തീവണ്ടിയുടെ, പുറപ്പെടുമ്പോളുണ്ടായ കരച്ചിലുകളും കുലുക്കങ്ങളും ഖോകനെ വല്ലാതുലച്ചു. ദയയറ്റ അതാകട്ടെ, ഒറ്റത്തള്ളിന് ഗ്രാമത്തെ പിറകോട്ട് വീഴ്ത്തി. ചെറിയ ചെറിയ ചാഞ്ചാട്ടങ്ങൾ, നീണ്ട അലർച്ചകൾ, അതിവേഗങ്ങളുടെ വെളുത്ത കാഴ്‌ചകൾ. ചിലയിടങ്ങളിൽ വണ്ടി നിശ്ചലമാകുന്നു. ആളുകളും വർത്തമാനങ്ങളും ഛായകളും മാറുന്നു. പിന്നെപ്പിന്നെ തീർത്തുമപരിചിതമാകുന്നു. ആരൊക്കെയോ വന്നു പോകുന്നു....

ഉയരും ഉടലുമൂറ്റി അവർ നിറച്ച ധാന്യപ്പുരകൾ, അവയുടെ സമൃദ്ധി, തങ്ങളുടെ അധ്വാനം എന്ന് തിരിച്ചറിയുമ്പോൾ ,ആ തിരിച്ചറിവി നെ,സ്വപ്നങ്ങളെ കാണുന്നവർ ആ തിരിച്ചറിവിനെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നവർക്കിടയിൽ നിന്ന്, ജീവിക്കാനുള്ള വഴികൾ തേടി, വളവോ തിരിവോ ഇല്ലാത്ത ഒറ്റടിപ്പാതയിലൂടെ പായുന്ന തീവണ്ടിയിൽ ഇരിക്കുന്ന ഒരുവൻ്റെ മനോഗതങ്ങൾ "കൃഷ്ണചുരയിൽ" വായിക്കുന്നു.

"സെറീനാ, സത്യമായും എൻ്റേതായ കാരണങ്ങൾകൊണ്ട്, ചില തീർച്ച യില്ലായ്മ‌കളുടെ അസ്വാസ്ഥ്യങ്ങൾ നിരന്തരം അലട്ടുന്നത് കൊണ്ട്, ഞാനീ ലോകത്തെ ഭയക്കുന്നു. ആ ഭയത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധ്യ പ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം ഞാൻ അത്രമേൽ തനിച്ചാവുകയാണ്. പക്ഷേ, എനിക്ക് ഒളിച്ചോടണമെന്നില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. എനിക്ക് ഈ ലോകം വേണം. എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന അതിൻ്റെ മഴവില്ലുകൾ... ഞാൻ നീയാകുന്ന ഒരു ദിവസം. അത് ഞാനത്ര മേൽ ആഴത്തിൽ സ്വപ്‌നം കാണുന്നു. അതെന്തുമാത്രം ചിതറിയ നിറങ്ങ ളുടേതാണെന്ന് നിനക്കറിയാമോ? നീലിച്ചു തിളങ്ങുന്ന ആകാശത്തേക്ക് ആരോ പറത്തിവിട്ട ഒരു പട്ടം പോലെ എവിടെയൊക്കെയോ അലയുന്ന ഒന്ന്......പറയേണ്ടതായ കാര്യങ്ങൾ, ക്ലാസ്‌മുറി വർത്തമാനങ്ങൾ... നീയെന്നിൽ നിന്നകലുന്നത് അത്ര അഗാധം വേദനിപ്പിക്കും എന്നെ. അതുകൊണ്ടുതന്നെ ഒരിക്കൽ നിന്നോടത് പറയണമെനിക്ക്. നീയെന്നെ മനസ്സിലാക്കുമെന്ന് എനിക്കു തോന്നുന്നു. അത്രമേൽ ഞാൻ താദാത്മ്യം പ്രാപിച്ച നീ അത് തിരിച്ചറിയാതെ പോവില്ല. നിൻ്റെ മുന്നിലെങ്കിലും ഞാൻ പരി ഹാസ്യനാവില്ല. എനിക്കത് ആരോടെങ്കിലും പറയണം സെറീന... അത് മറ്റാരോടാണ്...? എനിക്കിത് തുടരാനാവില്ല. നീലദുപ്പട്ട പറത്തി, എനിക്ക് ഒരു പക്ഷിയെപ്പോലെ പറന്നുപോകണം, കൈനഖങ്ങളിൽ എപ്പോളും വിചിത്രനിറങ്ങളുടെ ചിത്രരേഖകൾ വേണം, കറുത്ത രേഖകൾകൊണ്ട് ഇമകൾ വരയ്ക്കണം, വെയിൽ വീഴുന്ന മൂക്കുത്തി, പച്ചക്കല്ലുകളുള്ള കമ്മൽ, കുറുകുന്ന വളകൾ, ഉലയുമുടുപ്പുകൾ...

തന്റേതായ ആരുമില്ലാത്ത അപരിചിത ഭൂഖണ്ഡത്തിലേക്ക് അമ്മയേയും പപ്പയേയും തന്നെ പ്രണയിക്കുന്ന ഒരുവളെയും വിട്ട് ,സ്വയം അറിയാനും, തന്നെ തനിക്കൊപ്പം ആക്കാനും, തന്നെ രൂപപ്പെടുത്തുവാനും മോഹിക്കു ന്ന ഒരവന്റെയോ ? ഒരുവളുടെയോ?,"ഒരുവളുടെ തന്നെ" വിചാരങ്ങളാണ് "ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്"

 തെല്ലു നീണ്ട നാല് കഥകൾ എന്ന് എഴുത്തുകാരി ആമുഖത്തിൽ പറയു ന്നത് , വായനയിൽ ബോധ്യമാക്കുന്നു ഈ കഥകളെല്ലാം തെല്ല് നീണ്ട കഥകളാണ് എന്നാൽ കഥ പറച്ചിലെ ഹൃദൃത ആ നീളത്തെ ചുരുക്കു ന്നു.ഈ നാല് കഥകളിൽ ഉള്ളവർ സ്വയം തങ്ങളുടെ ജീവിതം തേടുന്ന വരാണ്, അവരുടെതായ വ്യത്യസ്തമായ വഴികളിൽ, ചിന്തകളിൽ, ജീവിതങ്ങളിൽ, അവരെ നമ്മൾ ചുറ്റും കാണുന്നവരാണ് , ഇടപെടുന്ന വരാണ് ,പക്ഷേ അവരെ പലപ്പോഴും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു .എന്നാൽ ഈ നാല് കഥകളുടെയും വായനയിലൂടെ നമ്മൾ അവരെ തിരിച്ചറിയും നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ.

📙- സ്വപ്നങ്ങളുടെ പുസ്തകം 
✍️- ഷാഹിന ഇ.കെ
📖- 99
🖨️- ഡി.സി.ബുക്സ് ( 2023)
💸-140 ₹

Saturday, August 30, 2025

വായിച്ച പുസ്തകം/ മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ/ കരുണാകരൻ



▪️കരുണാകരൻ ഈ ആഖ്യാനത്തിന് ആദ്യം നൽകിയ പേര് 'മേതിൽ' എന്നായിരുന്നു. കാരണം, കുവൈറ്റിൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ വ്യാഴാഴ്‌ചകളിലായിരുന്നു. പക്ഷേ ഈ വസ്തുതക്കടിയിൽ ഏറെ ആഴത്തിലൊരു വിനിമയത്തിൻ്റെ പരപ്പുണ്ട്. ഒരുപക്ഷേ ഈ ആഖ്യാനം എഴുതിയത് ഞാനാവുമായിരുന്നു; ഇതിന്റെ തലക്കെട്ട് 'കരുണാകരൻ' എന്നാവുമായിരുന്നു. എന്തു വ്യത്യാസം? രണ്ട് വ്യക്തികൾ ഒരിടത്തിരുന്ന് സംസാരിക്കുന്നു; അവരിലൊരാൾ അതിൻ്റെ കൈയെഴുത്തുപ്രതി (ട്രാൻസ്ക്രിപ്റ്റ്) തയ്യാറാക്കുന്നു. ഈ ആൾ രണ്ട് പേരിൽ ആരായാലെന്ത്?(മേതിൽ)
▪️കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു. ജീവിതം ഹ്രസ്വവും-"Ars Longa, Vita brevis" എന്ന ലത്തീൻ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തി ൻ്റെ പരിഭാഷ ഇങ്ങനെയാകണം. ജീവിതത്തെയും കവിഞ്ഞു നിൽക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കിൽ ജീവിതത്തിൻ്റെ ചെറിയ ജീവിതത്തെ ഓർമിപ്പിക്കുന്നു. എങ്കിൽ അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓർമക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa. നീണ്ടുനിൽ ക്കുന്ന നൈപുണ്യമായി (Skill) ഒരാൾ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തൻ്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓർമ; മേതിൽ രാധാകൃഷ്ണ‌നുമായി കുവൈറ്റിൽ പങ്കുവെച്ച 'പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങളെപ്പറ്റിയും ഓർക്കു ന്നു. (ആമുഖത്തിൽ കരുണാകരൻ)

▪️ഈ പുസ്തകത്തിൻ്റെ കാലം, എഴുത്തു നിർത്തിയ എഴുത്തുകാരനും, എഴുത്തിനെ അത്രയേറെ സ്നേഹിക്കുന്ന എഴുത്തുകാരനും തമ്മിൽ മറുനാട്ടിൽ വച്ച് നടന്ന കൂടിച്ചേരലുകളും (അത് എല്ലാ വ്യാഴാഴ്ചകളിലും ആയിരുന്നു)  സംഭാഷണങ്ങളുമാണ്.കുവൈറ്റിലെ തങ്ങളുടെ ജീവിതകാലത്ത് ,പരസ്പരം കണ്ടുമുട്ടുന്ന മേതിലും കരുണാകരനും സംസാരിച്ച തുടങ്ങുമ്പോൾ മേതിൽ സാഹിത്യത്തെ ഉപേക്ഷിച്ചിരുന്നു. എന്നാൽ കരുണാകരൻ സഹിത്യത്തെ പറ്റി ഏറെ സംസാരിക്കാൻ കൊതിച്ച കാലവുമായിരുന്നു ആ കാലം . എല്ലാ വ്യാഴാഴ്ചയും നിത്യമായി തടർന്നിരുന്ന കൂടിക്കാഴ്ചകൾക്കിടയിൽ മറ്റു പല വിഷയങ്ങളും സംസാരത്തിനിടയി. ലേക്ക് വരികയും പോകുകയും ചെയ്തിരുന്നു. "വ്യാഴാഴ്‌ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- ആദ്യത്തെ വ്യാഴാഴ്‌ച,'ആധുനികത' അവസാനിക്കുകയായിരുന്നില്ല,മണം പൊഴിക്കുന്ന പുസ്തകങ്ങൾ, അവ കൈയോടെ കണ്ടുപിടിക്കുന്ന വായനക്കാർ,ഉറപൊഴിക്കുന്ന ഒരിഴജന്തുവാണ് കല (കവികളുടെ മൗനത്തെപ്പറ്റിയും)അടയാളം: ഒരൊറ്റ ലക്കത്തിൽ പല ഓർമകൾ, മരണവും സ്വപ്‌നവും ചില അതിവേഗ പാതകളെപ്പറ്റി, ഗുന്തർ ഗ്രാസ്സ്, ഓസ്‌കാർ വിശ്വസിക്കാനാകാത്ത ആത്യന്തിക ആഖ്യാതാക്കളെപ്പറ്റി, എം. ഗോവിന്ദൻ, 'ആധുനികതയുടെ മറ്റൊരു ഓർമയെക്കുറിച്ച്, ചലച്ചിത്രങ്ങൾ :കീർത്തികരമായ വിമോചനത്തിന്റെ  മരണപ്രഖ്യാപന ത്തെ പ്പറ്റി,കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു ജീവിതം ഹ്രസ്വവും എന്നുള്ള 10 ലേഖനങ്ങളും "വിരലുകൾ അഞ്ചവയവങ്ങളായി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു" എന്ന അനുബന്ധ ലേഖനവും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്.ഈ എഴുത്തുകൾക്ക് കാരണമായ മലയാളത്തിൽ വായനക്കാർക്ക് വ്യത്യസ്തമായ എഴുത്തുകൾ നൽകുന്ന ഈ രണ്ട് എഴുത്തുകാരുടെ ചിന്തകൾ, വായിക്കുമ്പോൾ നമ്മുക്കും ചിലതെല്ലാം ചിന്തിക്കാൻ തോന്നി പോകും .


📙- മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ (Literary criticism/memoir)
✍️- കരുണാകരൻ
📖- 96
🖨️- rat books ( 2025)
💸-180 ₹

Friday, August 29, 2025

▪️വായിച്ച പുസ്തകം /ചിദംബരങ്ങൾ / എഡിറ്റർ -പി.സലിംരാജ്▪️


▪️ഞാൻ അറിഞ്ഞതും ആർജ്ജിച്ചതുമായതിൻ്റെ പത്തിലൊന്നുപോലും എനിക്ക് കടലാസിൽ പകർത്താൻ കഴിഞ്ഞിട്ടില്ല. ജീവിതം എനിക്ക് ഒരുപാട് വൈവിധ്യ ങ്ങളും സഹനങ്ങളും പകർന്നുതന്നിട്ടുണ്ട്. നിറയെ ധാതുക്കളുള്ള ഒരു ഖനിയാണ് എൻ്റെ ജീവിതം. എപ്പോൾ ഉൽഖനനം നടത്തിയാലും എന്തെങ്കിലും കിട്ടും. അതു കൊണ്ട് ഇതുവരെ ഒരു കഥ എഴുതണമെന്നു തോന്നുമ്പോൾ നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നാൽ, എന്നെ സംബന്ധി ച്ചിടത്തോളം അതിനുള്ളൊരു മുഡാണ് പ്രധാനം.(സ്വകാര്യങ്ങൾ)

▪️സ്വകാര്യങ്ങൾ, കഥയുടെ ജന്മാന്തരങ്ങൾ, പാലായനത്തിന്റെ ഇതിഹാസം, സമീപനങ്ങൾ,സ്വത്വക്കുരുക്കുകൾ മുറുകുമ്പോൾ,  വാക്കിലെ കാഴ്ചകൾ, ചിറകുകൾ പാദുകങ്ങൾ, ഓർമ്മകഥാകാരൻ, അപൂർണ്ണമിദം, സഹയാത്ര, ഒപ്പം ഒറ്റ, പണിപ്പുരയും പണിത്തരങ്ങളും, മടക്കം, കൈയൊപ്പുകൾ 14 അധ്യായങ്ങളിൽ 542 പേജുകളിൽ 93 എഴുത്തുകാർ, സി.വിശ്രീരാമന്റെ എഴുത്ത് ജീവിതം, സിനിമ ജീവിതം, രാഷ്ട്രീയ ജീവിതം, വ്യക്തിജീവിതം ഇതേപ്പറ്റി എല്ലാം പറയുന്നു. വാസ്തുഹാരാ പൊന്തൻമാട, ബോട്ടാപുരം റസ്റ്റ് ഹൗസ്, ക്ഷുരസ്യധാര, ചിദംബരം, പുത്തൂരാൻ മാടിലേക്ക് വീണ്ടും, പന്തിഭോജനം, ശീമത്തമ്പുരാൻ, വേരുകൾ വില്പനക്ക്,മേലെ താമസിക്കുന്നവർ, ഇരിക്കപ്പിണ്ഡം,ഞങ്ങളെ തൊട്ടാൽ ഞങ്ങള്..., തുടങ്ങി സി.വിശ്രീരാമന്റെ   കഥകളെല്ലാം ഇതിലെ എല്ലാ എഴുത്തുകൾക്കും വിഷയമാകുന്നു. തന്റെ   എഴുത്ത് കാലങ്ങളിൽ വ്യത്യസ്തമായ കഥകൾ കൊണ്ട് മലയാളി വായനക്കാരന്റെ  കഥാവായനയിൽ സജീവ സാന്നിധ്യമായി നിന്നിരുന്ന ഒരു എഴുത്തുകാരനെ ആ ജീവിതത്തെ, അനേകർ ഓർമ്മിക്കുമ്പോൾ കേരളത്തിൻ്റെ മാത്രമല്ല മറ്റു പല ദേശങ്ങളുടെയും ജനതയുടെയും ജീവിതത്തെ ഓർമ്മപ്പെടുത്തൽ കൂടി ആകുന്നു ആ എഴുത്തുകളെല്ലാം. ആ കഥകളെ, എഴുത്തുകാരനെ, കഥ എഴുതിയ കാലത്തു മാത്രമല്ല, ഇക്കാലത്തും വായിക്കുമ്പോൾ ആ എഴുത്തുകൾക്കെല്ലാം ഏക്കാലത്തുമുള്ള പ്രസക്തി ഈ പുസ്തകത്തിന്റെ വായന നമ്മോട് പറയുന്നു.

   ▪️കഥാകൃത്തായ സി.വി.ശ്രീരാമനെ അർഹിക്കുന്ന ആഴത്തിൽ തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്ന നിരൂപകരും മാധ്യമപ്രവർത്തകരും അധികമുണ്ടായിരുന്നില്ല പ്രവാസജീവിതത്തിൻ്റെ കഥാഖനികളിലെ പര്യവേക്ഷണം അദ്ദേഹം തുടങ്ങുന്ന കാലത്ത് മലയാളത്തിൽ ആധുനികതയുടെ ഈയാപാറ്റകളുടെ സാഹിത്യ പ്രളയമായിരുന്നു. അതുകൊണ്ട് ചരിത്രാനുഭവത്തിൻ്റെ നേർക്കാഴ്ചയുള്ള കഥാകരനും ഉദാത്തമായ ആശയങ്ങളുടെ സങ്കലനമായ ആ കഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അരാജകജീവിതത്തിൻ്റെ അസ്‌തിത്വവ്യഥകളിൽ മുങ്ങിക്കു ളിച്ച് എഴുത്തുകാർ കെട്ടുകാഴ്‌ചപ്പണ്ടങ്ങളായി മാറിയപ്പോൾ സി.വി. ശ്രീരാമൻ കൊളോണിയലിസത്തെയും ആത്മീയതയുടെ ആനമയക്കിഭാവങ്ങളെയും പ്രവാസ ജീവിതത്തിന്റെ നഷ്‌ടസ്ഥലി കളെയും സാഹിത്യത്തിലെ സാന്ദ്രാനുഭൂതിയാക്കി മാറ്റുകയായിരുന്നു. ഇതിനെ കണ്ണുതുറന്നു ദർശിക്കാനുള്ള സാംസ്കാരികബോധം അന്നത്തെ നിരൂപകരിൽ കുറവായിരുന്നു.

ബഹുമുഖകർത്തൃത്വങ്ങളുള്ള ഒരു സാമൂഹ്യവ്യക്തിത്വമാണ് ശ്രീരാമന്റേത്. മാർക്‌സിസ്റ്റ് ആയിരിക്കുമ്പോഴും സവിശേഷമായ ഒരിടപെടൽ നടത്തുക. ജന പ്രതിനിധിയും  ഭരണാധികാരിയും ആയിരിക്കുമ്പോൾ തന്നെ സാഹിത്യജീവിതവും തിളക്കമുറ്റതാക്കുക. കഥനശൈലിയിൽ ഒന്നിനും പിറകെ പോകാതെ തൻവഴി വെട്ടിത്തെളിക്കുക. ചുരുക്കത്തിൽ സി.വി.ശ്രീരാമൻ എന്ന വലിയ മനുഷ്യനിൽ വലിയ രാഷ്ട്രീയക്കാരനും വലിയ സാഹിത്യകാരനും ഒരുപോലെ ഉൾച്ചേർന്നിരുന്നു.
(അവതരിക്കപ്പെട്ടവരുടെ ആത്മകഥ -പുരുഷൻ കടലുണ്ടി)

📙- ചിദംബരങ്ങൾ (memories and studies)
✍️- എഡിറ്റർ -പി.സലിംരാജ്
📖- 542
🖨️- കേരള സാഹിത്യ അക്കാദമി ( 2010)
💸-360 ₹

Wednesday, August 6, 2025

വായിച്ച പുസ്തകം / നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ / നിത്യചൈതന്യയതിയുടെ പരിഭാഷ


    
നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ 
-----------------------------------------------------

പ്രകൃതിയും 
മനുഷ്യനും
പ്രണയവും സംഗീതവും
രതിയും മഴയും
നിറഞ്ഞുനില്ക്കുന്ന
ഓർമ്മക്കുറിപ്പുകൾ
നിത്യചൈതന്യയതിയുടെ പരിഭാഷ

നാട്ടിൻപുറത്തെ പയ്യൻ
--------------------------------------

എനിക്ക് എല്ലാം ഓർമ്മിക്കാനാവുമോ? ഓർമ്മകളും സ്വപ്‌നങ്ങളും ഒരു പോലെയാണ്. അവയുടെയിടയിൽ അന്തരാളമുണ്ട്. പഴയ കഥ ഓർമ്മിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇപ്പോൾ എണീറ്റുനിന്ന് പ്രവർത്തി ക്കാനുള്ള സമയമാണ്. ഞാനൊരു കവിയാണ്. ഒരു കവി ആത്മകഥ എഴുതുമ്പോൾ അത് കേവലം വസ്‌തുക്കളുടെ വിവരണമായിരിക്കുകയില്ല. ആയിരുന്നു കൂടാ. തൂലിക പിടിച്ച് ആലേഖനം ചെയ്‌തുവയ്ക്കുവാൻ കഴിയുന്നതിലും എത്രയോ അധികമാണ് അനുഭവങ്ങളിൽ നിന്ന് ഊർന്നുവരുന്ന ഓർമ്മ. ഓർമ്മിക്കാവുന്നതിലും എത്രയോ അധികമാണ് അനുഭവം. സ്വന്തം അനുഭ വങ്ങൾ മാത്രമല്ലല്ലോ കവി അവന്റെ ഓർമ്മയിൽ പേറിക്കൊണ്ടു നടക്കുന്ന ത്. എത്രയോ ആളുകൾ അവരുടെ ജീവിതകഥ കവിയുമായി പങ്കുവയ്ക്കു ന്നു. അവൻ്റെ മനസ്സിൻ്റെ ചുവരിൽ ആരൊക്കെയോ ആവിഷ്ക്കരിച്ച എത്രയെത്ര ചിത്രങ്ങളാണുള്ളത്? കവി അതിനെ യെല്ലാം പുനരാവിഷ്ക്കാരം ചെയ്‌തു പാടു മ്പോൾ അതൊന്നും തൻ്റെ കഥയായിരുന്നില്ല എന്ന കാര്യം താനേ മറന്നു പോകുന്നു. 

 ശൈശവവും കവിതയും
  -------------------------------------
എവിടെനിന്നാണ് ഞാൻ തുടങ്ങുക? കുട്ടിക്കാലത്തെ കഥ പറഞ്ഞു തുട ങ്ങാം. ആണ്ട്, മാസം, തീയതികൾ അതെല്ലാം ഒരു ക്രമത്തിൽ മനസ്സിൽ വെച്ചു കൊണ്ട് പറഞ്ഞാലെ ഒരു ശേലുള്ളൂ. എന്താ, അങ്ങനെയല്ലേ?  

 ഗോതമ്പുവയലിലെ സ്നേഹം
------------------------------------------------
ഹെർണാണ്ടെസ്സ് ക്യാമ്പിൽ ഉച്ചയാകുന്നതിനുമുമ്പ് ഞാൻ എത്തിച്ചേർന്നു. അപ്പോൾ ഞാൻ ഉന്മേഷവാനായിരുന്നു. തലേ രാത്രിയിൽ കിട്ടിയ നല്ല ഉറക്കം, അതിനു മുമ്പ് കഴിച്ച ഹൃദ്യവും പഥ്യവുമായ ആഹാരം, പ്രഭാതത്തിൽ നടത്തിയ കുതിരസവാരി. ഇതെല്ലാംകൊണ്ട് ഉള്ളുണർന്ന് സന്തോഷി ച്ചിരുന്നു. കൗമാരം മാറിയിട്ടില്ലാത്ത എന്റെ മുഖത്തിന് അതുകൊണ്ട് ഒരു പ്രത്യേകമായ കാന്തി ഉണ്ടായിരുന്നിരിക്കണം............തികച്ചും അവിചാരി തമെന്ന പോലെ അവളെന്നെ നോക്കി. ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ എൻ്റേതിൽ കുരുങ്ങി. ആ ചുണ്ടുകളിൽ ഒരു ചിരി ഞാൻ കണ്ടോ. അതോ എനിക്കങ്ങനെ തോന്നിയതാണോ? അവൾ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാൻ കണ്ട മന്ദഹാസം എന്റെ ഉള്ളിൽ നിന്നും വിരിഞ്ഞു വരുന്നതുപോലെ അനുഭവപ്പെട്ടു. ആത്മാവിൽ കുളിരു കോരുന്ന ഒരു പുഞ്ചിരി അന്തരാത്മാവിൻ്റെ ആഴത്തിലെവിടെയോ നിറഞ്ഞുവന്ന തേനിൻ്റെ മാധുര്യം ഉള്ളാകെ വ്യാപിച്ചിരുന്നതു പോലെ തോന്നി.

നഗരത്തിൽ നഷ്‌ടപ്പെട്ടു പോയ കഥ
  --------------------------------------------------------

കുറേ സ്കൂൾ വർഷങ്ങൾ കഴിഞ്ഞു. ഓരോ ഡിസംബർ കഴിയുന്നാലും കണക്കു പരീക്ഷയ് ക്കു വിധേയനാകും പുറമെ ഞാൻ തയ്യാറെടുപ്പിലാണ്. സാന്റിയാഗോ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിയാവാനുള്ള ഒരുക്ക ത്തിലാണ്. പുറമെ എന്നു പറയാൻ കാരണം എൻ്റെ തലയുടെ ഉള്ളു നിറയെ പുസ്‌തകങ്ങളാ യിരുന്നു. അതിലും ഏറെ സ്വപനങ്ങൾ പിന്നെ, തേനീച്ച യെപ്പോലെ ഹുങ്കാരം കൂട്ടിപ്പറക്കുന്ന കവിതയുടെ കൽപനകൾ.........

 തേജോമയമായ നിർജനസ്ഥാനം വനഭാവനകൾ
 ------------------------------------------------------------------------------

പല സ്മരണകളിൽ ആമഗ്നനായിരുന്ന ഞാൻ ഞെട്ടിയുണർന്നു. കടലിന്റെ ആമന്ത്രണം വരുന്നു. ഞാൻ നെഗ്രാവീപിലിരുന്ന് എഴുതുകയാണ്. വാൽപ റൈസോയിക്ക് അടുത്തുള്ള കടലോരമാണ് സ്ഥലം ചാട്ടവാറു കൊണ്ടെ ന്നതുപോലെ തിരമാലകളെ കടൽക്കരയിലേക്ക് അടിച്ചുകയറ്റി ക്കൊണ്ട് വന്ന കടൽക്കാറ്റ് തനിയെ ഒഴിഞ്ഞുപോയിരി ക്കുന്നു. ഞാനെൻ്റെ ജനാല യിൽ കൂടി ഇതുവരെ കടലിലേക്കു നോക്കിഖയിരിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, എന്നെ കടൽ നോക്കുകയാണ്; ആയിരം കുഞ്ഞിക്കണ്ണു കളുള്ള വെളുത്ത പത കൊണ്ട്. നനുത്ത ആ പത പ്രശാന്തമാണ്. അതിനെ അത്രയേറെ വിശ്വസിച്ചു കളയരുത്. അതിന്റെ പിന്നിൽ ഇനിയുമൊരു ക്ഷോഭത്തിനുള്ള കരുക്കൾ നീക്കുന്ന മഹാസാഗരമുണ്ട്. ഇനിയും ഇങ്ങു വന്നെത്തിയിട്ടില്ലാത്ത സംവ ത്സരങ്ങൾ. അവ വർത്തമാനത്തിൽനിന്നും എത്ര ദൂരെയാ ണ്. അത്ര ദൂരെയിരുന്ന് ഇത്ര അടുത്തുള്ള നിമിഷങ്ങളെ ചേർത്തുചേർത്തുവെച്ച് എൻ്റെ ആത്മാവിനെതന്നെ ഒരു രചനാകാലം നടത്തുന്നു എന്നു തോന്നിപ്പോകുന്നു..........

   ഫെഡറിക്കോയെപ്പറ്റി
     ---------------------------------

1938-ൽ ചിലിയിലേക്കു മടങ്ങിവരുന്നതിന് രണ്ടുമാസം നീണ്ടു നിൽക്കുന്ന കപ്പൽയാത്ര വേണ്ടിവന്നു. മടങ്ങിവന്നതിനുശേഷം ഞാൻ എന്റെ പുസ്തക ങ്ങളുടെയും കടലാസ്സുകളു ടെയും ഇടയിൽ വെച്ച് കാണാതെപോയ രണ്ടു കയ്യെഴുത്തുപ്രതികൾ കണ്ടെടുത്ത് പ്രസിദ്ധ പ്പെടുത്തി. ഒന്ന് എൽ ഹൊണ്ടേ റോ എന്തൂസി യാസ്റ്റാ ആയിരുന്നു. മറ്റേത് റസിഡൻസിയ എൻ ലാ ടിയറാ ആയിരുന്നു. ആദ്യത്തേത് എന്നിലു ണ്ടായ ആവേശത്തിൻ്റെ ആഴത്തെ പരാമർശിക്കുന്നതും രണ്ടാമത്തേത് എനിക്ക് താമസിക്കേണ്ടിവന്ന നാടുകളെ സംബന്ധിക്കു ന്നതുമായിരുന്നു. റസിഡൻസിയാ എൻ ലാ ടീറാ പൂർവ്വേഷ്യൻ രാജ്യങ്ങളിൽവച്ച് എഴുതി ക്കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നേരത്തെ പരാമർ ശിച്ചിരുന്നു. 1933-ൽ എന്നെ ബ്യൂനസ് എയറിൽ ചിലിയുടെ കോൺസലായി നിയമിച്ചു. ആഗസ്റ്റ് മാസത്തിൽ ഞാൻ അവിടെ പോയി ജോലിയിൽ പ്രവേശി ച്ചു.ഏതാണ്ട് ആ സമയ ത്തുതന്നെയാണ് ഫെഡറിക്കോ ഗാർസിയാലോർ ക്കാ ആ പട്ടണത്തിലെത്തിയത്............

  പരാജിതരെത്തേടി ഞാനെന്റെ വഴി കണ്ടെത്തി
   ------------------------------------------------------------------------------------

അവസാനം ഞാൻ പാർട്ടി പ്രവർത്തകനായി. എനിക്കു പാർട്ടിയുടെ ഔദ്യോഗിക കാർഡ് കിട്ടി. എന്നാൽ, അതിന് എത്രയോ മുനി സ്പെയി നിൽ ആഭ്യന്തര കലാപം നടക്കുമ്പോൾതന്നെ ഞാൻ എന്നെ കമ്യൂണിസ്റ്റുകാരനെ ന്ന് തിരിച്ചറിഞ്ഞു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടാക്കുവാൻ പല സാഹചര്യങ്ങളും ഇണങ്ങിവന്നു................

വായനക്കാർക്ക് ഒരു രഹസ്യക്കുറിപ്പ്
  ---------------------------------------------------------------
"പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ന്നു. വിശ്വസിക്കുകയും ചെയ്യുന്നു. അൽപമാ യിട്ടല്ല; വളരെ ഗാഢമായിട്ട്. അതുകൊണ്ടു മാത്രമാണ് ഈ വരികൾ എഴുതുവാൻ എനിക്ക് ധൈര്യമുണ്ടായിരിക്കുന്നത്.........."

"നിങ്ങളെപ്പോലെതന്നെ ഞാനും നെരൂദയുടെ വാക്കുകളുടെ ചുഴിയിൽപ്പെട്ട് നൽകുന്ന മോഹനിദ്രയിൽ നിന്ന് പുറത്തുവരാൻ കഴിയാതെ പലപ്പോഴും നഷ്ടപ്രജ്ഞനെപ്പോലെ, ഇതി കർത്തവ്യതാ മൂഢനെപ്പോലെ, നെരൂദയുടെ വാക്കുകൾ ഉള്ളിലുണർത്തുന്ന സ്വപ്നങ്ങൾക്ക് തീരെ വശഗനായി, ഉറക്ക ത്തിൽ നടക്കുന്ന വനെ പ്പോലെ വഴിതെറ്റിപ്പോകുന്നവനാണ്. അതുകൊണ്ട് ദയവുചെയ്‌ത്‌ ഇത്‌ സത്യസന്ധമായ ഒരു വിവർത്തനമാണെന്നു കരുതരുത്."

നിങ്ങൾ ഈ പുസ്തകത്തിൻ്റെ പിൻതാളുകളിൽ നിത്യചൈതന്യ യതിയുടെ ഈ വാക്കുകൾ വായിക്കുന്നത് ഈ പുസ്തകത്തിൻ്റെ വായന പൂർത്തിയാക്കിയാവും . ഒരിക്കലും മദ്യപിച്ചിട്ടില്ലത്തതും എന്നാൽ ഇപ്പോൾ ഇതായിരിക്കണം മൂക്കറ്റം കുടിച്ചു കുടിച്ചവന്റെ സ്ഥിതി എന്നും നിത്യചൈതന്യയതി യുടെ വാക്കുകൾ ആത്മാവിനെ ഉന്നതമാക്കുന്ന മദ്യമല്ല എന്നും ഇതു പോലു ള്ള ഓർമ്മക്കുറിപ്പുകൾ ആണെന്നും പറയുന്നത് എത്ര സത്യമാണെന്ന് ഈ ഓർമ്മക്കുറിപ്പുകളുടെ വായന നമ്മോട് പറയും. ഈ പുസ്തകം വായി ക്കുന്ന ഏതൊരാളും ഉന്മാദാവ സ്ഥയിലാക്കുമെന്നത് മറ്റോരാളുടെ വാക്കുകളിൽ പറഞ്ഞറിയി ക്കുന്നതിനേക്കാൾ വായനയിലൂടെയേ മനസ്സിലാകു. 12 അധ്യായ ങ്ങളിലായി പടർന്ന് കിടക്കുന്ന നെരുദയുടെ ഓർമ്മക്കുറിപ്പു കളിലെ പാതി മാത്രമാണ് ഈ പുസ്തകം. ഈ പാതി. ഓർമ്മക്കുറി പ്പുകൾ, വായന ക്കാരനെ എത്ര ഇത്ര ഉന്മാദാവസ്ഥയിൽ എത്തി ക്കുമെങ്കിൽ നെരുദയുടെ ഓർമ്മക്കുറിപ്പുറ്റ്യകൾ മുഴുവൻ വായിച്ചാൽ എന്തായി രിക്കും അവസ്ഥ,അറിയില്ല, വായിച്ചു തന്നെ അനുഭവിക്കേണ്ടി വരും.





📙- നെരുദയുടെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
✍️- നിത്യചൈതന്യയതിയുടെ പരിഭാഷ
📖- 160 
🖨️- ഗ്രീൻ ബുക്സ് ( 2016)
💸-150 ₹

Saturday, August 2, 2025

▪️വായിച്ച പുസ്തകം / "ഒരു തുള്ളി വെളിച്ചം" / പി.എൻ.ദാസ്▪️




"വെളിച്ചത്തിൽ നടന്നുനടന്ന് വെളിച്ചമായവൻ, പുലർകാല താരകങ്ങ ളെക്കാളും സാന്ധ്യ നക്ഷത്രങ്ങളെക്കാളും ചന്ദ്രനെക്കാളും സൂര്യനെക്കാളും ലോകത്തെ പ്രകാശിപ്പിച്ചവൻ. ബുദ്ധൻ തന്റെ അന്ത്യനിമിഷങ്ങളിൽ പറഞ്ഞത് 'അപ്പ ദീപോ ഭവ' - 'നീ നിനക്കു തന്നെ ഒരു വിളക്കാവുക, വെളിച്ചമാവുക' എന്നായിരുന്നല്ലോ."(തമസോ മാ ജ്യോതിർ ഗമയാ...)

മഞ്ഞം കുളിരും ഉള്ള ഒരു പുലരിയിൽ അബുപർവതത്തിലെ ബ്രഹ്മകുമാരിസ് ആസ്ഥാനത്തുള്ള പീസ് പാർക്കിലെ റോസ് ഗാർഡനിൽ കണ്ണുവഴി, നാസികവഴി,മനസ്സുവഴി പൂക്കളെ, അതിൻ്റെ സൗന്ദര്യത്തെ, സുഗന്ധത്തെ, സന്തോഷത്തെ ആഴത്തിലനുഭവിച്ച ഒരു സന്ദർഭത്തെ പറ്റി ആമുഖമായി ദാസ്മാഷ് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. അവിടെനിന്ന് മടങ്ങുമ്പോൾ ബി. കെ. സതിമാതാജി പറഞ്ഞ വാക്കുകളാണ് തന്നെ ഈ ഒരു തുള്ളി വെളിച്ചമെഴുത്തിലേക്ക് എത്തിച്ചെതെന്നും ദാസ്മാഷ് ഓർക്കുന്നു "സൂക്ഷ്‌മമായ സുഗന്ധങ്ങളെ ല്ലാം ഭൂമിയിൽനിന്നു പൂക്കൾവഴി നാം ആസ്വദിക്കുകയും അനുഭവിക്കുക യും ചെയ്യുന്നു. അതുപോലെ മനുഷ്യ ൻ്റെ ആത്മാവിന്റെ ഉള്ളിൽ നിറയെ ഗുണങ്ങളുടെ സുഗന്ധിയായ ഒരു ഭാഗമുണ്ട്. ധ്യാനത്തിലൂടെ മനസ്സ് തണുക്കുമ്പോൾ, ശാന്തമാകുമ്പോൾ, ഒരാളുടെ പെരുമാറ്റത്തിലൂടെ, വാക്കിലൂടെ, ചിന്തയിലൂടെ ഇതു വിടരുമ്പോൾ ലോകം ഒരു സ്വർഗീയ ഉദ്യാനമാകും!' 

ഒരോ തുള്ളി വെളിച്ചമായി എഴുതി ഈ പുസ്തകത്തിന്റെ 224 താളു കളിലായി തെളിവെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽപ്പരം നാളങ്ങളാ യി  ദാസ് മാഷിന് ആ വാക്കുകളിൽ നിന്ന്  തെളിഞ്ഞു കിട്ടിയ വെളിച്ചം,   വായനക്കാർക്കും വെളിച്ചമാകുന്നു. സ്നേഹനാളത്തിൽ തുടങ്ങി ബോധ നാളത്തിലൂടെ, നന്മനാളത്തിലൂടെ, ആയുർനാളത്തിലൂടെ, അർഥനാള ത്തിലൂടെ, കരുണാ നാളത്തിലൂടെ, സ്വപ്നനാളത്തിലൂടെ, ധ്യാനനാള ത്തിലൂടെ, പാപനാളത്തിലൂടെ, ഏകതാനാളത്തിലൂടെ, സത്യനാള ത്തിലൂടെ, ജീവനാളത്തിലൂടെ, വെളിച്ചത്തിന്റെ നാളത്തിലെത്തുമ്പോൾ ഈ നാളങ്ങൾക്കൊപ്പം ലഭിക്കുന്നത് ഒരു തുള്ളി വെളിച്ചം അല്ല, വെളിച്ചത്തിന്റെ ഒരു സമുദ്രമാണന്ന്, ജീവിതത്തിൽ വെളിച്ചം അന്വേഷിക്കുന്ന ഏതോരു മനുഷ്യനും ബോദ്ധ്യമാവും.   ഈ പുസ്തക താളുകളിൽ വെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽ പരം നാളങ്ങളിൽ നിന്നും "സ്വീകരണ നാളവും" "ശാന്തനാളവും" ഇവിടെ ചേർക്കട്ടേ, അത്  നിങ്ങളെ പുസ്തകത്തിലേക്കും അതിൽ പടർന്ന് കത്തുന്ന സ്നേഹത്തി ൻ്റെയും കരുണയുടെയും നാളങ്ങളിലേക്ക് എത്തിക്കുമെന്ന്, ഈ പ്രപഞ്ച ത്തിലും അതിലെ ജീവജാലങ്ങളിലും മറ്റെല്ലാവരിലും നിറയേ വെളിച്ചം നിറഞ്ഞു കാണാൻ മാത്രം ആഗ്രഹിക്കുന്ന ഈ വായനക്കാരന്  ഉറപ്പാണ്.

                                          ***സ്വീകരണനാളം***

സെൻ ദർശനത്തെപ്പറ്റി അറിയാനായി ഒരു സെൻഗുരുവിനെത്തേടി മഹാജ്ഞാനിയായ ഒരാളെത്തി, ഗുരു അതിഥിയെ ആദരിച്ചിരുത്തുകയും അദ്ദേഹത്തിൻ്റെ മുന്നിലെ മേശപ്പുറത്തുള്ള കപ്പിൽ ചായയൊഴിക്കാൻ തുടങ്ങുകയും ചെയ്തു.

കപ്പ് നിറഞ്ഞുകഴിഞ്ഞിട്ടും ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നു. ഇനിയൊരു തുള്ളി ചായപോലും കപ്പിൽ കൊള്ളില്ലെന്നറിഞ്ഞിട്ടും ഗുരു സ്വപ്നത്തി ലെന്നവിധം ചായയൊഴിക്കുന്നതു തുടർന്നുകൊണ്ടിരുന്നു.

അതിഥി അമ്പരപ്പോടെ ഗുരുവിനെ തുറിച്ചുനോക്കി. അദ്ദേഹം തെല്ലൊര സ്വാസ്ഥ്യത്തോടെ പറഞ്ഞു: 'കപ്പ് നിറഞ്ഞു കവിഞ്ഞു. ഇനിയതിൽ ഒരുതുള്ളി ചായപോലും ഒഴിക്കാനാവില്ല. ഇതറിഞ്ഞിട്ടും ഗുരു അതിലേക്ക് ചായയൊഴിച്ചുകൊണ്ടിരിക്കുന്നു....

ഇതു കേട്ട് ഗുരു പറഞ്ഞു: 'നിങ്ങളുടെ മനസ്സും ഇതുപോലെത്തന്നെ യാണ്. നിറയെ അറിവുക ളാണ്. അതിലില്ലാത്തതായൊന്നുമില്ല. നിങ്ങളു ടെ മനസ്സിപ്പോൾ ചായ നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ഈ കപ്പുപോലെ യാണ്! സെന്നിനെപ്പറ്റി പറയുന്നതു സ്വീകരിക്കാനാവശ്യമായ ഒരിത്തിരി സ്ഥലംപോലും നിങ്ങളുടെ ഉള്ളിലില്ല!'
                
                                                           ****
നാളം: മനസ്സ് കനക്കുമ്പോൾ അതിൻ്റെ ചലനം വളരെ മന്ദമാകുന്നു. അനുഭവങ്ങൾ, സ്‌മരണകൾ, ജ്ഞാനം, ഭൂതകാലം ഇതൊക്കെയും മനസ്സിനെ ഭാരമുള്ളതാക്കുന്നു.
      ഇതു കൈവെടിയാൻ വർത്തമാനകാലത്തിൽ യത്നരഹിതമായി ഉറച്ചുനില്ക്കാൻ ശീലിക്കണം. ഇതിന് ശ്വസനശ്രദ്ധ നല്ലൊരു മാർഗമായി ബുദ്ധൻ നിർദേശിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നതിൽ,വിടുന്നതിൽ പൂർണമായി മുഴുകിയിരിക്കുമ്പോൾ മനസ്സിലെ ചിന്തകൾ മുഴുവൻ അറ്റുപോകുന്നു. ഒരു ചിന്തപോലും മനസ്സിൽ ഇല്ലാതാകുന്നു. മനസ്സ് നവ്യമാകുന്നു, ഇത്തരമൊരു മനസ്സിൽ സ്ഥല കാലങ്ങളുടെ അനന്തതയ്ക്ക് വസിക്കാനാവുന്നു.
      അത്തരം ഒരു മനസ്സിൽനിന്നത്രേ മഹത്തായ ഉൾക്കാഴ്ച, പുതിയ പുതിയ അനുഭൂതികൾ, പരമസത്യത്തിലേക്കു തുറന്നു തരുന്ന വഴികൾ വെളിപ്പെടുക. ഇത്തരത്തിലല്ലാതെ യാന്ത്രികമായ ഒരു മനസ്സ്, തുറക്കാത്ത ഒരു പുസ്‌തകം പോലെയാകുന്നു.!

                                              ***ശാന്തനാളം***

ഉൻഷോ എന്നും ടാൻസൻ എന്നും പേരുള്ള രണ്ടു സെൻ ബുദ്ധ ഗുരു ക്കന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ശ്രീബുദ്ധന്റെ അനുശാസനങ്ങള ളെല്ലാം കടുകു മണിയോളം പോലും തെറ്റാതെ പാലിച്ചു പോന്നു. പുലരുന്നതിനും വളരെ മുൻപ് അയാളുണർന്നു. രാവിന്റെ ആദ്യയാമ ങ്ങളിൽത്തന്നെ ഉറങ്ങാൻ കിടന്നു. ഉച്ചതിരിഞ്ഞാൽ അദ്ദേഹം ഭക്ഷണം തൊടില്ല.

രണ്ടാമൻ പ്രസിദ്ധനായ ബുദ്ധതത്ത്വപ്രബോധകനായിരുന്നു. പക്ഷേ, ബുദ്ധന്റെ അനുശാസനങ്ങളൊന്നും അദ്ദേഹം പാലിച്ചില്ല. വിശക്കുമ്പോൾ തിന്നുക, ഉറക്കം വരുമ്പോൾ ഉറങ്ങുക - ഇതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.
ഒരുനാൾ ഉൻഷോ ടാൻസനെ കാണാൻ പോയി. അദ്ദേഹം മദ്യപിച്ചി രിക്കുക യായിരുന്നു. ഇത് ഉൻഷോവിന് സഹിക്കാനായില്ല. കാരണം, ഒരിറ്റുമദ്യം പോലും ഒരു ബുദ്ധഭിക്ഷുവിൻ്റെ നാവിൽ സ്പർശിക്കരുതെ ന്നാണ് നിയമം. 'വരൂ ചങ്ങാതീ, ഒരല്പം കഴിക്കാം,' ടാൻസെൻ പറഞ്ഞു. ഉൻഷോവിന് ഉഗ്രമായ കോപം വന്നു. പക്ഷേ, സ്വയം നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാനൊരിക്കലും മദ്യപിക്കാറില്ല!'
'കുടിക്കാത്തവൻ മനുഷ്യനാണോ?' ടാൻസൻ ചോദിച്ചു.
ഉൻഷോവിന് ക്രോധം നിയന്ത്രിക്കാനായില്ല.
'ബുദ്ധഭഗവാൻ വ്യക്തമായും നിരോധിച്ചതായ മദ്യം തൊടാത്തതുകൊണ്ട് ഞാൻ മനുഷ്യനല്ലെന്നാണോ നിങ്ങൾ പറയുന്നത്? പിന്നെ എന്താണ് ഞാൻ?'
അദ്ദേഹം ആക്രോശിച്ചു.
'ഒരു ബുദ്ധൻ...' ഒരു കുസൃതിച്ചിരിയോടെ ടാൻസൻ പറഞ്ഞു.
ബുദ്ധനിയമങ്ങളെല്ലാം അനുസരിച്ചിട്ടും ക്രോധത്തിൽ കത്തിയെരിയുന്ന സുഹൃത്തിനെ ടാൻസൻ കരുണയോടെ നോക്കി.
തന്റെ ജീവിതത്തിലുള്ള അസാധാരണത്വം ടാൻസൻ മരിക്കുമ്പോൾ പ്പോലും കാണിക്കുകയുണ്ടായി.
തന്റെ അന്ത്യദിനത്തിൽ അദ്ദേഹം അറുപതു പോസ്റ്റുകാർഡുകൾ എഴുതി: ഇതായിരുന്നു കത്ത്. 'ഞാൻ ലോകത്തിൽനിന്ന് മടങ്ങുകയാണ്. ഇതാണെൻ്റെ അവസാനത്തെ പ്രഖ്യാപനം!'

ടാൻസൻ ജനവരി 27, 1892.

ഈ കാർഡുകളയയ്ക്കാൻ ഒരു സുഹൃത്തിനെ ഏല്പിച്ചശേഷം അയാൾ ശാന്തമായി മരണമടഞ്ഞു.
                         
                                                          ****
നാളം: മതനിയമങ്ങൾ, അനുഷ്‌ഠാനങ്ങൾ യാന്ത്രികമായി ചെയ്യുന്നതു കൊണ്ട് ഒരു ഗുണവും ഇല്ല. മറിച്ച്, അതിലടങ്ങിയ ആന്തരിക മൂല്യം സൂക്ഷ്മമായി ഉള്ളിലുണ്ടാവുന്ന തരത്തിൽ പെരുമാറ്റത്തിൽ അയത്ന മായി വിരിഞ്ഞുവരണം.
      ശാന്തപ്രകൃതിയുള്ള ഒരു ലൗകികനാണ് മുൻകോപിയായ ഒരു വിശുദ്ധ നെക്കാൾ നല്ലത്!

📙- ഒരു തുള്ളി  വെളിച്ചം  (Malayalam Philosophy)
✍️- പി.എൻ.ദാസ്
📖- 224
🖨️- മാതൃഭൂമി  ബുക്സ്  ( 2013 )
💸- 150

Friday, August 1, 2025

വായിച്ച പുസ്തകം / ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ / ഓഷോ/പരിഭാഷ-പി.മുരളീധരൻ



വർഷം 1984, അമേരിക്കയിലെ ഓറിഗോണിലെ രജ്നീഷ്പുരത്തെ ലാവോഝുഭവനത്തിൽ തന്നെ കേൾക്കാൻ എത്തിയവരോട് ഓഷോ സംസാരിച്ചത് താൻ സ്നേഹിച്ച പുസ്തകങ്ങളെ പറ്റിയായിരുന്നു. ആ125 പുസ്തകങ്ങളിൽ ഫ്രെഡ്റിക് നീഷെയുടെ "സരതുസ്ത്രയുടെ വചനങ്ങളാണ്" (Thus Spake Zarathustra) ഓഷോ തൻ്റെ  പട്ടികയിലെ ആദ്യ പുസ്തകമായി തിരഞ്ഞെടുത്തത്, പുസ്തകങ്ങളെ പറ്റിയുള്ള  തൻ്റെ സംസാരത്തിൻ്റെ പതിനാറാം  നാൾ ആ സംസാരം അവസാനിപ്പിക്കുന്നത് അലൻ വാട്സിൻ്റെ "പുസ്തകം"  (The Book) നെ പറ്റി പറഞ്ഞു കൊണ്ടാണ്  ഇതിനിടയിൽ  പരാമർശിക്കുന്ന 123 പുസ്തകങ്ങളിൽ  Tao Te Ching -Lao Tzu,Bhagavad Gita , The Brothers Karamazov - Fyodor Dostoyevsky,The Book of Mirdad - Mikhail Naima , Jonathan Livingston Seagull - Richard Bach, Dialogues of Socrates - Plato,Rubaiyat-Omar Khayyam,Masnavi - Jalaluddin Rumi,The First and Last Freedom - J. Krishnamurti , The Zen Teachings of Huang Po, The Teachings of Hui Hi, Song of Solomon,The Fragments - Heraclitus ,The Golden Verses of Pythagoras,The Song of Saraha,Zen and Japanese Culture - D.T. Suzuki,Let Go-Hubert Benoit , The Songs of Kabir, Zorba the Greek - Kazantzakis , Siddhartha - Hermann Hesse, Jesus the Son of Man - Kahil Gibran ,Who Am 1-Ramana Maharshi , Das Kapital-Karl Marx,Lectures of Psychoanalysis - Sigmund Freud, Meetings with Remarkable Men - Gurdjieff,The Communist Manifesto - Karl Marx, Friedrich Engels,War and Peace - Leo Tolstoy , Mother-Maxim Gorky, Fathers and Sons - Ivan Turgenev,Notes from the Underground - Fydor Dostoevsky,Anna Karenina - Leo Tolstoy ,Poetics Aristotle, Divan-Mirza Ghalib. ഉം (പട്ടിക അപൂർണ്ണം)  മറ്റ് അനേകം പുസ്തകങ്ങളും ഉൾപ്പെടുന്ന അതി സമ്പന്നമായ  പട്ടിക ഏതോരു പുസ്തകം പ്രേമിയേയും മോഹിപ്പിക്കുന്നതാണ്.

 "ജനിച്ചപ്പോൾത്തന്നെ സരതുസ്ത്ര പൊട്ടിച്ചിരിച്ചുവെന്ന് പറയപ്പെടുന്നു. ഒരു നവജാതശിശു ശബ്ദമുണ്ടാക്കി ചിരിക്കുന്നത് സങ്കല്പ്പിക്കാൻ വളരെ പ്രയാസമാണ്. പുഞ്ചിരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പൊട്ടിച്ചിരിക്കുക? എന്തിനായിരിക്കാം അതെന്ന് അദ്ഭുതത്തോടെ ചിന്തിക്കാതിരിക്കാനാവില്ല. കാരണം, പൊട്ടിച്ചിരിക്കുന്നതിന് ഒരു സാഹചര്യം, കാരണം ആവശ്യമാണ്.

എന്ത് തമാശ കേട്ടാണ് കുഞ്ഞു സരതുസ്ത്ര ചിരിച്ചത്? പ്രാപഞ്ചിക തമാശ കേട്ട്, ഈ ജീവിതംതന്നെയാകുന്ന തമാശ കേട്ട്. " 

ഓഷോ സരതുസ്ത്രയോ പറ്റി പറഞ്ഞു തുടങ്ങുന്നതു പോലെ ഓരോ പുസ്തകങ്ങളെ പറ്റിയും, അതിൻ്റെ എഴുത്തുകാരെ പറ്റിയും, ആ പുസ്തകത്തിൻ്റ ഉള്ളടക്കത്തേ പറ്റിയും ഒക്കെ സരസമായ  തന്റേതായ ശൈലിയിൽ  വിവരിക്കുന്നത്, വായിക്കുന്ന ഏതൊരു വായനക്കാരനും ആ പുസ്തകങ്ങൾ തേടിപ്പോകുവാൻ അതിയായ ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേർക്കുന്നു. പുസ്തകത്തിൻ്റെ ബ്ളർബിൽ പറയും പോലെ "ഏതൊരു പുസ്തക പ്രേമിയും സ്വന്തമാക്കേണ്ട പുസ്തകം " തന്നെയാണ് "Books I Have Loved അഥവാ ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ". നിങ്ങൾ കേൾക്കാത്ത, കാണാത്ത,വായിക്കാത്ത, അനവധി പുസ്തകങ്ങൾ ഓഷോയുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താം, അവ തേടി പോകാം, സ്വന്തമാക്കാം, വായിക്കാം, വായനയുടെ  ലഹരിയിൽ ഉന്മത്തരായ ഓഷോയെ പോലെ നൃത്തം ചെയ്യാം, പതിനാറാം ദിനത്തിൽ അവസാന പുസ്തകത്തെ പറ്റി ഓഷോ പറയുന്നത് വായിച്ച് കൊണ്ട് , "അവസാനത്തേതും - അലൻ വാട്‌സിൻ്റെ പുസ്തകം (The Book), ഞാനതിനെ ബാക്കിവെക്കുകയായിരുന്നു. അലൻ വാട്സ് ബുദ്ധനല്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരിക്കൽ ആകാൻ കഴിയും. അദ്ദേഹം അതിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു. അത് അദ്ദേഹത്തിന്റെ സാക്ഷ്യമാണ്, സെൻ ഗുരുക്കന്മാരുമൊത്തുള്ള, സെൻ ക്ലാസിക്കുകളുമൊത്തുള്ള, അനുഭവത്തിൻ്റെ സാക്ഷ്യമാണ്. ഉജ്ജ്വലമായ ധിഷണയുള്ളയാളാണ് അദ്ദേഹം; മദ്യപാനിയുമായിരുന്നു. ധിഷണയും വീഞ്ഞും ചേർന്ന് രസനിഷ്യന്ദിയായ ഒരു പുസ്‌തകം സൃഷ്ടിച്ചിരിക്കുന്നു. പുസ്തകത്തെ എനിക്കിഷ്ടപ്പെട്ടു, അതിനാൽ അവസാനത്തേക്കായി മാറ്റിവെച്ചു.....'"

📙- ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ  (Speeches /non-fiction)
✍️- ഓഷോ/പരിഭാഷ-പി.മുരളീധരൻ 
📖-208
🖨️-മാതൃഭൂമി ബുക്സ്  ( 2018 )
💸-200

വായിച്ച പുസ്തകം / "മുക്തകണ്ഠം വി കെ എൻ " /കെ.രഘുനാഥൻ




"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്‌തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ, ചിലർ നോവൽ, ചിലർ അലക്ഷ്യമായ യാത്രാ വിവരണം... ഇതൊന്നുമല്ലാത്ത ദുരന്തമയമായ ആത്മഹത്യാക്കുറിപ്പുക ളാവാം ചില വ്യക്തിത്വങ്ങൾ.

എല്ലാവരും എഴുതപ്പെടാത്ത ഗ്രന്ഥങ്ങളല്ല. ചിലർ സ്വയം എഴുതുകയും എഴുതപ്പെടുകയും ചെയ്യും. അതുപോലും ആ വ്യക്തി യുടെ സമ്പൂർണ്ണ ജീവിതമല്ല; ജീവിതത്തിലെ തിരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങൾ മാത്രമാ യിരിക്കും. എത്ര സത്യസന്ധമായ ജീവിത കഥയും രഹസ്യങ്ങൾ ഒളിപ്പിക്കാ ൻ പരിശ്രമിക്കുന്നതു കാണാം. കുടുംബം, ഭാവി, കേസ്, കടപ്പാട്, സ്നേഹം, മനസ്സാക്ഷിക്കുത്ത്, അജ്ഞാത ഭയം, ആത്മവിശ്വാസ ക്കുറവ്, ബന്ധുക്കൾ, സമൂഹം, ശത്രുത, സുഹൃത്തുക്കൾ എന്നീ പരിഗണനകൾ ഓരോ ഘട്ടത്തിലും എഴുത്തുവഴിയിൽ കയറിനിന്ന് ഇത് വേണോ, ഇത് പ്രശ്‌നമാകുമേ എന്നൊക്കെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. മറവി ഇന്നോളം ഒരു ജീവിതകഥയേയും തടസ്സപ്പെടുത്തിയിട്ടില്ല- ഓർമ്മകള ല്ലാതെ..."

മുക്തകണ്ഠം മനുഷ്യഗ്രന്ഥത്തിന്റെ ആമുഖത്തിൽ മനുഷ്യഗ്രന്ഥ രചന യിലേക്ക് എത്തിയ വഴികളെ പറ്റി കെ. രഘുനാഥൻ ഇങ്ങനെ പറഞ്ഞ തുടങ്ങുന്നു. ഇതുപോലെ ഒരു ഗ്രന്ഥം ഒരിക്കലും എഴുതാൻ ആഗ്രഹി ക്കാത്ത താൻ, വി.കെ എന്നിൻ്റെ മരണത്തിന് പതിനാലു വർഷത്തിനു ശേഷം തൻ്റെ ശേഖരത്തിലെ വി കെ എന്നിൻ്റ 21 കത്തുകൾ കണ്ടെത്തു ന്നു, എന്നാൽ താൻ വി കെ എൻ എഴുതി കത്തുകളും അദ്ദേഹത്തിൻറെ ശേഖരത്തിൽ ഇല്ല എന്നുള്ളതും , ഇന്നുവരെ ആ ജീവിതം ആരും എഴുതി യിട്ടില്ല എന്ന് ഉള്ളതും വി.കെ എന്നുമായി ബന്ധപ്പെട്ട് അടുപ്പമുള്ളവരു മായുള്ള സംസാരത്തിൽ നിന്ന് കൂടുതലായി ഒന്നും ലഭിക്കുന്നില്ല എന്ന്  വന്നപ്പോഴും, വി.കെ എന്നുമായി ആഴ്ചകളിൽ നടത്തിയ ദീർഘ ഫോൺ സംഭാഷണങ്ങളും, കണ്ടുമുട്ടലു കളും, മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളും, ഇന്ന്  ഇല്ലാതായിരിക്കുന്നു എന്നും, ആ കത്തുകൾ 21 എണ്ണമൊഴികെ യുള്ളവ ഒക്കെയും നഷ്ടമായിരിക്കുന്നു എന്നതും മറ്റെന്തിൻ്റെയൊ ക്കെയോ നഷ്ടം എന്ന മിന്നലിൻ്റെ  അർത്ഥം തനിക്ക് വ്യക്തമായി എന്നും, ആ നഷ്ടം  ദുർബലമായ ഓർമ്മകളുടെതാണ് എന്നും അത്  സംഭവിച്ച് കൂടാ എന്നും വി.കെ.എൻ ഒരു ജീവിത ഗ്രന്ഥം ആഗ്രഹിക്കുന്നു എന്നും ഇനി കാലത്തെപ്പോലും കാത്തുനിൽക്കുന്നില്ല എന്നും പറയുന്നു. 

2018 ആഗസ്റ്റിൽ ഭാഷാപോഷിണിയിൽ ആദ്യ ലക്കമായി എഴുതി തുടങ്ങിയ മുക്തകണ്ഠത്തിൻ്റെ  89 അധ്യായങ്ങളിലായിട്ടുള്ള സമാഹൃത രൂപമാണ് "മുക്തകണ്ഠം വി കെ എൻ " എന്ന വി കെ എന്നിന്റെ ജീവിതാഖ്യായിക. വായനക്കാരായ മലയാളികൾ അറിഞ്ഞതും അറിയാത്തതുമായ വി കെ എൻ ജീവിതമാണ് ഇവിടെ കെ രഘുനാഥൻ എഴുതുന്നത്, ആദ്യകാല വികെഎൻ കഥകളുടെ പകർപ്പുകളും, അതിലെ ചിത്രങ്ങളും, വി കെ എൻ നെ സംബന്ധിക്കുന്ന ഛായാ ചിത്രങ്ങളും, നമ്പൂതിരിയുടെ "വി കെ എൻ എൻ്റെ  എഴുത്തുകാരൻ" എന്ന അവതാരികയും ഉൾപ്പെടുന്ന ഈ പുസ്തകം  വായിക്കുമ്പോൾ അതിലെ  അവസാന അധ്യായത്തിലെ ചില വരികൾ ഇവിടെ ഓർക്കാതെ വയ്യ അത് ഇതാണ്.....

" ബർണാഡ്ഷായുടെ ശവകുടീരത്തിലെ വാക്യമാണ് തനിക്കിഷ്ട പ്പെട്ടത് എന്നായി വികെഎൻ.

I KNOW IF I STAYED AROUND HERE SOMETHING LIKE THIS WOULD HAPPEN.

മറ്റൊന്ന് ഷേക്സ്‌പിയറുടെ കല്ലറയിലെ സ്വന്തം വാക്യം.

GOOD FRIEND FOR JESUS SAKE FORBEAR TO DIG THE DUST ENCLOSED HERE BLESSED BE THE MAN THAT SPARES THESE STONES AND CURSED BE HE THAT MOVES BY BONES

ജീവിതത്തെയും മരണത്തെയും നിഷേധിച്ച് ഓഷോയുടെ ശവ കുടീരത്തിൽ രേഖപ്പെടുത്തിയ വാക്യമായിരുന്നു എനിക്കു ബോധിച്ചത്. ശരിക്കും ഒരു ഇന്ത്യൻ ആത്മാവ്.

NEVER BORN NEVER DIED
ONLY VISITED
THE PLANET EARTH

BETWEEN DECEMBER 17, 1931-JUNE 10, 1990.

-അതിനെപ്പറ്റിയൊക്കെ പഠനങ്ങളുണ്ടായിട്ടുണ്ട്. വികെഎൻ പറഞ്ഞു. നമ്മുടെ കല്ലറകളിലൊന്നും ഇത്തരം എപിറ്റാഫ് കണ്ടിട്ടില്ല.

-വികെഎൻ എങ്ങനെയാണു സ്വയം രേഖപ്പെടുത്തുക?

-ASK MY ENEMIES, വികെഎൻ പറഞ്ഞു.

-എങ്കിലും-

-VKN IS NOT A PERSON...വികെഎൻ ചിരിച്ചു.

വികെഎൻ ഒരു വ്യക്തിയല്ല.

-പിന്നെ?

-VKN IS A STATE OF MIND.

വികെഎൻ ഒരു മാനസികാവസ്ഥയാണ്.

അത്ര സാഹസികവും മനോഹരവുമായ ഒരു നിർവചനം അന്നു വരെ ഞാൻ കേട്ടിട്ടില്ല. അനുഭവിച്ചിരുന്നില്ല എന്നതാണു ശരി.പരമാർഥമാണ്. ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ അല്ല; ഒരു മാനസികാവസ്ഥയുടെ പേരാകുന്നു വികെഎൻ."


📙- മുക്തകണ്ഠം വി കെ എൻ   (Lifesketch)
✍️- കെ.രഘുനാഥൻ
📖-416
🖨️-ലോഗോസ് ബുക്സ്  ( 2019 )
💸-550

Tuesday, July 29, 2025

▪️വായിച്ച പുസ്തകം / മരണകൂട്ട് / വിനു പി / നിയാസ് കരീം▪️



"ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹത്തിന്റെ പുറംപോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട, ഒരുവേള പകൽവെളിച്ചത്തിലേക്ക് ഇറങ്ങാൻ പറ്റാതെ ഇരുട്ടിന്റെ മാളങ്ങളിലഭയം തേടേണ്ടിവന്ന ഒരു മനുഷ്യന്റെ ആത്മകഥയാണ് ഈ പുസ്‌തകം".സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ഈ വാക്കുകൾ എത്ര കൃത്യമായി ഈ പുസ്തകത്തെ നിർവ്വചിക്കുന്നു എന്ന് പുസ്തകത്തിന്റെ ഓരോ താളും അതിലെ വാക്കുകളും വായനക്കരനോട് പറയുന്നു ....
"ജാതിയുടെയോ മതത്തിൻ്റെയോ നിറത്തിൻ്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിൻ്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു മനുഷ്യനാണ് മുന്നിൽ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങൾ എടുക്കുന്നതാണ് തൊഴിൽ. അതിന്റെ പേരിൽ നാട്ടുകാർ അയാൾക്കൊരു വിളിപ്പേരിട്ടു. ശവംവാരി!" എന്നാൽ ആ യഥാർത്ഥ മനുഷ്യൻ്റെ, യഥാർത്ഥ പേര് വിനു എന്നാണ്.....

സമൂഹത്തിന്റെ ദുർഗ്ഗന്ധമകറ്റാൻ അനിവാര്യമൊയൊരു തൊഴിൽ ഏറ്റവും ആത്മാർത്ഥമായി ചെയ്യുന്നൊരു മനുഷ്യനെ അതേ സമൂഹം പേപ്പട്ടിയെ പ്പോലെ ആട്ടിയകറ്റുമ്പോൾ ഇതെല്ലാം നടക്കുന്നത് ഈ പ്രബുദ്ധകേരള ത്തിലാണെന്നത് പലർക്കും അവിശ്വസനീയമായി തോന്നാം. ചില സത്യങ്ങൾ അങ്ങനെയാണ്. ആ വലിയ എഴുത്തുകാരൻ എഴുതിയതുപോലെ നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രം. വർത്തമാനകാലത്തെ ഏറ്റവും സത്യസന്ധമായ കെട്ടുകഥകളിലൊന്നാണ് വിനുവിൻ്റെ ജീവിതം! (നിയാസ് കരീം ആമുഖത്തിൽ പറയുന്നു )

വിവരവും വിദ്യാഭ്യാസവുമണ്ട് എന്ന് നടിക്കുന്ന മാന്യന്മാരാൽ അകറ്റി നിർത്തപ്പെട്ട ഈ മനുഷ്യൻ ചെയ്യുന്ന കർമ്മത്തിൽ ഒരുപക്ഷേ താനും നാളെ വന്നുചേരാമെന്ന് ഇവർ ആരും ഓർക്കുന്നില്ല. പുസ്തകത്തിൻറെ എഴുത്ത് പങ്കാളിയായി നിയാസ് കരീമിനോട് തന്നെ ജീവിതം പറയുമ്പോൾ, ചെറുപ്പം മുതലുള്ള തന്റെ ജീവിതവും,ആ ജീവിതത്തിൻ ഇടയിൽ എങ്ങനെ ഈ കർമ്മത്തിലേക്ക് താൻ എത്തിച്ചേർന്നു എന്നും വിവരിക്കുമ്പോൾ, ആ വാക്കുകളിൽ തെളിയുന്ന ആത്മാർത്ഥത, ഈ പുസ്തകത്തിൻറെ ഓരോ വരികളിലും വാക്കുകളിലും ഒട്ടും ചേരാതെ പോകാതെ നിയാസ് പകർത്തുന്നു.താൻ ഈ കർമ്മത്തിലേക്ക് എത്തിയ എല്ലാ മനുഷ്യരാലും അവമതിക്കപ്പെട്ട് , ഉറക്കം നഷ്ടപ്പെട്ട്, ആശ്വാസം തേടിയുള്ള രാത്രികളിലെ നടപ്പിനോടുവിൽ അലഞ്ഞുതിരിഞ്ഞ് എത്തിച്ചേരുന്നത് ശ്മശാനത്തി ലെക്കാണ്. രാത്രികളിൽ ശ്മശാനത്തിൽ പോയിരുന്ന് പറഞ്ഞു തിർത്തതിനോടുവിൽ ശ്മശാനം തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിത്തുടങ്ങി എന്ന പറയുമ്പോൾ, പുസ്തകത്തിലെ വിനുവിൻ്റെ ഈ വാക്കുകൾ അതിനുള്ള തെളിവുകളായി മാറുന്നു.
"പിന്നെപ്പിന്നെ ശ്മശാനം എന്റെ ചോദ്യങ്ങൾക്കുത്തരം തരാൻ തുടങ്ങി. ഞാൻ ഭൂമിക്കു ഭാരമല്ലെന്നും എന്റെ ജന്മത്തിന് അർത്ഥമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ വേരുകൾ തന്നു ഞാൻ നിൽക്കുന്ന ഭൂമിയിലേക്ക് എന്നെ ഒന്നുകൂടി ഉറപ്പിച്ചുനിർത്തിയത് ആലുവ കൊച്ചിൻ ബാങ്കിനടുത്തുള്ള ആ പൊതുശ്‌മശാനവും അവിടെക്കിടന്ന അനാഥ മൃതദേഹങ്ങളുമാണ്. അവിടെ വെച്ച് എന്തൊക്കെ ചിന്തിച്ചപ്പോഴും അതിനെല്ലാം എനിക്കുത്തരം കിട്ടി. എൻ്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവിടെക്കിടന്ന മൃതദേഹങ്ങൾ തന്നെയായിരുന്നു! ജീവിതത്തിൽ എവിടൊക്കെ പോയവരും എന്തൊക്കെ ചെയ്തവരും എത്രയൊക്കെ ഓടിയവരും എന്തെല്ലാം നേടിയവരും ദേ കെടക്കണ് എന്റെ മുമ്പിൽ, നേടാത്തവനും നേടിയവനുമൊക്കെ ഒടുവിൽ ഒടുങ്ങുന്നത് കഷ്ടിച്ചൊരാൾക്ക് കിടക്കാവുന്ന ഇത്തിരി മണ്ണിലാ നാളെ ഞാനും കിടക്കും ഇതേ മണ്ണിൽ." തൊഴിലിൻ്റെ പേരിൽ സകലരാലും അകറ്റപ്പെടുമ്പോഴും തന്നെ ചേർത്ത് നിർത്തിയ തൻ്റെ ആശാന്മാരോടും പോലിസ് സേനയിലെ സാറുമാരോടും ഉള്ള വിനുവിൻ്റെ സ്നേഹം ഈ പുസ്തകത്തിൻ്റെ താളുകളിൽ പലയിടങ്ങളിൽ നമ്മൾ കാണുന്നുണ്ട്.

തന്നെ അലട്ടിയ സകല ദുഖങ്ങൾക്കും ശാശ്വതമായ ഉത്തരം ആ ശ്മശാനം നൽകി എന്ന് വിനുവിൻ്റെ വാക്കുകൾ തന്നെ വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു."പതുക്കെ ഞാനെന്റെ ദുഃഖങ്ങൾ മറന്നുതുടങ്ങി. എന്റെ ജീവിതത്തിന് ഒരർത്ഥമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു. എന്റെ ജന്മത്തിലൂടെ എനിക്കു നൽകപ്പെട്ട കർത്തവ്യം ഞാൻ തിരിച്ചറിഞ്ഞു. എന്നെപ്പോലുള്ള മനുഷ്യർ ജീവനില്ലാ ത്ത വെറും മാംസപിണ്ഡങ്ങളായി മാറുമ്പോൾ അവരെ ഭൂമിയിലേക്ക് യാത്രയയയ്ക്കാൻ താൽക്കാലി കമായി നിയോഗിക്കപ്പെട്ട സാരഥിയാണു ഞാൻ. അതാണെൻ്റെ ജീവിതലക്ഷ്യം. അത് കണ്ടെത്തി യതോടെ തലയിലെ വലിയ ഭാരം ഒഴിഞ്ഞുപോകുന്നപോലെ തോന്നി. എന്റെ ജീവിതത്തിന് ഞാൻ ഉത്തരം കണ്ടെത്തി. അതോടെ 'ശവംവാരി' എന്ന കൂക്കുവിളി പോലും എനിക്കാനന്ദമായി."


ആ 'ജീവിതം പറച്ചിലിനോടുവിൽ വായന എത്തുമ്പോൾ നിറയേ "വലിയ മനുഷ്യർ" നിറഞ്ഞ ഈ ലോകത്തിൽ വിനു എന്ന "യഥാർത്ഥ മനുഷ്യൻ്റെ" ആത്മാർത്ഥതയുള്ള ഈ വാക്കുകളിൽ പോലെ തന്നെയാണ് അയാളുടെ ജീവിതവും എന്ന് വെളിവാകുന്നു "എന്റെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്കു വന്നവനെ മണ്ണിലേക്കുതന്നെ യാത്രയാക്കുക. നമ്മൾ തനിച്ചുവന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചുതന്നെയാ പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നോർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക; അവരെ നന്നായി യാത്രയയയ്ക്കുക. അതാണെന്റെ കർത്തവ്യം. ആരുമില്ലാത്തവരെ ആദരവോടെ ആ യാത്രയ്ക്കൊരുക്കുന്ന കർമ്മം എനിക്ക് ഭംഗിയായി ചെയ്യണം."
ഇങ്ങനെ ഒക്കെയാണെങ്കിലും ആമുഖത്തിൽ നിയാസ് എഴുതിയ ഈ വാക്കുകൾ കൂടി ചേർന്നവെങ്കിൽ മാത്രമേ വിനു എന്ന ഈ യഥാർത്ഥ്യ മനുഷ്യൻ്റെ ജീവിത വായന പൂർണ്ണമാകു.

"വിനുവിനെ കേൾക്കുന്ന ദിവസങ്ങളിലൊന്നിൽ പിരിയാൻ നേരം

ഞാൻ ചോദിച്ചു:

'നാളെ എപ്പോഴായിരിക്കും ഫ്രീ ആയിരിക്കുക?'

മറുപടിയായി വിനു പറഞ്ഞ വാക്കുകൾ എന്നെ സ്‌തബ്ധനാക്കി: 'നാളെയെന്നല്ല, ഇനിയൊരിക്കലും എന്നെയാരും വിളിക്കാതിരിക്കട്ടെ. ദുർമ്മരണത്തിനിരയായ ശരീരങ്ങൾ എടുക്കുന്നതാണെൻറെ ജോലി. ഞാൻ ചെല്ലുന്നിടത്ത് കുടുംബം കലങ്ങും. എനിക്ക് പണിയില്ലാതിരിക്കട്ടെ എന്നാണ് എല്ലാ ദിവസത്തെയും എൻ്റെ പ്രാർത്ഥന.'

രാവും പകലും കർമ്മനിരതനായി തുടരുമ്പോഴും തന്നെയാരും വിളിക്കാതിരി ക്കട്ടേയെന്ന് ഉള്ളിൽത്തട്ടി പ്രാർത്ഥിക്കുന്ന ഇതുപോലൊരു മനുഷ്യൻ മറ്റെവിടെയുണ്ടാകും..?" 
നമ്മൾ സാധാരണ വായിച്ചു രസിക്കുന്ന ജീവിതകഥകളിൽ പെടുന്ന ഒരു ജീവിതകഥയല്ല മരണകൂട്ട് ഒരു 'ശവംവാരി'യുടെ ആത്മകഥ എന്ന് മാത്രം പ്രിയ വായനക്കാരെ ഒർമ്മിപ്പിക്കട്ടേ.


📙- മരണകൂട്ട് (autobiography /non-fiction)
✍️- വിനു പി / നിയാസ് കരീം
📖-150
🖨️-മാതൃഭൂമി ബുക്സ് (2024)
💸-200

Sunday, July 27, 2025

▪️വായിച്ച പുസ്തകം / The Art of Loving / ശൈലൻ▪️


ശൈലനിസത്തിലെ......
ജീവിതം......
ചങ്ങാത്തം......
സ്നേഹം......
പ്രണയം......
വ്യക്തികൾ......
ബന്ധങ്ങൾ/ ബന്ധനങ്ങൾ......

യാത്രകൾ......
പട്ടണങ്ങൾ......
പട്ടണകാഴ്ചകൾ......
ഗ്രാമങ്ങൾ ......
ഗ്രാമീണ കാഴ്ചകൾ ......
അവിടങ്ങളിലെ ആളുകൾ ......
രുചികൾ......

എഴുത്തുകൾ......
കവിതകൾ ......
സിനിമകൾ......
സിനിമാ കാഴ്ചകൾ ......
പിന്നെയും എന്തെല്ലാം ......

വായിച്ചതൊന്നും പറഞ്ഞാൽ തീരില്ല
അതിനാൽ വായിക്കുക ......

പ്രിയ വായനക്കാരാ, 
ശൈലന്റെ "The Art of Loving "വായിച്ച് വായിച്ച് 
അവസാന താളിൽ എത്തുമ്പോൾ നിങ്ങളെ
കാത്തിരിക്കുന്ന വരികളിൽ 
ഇപ്രകാരമാണ്  " കൂട്ടിലിട്ട് വളർത്തുന്ന കോഴി... 
ചങ്ങലയിലെ പട്ടി... 
തൊഴുത്തിലെ പോത്ത്... 
അതുപോലെയൊക്കെയാണ് 99% മനുഷ്യരും.. 
സാധ്യതകളുടെ ലക്ഷംകോടികളിൽ 
ഒരുഭാഗം പോലും ഉപയോഗപ്പെടുത്താനാവാതെ 
വീട്, ഓഫീസ്, ഇണ, കുട്ടികൾ, ടിവി സീരിയൽ 
തുടങ്ങിയ ചള്ള് എക്സ്ക്യൂസുകളിൽ കുരുങ്ങിക്കിടക്കുന്ന
വിചിത്രജീവികൾ.

ജീവിക്കുന്നുണ്ടോ ചോദിച്ചാൽ ഉണ്ട്... 
ചത്തുപോവൂലേന്ന് ചോദിച്ചാൽ അതും ഉണ്ട്..

ഇത്തിരിയൊന്ന് 
ട്രാക്ക് മാറ്റിപ്പിടിച്ച് 
നോക്കെന്നേയ്..

അപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം
ഇതു വരെ നിങ്ങൾ ജീവിച്ച ജീവിതം 
എന്തായിരുന്നു എന്ന്..."

📙- The Art of Loving (ശൈലനിസം )
✍️- ശൈലൻ
📖- 479
🖨️- Insight Publica (2018)
💸-550

Tuesday, June 24, 2025

▪️വായിച്ച പുസ്തകം/ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം / വി.ടി. പ്രദീപ്▪️




പ്രദീപിന്റെ സുകുമാരനെ, അതെ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലുവിലെ സുകുമാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും,ചിലപ്പോള്‍ നിങ്ങള്‍ നടന്നു പോകുന്ന വഴിയരികില്‍,നിങ്ങള്‍ക്ക ഒപ്പമോ,നിങ്ങള്‍ക്ക് ഏതിരെയോ സുകുമാരൻ കടന്ന് പോയിട്ടുണ്ടാകാം,മറ്റു ചിലപ്പോള്‍ കവലയിലെ ചായക്കടയില്‍ ഒരു ചില്ല് ഗ്ളാസില്‍ കാലി ചായയുമായി നാട്ടുകാര്‍ക്കിടയില്‍, ചന്തയില്‍,ബസ്സ് സ്റ്റോപ്പില്‍,അടുത്തുള്ള സൂപ്രൈര്‍ മാര്‍ക്കറ്റില്‍,അടുത്ത ബന്ധുക്കളുടെ,സുഹ്യത്തുകളുടെ കല്യാണ വീട്ടില്‍,ബസ്സില്‍, ട്രെയിനില്‍, ചീറിപായുന്ന ബൈക്കില്‍,പിന്നെ ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലെ നിലകണ്ണാടിക്ക് മുന്നില്‍ നിങ്ങളായി തന്നെ,പക്ഷേ നിങ്ങള്‍ ഇതു വരെ ശ്രദ്ധിച്ചിരിക്കില്ല,എന്നാല്‍ പ്രദീപിന്റെ ഈ കഥകള്‍ വായിച്ച് കഴിഞ്ഞാല്‍, സുകുമാരനെ നിങ്ങള്‍ തിരിച്ചറിയും,അനുഭവിക്കും നിങ്ങളില്‍, സ്നേഹിക്കും ആത്മമിത്രമായി,കൂടപ്പിറപ്പായി, സന്തതസഹചാരിയായി,നിങ്ങളുടെ സന്തോഷത്തില്‍ സങ്കടത്തില്‍ പ്രതിസന്ധികളില്‍,നിങ്ങള്‍ പ്രതീക്ഷിക്കും സുകുമാരനെ നിങ്ങക്കോപ്പം, നിങ്ങള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടി പരിചയിച്ച പലരുമാണ് ഈ കഥകളിലെ സുകുമരൻ,ആ സുകുമാരന്റെ രഹസ്യമായ പരസ്യ ജീവിതമാണ് പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.42 കഥകള്‍ സുകുമാരന്റെ ബാല്യത്തിലെ,കൌമാരത്തിലെ, യൌവനത്തലെ സാഹസികത നിറഞ്ഞ ജീവിതം നമ്മുക്ക് വായിക്കാം പ്രദീപിന്റെ എഴുത്തുകളില്‍,നമ്മള്‍ നിത്യവും പരിചയിക്കുന്ന അന്തരീക്ഷ ത്തിലാണ് സുകുമാരനും ജീവിക്കുന്നത്,നമ്മള്‍ നേരിടുന്ന ജീവിത പ്രതിസന്ധികള്‍ തന്നെയാണ് സുകുമാരന്റെയും ജീവിതപ്രതിസന്ധികള്‍, നമ്മള്‍ക്ക് പറ്റുന്ന അമളികളും അക്കിടികളിലുമാണ് സുകുമാരനും ചേന്ന് ചാടുന്നത്,നമ്മള്‍ രക്ഷപ്പെടാൻ കാണിക്കുന്ന എല്ലാ വെപ്രാളങ്ങളുമാണ് സുകുമാരനും കാണിക്കുന്നത്.ഈ കഥകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കു, എല്ലാറ്റിനിലും ഒരു സുകുമാരൻ ടച്ച് കാണും.


    പുസ്തകത്തിൻ്റെ ആമുഖമായി ഉറവിടമറിയാത്ത പൂമണത്തില്‍ പ്രദീപ് പറയുന്നുണ്ട് “യുവാക്കളായപ്പോൾ ഞങ്ങൾ ഒരുമിച്ച് തൊഴിൽ തേടിപ്പോയി. ഒരേ സ്ഥലങ്ങളിൽ താമസിച്ചു. പിന്നീട് ഞാൻ നടത്തിയ ജീവിത യാത്രകളിൽ കണ്ടുമുട്ടിയവരിലെല്ലാം സുകുമാരനുണ്ടായിരുന്നു.

     ഉറക്കമുണർന്നാൽ ഉടനെ പറന്നുപോകുന്ന വവ്വാലുകളെപ്പോ ലെയുള്ള ജീവിതത്തിനിടയ്ക്ക് കനമില്ലാത്ത നിഴൽപോലെ അവരെ ക്കുറിച്ചുള്ള ഓർമ്മകൾ അകന്ന് പോവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ വച്ചു.

     കാറ്റെടുത്ത് പോവുന്ന നിമിഷങ്ങൾ. അതിൽ ഒരിക്കലും തിരിച്ചു വരാത്ത അനുഭവങ്ങളുടെ കൈയൊപ്പുകൾ. ജീവിതത്തിന്റെ ഏത് ചെങ്കനൽ കുഴിയടുപ്പിൽ വീണാലും ചിരിച്ചുകൊണ്ടിരിക്കാൻ ഊർജ്ജം പകരുന്നതാണ് ഈ ഓർമ്മകൾ.

     ഏത് പ്രതിസന്ധിഘട്ടത്തിലും പഴയ നാൾവഴികളിലൂടെ സഞ്ചരിക്കാനായി ഏതോ ഒരു വലിവ് എന്നെ ക്ഷണിച്ചുകൊണ്ടിരിക്കും. സുകുമാരൻ കഥകളി ലേക്ക് ഓർമ്മകൾ പോവും. ആർത്തു ചിരിച്ചു ല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷ ത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും.”പ്രദീപ് പറഞ്ഞതു പോലെ നമ്മുക്കും ഈ കഥകളുടെ വായനയില്‍ “ആർത്തു ചിരിച്ചുല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും”അല്ലെങ്കില്‍ സുമാരനും ആയാളുടെ ജീവിതവും നമ്മെ അതിലേക്ക് എത്തിക്കും തീർച്ച.

📙-ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ        രഹസ്യ ജീവിതം  (കഥകൾ )

✍️- വി.ടി. പ്രദീപ്

🖨️- Logos ബുക്സ് (2024)

💸-299




Sunday, June 15, 2025

▪️വായിച്ച പുസ്തകം/ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം/ഷീബ.ഇ.കെ▪️





വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തിനി പറഞ്ഞു.” "ഞങ്ങളിതിനെ കടൽക്കൊക്ക് എന്നാണ് പറയാറ്. ഭാഗ്യ മുള്ളവർക്കേ ഈ ശംഖ് കിട്ടാറുള്ളൂ എന്നാണ് വിശ്വാസം... മാഡത്തിന് അതു കിട്ടിയല്ലോ... യൂ ആർ ലക്കി."രാവിലെ കടൽത്തിരയിൽ നിന്നും ശംഖ് എടുത്തു തരുമ്പോൾ ഇന്ദ്രനീൽ ചക്രബർത്തിയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പടർന്നിരുന്നു. അപ്രതീക്ഷിതമായാണ് അയാൾ മുന്നിൽ വന്നുപെട്ടതും സംസാരിക്കാൻ തുടങ്ങിയതും.നിശാന്തിനിയും, വസുധയും, ഇന്ദ്രനീല്‍,എന്നീ മനുഷ്യരുടെ ഇടയില്‍ രൂപപ്പെടുന്ന അപ്രതീക്ഷിത മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന  ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് ഷീബ.ഇ.കെയുടെ കഥാസമാഹാരത്തിലെ "ഇന്ദ്രനീലമപൂർണ്ണ രാഗം" എന്ന കഥ തുടങ്ങുന്നത് ഈ വാചകങ്ങളിലാണ്. പിന്നാലെ വരുന്ന ഒൻപത് കഥകളിലെ  കഥാപാത്രങ്ങളുടെ ജീവിതം വായിക്കുമ്പോൾ ,“ മുൻകാലത്തിന്റെ തുടർച്ച തന്നെയാണ് പുതുകാലത്തിന്റെ എഴുത്ത്. ഒരാൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് മറ്റൊരാൾ തുടരുന്നു.അതങ്ങനെ അവിരാമമായി  തുടർന്നു പോവുകയും ചെയ്യും.അപരിചിതമായ വിഷയങ്ങളെയല്ല ഞാൻ അന്വേഷിക്കുന്നത്.മറിച്ച് പരിചിതമായ ലോകത്തെ എന്റെതായ രീതിയിൽ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്” എന്ന എഴുത്തുകാരിയുടെ ഈ വാക്കുകള്‍ തന്നെയാണ് വായനക്കാരന് തീര്‍ച്ചയായും ബോദ്ധ്യമാവുക .


 "കെഡാവറിലെ" അരുഷിയും വർഷങ്ങളായി ഫോർമാലിനിലും ഫിനോളിലും ഗ്ളിസറിലും മെഥനോളിലും മുടങ്ങിക്കിടക്കുന്ന ഒരുപാടു ശരീരങ്ങൾക്കിടയിലെ അവളുടെ ബാബയും, രാംനഗർ ചൗക്കിലെ ബുബുറാമും കാണാതായ അച്ഛനെ തേടുന്ന പരാതിക്കാരനും, കാപ്പിക്കപ്പുകൾക്കപ്പുറം ഇങ്ങനെ മുഖാമുഖം ഇരിക്കുവാൻ ഇരുപത് വർഷം എടുക്കുകയും , ഞാൻ കാരണമാണോ നീ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത് എന്ന് കുറ്റബോധം പേറുന്ന അവനും എന്നെങ്കിലും കണ്ടുമുട്ടിയാൽ അവന് നൽകാൻ കരുതിയ ജീബനാനന്ദ ദാസിന്റെ കവിതയുമായി എത്തിയ അലളും, എന്നാൽ അവനെ "ഇരുപതു വർഷങ്ങൾ ശേഷം" കണ്ടുമുട്ടിയപ്പോൾ അതു നൽകാൻ മറന്നു പോകുകയും, ഇരുവഴികളിലേക്കെങ്കിലും പരസ്പരം മറിഞ്ഞ് ഒരുമിച്ചു നടന്ന് ഒന്നും ചേരാതെ പിരിഞ്ഞവരും. "അച്ഛനുലക"ത്തിലെ ഹീരയും അച്ഛനും തമ്മിലുടലെടുക്കുന്ന അപൂർവ്വമായ ബന്ധത്തിന്റെ കഥയും, ദാൽ തടാകകരയിലെ സാധാരണക്കാരുടെ ജീവിതം പറയുന്ന "ദാൽ തടാകത്തിലെ ഷിക്കാരക്കാരനും",ലോക്ക്ഡൗണും ക്വാറന്റീനിലും വീടിന് പുറത്തുള്ള തന്റെ സ്വാതന്ത്രത്തിനെ ബന്ധിക്കപ്പെട്ടപ്പോൾ സ്വന്തം വീടിനുള്ളിലെ ജീവിതം അറിയുന്ന "ക്വാറന്റീനിലെ" പ്രമോദും, "ലൈംഗിക ദാരിദ്ര്യം നിഷ്കളങ്കമായ ചില ഓർമ്മപ്പെടുത്തലുകളിൽ" അവിവാഹിതകളിലും വിവാഹമോചിതരിലും വിധവകളിലും എല്ലാവരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നു കരുതുന്നവർക്കു വേണ്ടി ഒരു കുറിപ്പ്....പെണ്ണിനെ സഹായിക്കാൻ വെമ്പി നിൽക്കുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കുമായി സാരംഗി ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റ് ആ കൂട്ടര്‍ക്കുള്ള ഒരു താക്കിതായി മാറുന്നു.കിട്ടിയ ഇടത്തൊക്കെ അള്ളിപ്പിടിച്ചിരിക്കുന്ന പല പ്രായക്കാരായ സ്ത്രീകള്‍…. എല്ലാവര്‍ക്കും ഇതോക്കെത്തന്നെയാണോ പറയാനുണ്ടാകുക. ഒരേപോലുള്ള മുഖങ്ങള്‍. നെറ്റിയിലും ചുണ്ടിൻ വശങ്ങളിലും തെളിഞ്ഞു നില്‍ക്കുന്ന വരകള്‍.മിനുസം കെട്ട കവിളുകള്‍.പരിചരണമില്ലാതെ നരകയറി ചകിരിപോലെയായ മുടിയിഴകള്‍.തേഞ്ഞ വിരലുകള്‍.വെടിച്ചു കീറിയ ഉപ്പൂറ്റികള്‍.തേഞ്ഞ വിരലുകള്‍ മങ്ങിയ താലികള്‍.നെറ്റിയില്‍ നിറം കെട്ട രക്തം പോലെ സിന്ദുരം.ഇവരൊക്കെയും   സ്ത്രീകളുടെ നവോത്ഥാനത്തി നുള്ള  ഇന്ന് കഴിഞ്ഞ കലാജാഥയില്‍ പങ്കേടുത്തു മടങ്ങുന്നവരാണ്. സ്വന്തം ജീവിതത്തിന്റെ എല്ലാ പ്രസരിപ്പും നഷ്ടപ്പെടുത്തി തങ്ങളുടെ കുടുംബ ജീവിതത്തിന് മാത്രമായി ജീവിതം ഹോമിച്ചവര്‍ അങ്ങയുള്ളവരുടെ ഒത്തു കൂടലായി മാറി ആ കംമ്പാര്‍ട്ടമെന്റെ. സ്ത്രീകളുടെ നവോത്ഥാനത്തി നുള്ളതാണത്രേ ഇന്നു കഴിഞ്ഞ കലാജാഥ. പ്രസംഗിച്ചവരെല്ലാം അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു.

ഇളം നിറത്തിലുള്ള സാരികൾ ഉടുത്ത്, മിതമായി ആഭരണങ്ങൾ ധരിച്ച്, കരിയും പുകയുമേൽക്കാത്ത ചർമ്മമുള്ളവ രായിരുന്നു പ്രസംഗിച്ച സ്ത്രീകളെല്ലാംതന്നെ... അസൂയയോടെ, ആരാധനയോടെ അവരെ നോക്കി നിന്നു പെൺകൂട്ടം. അടുക്കളയിൽ നിന്നും സ്ത്രീകളെ മുഖ്യധാരയിലെ ത്തിക്കുക. അവർക്ക് തന്റേതായ ഇടം ഉണ്ടാക്കിക്കൊടുക്കുക. അവരുടെ അഭിമാനം സംരക്ഷിക്കുക. സമൂഹത്തിലുള്ള വേർതിരിവ് ഇല്ലാതാക്കുക. കൊടുംവെയിലത്ത് അതൊക്കെ കേട്ട് വിയർത്തു നിൽക്കുമ്പോഴും പുറം ലോകത്തിൻ്റെ കാറ്റ് ആദ്യമായി കൊള്ളുന്നതിന്റെ ചെറുതല്ലാത്ത ഒരാഹ്ലാദം പലമുഖങ്ങളിലു മുണ്ടായിരുന്നു. കൂടു തുറന്നുപോയ പക്ഷികളെപ്പോലെ, തിരിച്ചു കയറേണ്ട കൂടിനെ ഒരു മാത്ര നേരത്തേക്കെങ്കിലും മറന്ന്...ആ കൂടിനെ മറന്ന് ഒരു കൂട്ടം പെണ്ണ് ജീവിതങ്ങള്‍ വരച്ചു കാണിക്കുന്നു “പെണ്ണരശ്”.  രാവണനെ സ്നേഹിക്കുന്ന ,രാവണന്റെ ജന്മസ്ഥലമായ ഗ്രാമത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിച്ച് പോകെണ്ട വീട്ടില്‍ താമസിക്കുന്ന ജമ്നയുടെയും ദാദീമായുടെ കഥ പറയുന്നു “രാവണ്‍” എന്ന കഥ,അവരുടെ ജീവിതത്തിലെക്ക് വന്നു കയറുന്ന ആള്‍ തങ്ങളുടെ ദുരിതങ്ങള്‍ അറുതി വരുത്താൻ വന്ന രാവണാന് എന്ന കരുതുമ്പോള്‍ , ആയാള്‍ അതല്ല എന്ന് തിരിച്ചറിഞ്ഞ് സ്വന്തമായുള്ള ആ വീടിന് തീ കൊളുത്തി ജമ്നയുമായി എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പുറപ്പെടുന്നു ദാദീമായുടെയും ഒക്കെ ജീവിതവും   ഈ കഥകളില്‍  വായിക്കുമ്പോൾ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ ലോകത്തിന്റെ മുൻധാരയില്‍ എത്താത്ത ജീവിതങ്ങളാണ് ഈ കഥകളായി മാറിയത് എന്ന് വായനക്കാരൻ തിരിച്ചറിയുന്നു, എന്നാല്‍ ഈ കഥകളുടെ വായനയില്‍ വായനക്കാരൻ തിരിച്ചറിയേണ്ട മറ്റൊന്നു കൂടിയുണ്ട്,ഈ കഥകളിലൂടെ എഴുത്തുകാരി മുന്നോട്ട് വയ്ക്കുന്ന സമകാലത്തിന്റെ  രാഷ്ട്രീയം,ആ തിരിച്ചറിവാണ് ഈ കഥകലെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.


 “ആർത്തിരമ്പുന്ന ആകുലതകളും വിഷാദവും എതിർപ്പുകളും... ചുറ്റുമുള്ള ജീവിതത്തോട് സമരസപ്പെടാനാവാതെ കുട്ടിക്കാലം മുതൽ ഞാൻ അസ്വസ്ഥതയനുഭവിച്ചു. അതിൽ നിന്നു രക്ഷപ്പെ ടണമെങ്കിൽ ഒന്നുകിൽ ഉന്മാദത്തിൻ്റെ താക്കോൽ അല്ലെങ്കിൽ അക്ഷരങ്ങളുടെ പച്ചപ്പ് വേണമായിരുന്നു. എൻ്റെയുള്ളിലൂടെ യാതൊരു പരിമിതിയുമില്ലാതെ നടത്തുന്ന യാത്രയാണ് എഴുത്ത്. സമൂഹത്തോടും എന്നോടുമുള്ള ചോദ്യങ്ങൾ തന്നെ യാണത്. ചുറ്റുമുള്ള കാഴ്‌ചകളും സാഹചര്യങ്ങളും ആകു ലപ്പെടുത്തുമ്പോഴാണ് എഴുതിപ്പോകുന്നത്. അനീതിയും അവഗണനയും നിരാസവും നിസ്സഹായതയും നിറയുന്ന ലോകത്ത് സ്നേഹംകൊണ്ട് പിടിച്ചു നിൽക്കാൻ ബദ്ധപ്പെടുന്നവരാണ് എൻ്റെ കഥാപാത്രങ്ങളധികവും മദവും മത്സരവും കാപട്യവും അനീതിയും നിറഞ്ഞ ഒരു ലോകം, അതിനു സമാന്തരമായി സ്നേഹംകൊണ്ട് വ്യഥിതരായവരുടെ മറ്റൊരു ലോകമാണ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ചുറ്റുപാടുമുള്ള ലോകത്തോടു സംവേദിക്കാനുള്ള ഇടംകൂടിയാണ് എഴുത്ത്” എന്ന് ഈ സമാഹാരത്തിന്റെ ഒടുവിലുള്ള അഭിമുഖത്തില്‍ എഴുത്തുകാരി തന്റെ എഴുത്തിനെ കുറിച്ച് പറയുന്നുണ്ട് .ഈ ഒൻപത് കഥകളുടെ വായനയും എഴുത്തുകാരിയുടെ ഈ വാക്കുകള്‍ എത്ര സത്യസന്ധമാണ് തന്റെ കഥകളെ സംബന്ധിച്ച് എന്ന് നല്ലോരു വായനക്കാരനെ  ബോദ്ധപ്പെടുത്തും. 


📙-ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം (കഥകൾ )

✍️-ഷീബ.ഇ.കെ

🖨️-ഡി.സി.ബുക്സ് (2023)

💸140






Friday, May 16, 2025

▪️വായിച്ച പുസ്തകം/ഒരു ദേശം പല ഭൂഖണ്ഡങ്ങൾ/വി.എസ്.സനോജ്▪️


വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കു കിഴക്കൻ മേഖലകളിലുടെയും ഒരു പത്ര പ്രവർത്തകൻ 14 വർഷങ്ങൾക്കിടെ നടത്തിയ യാത്രയാണിത് ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയും പോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകു ന്ന അനുഭവങ്ങളിലൂ ടെയുള്ള കടന്നു പോക്ക്, വടക്കേയിന്ത്യൻ ഗ്രാമങ്ങ ളും തെരുവുകളും റിപ്പോർട്ടിങ് അനുഭവങ്ങളും എല്ലാം ചേർന്ന ഒരു കൊളാഷ്.


തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് പത്രപ്രവർത്തന ത്തിൽ പ്രയാസമുള്ള ക്രാഫ്റ്റാണിത് പ്രഖ്യാപനങ്ങളോ മുൻവിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാൻ ശീലിച്ച ഒരു റിപ്പോർട്ടറുടെ ശൈലിയുണ്ട് എഴു ത്തിൽ നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ അതിമനോഹരമാണ് നിർമ്മമായ പത്രപ്രവർത്തന ത്തിൻ്റെ മറ്റൊരു ഉദാഹരണം... (ആർ. രാജഗോപാൽ, ടെലഗ്രാഫ് മുൻ എഡിറ്റർ )


"പണ്ട്, വായനശാലയിലെ പൊടിപിടിച്ച ലൈബ്രറി അടുക്കുകളിൽനിന്ന് വായിക്കാനാഗ്രഹിച്ച്, തപ്പിക്കൊ ണ്ടിരുന്നവ ഇടയ്ക്ക് കണ്ണിൽപ്പെടുമ്പോ, പുതിയൊരു പുസ്ത‌കം കിട്ടുമ്പോ, എല്ലാം തോന്നിയിട്ടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സ്വന്തം പേര് ഏതെങ്കിലും പത്രത്തിലോ ആഴ്‌ചപ്പതിപ്പിലോ അച്ചടിച്ചുവരുന്നൊരു ദിവസം, കൗമാരത്തിലും യൗവനത്തിൻ്റെ തുട ക്കത്തിലും ഒരു സ്വപ്‌നമായിരുന്നു. ഒരുപാടുവട്ടം നിരാശപ്പെട്ടിട്ടുണ്ട്, പേര് കാണാതെ. പക്ഷേ, ബൈലൈനിന് ക്ഷാമമില്ലാത്ത പത്രപ്രവർത്തനത്തിലേക്ക് പിന്നീട് ജീവിതമെത്തി. പേര് അച്ചടിച്ചു വരുന്നതിലെ കൗതുകം ശമിക്കുംവിധം, ജോലി ചെയ്‌തയിടങ്ങളിലെല്ലാം ക്ഷാമമില്ലാതെ ബൈലൈനുകൾ കിട്ടി. അധ്വാനത്തിലൂടെ കാലം ആ പൂതിയും സാധിച്ചുതന്നു. അതിനിടെ യാത്രാപ്രേമമെന്ന സൂക്കേടുണ്ടായി. വിഭിന്നരായ മനുഷ്യരെ, വ്യത്യസ്‌ത ദേശങ്ങളെ തേടി പുറപ്പെട്ടിറങ്ങി. അത്തരം വഴിവിട്ട യാത്രകളുടെ ബാക്കി പത്രമാണ് ഈ പുസ്‌തകം. പതിമൂന്ന് വർഷങ്ങൾക്കിടെ സംഭവിച്ച അശാന്ത സഞ്ചാരങ്ങളുടെ ഓർമ്മ. കണ്ടു മുട്ടിയ മനുഷ്യ ദേശങ്ങളെ ഓർമ്മയിലൂടെ അടുക്കി പ്പെറുക്കിയതിന്റെ ഭാഷാകാര രൂപം"........


"എട്ടര വർഷത്തോളം അന്യസംസ്ഥാന മാധ്യമ തൊഴിലാളിയായിരുന്നു. അത്, ജീവിതം മാറ്റിമറിച്ചു. പത്രസ്ഥാപനം തന്ന, പണിഷ്മെൻ്റ് ട്രാൻസ്‌ഫറെന്ന ആ സമ്മാനം ഉർവ്വശീശാപമെന്ന ഉപകാരമാക്കി യാത്രാസക്തിയുടെ കെട്ടഴിച്ചു വിട്ടു സ്വയം. അതോടെ റിപ്പോർട്ടിങ്ങി നായും അല്ലാതെയും രാജ്യത്തിൻ്റെ പല മുക്കിലും മൂലയിലുമെത്താ നായി. ചില പ്രധാന രാഷ്ട്രീയ- സാമൂഹിക സംഭവ വികാസങ്ങൾ കവർ ചെയ്യാനുമായി. ഇങ്ങനെ കണ്ടറിഞ്ഞ മനുഷ്യലോകത്തിന്റെ സ്മ‌‌രണയാ ണിത്. ഇന്ത്യൻഗ്രാമങ്ങളിലും നഗരങ്ങളിലും അലയാൻ വിട്ട ആ ട്രാൻ സ്‌ഫർ ഓർഡറുകളോടും അതിന് പത്ര മാനേജ്‌മെന്റ്റിനുണ്ടായ പ്രേരണയ്ക്കും പ്രത്യേകം നന്ദി. ഭൂകമ്പങ്ങൾ ചിലപ്പോൾ പുതിയ ഭൂപ്രദേശങ്ങളെ സൃഷ്ടിക്കും, വിദൂരസ്ഥലം മാറ്റങ്ങൾ മറ്റൊരു ലോകം കാട്ടിത്തരും"


"ഒരൊറ്റ ദേശമായിട്ടും എത്രയെത്ര വിചിത്ര ഭൂഖണ്ഡങ്ങളാണ് ഓരോ മേഖലയും എന്നത് പുറപ്പെട്ടുപോകലുകളിൽ ഉടനീളം ബോധ്യപ്പെട്ട കാര്യമാണ്. ഓരോ മനുഷ്യനും ഓരോ ദ്വീപാണെ ന്നതുപോലെ ഓരോ പ്രദേശവും വേറിട്ട രാജ്യ ങ്ങളോ വൻകരകളോ ആണ് മിക്കപ്പോഴും എന്ന് തോന്നാറുണ്ട്. സംസ്കാരം, വിശ്വാസം, പ്രാദേശിക വേർതിരിവ്, ആചാരം. ഇതിനെല്ലാം മേലേ ഉദ്ധ്യതമായി നിലകൊള്ളുന്ന ജാതി വിവേചനം. ഇതെല്ലാം ചേർന്നാൽ ഈ ദേശമായി. രാജ്യത്തിന്റെ ഏകതയെന്നത് കേവല രാഷ്ട്രീയ പരസ്യവാചകം മാത്രമാണന്നത് കണ്ണുതുറന്ന് യാത്രയൊരുമ്പെട്ടാൽ ആർക്കും ബോധ്യപ്പെട്ടോളും.."

 (ഒരുമ്പെട്ടയിറക്കങ്ങൾ)


"പാ തുലെ ബോഷൂണിൽ തുടങ്ങി ധോളാ വീരയ്ക്ക് നീളുന്ന റാപ്പറിലെ തന്നിഷ്ടവേഗങ്ങളുടെ വണ്ടിക്കാരനിൽ" അവസാനിക്കുന്ന 27 യാത്രാ അനുഭവങ്ങൾ,ഈ അനുഭവങ്ങളെല്ലാം എഴുത്തുകളാകുമ്പോൾ സാധാരണ സഞ്ചാരമെഴുത്തിൽ നിന്നും വേറിട്ട നിൽക്കുന്നു. വായനക്കാ രൻ, പലപ്പോഴും ആസ്വദിച്ച് വായിച്ചു പോയിട്ടുള്ള സഞ്ചാര അനുഭവങ്ങ ൾ, അവയെല്ലാം പലപ്പോഴും കേട്ട് പരിചയിച്ച സ്ഥലങ്ങളിലെ ഉള്ള യാത്രകളുടെ സ്മരണകൾ ആകാം, അതുമല്ലെങ്കിൽ എഴുത്തുകാരൻ ചെന്നേത്തുന്ന ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അവയുടെ സൗന്ദര്യ വർണ്ണനകളുമാകാം. എന്നാൽ ഈ എഴുത്തുകളെല്ലാം അതിൽ നിന്ന് ഏറെ വ്യത്യസ്തമായ നിൽക്കുന്ന ഈ എഴുത്തുകൾ. ഒരുപക്ഷേ വായനക്കാരൻ കേട്ടിട്ടില്ലാത്ത പല ദേശങ്ങൾ, അവിടങ്ങളിലെക്ക് ഉള്ള യാത്രകൾ, ആ യാത്രകളിൽ, യാത്രികൻ  നേരിട്ട കാര്യങ്ങൾ, ചെന്നേത്തിയ  ദേശത്തിൻ്റെ  മിന്നിത്തിളങ്ങുന്ന മുഖങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യ ജീവിതങ്ങൾ, അവയെല്ലാമാണ് ഈ 27 യാത്രാ അനുഭവ ങ്ങളിൽ വായനക്കാരന് വായിക്കുവാൻ, അനുഭവിക്കാ ൻ ,കഴിയുക. ഉത്തരേന്ത്യയിലെയും നോർത്ത് ഈസ്റ്റിലെയും പച്ചയായ ജീവിതങ്ങൾ, ഈ എഴുത്തുകളിൽ നമ്മൾ കാണുന്നു. അവരുടെ ജീവിതാവസ്ഥക്ക് പിന്നിലെ രാഷ്ട്രീയ, സാമൂഹിക കാരണങ്ങൾ വായനക്കാരൻ  അനുഭവിക്കുന്നു ' രാജ്യത്തിൻെറ അതിർത്തി ഗ്രാമങ്ങളിലെ , മഞ്ഞ് മൂടിയ ദേശങ്ങളിലെ, ഉൾനാടൻ ഗ്രാമ ദേശങ്ങളിലെ ,അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവും, "ഒരു ദേശം പല ഭൂഖണ്ഡങ്ങളി ലൂടെ" വായിക്കുമ്പോൾ നമ്മൾ കാണാത്ത, കേൾക്കാത്ത, മനുഷ്യജീവിത അവസ്ഥയി ലേക്കാണ് വായനക്കാരൻ എത്തിചെരുന്നത്. ഓരോ യാത്രക്കാർക്കും  രാഷ്ട്രീയമുണ്ടെന്നും ഈ പുസ്തകത്തിലെ എഴുത്തുകൾ വായനക്കാരനോട് പറയുന്നു. ആ രാഷ്ട്രീയം മനസ്സിലാ ക്കലാണ് ഈ പുസ്തക വായനയിലൂടെ   ചെയ്യാൻ  കഴിയുന്ന വായനക്കാരന്റെ  രാഷ്ട്രീയ ദൗത്യം.


📙-ഒരു ദേശം പല ഭൂഖണ്ഡങ്ങൾ (യാത്ര)

✍️-വി.എസ്.സനോജ്

🖨️-ഡി.സി.ബുക്സ് (2024)

💸360

Wednesday, May 14, 2025

▪️വായിച്ച പുസ്തകം / മഴയുടെ ആത്മകഥയിലെ കടൽ /വി.ടി.പ്രദീപ്▪️

"താഴോട്ടൊഴുകിയ നദിക്ക് ഒരിക്കലും മേലോട്ട് തിരിച്ചൊഴുകാൻ കഴിയില്ല എന്നതുപോലെ എനിക്ക് നഷ്ടപ്പെട്ട ആ ഒതളൂരിനെ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല.

അന്നത്തെ കാറ്റ്, മണങ്ങൾ, പ്രിയപ്പെട്ടവർ എല്ലാം ഓർമ്മകളിൽ മാത്രം.

ആ നഷ്ടബോധത്തിൽ നിന്നാവണം ഞാനെഴുതാൻ തുടങ്ങിയത്.

പ്രിയപ്പെട്ട നാടിൻ്റെയോർമ്മകൾ ഏകാകിയുടെ ആത്മരാഗം പോലെ എന്നെയെപ്പോഴും പിൻതുടർന്നു".(അരൂപികളുടെ ആകാശത്തിലെ പ്രിയങ്ങൾ)

"മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിൻ്റെ പുസ്‌തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുത ദ്വീപായ ഒതളൂരിൻ്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിൻ്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്‌മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്ത‌കം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്‌തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരൻ്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും."(വില്ലിൽ നിന്ന് പുറപ്പെട്ട ഗ്രാമം -സന്തോഷ് ഏച്ചിക്കാനം)

എനിക്ക് അവന്റെ മുഖം എപ്പോഴും ഓർമ്മ വന്നിരുന്നു. മരണ ത്തിലേക്കടക്കമുള്ള പല ഒളിച്ചോട്ടങ്ങളിൽനിന്നും എന്നെ പുറകോട്ടു വലിച്ചത് ദൈന്യം നിറഞ്ഞ അവൻ്റെയാ മുഖം തന്നെയാണ്.

അവനെപ്പോലെ സങ്കടം നിറഞ്ഞ ജീവിതം ജീവിക്കേണ്ടി വരുമായിരുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളാണ്.

ഒരമ്മ സഹനത്തിൽനിന്ന് സ്വാതന്ത്യത്തിലേക്ക് ഇറങ്ങിനടന്ന പ്പോൾ ഒരു മകൻ ലോകത്തിൻ്റെ സ്വാതന്ത്യ്രത്തിൽനിന്ന് അന്തർമു ഖനായി തിരിയെ കയറുന്നു. (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ)

നാട്ടിൽനിന്ന് നഗരത്തിലെത്തിയതോടെ നിർമ്മലമായ പല ഓർ മ്മകളും അനുഭവങ്ങളും വിറക് വിട്ടതീയിനെപ്പോലെ പൊലിഞ്ഞു പോയി.

യന്ത്രമുരൾച്ചയാൽ കാതുകൾ പാതിയടഞ്ഞുപോയിരിക്കുന്നു.

ഇന്ന് ഈ അർദ്ധരാത്രിയിൽ നഗരമധ്യത്തിലിരുന്ന് ഓർമ്മകളെ തിരികെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.

വെറുതെയാണ്.

പുഞ്ചനിലത്തിന്റെ ദാഹമടക്കാൻ തേവിയെത്തുന്ന ഇത്തിരി വെള്ള ത്തിന് കഴിയില്ല. അതിന് കാലവർഷം തന്നെ വരണം.( ഓർമ്മകളുടെ ഭസ്മക്കൊട്ട)

ഒടിയനെ ഒതുക്കാനുള്ള മന്ത്രത്തെപ്പോലെതന്നെ തെയ്യോരനോ ടുള്ള ഭയത്തേയും കീഴ്പ്‌പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

സകല കീഴാള വർഗ്ഗത്തെയും പുച്ഛത്തോടെ കാൽക്കീഴിൽ നിറു ത്തിയിരുന്ന ഞങ്ങളുടെ കാരണവന്മാർ തെയ്യാരന് മുൻപിൽ മാത്രം വിനീത വിധേയരായി.

പക്ഷെ ഒടിവിദ്യ വശമില്ലാത്തവന്റെ കുട്ടകൾക്കു ചിലവില്ല.....

പകലന്തിയോളം കണ്മുന്നിൽ ആടുന്ന നമ്മളെക്കാൾ വലിയ ഒടി യനേം ചാത്തനേം മറുതയേം കണ്ടു തളർന്നു മടങ്ങുമ്പോൾ ഇന്നും ഞാൻ തെയ്യോരനെ ഓർത്തു.

സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ.(തെയ്യോരുനും ഞാനും A tale of two sales people)

മോനെ, നിന്റെ അച്ഛൻ ക്ലാസിനുള്ളിൽ പഠിക്കാൻ ശ്രമിച്ചത് കണക്കും ഊർജ്ജതന്ത്രവുമാണ്. പക്ഷെ ജീവിക്കാൻ വേണ്ട തന്ത്ര ങ്ങൾ പഠിച്ചെടുത്തത് ക്ലാസിന് പുറത്തെ അനുഭവങ്ങളിൽ നിന്നാണ്.

എസി റൂമിൽ ഐപാഡിൻ്റെ സ്ക്രീനിൽ നോക്കി എന്ത് പഠിക്കാനാണ്!(തോറ്റു പഠിച്ച ജീവിതം)

സന്തോഷ് എച്ചിക്കാനം പറഞ്ഞപോലെ ഓർമ്മകൾ ഒരു പെട്രോൾ ബങ്കാണ്. ഈ വരണ്ട നഗരത്തിൽ ഓടിത്തീർക്കാനുള്ള മുഴുവൻ ഊർജ്ജവും എനിക്ക് അതിൽ നിന്നും കിട്ടുന്നു. മനസ്സ് വറ്റുമ്പോൾ എനിക്ക് ഇതുപോലെ ഓർമ്മകളിലേക്ക് തിരിച്ചു നടന്നേ പറ്റൂ.

ഞങ്ങൾ ഇനിയും വരും,

ഭീമാകാരനായ ചിറകിനുള്ളിൽ മരണത്തെ ഒളിപ്പിച്ചു കാലം പറ ന്നെത്തുംമുൻപ്.(ഓർമ്മകളുടെ പുനർജനി)

വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടുന്ന സഹപാഠികൾക്ക് എന്നെ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആരെയും രസിപ്പിക്കാനൊരു വിഭവങ്ങളും കൈവശമില്ലാതിരുന്നവനെ ആര് ഓർമ്മിക്കാനാണ്?

നക്ഷത്രങ്ങൾക്ക് ഒപ്പമെരിഞ്ഞിരുന്ന മെഴുകുതിരികളെ, മുഖങ്ങളില്ലാത്ത നിഴലുകളെ ആർക്ക് ഓർമ്മ വരാനാണ്?(ഏകാന്തനാവികൻ)

ഓരോ കൂടിച്ചേരലുകളും ഓർമ്മയുടെ പുനർജനി നൂഴലാണ്. നിങ്ങളിലെ വിരസതയേയും വാർധക്യത്തെയും അത് കഴുകിയെടുക്കുന്നു.

യാത്ര പറഞ്ഞിറങ്ങുമ്പോഴത്തെ കണ്ണുകളിലെ ആർദ്രതയും ശബ്ദ ത്തിലെ ചിലമ്പിച്ചയും ഓരോരുത്തർക്കും എന്താണ് നഷ്ടപ്പെടുന്നത് എന്ന് അടയാളപ്പെടുത്തുന്നു.

ഇനി ഉള്ളിൽ തട്ടാത്ത പൊട്ടിച്ചിരിയുടെയും ഉടുപ്പുലയാത്ത ആലിംഗനങ്ങളുടെയും നഗരത്തിലെ തിരക്കിലേക്ക്.(വസന്തം ഒളിച്ചു പാർക്കുന്ന മൊട്ടുകൾ)

ഈ എഴുത്തുകളെല്ലാം ഒതളൂർ എന്ന തന്റെ ഗ്രാമത്തിൽ നിന്നും എത്രയോ ദൂരെ നഗരതിരക്കുകളുടെ നടുവിൽ,ജീവിതത്തിന്റെ പല കാലങ്ങളിലെ ഓർമ്മകൾ തിരികെ വിളിച്ചപ്പോൾ എഴുതി കൂട്ടിയതും, മറ്റു ചിലപ്പോൾ, പ്രിയപ്പെട്ടവർ സ്നേഹമായും, നൊമ്പരമായും, മനസ്സിൽ നിറയുമ്പോൾ എഴുതിപ്പോയവയാണ്, അതാണ് വി.ടി.പ്രദീപിന്റെ "മഴയുടെ ആത്മകഥയിലെ കടൽ". മഴ തന്റെ ആത്മകഥ എഴുതുകയാണെങ്കിൽ തുടക്കം എവിടെ നിന്നായിരിക്കും, തീർച്ചയായും അത് കടലിൽ നിന്നായിരിക്കും,അവിടെ നിന്നല്ലാതെ പിന്നെ മഴക്ക് തന്റെ ഓർമ്മകൾ എവിടെ നിന്നാണ് തുടങ്ങാൻ കഴിയുക. ഏതെല്ലാം ദേശങ്ങളിൽ ഏതെല്ലാം കാലങ്ങളിൽ പെയ്തു തീർത്ത ഓർമ്മകളാണ് മഴയ്ക്ക് പറയാൻ ഉണ്ടാവുക. അത്തരത്തിൽ ഒതളൂർ നിന്ന് തുടങ്ങുന്ന തന്നെ ഓർമ്മകളും, ജീവിതത്തിനായി ചേക്കേറിയ നഗരത്തിലും , ജീവിക്കാനായി സഞ്ചരിച്ച നഗരങ്ങളിലും കണ്ടുമുട്ടി ജീവിതത്തിന്റെ ഭാഗമായി തീർന്ന് എന്നോ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയതോക്കെയും പ്രദീപ് ഈ കുറിപ്പുകളിലൂടെ തിരികെ പിടിക്കുന്നു. "നാട്ടിൽ നിന്ന് നഗരത്തിലെത്തിയതോടെ നിർമ്മമായ പല ഓർമ്മകളും അനുഭവങ്ങളും വിറക് വിട്ട തീയിനെപ്പോലെ പൊലിഞ്ഞു പോയി"(ഓർമ്മകളുടെ ഭസ്മക്കൊട്ട).ആ പൊളിഞ്ഞുപോയ ഓർമ്മകളെ ചെറിയ കുറിപ്പുകളായി ഹൃദ്യമായ ഭാഷയിൽ ഊതി തെളിക്കുന്നത്  വായിക്കുമ്പോൾ, വായിക്കുന്നവരും തങ്ങളുടെ ഓർമ്മകളുടെ ഉള്ളറകളിൽ എന്നോ പൊലിഞ്ഞു പോയതൊക്കെ തെളിയിക്കാനായി വെമ്പൽ കൊള്ളും. മനോഹരമായ ഭാഷയിൽ തന്റെ ഓർമ്മകൾ 37 കുറുപ്പുകളായി ഈ പുസ്തകത്തിൽ വായനക്കാർക്ക് മുന്നിൽ വായനക്കായി എത്തുമ്പോൾ, എന്നോ എവിടെയോ മറന്നുപോയ പലതിനെയും വായനക്കാരും വെറുതെ ഓർമ്മിച്ചു പോകും, പിന്നെയും മറക്കാൻ.

📙-മഴയുടെ ആത്മകഥയിലെ കടൽ (ഓർമ്മ)

✍️-വി.ടി.പ്രദീപ്

🖨️- ലോഗോസ് ബുക്സ് (2024)

💸270

Saturday, April 26, 2025

▪️വായിച്ച പുസ്തകം / തൈമയും കൊളംബസ്സും /കെ.വി.പ്രവീൺ ▪️


▪️എഴുതപ്പെട്ട ചരിത്രം താളുകളിൽ ഒരിക്കലും ഇടമില്ലാതെ ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയതു (അതോ മായിച്ചു കളഞ്ഞതോ) പോലെ ചില മനുഷ്യരുണ്ട്, കാലങ്ങൾക്കു മുമ്പ് രാജ്യങ്ങൾ കണ്ടുപിടിക്കാൻ പുറപ്പെട്ട ചിലർ തങ്ങളാണ് കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്ന നാടുകളിൽ വസിച്ചവർ, ആ നാടിന്റെ ഉടയവർ, അവകാശികൾ, ആ ഭൂമിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചവർ, അവർക്കിട യിലേക്ക് കപ്പലേറി വന്ന് ,ആദ്യം സൗഹൃദമായും പിന്നെ വാളുകളുടെയും തോക്കുകളുടെയും ബലത്തിൽ അവരെ അടിച്ചമർത്തിയും, ഒടുവിൽ അടിമകളാക്കിയും, അവരെയും, അവർക്കുള്ളതെല്ലാം തന്നെ കവർന്നെടുത്ത്,ആ ലോകങ്ങളെല്ലാം തങ്ങളുടെതണെന്ന ധാർഷ്ട്യത്തിൽ ചരിത്രത്തിൽ താളുകളിൽ സ്ഥാനം പിടിച്ചെടുത്തവര്‍, അങ്ങനെ കൊളംബസ് എന്ന “മഹാനായ” നാവികന്റെ കണ്ടുപിടുത്തമായി മാറിയ ദേശത്തിന്റെ യഥാർത്ഥ അവകാശികളായ തൈമ വംശത്തിന്റെ കഥ പറയുന്നു കെ.വി.പ്രവീണിന്റെ തൈമയും കൊളംബസ്സും എന്ന നോവല്‍.

 ▪️ഏബ്രഹാം കുടകീഴിലിന്റെയും തെരേസയുടെയും ഡേവിഡിന്റെയും ജീവിതത്തിലൂടെ ഈ നോവല്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പരിഷ്കൃതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർ, ഭൂമിയുടെ യഥാർത്ഥ്യ അവകാശികളുടെ മേൽ നടത്തിയ കയ്യേറ്റത്തിന്റെ, ആക്രമണത്തിന്റെ കഥയാണ്. ഈ കയ്യേറ്റത്തിലൂടെ, ആക്രമണങ്ങളിലൂടെ തങ്ങളുടെ ഭൂമിയിൽ നിന്ന്, ഈ ലോകത്ത് നിന്ന് അവർ ഇല്ലാതായി പോകുന്നു.”Fetal alcoholic syndrome”ത്തിന്റെ ഫലമായി സാധാരണ ജീവിതം ജീവിക്കാൻ കഴിയാത്ത ഡേവിഡ് എന്ന കുട്ടിയെ തങ്ങളുടെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുന്ന ഏബ്രഹാമും, ആ തീരുമാനത്തിനോപ്പം നിൽക്കുന്ന തെരേസയും. അവന്റെ പരിമിതികളെ മറികടക്കാൻ കഴിയുന്ന രീതിയിൽ അവര്‍ അവനെ വളർത്തുന്നു.എന്നാല്‍ ഡേവിഡ്, അവന്റെ പതിനാലാം വയസ്സില്‍ വീട് വിട്ട് പോകുന്നു. ഡേവിഡിനെ തിരക്കി ഏബ്രഹാം പോകുന്നതോടെ തെരേസ ഒറ്റക്കാവുന്നു.ഏബ്രഹാമിനെ തേടിയുള്ള അവളുടെ അന്വേഷണങ്ങളോന്നും എവിടെയും എത്തുന്നില്ല .അതെ സമയം ഏബ്രഹാം മറ്റോരു അന്വേഷണ ത്തിലായിരുന്നു. ആ അന്വേഷണത്തിന്റെ കഥ നമ്മൾ അറിയുന്നത് കൊളംബസിന്‍റെ ആ യാത്രയിലൂടെ ആയിരുന്നു.

▪️ ” ഇത്രയധികം പക്ഷികൾ തീർച്ചയായും കരയോട് വളരെ അടുത്തി രിക്കുന്നു ആരോ ആകാംഷയോടെ പറഞ്ഞു "ഇന്ത്യ", സാന്തമറിയ,നീന,പിന്റ എന്നീ പായ്ക്കപ്പലുകള്‍,സ്പെയിനില്‍ നിന്ന് തിരിച്ചി ആ യാത്ര മുപ്പത്തി ആറ് ദിവസത്തിനോടുവില്‍ കര കണ്ടേത്തുകയായിരുന്നു .ആ കണ്ടേത്തിയത് തൈമകളുടെ ദീപായിരുന്നു,മൂപ്പനും,ചിറയും,താമിക്കും ഒപ്പം ആ ദീപില്‍ സ്വസ്ഥമായി ജീവിച്ച ഒരുവളുടെ വാക്കുകളിലൂടെ ആ ദീപിലെ ജീവിത ത്തെപ്പറ്റി, അവിടേക്ക് എത്തിയ ആ അതിഥികളെപ്പറ്റി , നമ്മൾ അറിയുന്നു, വായിക്കുന്നു ഈ നോവലിലൂടെ “ഞാൻ മഴ കൊണ്ട് പരസ്പരം മുട്ടിയി രുമ്മി നിൽക്കുന്ന കുതിരകളെ നോക്കി, ഞങ്ങളുടെ വംശം മുടിക്കാൻ വന്നിറങ്ങിയ നല്‍ക്കാലികള്‍, അവരുടെ കുളമ്പുകൾ തൈനോകളുടെ തലവിധി മാറ്റിമറിക്കും, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വെറുപ്പോടെ ഞാൻ, ജീവിതമെന്തെന്നോ മരണമെന്തെന്നോ തിരിച്ചറിവില്ലാത്ത ആ ജന്തുവിനെ നോക്കി.ആ കുളമ്പുകള്‍ക്കിടയിലേക്ക് നൂണുകയറി, മരണം വരിക്കാനുള്ള കൊതിയോടെ ഞാൻ കുതിരകൾക്കടുത്തേക്ക് ഇഴഞ്ഞു നീങ്ങിയപ്പോള്‍ ഞങ്ങളുടെ മൂപ്പന്റെ അവസാനത്തെ ഞരക്കം കേട്ടു, അത് പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് പടയാളികളിലോരാള്‍ ഞങ്ങളുടെ ഭാഷയിൽ പറയുന്നു: “ വെളുത്ത മൂപ്പന്റെ കല്‍പ്പന,ഇനി മുതൽ നിങ്ങൾ തൈനോകൾക്ക് ഞങ്ങൾ സ്പാനിഷുകാര്‍ അതിഥികളോ സുഹൃത്തുക്കളോ അല്ല, മറിച്ച് യജമാനന്മാരാണ്. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് അടിമകൾ". തങ്ങൾക്കുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട, പരാജയപ്പെട്ട ഒരു ജനതയുടെ വാക്കുകളും, അവരെ കീഴടക്കിയ ഉടമകളായവരുടെ വാക്കുകളുമാണ് നമ്മൾ വായിച്ചത്.ഇത് തൈനോകളുടെ മാത്രം വാക്കുകളില്ല, സ്പാനിഷുകാരുടെ മാത്രം വാക്കുകളല്ല, ഒരുകാലത്ത് ലോകമെമ്പാടും ഉള്ള ഭൂമിയുടെ ഉടമകളായിരുന്ന ആദിമ ജനതയുടെ വാക്കുകളാണ്,പിന്നെ കേട്ടത് അവരുടെ ജീവിതത്തിലേക്ക്, കടന്നു കയറിയ സംസ്കാര സമ്പന്നർ എന്ന സ്വയം വിശേഷിപ്പിച്ചവരുടെ വാക്കുകളാണ്. "അവൻ എന്നെ നോക്കി ചിരിച്ചു.പിന്നെ മണികുലുക്കി ശബ്ദമുണ്ടാക്കി അകലെ മലനിരകളിലേക്ക് വിരല്‍ചൂണ്ടി, ഓർമ്മകളാണ് പ്രധാനം, കടലുകൾക്കും മലനിരകൾമിടയിൽ പരന്നുകിടക്കുന്ന ഈ മണ്ണിൽ മരിച്ചവര്‍ ഇടയ്ക്കിടയ്ക്ക് മടങ്ങിവരുന്നുണ്ടെന്ന് ഓര്‍ക്കണം, തങ്ങളുടെ സ്നേഹവും വാത്സല്യവും നീട്ടിയ കൈകളുമായി അവർ അവരുടെ പ്രിയപ്പെട്ടവരെ കാണാൻ വരുന്നുണ്ട്, അഥവാ അവർ എവിടെയും പോകുന്നില്ല, ഈ മണ്ണിൽത്തന്നെ അവരുടെ കാരുണ്യവും സ്നേഹവും അലിഞ്ഞു ചേർന്നിട്ടുണ്ട്, അതുകൊണ്ടാണ് ഈ മണ്ണു തന്നെ നമ്മുടെ ജീവിതവും മരണവും സ്നേഹവുമായിരിക്കുന്നത്". പുതിയ രാജ്യങ്ങളുടെ കണ്ടു പിടുത്തങ്ങൾ കൊണ്ട് ചരിത്രത്താളുകൾ നിറഞ്ഞാലും, മായിച്ചു കളയാൻ കഴിയാത്ത ഒന്നുണ്ട്,ആ ഭൂമികളുടെ അവകാശികൾ, അവിടെ ജനിച്ചു വളർന്ന അവിടുത്തെ ആദിമനിവാസികൾ എത്ര തമസ്കരിച്ചാലും അവരെ ഓർമിപ്പിക്കുന്ന ഈ വാക്കുകള്‍ നിർമ്മിക്കപ്പെട്ട ഏതു ചരിത്രത്തിനു മുന്നിലും മങ്ങാതെ നില്‍ക്കുക തന്നെ ചെയ്യും.
▪️ ഇന്ന് ഭൂമിക്ക് മേല്‍ മാത്രമല്ല, വ്യക്തികൾക്കും സമൂഹത്തിനും മേല്‍ അവകാശം സ്ഥാപിക്കുവാൻ, അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കുവാൻ, ചരിത്രത്തിന് താളുകളിൽ നിന്ന്(അവിടെ അവര്‍ക്ക് സ്ഥാനം ഉണ്ടേങ്കില്‍ അവിടെ നിന്നും) മായിച്ചു കളയാൻ, പുതിയ കാലത്തിന്റെ നാവികര്‍ സൌഹാര്‍ദവും ഭീക്ഷണിയുമായി ഇറങ്ങി തിരിച്ചിരിക്കുന്ന ഈ കാലത്ത് കെ.വി.പ്രവീണിന്റെ നോവലും, അതിലെ കഥാപാത്രങ്ങളും, അവരുടെ ജീവിതവും, അന്യാധീനമാകുന്ന അവരുടെ ദേശവും, തീർച്ചയായും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്. പ്രണയം മാത്രം പ്രധാന വിഷയമാകുന്ന വായനയുടെ ഈ കാലത്ത്, ഇന്നോ നാളെയോ നമ്മളും നേടേണ്ടി വന്നേക്കാവുന്ന തൈമകളുടെ വിധിയേ പറ്റിയുള്ള ഈ എഴുത്തുകൾ, വായനയേ ഗൌരവമായ ഒരു പ്രവൃത്തിയായി കാണുന്ന ഏതോരു വായനക്കാനും ഈ പുസ്തകം ശ്രദ്ധിക്കാതെ പോകരുത് ,അല്ല ശ്രദ്ധിക്കുക തന്നെ വേണം തൈമയും കൊളംബസ്സും.

📙-തൈമയും കൊളംബസ്സും (നോവൽ)
✍️-കെ.വി.പ്രവീൺ
🖨️- മാതൃഭൂമി ബുക്ക്സ് (2025)
💸-280



▪️വായിച്ച പുസ്തകം / ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ/മുഞ്ഞിനാട് പത്മകുമാർ▪️


▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ് ഞാനിത് എഴുതിത്തുടങ്ങി യത്. ഇതു തീരുമ്പോൾ ആത്മരക്ഷാർത്ഥമെഴുതിയ ഈ നേരുകൾ തീ കാത്തിരിക്കുന്നത് എനിക്ക് കാണാം. അതെല്ലാം സമാധാനത്തിനു വേണ്ടി ഞാൻ നടത്തിയ യുദ്ധങ്ങളായിരു ന്നു. ഒരു ബാഷ്പപൗർണ്ണമിയും എന്നെ സ്‌നാനപ്പെടുത്തിയില്ല. ഒരു പാതാളവും എന്നെ ഒളിപ്പിച്ചില്ല. നിരായുധനും ഹതാശയ നുമായ ഞാൻ പിന്നെയും കാലത്തിൻ്റെ നടുമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ട് നിലവിളിക്കുന്നു. ഉറക്കെയുറക്കെ. അതിലും ഉറക്കെ.(അപൂർണ്ണം) "

▪️ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ  അവസാനിക്കുന്നത് (അപൂർണ്ണമായി) ഈ വരികളിലാണ്.

എന്നാൽ ഈ ആത്മകഥ തുടങ്ങുമ്പോൾ നമ്മൾ വായിക്കുന്നു . "ജീവിതത്തിൽ എവിടെ കുഴിച്ചാലാണ് കണ്ണീരു കിട്ടുക എന്ന് ഇടശ്ശേരി ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഞാനെന്നിലൂടെ അകത്തേക്ക് നടന്നപ്പോൾ അനുഭവിക്കാനായി. അത് ജഗദ്ഭക്ഷകനായ കാലത്തിൻ്റെ ഒരു തീരുമാനമായിരുന്നു. ആ തീരുമാനത്തെ ഒരു പീഢാനുഭവം പോലെ ഞാൻ സ്വീകരിക്കു കയായിരുന്നു" ആ അകത്തെക്ക് നടപ്പിൽ നമ്മൾ വായിക്കുന്നത് എഴുത്തുകാരൻ്റെ ആത്മകഥയേക്കാൾ ഒരു നഗരത്തിന്റെ, വ്യത്യസ്തരായി അവിടെ ജീവിച്ച അന്നേരം മനുഷ്യരുടെ, പല പല ദേശങ്ങളുടെ, എഴുത്തുകാരുടെ, അവരുടെ എഴുത്തുകളുടെ, പുസ്തകങ്ങളുടെ, സൗഹൃദങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , ഓർമ്മകളിലൂടെയുള്ള ഒരു വെറിട്ട യാത്രയാണ്. ഈ യാത്ര ആത്മകഥ എഴുതുന്ന എഴുത്തുകാരൻ്റെ ഓർമ്മകളുമായി പിണഞ്ഞു കിടക്കുന്നു. അത് മനോഹരമായ ശൈലിയിൽ, ഭാഷയിൽ, നമ്മോട് പറയുമ്പോൾ നമ്മളും സഹയാത്രികരായി കൂടെ സഞ്ചരിക്കുന്നു.


📙-ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ (ആത്മകഥ)

✍️-മുഞ്ഞിനാട് പത്മകുമാർ 

🖨️- aesthetics  (2022)

💸-340

Tuesday, April 1, 2025

വായിച്ച പുസ്തകം



"സാരമില്ല എന്ന് പുറത്തു തട്ടാം എൻ്റേതാണ് എന്നു ചേർത്തു പിടിക്കാം മാപ്പ് എന്നു മന്ത്രിക്കാം വരൂ എന്നു മന്ദഹസിക്കാം ഞാനുണ്ട് എന്നു ധൈര്യപ്പെടുത്താം ഭയങ്കര ഇഷ്ടമാണ് എന്ന് ഓമനിക്കാം... മെല്ലെ മെല്ലെ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് പിടുത്തം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങൾ തന്നെ വെളിച്ചമായെന്നും വരാം; സഹസ്രസൂര്യപ്രഭ പോലെ"

 പെട്ടെന്ന് ചുറ്റും ഇരിട്ടാകുന്ന .പോലെ..നടക്കുന്ന വഴികൾ വിജനമാകുന്ന പോലെ... കാഴ്ചകൾ മങ്ങുന്ന പോലെ.... ജീവിതം അവസാനമെത്തിയ പോലെ..... ഇങ്ങനെ ഒരു അവസ്ഥ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും, ആ അവസ്ഥയിൽ നമ്മളിലെക്ക് എത്തുന്ന പുലർവെട്ടമാണ് ഈ താളുകളിലെ ബോബി അച്ചൻ്റെ വാക്കുകൾ, ഇരുട്ടിലും വെളിച്ചം വരുന്നതു പോലെ... വിജനതയിൽ ആരോ തുണയാകുന്നതു പോലെ... മങ്ങിയ കാഴ്ചകൾ തെളിയുന്നതു പോലെ.. പിന്നെയും ജീവിതം മാടി വിളിക്കുന്നത് പോലെ... വലിച്ച് താഴ്ത്തുന്ന ചൂഴിയിൽ നിന്ന് ഒരു കൈ പിടിച്ചുയർത്തുന്നതു പോലെ.... ഈ വാക്കുകൾ നമ്മളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്നു.

പുസ്തകം - പുലർവെട്ടം 1 (ലേഖനം)
എഴുതിയത് - ബോബി ജോസ് കട്ടിക്കാട്ട്
പ്രസിദ്ധികരിച്ചത് - ഇന്ദുലേഖ ബുക്സ്
വില - 315

Wednesday, March 5, 2025

▪️വായിച്ച പുസ്തകം / ഒറവകുത്തി /കാവ്യ അയ്യപ്പൻ ▪️

▪️"ബോധത്തിനും ഉപബോധത്തിനുമിടയിലുള്ള ഒരു നേർത്ത പാളിയിൽ നിന്നുമാണ് കഥകൾ ഉണ്ടാവുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉറക്കത്തിൻ്റെ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുമ്പോൾ ഉപബോധമനസ്സിൽ കയറിയിറങ്ങിപ്പോകാറുള്ള മനുഷ്യരെ ഞാൻ കഥാപാത്രങ്ങളായി പെറുക്കിയെടുക്കാറുണ്ട്. നിരന്തരം വിചിത്രമായ സ്വപ്നങ്ങൾ കണ്ട് ഉറക്കം വിട്ടുണരുന്ന എൻ്റെയുള്ളിൽ ഓരോ സ്വപ്‌ന ങ്ങളിലൂടെയും വന്നുപോയൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകളെയും തീർത്തും പരിചിതമല്ലാത്ത സംഭവങ്ങളെയും കാലത്തെയും ചേർത്തു വച്ചുകൊണ്ട് ഒരു രഹസ്യലോകത്തെ ഞാൻ തന്നെ പടുത്തുയർത്തി യിട്ടുണ്ട്. എനിക്കുമാത്രം പരിചിതരായ, എവിടെവച്ചോ എപ്പോഴൊ ക്കെയോ കണ്ണിൽ കുരുങ്ങി സ്വ‌പ്നത്തിലേക്ക് അനുവാദമില്ലാതെ കയറിവന്ന ആ മനുഷ്യ രൊക്കെയും ബാഹ്യലോകത്തുനിന്നും വ്യത്യസ്‌തമായി എൻ്റെ ആന്തരിക തയിൽ ജീവിച്ചുകൊണ്ടിരിക്കെ അകവും പുറവും തിരിച്ചറിയാതെ ഞാൻ അസ്വസ്ഥയായി. അത്തരം അസ്വസ്ഥതകളിൽനിന്നും എനിക്ക് ഒരു മോചനം അനിവാര്യമായിരുന്നു." എന്ന് ആമുഖത്തിൽ കാവ്യ തന്റെ കഥയേഴുത്തിനെ പറ്റി പറയുന്നുണ്ട്. ഈ പുസ്തകത്തിലെ കഥകൾ വായിക്കുന്ന ഏതോരാൾക്കും ബോദ്ധ പ്പെടും.


▪️അത്തരം അസ്വസ്ഥകളിൽ നിന്നുള്ള മോചനത്തിലെ പരിണാമായി കഥകളും കഥാപാത്രങ്ങളുമായി രൂപം പ്രാപിച്ചവയാണ് "ഒറവ കുത്തിയി" ലെ ഏലിക്കുട്ടിയും, തോമയും, "അരൂപിയുടെ കണ്ണുകളി"ലെ കരിനീലച്ച രണ്ട് കണ്ണുകളെ  ഭയപ്പെടുന്ന ഒരു കൂട്ടം ആളുകളും "ഉണക്ക മരങ്ങളി" ലെ സ്വന്തം പേരുവിളിച്ച്  കേൾക്കാൻ കൊതിക്കുന്ന ദാസേട്ടന്റെ കേസൂ എന്ന മമ്മയെന്നും ഗ്രാന്റെമായെന്നും മക്കളാലും പേരക്കുട്ടികളാലും വിളിക്കപ്പെടുന്ന കേസരിയും "തിരക്കുള്ള ബസ്സി"ലെ ജനൽ പാളിയിലൂടെ പുറത്തെക്ക് നോക്കി സ്വപ്നം കാണുന്നതി നിടയിൽ ഓടിമറയുന്ന മരങ്ങൾക്ക് പിന്നാലെ ഇറങ്ങിയോടാൻ കൊതിക്കു കയും, നിശ്ചലമായ മരങ്ങളെ കടന്നു വാഹനങ്ങൾ ഓടുകയാണെന്ന് തിരിച്ചറിഞ്ഞ് മുതൽ മരങ്ങൾ ഓടുന്ന കാഴ്ചകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന മയൂഖ എന്ന പെൺകുട്ടിയും ബസ്സ് ഓർമ്മകളും, "പണ്ടാരത്തൊഴുത്തി"ലെ കാണാതാകുന്ന അവറാനും,അവറാനെ തിരക്ക് നടക്കുന്ന കുഞ്ഞാമ്മയും അവറാന്റെ  തൊഴുത്തിലെ പശുക്കളെ നോക്കി ജീവിതം മടുത്തു ആനിയും, "പാതിരതല്ലി"ലെ കണ്ണമ്മയുടെ ജീവിതവും, ആ ജീവിതത്തിൽ ഇടപെടാൻ ശ്രമിക്കുന്ന കുഞ്ഞച്ചനും ആ കുഞ്ഞച്ചനെ കൈകാര്യം ചെയ്യുന്ന കണ്ണമ്മയും,"പെലകുളി"ലെ ചന്ദ്രമതിയും മല്ലിയും, "പ്രകാശനെ കാണ്മാനില്ല"യിലെ കാണ്മാനില്ലതാ കുന്ന പ്രകാശിനെ ഒടുവിൽ വരിക്കപ്ളാവിനിന്ന് കിണറ്റിൻ കരയിലെക്ക് വലിച്ച്  കെട്ടിയ കയറിന്റെ അറ്റത്ത് കിണറ്റിൽ കണ്ടേത്തുന്നതും അവിടെ നിന്ന് കയറുവാൻ കൂട്ടാക്കാതെ കിണറ്റിൽ കഴിയുന്നതും ഒടുവിൽ  അവിടെ നിന്നും കാണാതാകുന്നതും   "ഭാരതി ക്ലബ്ബിലെ എഴുപത്തിയ ഞ്ചാം വാർഷിക"ത്തിലെ കമ്മറ്റി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും,  ഗൗരവമായി ഈ കഥകളിലൂടെ കടന്നുപോകുന്ന ഏതൊരു  വായനക്കാര നും ബോധ്യപ്പെടും.

▪️"ചെത്തിമിനുക്കിയ ഭാഷ കൊണ്ട് പണിയുന്ന മാന്ത്രികസൗധമാണ് കാവ്യയുടെ ഓരോ കഥയും. എഴുതി തുടങ്ങുന്ന ഒരാളുടെ പതർച്ചയോ നോട്ടപ്പിശകോ ഈ സൗധത്തിന്റെ നിർമ്മാണത്തെ അപകടപ്പെടുത്തി യിട്ടില്ല എന്ന് പുതുകഥാവഴിയിലെ പാതിരാ നടത്തങ്ങൾ എന്ന പഠന ത്തിൽ ഡോ: സജി മാത്യു നിരീക്ഷിക്കുന്നത് എത്രയോ ശരിയാണ് എന്ന് ഈ കഥകളുടെ സൂക്ഷ്മ വായനയിൽ ഏർപ്പെടുന്ന വായനക്കാരും കണ്ടേത്താനാകും. "മനുഷ്യാവസ്ഥകൾക്ക് ശരീരനിഷ്ഠമായ ഊന്നലുകൾ കൊടുത്തു കൊണ്ടുള്ള ആഖ്യാനപരീക്ഷണങ്ങളാണ് കാവ്യയുടെ കഥകൾക്ക്  ആഴവും പരപ്പും നൽകുന്നത്. തുറന്നെഴുത്തിന് കഥാകാ രിയെ പ്രാപ്തമാക്കുന്നതും ശരീരനിഷ്ടമായ പുതിയ ലോകത്തെ കുറിച്ചുള്ള തിരിച്ചറിവാണ്" ഡോ: സജി മാത്യു തുടരുന്നു,ഈ സാമാഹാര

ത്തിലെ ഒൻപത് കഥകൾ വായിച്ച് കഴിയുമ്പോൾ കാവ്യയുടെ ഈ തിരിച്ചറിവുകളാണ് പുതിയ കഥകളുടെ  ലോകത്ത് ഈ കഥകളെ വെറിട്ട് നിർത്തുന്നുത്  എന്നതിൽ ആർക്കും  തർക്കമുണ്ടാകാനിടയില്ല.

📙- ഒറവകുത്തി (കഥകൾ)

✍️- കാവ്യ അയ്യപ്പൻ 

🖨️- ഡി.സി ബുക്ക്സ്  (2024)

💸-170