Friday, September 5, 2025

വായിച്ച പുസ്തകം / പായ / മനോജ് വെങ്ങോല



▪️ഒന്നുറപ്പാണ്, നിങ്ങളീ കുറിപ്പുകൾ വായിച്ചു കഴിയുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതം മാറാൻ തുടങ്ങിക്കഴിഞ്ഞിരിക്കും. നീതി രാഹി ത്യത്തിന്റെ ഏതൊക്കെയോ മനുഷ്യാവസ്ഥകൾ നിങ്ങളിൽ നിന്ന് ചോർന്നു പോയിത്തുടങ്ങിയിരിക്കും. കാരുണ്യത്താലും സ്നേഹത്താലും നിങ്ങളെ നവീകരിക്കാനുള്ള സ്‌നാനമായി ഈ ചെറിയ പുസ്തകം പിന്നീട് നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. വാക്കിന്റെ ദൈവത്തോട്, നിങ്ങൾ കടപ്പാടുള്ളവരായിക്കഴിഞ്ഞിരിക്കും. സാഹിത്യത്തിന്റെ, പുസ്‌തകങ്ങളുടെ ജീവിതത്തിൻ്റെ അഗാധമായ വഴികൾ നിങ്ങൾ ഇവിടെ കാണും; അവിടെ നിങ്ങൾ വെളിച്ചമുള്ള പ്രഭാതങ്ങൾ കാണും. എനിക്കുറപ്പാണ്, പിന്നീടുള്ള ജീവിതത്തിന്റെ വെളിച്ചങ്ങളോട് കടപ്പാടുള്ളിടത്തോളം, നിങ്ങൾ ഈ അത്യപൂർവ പുസ്ത‌കം മറക്കാതിരിക്കും, ഹൃദയത്തോട് ചേർക്കും.(വാക്കിന്റെ ദൈവമേ... ഈ പായയെനിക്ക് വെളിച്ചം തന്നു!-അൻസിഫ് അബു)

▪️എന്തായാലും, ഞാൻ ചലഞ്ചിൽ കൈ കോർത്തു കൊണ്ട് പുസ്‌തക അലമാരയ്ക്ക് മുന്നിൽ ചെന്നുനിന്നു. ഓരോ പുസ്‌തകങ്ങൾ എടുത്ത് മറിച്ചുനോക്കി. അപ്പോൾ അത്ഭുതമെന്ന് പറയട്ടെ, അവ എന്നോട് സംസാരിക്കാൻ തുടങ്ങി. ആ പുസ്‌തകങ്ങൾ വായിച്ചപ്പോൾ ഉള്ളതിനേക്കാൾ വാചാലമായി അവയെന്നോട് മിണ്ടുകയാണ്. ഓരോ സംഭവങ്ങൾ. ഓരോ കൂട്ടുകാർ. ഓരോ അലച്ചിലുകൾ. ഓരോ ഭ്രാന്തുകൾ. ഓരോ പാതകൾ. അതോടെ പുസ്തകത്തിന്റെ കവർ മാത്രം പോസ്റ്റ് ചെയ്യുക എന്നതിനപ്പുറം, ആ പുസ്തകങ്ങൾ എന്നോട് പറഞ്ഞവയും ഞാൻ കുറിച്ചിട്ടു. (ആമുഖത്തിൽ മനോജ്....)

▪️അങ്ങനെ നിൽക്കുമ്പോൾ, ജീവിതത്തിന്റെ സൗന്ദര്യം ഘോരവിഷം പോലെ നമ്മൾ പാനം ചെയ്‌തുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഉള്ളിൽ തികട്ടിവന്നു.

നോക്കുന്നിടത്തെല്ലാം, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കും പോലെ ജീവിക്കുന്ന മനുഷ്യരാണ്. മേൽ സൂചിപ്പിച്ച മനുഷ്യനെപ്പോലുള്ളവർ. അവർ ചുമന്നുനടക്കു ന്നതത്രയും കഥകളാണ്. ഓരോ വിചാരങ്ങളാണ്.

വാക്കുകൾകൊണ്ട് തുന്നിയെടുക്കുന്ന ലോകം. കഥകൾ. വിചാരങ്ങൾ. അവരെയും, എന്നെത്തന്നെയും അടയാളപ്പെടുത്താൻ, വാക്കുകളുടെ ഇഴകോർത്ത് ഞാൻ നിൽക്കുന്നു. ഉള്ളിലുണ്ട് മറ്റൊരു സൗരയൂഥം. മറ്റൊരു ജീവിതം, ദൈവം, സൂര്യൻ, ഭൂമി, ആകാശം, പക, പാപം, കാമം, പ്രണയം, സ്നേഹം, കിളികൾ, വെളിച്ചം, പൂച്ചകൾ, ഇരുട്ട്, മുടി, സമയം, മരങ്ങൾ, സിനിമ, പാട്ട്, ആന, ആശുപത്രി, ഇലകൾ, ഇലക്ഷൻ, നിരത്ത്, സൗഹൃദം...

ഹോ... വാക്കുകൾ തിക്കിത്തിക്കി വരുന്നു. നശിക്കാനായിട്ട്, ഇതെങ്ങനെ എഴുതിത്തീർക്കും..?(ഒറ്റയാൻ)

▪️"പുസ്‌തകങ്ങളുടെ അച്ഛൻ" മുതൽ "ജീവിച്ചിരിക്കുന്നവർ"വരെ തന്റെ ഓർമ്മയിൽ തെളിയുന്ന മനുഷ്യരിൽ നിന്ന് ജീവിതങ്ങളിൽ നിന്ന്  പകർത്തിയെടുത്ത 22 കുറിപ്പുകൾ. അതിൽ എഴുത്തുകാരനുമായി ബന്ധമുള്ള ഏറെ കാര്യങ്ങൾ ഹൃദ്യമായി വാക്കുകളിൽ എഴുതിയിട്ടിരി ക്കുന്നു. തന്റെ വായനാ ജീവിതത്തിൻ്റെ , എഴുത്തു ജീവിതത്തിൻ്റെ , ഓർമ്മകൾ പറയുന്ന "പുസ്തകങ്ങളുടെ അച്ഛൻ","പായ" എന്ന കുറിപ്പുകൾ പോലെ , എടുത്തു പറയേണ്ടതായ കുറിപ്പുകൾ പലതുണ്ട് ഈ പുസ്തകത്തിൽ ,പക്ഷേ അത് ഇവിടെ പറയുന്നതിലല്ല, നിങ്ങൾ, വായനക്കാർ അതെല്ലാം വായിക്കുമ്പോളാണ്, അനുഭവിക്കുമ്പോഴാണ് ഈ പുസ്തകവും എഴുത്തുകാരനും നിങ്ങളോട് അടുത്തു നിൽക്കുന്നത്. വായിച്ചു തീരുമ്പോൾ ഈ ഓർമ്മകൾ, എന്റേത് കൂടിയാണ് എന്ന് തോന്നിപ്പോകുന്നു. ഇതിലെ പല കുറിപ്പുകളോടും ചേർത്തുവയ്ക്കാവുന്ന എത്രയോ ഓർമ്മകൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ട്. നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഉറക്കം പൂണ്ട് കിടക്കുന്നവ. മനോജിന്റെ ഓർമ്മകൾ, ആ കുറിപ്പുകൾ, ഉറക്കത്തിൽ നിന്ന് അവയേയൊക്കെ ഉണർത്തും, നിങ്ങളെ ചെയ്യേണ്ടത് ഒന്ന് മാത്രം,അവയേ എല്ലാം പതുക്കെ എടുത്ത് ഉടയാതെ, ഒന്ന് തൂത്ത് തുടച്ച് ,ഓർമ്മകളുടെ ഷെൽഫിൽ അടുക്കി വയ്ക്കുക. ജീവിതത്തിൻ്റെ പാച്ചലിനിടയിൽ ഇടയ്ക്കിടയ്ക്ക് കാണാനായി, ഓർമ്മിക്കാനായി, ഓർമ്മകൾ നഷ്ടമാകാതിരിക്കനായി. 

📙- പായ (ഓർമ്മകൾ)
✍️- മനോജ് വെങ്ങോല 
📖- 128
🖨️- യെസ്പ്രസ് ബുക്സ് ( 2022)
💸-200 ₹