Thursday, December 26, 2024

വായിച്ച് പുസ്തകം

▪️ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് എം.ടി.യുടെ സാഹിത്യം. എഴുത്തു കാരനാവാൻ വേണ്ടിയാണ് താൻ ജനിച്ചതെന്ന് സന്ദേഹമൊട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും, സിനിമകളിലൂടെയും നമ്മുടെ സമൂഹത്തിൽ നടത്തിയ പരിവർത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കാ നാവാത്തവയാണ്. നമ്മുടെ കാലത്തെ മഹാനായ ഈ മനുഷ്യന്റെ സാഹിത്യ ജീവിതത്തിലൂടെയും, പുസ്‌തകങ്ങളിലൂടെയും, അതിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെയും, കഥാസന്ദർഭ ങ്ങളിലൂടെയും എസ്. ജയചന്ദ്രൻ നായർ എന്ന വലിയ വായനക്കാരൻ നടത്തുന്ന തീർത്ഥാടനമാണ് ഈ പുസ്‌തകം.(ബ്ളർബ്)

▪️പണ്ട്, വർഷങ്ങൾക്ക് മുമ്പ്... ഒരു മൗനാരാധനയുടെ ഭാഗമായി നടന്ന തായിരുന്നു ആ കൂടിക്കാഴ്‌ച...

കലാകൗമുദിയുടെ തുടക്കകാലം. കേരളത്തിൻ്റെ സാംസ്‌കാരിക ജീവി തത്തിൽ ഒരു മഹാവൃക്ഷമായി തണൽ പരത്തിനിന്നിരുന്ന മാതൃഭൂമി യോട് മത്സരിക്കുക വഴി ഹരാക്കിരി നടത്താനുള്ള വാസനയാണ് കലാ കൗമുദി പ്രദർശിപ്പിക്കുന്നതെന്ന് പലരും പരിഹസിക്കുക മാത്രമല്ല മുന്ന റിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ജേർണലിസമെന്നാൽ ദിനപത്ര ത്തിലെ ദൈനംദിനപ്രവർത്തനമാണെന്ന അനുഭവം മാത്രമായിരുന്നു അക്കാലത്ത് കലാകൗമുദിയിലെ പ്രവർത്തകരായിരുന്ന ഞങ്ങൾക്കുണ്ടാ യിരുന്നത്. 'ആനയെ വേൾക്കാനുള്ള അണ്ണാൻ്റെ മോഹം' എന്ന് പലരും ഞങ്ങളെ കളിയാക്കുക പോലും ചെയ്തിരുന്നു.

(അധ്യായം ഒന്ന് /മലയാളത്തിൻ്റെ സുകൃതം)

▪️എസ്.എസ്.എൽ.സി. പരീക്ഷയിൽ ജയിച്ച വർഷം കോളേജിൽ ചേരാ നാവാതെ ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്ന എം.ടി.യുടെ വികാരലോ കത്ത് നിശബ്ദം ഇരമ്പിയിരുന്ന കൊടുങ്കാറ്റാണെന്നു തോന്നുന്നു അദ്ദേ ഹത്തെ എഴുത്തിൻ്റെ തീരഭൂമിയിലേക്കെത്തിച്ചത്. പതിനഞ്ച് വയസ്സായ ആ ബാലൻ സ്വ‌പ്നം കാണാൻ തുടങ്ങുകയായിരുന്നു, അലസങ്ങളായ ആ ദിവസങ്ങളിൽ പുസ്‌തകങ്ങളായിരുന്നു കൂട്ടുകാർ. അവയുമായി സല്ല പിക്കുകയും, അവ ചിത്രീകരിക്കുന്ന അതിരുകളില്ലാത്ത ലോകത്ത് അല്ല ലേതുമില്ലാതെ അലഞ്ഞുതിരിയുകയും ചെയ്‌തിരുന്ന ആ ഏകലവ്യൻ വാക്കുകൾ കൊണ്ട് തന്റേതായ ഒരു പ്രപഞ്ചം സൃഷ്‌ടിച്ചെടുത്തത് മല യാള സാഹിത്യത്തിൻ്റെ സുകൃതമായി. 'തിരഞ്ഞെടുത്ത കഥകൾ' എന്ന സമാഹാരത്തിൽ കഥയുടെ കൈവഴികൾ എന്ന ശീർഷകത്തിലെഴുതിയ കുറിപ്പിൽ ആ കാലത്തെ അദ്ദേഹം ഓർമ്മിച്ചത് ഇങ്ങനെയായിരുന്നു.

അപൂർവ്വ സുന്ദരങ്ങളായ ഏതാനും കഥകളിലൂടെ കൊച്ചു സന്തോ ഷങ്ങളിലും വലിയ സന്താപങ്ങളിലും നിറഞ്ഞ തൻ്റെ ബാല്യത്തിലേക്ക് എം.ടി. മടങ്ങിപ്പോകുമ്പോഴെല്ലാം വായനക്കാർക്ക് കിട്ടിയിരുന്നത് അടർന്നു വീഴാത്ത കണ്ണീർകണങ്ങളെപ്പോലെ ഹൃദയസ്‌പൃക്കായ മുത്തുമണിക ളായിരുന്നു. ബാല്യത്തിൻ്റെ പോറലുകൾ, വിമ്മിഷ്‌ടങ്ങൾ, അവഗണന കൾ, ഉൾസ്തോഭങ്ങൾ - ആ കഥകളിലൂടെ വിമ്മിത്തുളുമ്പുന്നു.

(അധ്യായം രണ്ട് /ബാല്യകാലത്തെ പോറലുകളും വിമ്മിഷ്ട‌ങ്ങളും)

▪️ഒരു മഹാക്ഷേത്രത്തിന്റെ നിഴലിൽ കൊഴുന്തിന്റെയും ജമന്തിയുടെയും മണവുമായി പിന്നിട്ട ബാല്യ-കൗമാരങ്ങളിലേക്ക് മടങ്ങിപ്പോകാനെന്നെ പ്രേരിപ്പിച്ചത് എം.ടി.യുടെ കഥകളും നോവലുകളുമായിരുന്നു.

ആഹ്ലാദങ്ങളൊന്നും ഇല്ലാതിരുന്ന നിർജ്ജനമായ നിരത്തു പോലൊരിടം. കുതിർമണികൾ നിറഞ്ഞ പാടങ്ങളേയോ അവയെ മുട്ടി ഒഴുകുന്ന പുഴയേയോ സ്വപ്നം കാണാൻ പോലുമാകാത്ത അവിടെ ഓർമ്മകളുടെ വളപ്പൊട്ടുകൾ ചിതറിക്കിടന്നിരുന്നതായി തിരിച്ചറിയാൻ ആ കഥകളും ആ നോവലുകളും എന്നെ സഹായിച്ചു. അസാധാരണമായ സൗഖ്യമോ അല്ലെങ്കിൽ ശാന്തതയോ അവ എനിക്ക് നൽകി. മാഞ്ഞുതുടങ്ങിയ ഓർമ്മ കളെ ഉണർത്തിയതിനോടൊപ്പം ഏകാന്ത നിമിഷങ്ങളിൽ അവയുമായി സല്ലപിക്കാനും സുഖദുഃഖങ്ങൾ കൈമാറാനും എം.ടി യുടെ കൃതികൾ പ്രേരണയായി. ഒരു പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ ആ കഥകളും ആ നോവലുകളും എത്രമാത്രം എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നുവെ ന്ന് അവിശ്വാസത്തോടെ മാത്രമേ എനിക്ക് ഏഴുതാനാകു. അങ്ങനെ ഈ കൃതി ഒരു കടംവീട്ടലാണ്.(അധ്യായം മൂന്ന് /കുഞ്ഞ്യോപ്പോളെത്തേടി)

▪️വൈകിയേ ഈയിടെയായി എഴുന്നേൽക്കാറുള്ളു. പാടത്തു പണിയു ണ്ടായിരുന്ന കാലത്ത് അയ്യപ്പനെ ഉണർത്തുവാൻ കൂക്കുന്നതു കേട്ടിട്ടാ യിരിക്കും കാക്കയും കോഴിയും കരയുന്നത്.

"ഗോവിന്ദൻ കുട്ട്യല്ലേ ആ കെടക്കണ്. ഒറങ്ങിക്കോ. നേരുച്ച്യാവണ വരെ ഒറങ്ങിക്കോ. കുറ്റാ ശ്രീഭഗോതി വിളയാടാത്തത്?"

ഉറങ്ങുകയാവില്ല. കണ്ണടച്ചു കിടക്കുകയാവും ചിലപ്പോൾ.

"പത്തിരുപത്തിരണ്ടു വയസ്സായ ഒരുകൂട്ട്യല്ലേ? മേലാലിയ്ക്കുള്ള വിത്താ. എന്തിനാ പറഞ്ഞിട്ട്!"

ഒന്നും പറയാറില്ല. അമ്മ സംസാരിക്കുമ്പോൾ ഒന്നും പറയാതെ കഴി

ക്കണമെന്നുണ്ട്. അതൊരു പ്രാർത്ഥനയാണ്. ഒരിക്കൽ നാവ് അയഞ്ഞു വീണാൽ എന്തെല്ലാമാണ് പറഞ്ഞു പോവുകയെന്ന് അറിഞ്ഞു കൂടാ.“ഒക്കെന്റെ യോഗമാണ്. അഞ്ചെണ്ണത്തിനെ വട്ടീല്ട്ടതാ ഞാൻ.(അധ്യായം നാല് /കുഞ്ഞാപ്പോളുടെ കുടുംബകഥ: ഗോവിന്ദൻ കുട്ടിയുടേയും)

▪️നാലുകെട്ട് പ്രസിദ്ധീകരിച്ച് (1950) പത്തുകൊല്ലത്തിനും അസുരവിത്തിന് (1962) ഏഴുകൊല്ലത്തിനും ശേഷം കാലം (1909) പ്രസിദ്ധീകരിക്കപ്പെടു മ്പോൾ നാലുകെട്ടിലെ ആദ്യ അദ്ധ്യായത്തിൽ രേഖപ്പെടുത്തിയത് സാക്ഷാത്ക്കരി ക്കപ്പെടുകയായിരുന്നു. "വളരും. വളർന്നു വലിയ ആളാ വും. കൈകൾക്ക് നല്ല കരുത്തുണ്ടാവും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തി പ്പിടിച്ചുകൊണ്ട് നിൽക്കാം. ആരെടാ എന്നു ചോദി ച്ചാൽ പതുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം: "മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ".

(അധ്യായം അഞ്ച്/ശബ്‌ദമില്ലാത്ത കരച്ചിലുകൾ)

'ഇതാണോ വണ്ടി?' നാലരയുടെ വണ്ടി? ചോദിക്കാൻ ധൈര്യമില്ല. കാര ണം, നീ ഇന്നലത്തെ എട്ടും പൊട്ടും തിരിയാത്ത ചെറുക്കനല്ല. അമ്പത്തി മൂന്നു നാഴിക അകലെ, പണ്ടൊരു സുൽത്താൻ കോട്ടപണിയിച്ച നഗര ത്തിലേയ്ക്ക് വലിയ ക്ലാസിൽ പഠിക്കാൻ പോകുന്ന പതിനാറുകാരൻ യുവാവായിരി ക്കുന്നു. ഒരു രാത്രികൊണ്ടു വളർന്നിരിക്കുന്നു.

വയൽവരമ്പിൽ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകൾ പുറ പ്പെടുവിച്ച വളരെ നേർത്ത ശബ്‌ദത്തെപ്പറ്റി അപ്പോൾ പൊടുന്നനെ ഓർമ്മ വന്നു. നീലപ്പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകൾ പൊട്ടുന്നതുപോലെ...

അയാൾ തിണ്ണയിലെ ചാണകമടർന്ന പാടുകളിലേക്ക് കണ്ണുകൾ താഴ്ത്തിയപ്പോൾ സുമിത്ര പറയുന്നത് കേട്ടു. 'സേതൂന് ഒരാളോടേ ഇഷ്ടമുണ്ടാ യിരുന്നുള്ളു. സേതൂനോട് മാത്രം.'

പഴയ മുറിക്കകത്ത് ചുവരിൽ പെൻസിൽ കൊണ്ട് കുറിച്ചിട്ട രണ്ടുവ രികൾ - എന്തായിരുന്നു തുടക്കം? ഓർമ്മിക്കാനാവുന്നില്ല......(അധ്യായം ആറ്/ സേതുവും കാലവും സുമിത്രയും)

▪️തൃത്താല സ്‌കൂളിൽ ഒൻപതാം സ്റ്റാൻഡേർഡിൽ ചേർക്കാനായി അപ്പു ണ്ണിയുടെ കൂടെപ്പോകാൻ ആരുമില്ലായിരുന്നു. ഒരു വഴിയുമില്ലാത്ത അവസ്ഥ.

"കണ്ണാടിപ്പൊട്ടുകൾ അതിരിൽ കൊണ്ടുപോയിട്ടു തിരിയുമ്പോളാണ് ദൂരേ നിന്ന് വരുന്ന ആളെ കണ്ടത്. ശങ്കരൻനായരല്ലേ?. അതേ. ശങ്കരൻനാ യർ തന്നെ. ഭാഗ്യമായി.." അപ്പുണ്ണിയുടെ അച്ഛൻ്റെ കൂട്ടുകാരനായിരുന്നു.

"നാളെ ഓനെ ചേർക്കാൻ ഒന്നു പോണം. കൂടെ പൂവാൻ നിക്കൊന്നും ഒരാളില്ല..." പാറുക്കുട്ടിയമ്മ കണ്ണുതുടച്ചു.

'നാലുകെട്ടി'ലെ ആ വരികൾ മറ്റൊരു ഓർമ്മയിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്.  നാലാംക്ലാസ്സു വരെ പെൺപള്ളിക്കൂടത്തിൽ പഠിച്ച ശേഷം ആൺകുട്ടികളുടെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസിൽ ചേർക്കാനായി കൂടെപ്പോകാൻ ഒരു പരിചയക്കാരനെ തിരക്കി കരഞ്ഞു നടന്ന ഒരമ്മയുടെ ഓർമ്മ.........

അപ്പുണ്ണിയുമൊത്ത് അദ്ദേഹം എത്തുമ്പോൾ ആ നാലുകെട്ട് വളരെ സജീവമായിരുന്നു. എസ്.കെ. പൊറ്റക്കാട്ടും ഉറൂബും ബഷീറും തകഴിയും കേശവദേവുമൊക്കെ ആ നാലുകെട്ടിൽ അന്തേവാ സികളായിരുന്നു. അതിനകത്തെത്തിയ എം.ടി. ആ നാലുകെട്ടിനെ പുതു ക്കിപണിതു. കാറ്റും വെളിച്ചവും കടക്കുന്ന പുത്തൻ മുറികൾ നിർമ്മിച്ചു. ശിൽപ്പലാവണ്യമുള്ള രൂപങ്ങൾ അവിടെ സ്ഥാപിച്ചു. പുതിയ മുഖപ്പുകൾ കെട്ടി ഉയർത്തി. എല്ലാവരേയും വിസ്‌മയിപ്പിക്കുകയും അസൂയപ്പെടുത്തു കയും ചെയ്‌തതായിരുന്നു ചരിത്രം സൃഷ്‌ടിച്ച ആ ആഗമനം (അധ്യായം ഏഴ്/ -മരുമക്കത്തായത്തിന്റെ വിങ്ങലുകൾ)

▪️എം.ടി.യുടെ കഥാലോകത്തിലൂടെ നടത്തുന്ന യാത്ര എക്കാലത്തേയും അവിസ്മരണീയമായ അനുഭവമായിരിക്കും. എത്രയെത്ര മനുഷ്യർ. സാധാ രണങ്ങളും അസാധാരണങ്ങളുമായ അനുഭവങ്ങളും സംഭവങ്ങളും. ആ കഥ കൾ വായനക്കാരനെ അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്. സ്വതന്ത്രമായി മടങ്ങിപ്പോകാൻ ആ കഥകൾ 'മോചനദ്രവ്യവും' പലപ്പോഴും ആവശ്യപ്പെ ടുന്നു. സ്നേഹത്തിൻ്റെയും സമർപ്പണത്തിന്റെയും മോചനദ്രവ്യം.

 ലോകത്തിലേയ്ക്കുള്ള ഈ യാത്ര, ശരിക്കും ഒരു ഓട്ടപ്രദക്ഷിണമാണിത്....

കഥകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ട് മുപ്പതോളം വർഷങ്ങൾ ഇതി നകം എം.ടി. പിന്നിട്ടിരുന്നു. സാമാന്യം ദീർഘമായ ഈ കഥ 'സ്വർഗ്ഗം തുറക്കുന്ന സമയം' എഴുതുമ്പോൾ. എഴുപതുകഴിഞ്ഞ ഒരു പാവം മനുഷ്യനെ അല്ലലോ അഴലോയില്ലാതെ മരിക്കാനോ ജീവിക്കാൻ പോലുമോ അനുവദിക്കാത്ത വിധം കുട്ടിനാരായണനെപ്പോലുള്ളവർ ഉൾപ്പെട്ടതാണ് നാട്ടിൻപുറമെന്നു മാത്രമല്ല, കുടുംബജീവിത ത്തിലുംകുടുംബബന്ധങ്ങളിലും നിന്ന് സ്നേഹം വറ്റി തുടങ്ങിയിരിക്കുന്ന ദുഃഖം നിറഞ്ഞ കാഴ്ച്‌ച കൂടി ഈ കഥയിലൂടെ എം.ടി. ഓർമ്മിപ്പിക്കുന്നു. (അധ്യായം എട്ട് /കഥാസരിത്സാഗരം)

▪️"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേ ക്കാൾ അറിയുന്ന എൻ്റെ നിളാനദിയാണെനി ക്കിഷ്ടമെന്ന്” ആവർത്തിച്ചു പറയാൻ എം.ടി.യെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ ഓർമ്മകളുടെ കല വറയായ കുടല്ലൂരാണെന്നതിന്റെ അനശ്വരരേഖകളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും. താൻ ജനിച്ചുവളർന്ന മണ്ണും പരിസരങ്ങളുമായുള്ള ഗാഢബന്ധം ആ കൃതികളിലെ ഹൃദയരേഖകളാണ്. (അധ്യായം ഒൻപത്/കൂടല്ലൂരിന്റെ ജീവചരിത്രകാരൻ)

▪️“വിറയ്ക്കുന്ന ചുണ്ടുകളിൽ ശബ്ദം മരവിച്ചു നിന്നു. ശരീരത്തിനു കന മില്ലാതായിരിക്കുന്നു. പാറി നടക്കുകയാണ്. ആകാശച്ചെരുവിലെ മേഘ ക്കീറു പോലെ, താഴ്വരയിലെ ചുഴലിക്കാറ്റിൽ ആരോ പറത്തിയ വെള്ള ത്തുവാല പോലെ" പറയാനുള്ള ഒരു മഹാഗ്രന്ഥം മനസ്സിൽ സൂക്ഷി ക്കുന്ന വിമലയുടെ ഏകാന്തതകൾ വായനക്കാരുടെ ഏകാന്തതകളാകു ന്നു. എം.ടി. എഴുതിയ നോവലുകളിൽ “മഞ്ഞി" നെ വ്യത്യസ്ത‌മാക്കു ന്നത് അതിൽ നിറയുന്ന ആർദ്രമായ സങ്കടങ്ങളാണ്. പ്രണയഭംഗത്തിന്റെ നീറ്റലിൽ ദിശ തെറ്റി അലയുന്ന ഒരു നൗകയെ വിമല ഓർമ്മിപ്പിക്കുന്നു. അവൾ ആർക്കു വേണ്ടിയാണ് കാത്തുകഴിയുന്നത്. ഓർമ്മകളുടെ തട വുകാരിയായ അവൾക്കും ഓർമ്മിക്കാൻ മാത്രമേ കഴിയുന്നുള്ളു. സ്വന്തം ജീവിതം പോലും ഓർമ്മയായ വിമല... (അധ്യായം പത്ത്/ ധ്യാനം നിർഭയം,മൗനം)

▪️മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും നല്ല കഥ 'വാനപ്രസ്ഥ'മെന്ന പോലെ ഏറ്റവും നല്ല നോവൽ 'വാരാണസി'യെന്ന് എഴുതുമ്പോൾ അതിന് എന്നെ പ്രേരിപ്പിക്കുന്നത് എഴുത്തുകാരനോടുള്ള അന്ധമായ ആരാധനയല്ല, മറിച്ച് ആ കൃതികൾ എന്നെ വിട്ടുപിരിയാതെ സദാനേരവും എന്നെ പിന്തുടരു കയോ ഞാൻ അവയിലൂടെ യാത്ര ചെയ്‌തുകൊണ്ടിരിക്കുകയോ ചെയ്യു ന്നതുകൊണ്ടും മാത്രമല്ല, പ്രജ്ഞയിൽ വൈദ്യുതി പ്രവഹിക്കുന്ന ആ രച നകൾ ശിൽപഭദ്രമെന്നതുപോലെ സൃഷ്ടിയുടെ അനന്ത വിശാലമായ പ്രത ലത്തിൽ പതിഞ്ഞ മുത്തുകളായി പ്രകാശിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടു കൂടിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കയറാൻ അസാധ്യമായ ഗോപുരത്തിന് മുകളിൽ ചെന്ന് നിൽക്കുമ്പോൾ നമ്മുടെ ബോധം മാഞ്ഞുപോകുന്ന അസുലഭമായ അനുഭവം തരുന്ന കൃതികൾ.....

വാരാണസിയിലെത്തി കൈമോശം വന്ന ജീവിതത്തെ വീണ്ടെടുക്കാൻ ബോധപൂർവ്വമല്ലെങ്കിലും സുധാകരൻ നടത്തുന്ന പരിശ്രമം അവിടം കൊണ്ടും അവസാനിക്കുന്നില്ല.....

നേർത്ത വെളിച്ചത്തിൽ സുധാകരൻ പ്രായം ചെന്ന സ്ത്രീയെ പെട്ടെന്ന് തിരിച്ചറി ഞ്ഞു. സുമിതാ നാഗ്‌പാൽ. സംശയമില്ല. അവർ അയാളുടെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു: "ദേഖോ ജീ. ഒരു ചെരാത് കിട്ടുമോ?"

അവർ വീണ്ടും നോക്കിയപ്പോൾ, വളരെ മുമ്പ് ആരതി ഒഴുക്കിയ കാലം ഓർമ്മിക്കുമെന്നും നരച്ച ശ്‌മശ്രുക്കിടയിൽ നിന്ന് പഴയ ഒരു മുഖം, ഒരു ചെറുപ്പക്കാരൻ്റെ മുഖം ചികഞ്ഞെടുക്കുമെന്നും സംശയിച്ചു. ഇല്ല. തിരിച്ചറിഞ്ഞില്ല.

ചന്തയുടെ തുടക്കത്തിലേ ഒരു കടയിൽ നിന്നും എണ്ണയും തിരിയും ചെരാതും കിട്ടി രണ്ടെണ്ണം ഇരിക്കട്ടെ. ഒരു തീപ്പെട്ടി കൂടി.

തിരിച്ചുവന്ന് അവൾക്ക് നീട്ടിയപ്പോൾ വലിയ സന്തോഷം. 

അവളുടെ ചെരാതുകൾ നീങ്ങുന്നുണ്ട്. ചെറിയ ഓളങ്ങൾ താരാട്ടി ക്കൊണ്ടു അകലേയ്ക്ക് കൊണ്ടുപോകുന്നു. പിന്നെ രണ്ടും ചെരിഞ്ഞു. 

അവൾ പടവുകൾ കയറി മുകളിലേയ്ക്ക് നടന്നു. 

ദശാശ്വമേധഘട്ടത്തിൽ മറ്റാരുമില്ല. അയാൾ തനിയെ(അധ്യായം പതിനൊന്ന് -മഹാഗോപുരമാകുന്ന നോവൽ)

▪️'പ്രിയപ്പെട്ട ജയചന്ദ്രൻ നായർ,

കണ്ണിന് Retina Problem. Lazer ചികിത്സ. വായിക്കാൻ പ്രയാ സം. എന്നാലും സന്തോഷത്തോടെ, നന്ദിയോടെ, ചിലപ്പോൾ സ്വകാര്യമായ അഭിമാനത്തോടെ വായിച്ചു.

സ്നേഹപൂർവ്വം

എം.ടി.വാസുദേവൻനായർ"(അവസാന താളിൽ പുസ്തകം വായിച്ച് എം.ടി എഴുതിയ കത്ത്)

▪️"ഒരു പിടി അക്ഷരങ്ങൾ മാത്രം കീശയിലും ഏതോ ചില സ്വപ്നങ്ങൾ പൊതിഞ്ഞ് കക്ഷത്തിലും വച്ച് ജീവിതത്തിന്റെ നെടുംപാതയിലേ യ്ക്കിറങ്ങിയതിനെക്കുറിച്ച് എം.ടി. എഴുതിയിട്ടുണ്ട്. ആ അക്ഷരങ്ങളേ തിരിച്ചറിഞ്ഞ വായനക്കാരന്റെ സാക്ഷ്യങ്ങളാണ് ഈ 12 അധ്യായങ്ങളിലായി ജയചന്ദ്രൻ നായർ എഴുതിട്ടുള്ളത്.ഇനി എം.ടിയുടെ എഴുത്തുകൾ ഉണ്ടാവില്ല,എന്നാൽ നമ്മുക്ക് വീണ്ടും വീണ്ടും വായിക്കാൻ ഗ്രഹാതുരമായ കാര്യങ്ങളിലേക്ക് മടങ്ങി പോകുവാൻ എഴുത്തുകൾ എന്നിട്ടാണ് അദ്ദേഹം പോയത് അവയേല്ലാം വീണ്ടും വീണ്ടും വായിക്കുക എന്നതും മാത്രമാണ് നമ്മൾ ചേയ്യേണ്ടത്.

📙കഥാസരിത് സാഗരം(സാഹിത്യജീവചരിത്രം )✍️

- എസ്.ജയചന്ദ്രൻ നായർ 

🖨️ പ്രിസം ബുക്സ് പ്രൈവറ്റ് ലിമിറ്റഡ്  (2016)

💸 225