തനിക്ക് ഒരു ദിവസത്തിന്റെ തുടക്കത്തിൽ എത്തപ്പെടേണ്ട ഇടത്തിലേക്ക് ,അത് പണിസ്ഥലമായാലും, മറ്റെന്തിടമായാലും യാത്രക്കായുള്ള ഒരുക്കത്തിൽ വീടിന്റെ ഏതോ ഇടത്തിൽ നിന്ന് തന്റെ ശരീരത്തിൽ കയറി പറ്റിയ ഒരു കുഞ്ഞ് ഉറുമ്പിനെ , ശ്രദ്ധയിൽ പെടുമ്പോൾ മനസ്സിൽ എന്തു തരം ചിന്തയാവും ഉണ്ടാവുക. സാധാരണ ഗതിയിൽ മനുഷ്യസഹജമായ പതിവ് ചിന്ത "നാശം ഈ നേരമില്ലാത്ത നേരത്ത് ഇവിടുന്ന് വന്നു " എന്നതാവും , അതോ ഞാനറിയാതെ ഇതെവിടുന്ന് കയറിപ്പറ്റി എന്നൊ, അതുമല്ലെങ്കിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആ കുഞ്ഞു ഉറുമ്പിനോട് ആ നിമിഷം തോന്നിയത് സഹതാപമോ , അതോ എല്ലാ മനുഷ്യരെയും പോലെ ഇങ്ങനെയോന്നും ചിന്തിക്കാതെ തനിക്ക് ശല്യമുള്ള ഒന്നായി കരുതി കൈത്തലം കൊണ്ട് തട്ടി ദൂരെ എറിയുകയാവും ചെയ്യുക . ആ തട്ടി എറിയലിൽ ആ കുഞ്ഞ് ഉറുമ്പിന്റ , ഒരുപക്ഷേ ഈ ലോകത്തിൽ അതിനായി അനുവദിച്ചു കിട്ടിയ സമയത്തിന്റെ പൂർത്തിയാക്കലിന് കാരണമാവും ,നിങ്ങളുടെ ആ പ്രവൃത്തി കൊണ്ട് .അല്ലായെങ്കിൽ ഒരു മനുഷ്യന്റ തട്ടികളയലിന്റെ ശക്തിയിൽ , മനുഷ്യനെ അപേക്ഷിച്ച് എത്രയോ ദുർബലനായ ആ കുഞ്ഞ് ഉറുമ്പിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും ക്ഷതം സംഭവിച്ച് ,ഇനിയും ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയിട്ടുണ്ടാകാം. എന്നാൽ മുമ്പ് പറഞ്ഞതിൽ മൂന്നാമതായി തോന്നിയ വികാരം, ഒറ്റപ്പെട്ടുപോയ ആ കുഞ്ഞ് ഉറുമ്പിനോടുള്ള , ഒരു കുഞ്ഞ് സ്നേഹം മനസ്സിൽ ഉണ്ടായാൽ ,അതിനെ അതിന്റെ കൂട്ടത്തിൽ എത്തിക്കണം എന്ന് തോന്നലുണ്ടാവും . എന്നാൽ ഈ കുഞ്ഞ് ഉറുമ്പിന്റെ കൂട്ടത്തെ തേടിപ്പോകാനുള്ള തന്റെ ജീവിതത്തിലെ സമയം കുറവ് ഓർത്തുകൊണ്ട് പതിയേ അതിനെ വേദനിപ്പിക്കാതെ, മുറിവേൽപ്പിക്കാതെ , താൻ നിന്നിടത്ത് മറ്റാരാലും ഉപദ്രവിക്കപ്പെടുവാൻ സാധ്യതയില്ലാത്ത ഒരു ഓരത്ത് ഒരല്പം സ്നേഹത്തോടെ പതിയെ ഇറക്കി വിടുന്നു .അതോടെ കുറച്ച് നിമിഷം മുമ്പുവരെ അപരിചിതൻ ആയിരിക്കുകയും തന്റെ തിരക്കുപിടിച്ച ജീവിതത്തിലെ ഏതോ ഒരു നിമിഷം കൂടെ കൂടിയ കുഞ്ഞുറുമ്പുമായി ഉണ്ടായ ബന്ധം, ആ ഏതാനും നിമിഷങ്ങൾ മാത്രമുള്ള ബന്ധത്തിൽ ആ കുഞ്ഞു ഉറുമ്പിനോട് തോന്നിയ വികാരങ്ങൾ , സ്നേഹം ,കരുണ, കരുതൽ ,ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ പറ്റിയുള്ള വിചാരങ്ങൾ , കുട്ടം തെറ്റിയവനെ തിരികെ കൂട്ടത്തിൽ എത്തിക്കുവാനുള്ള ഓരോ മനസ്സിനെയും ബാദ്ധ്യതയേ പറ്റി സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തൽ . ഇതോന്നും ഈ തീ പിടിച്ച ജീവിതം ഇടയിൽ കഴിയുന്നില്ലല്ലോ എന്ന നഷ്ടബോധ്യങ്ങൾ എല്ലാം ഇങ്ങനെ മനസ്സിലൂടെ കലങ്ങി മറിഞ്ഞ നദി പോലെ ഇങ്ങനെ കടന്നുപോകുന്നു .🐜
പിന്നെ എന്നത്തേയും പോലെ തന്റെ പതിവുകളിലേക്ക് കടക്കുന്നതോടെ കഴിഞ്ഞതെല്ലാം മറക്കുന്നു ,ഉറുമ്പിനെയും അതിന്റെ ഒറ്റപ്പെടലും , ആ ഒറ്റപ്പെടലുകളെ പറ്റിയുള്ള ആകുലതകളും .എന്നാൽ ആ ഉറുമ്പ് ഈ സമയങ്ങളിലെല്ലാം എന്തു ചെയ്യുകയായിക്കും . കൂട്ടമായി ജീവിക്കുന്ന ജീവികൾ അത് ഉറുമ്പ് ആയാലും മറ്റെന്തായാലും ,മനുഷ്യരെപ്പോലെ ചിന്തിക്കുവാനും അതിനനുസരിച്ച് തന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കുവാനും കഴിയാത്തവ , തന്റെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുമ്പോൾ അതൊരു വല്ലാത്ത ഒറ്റപ്പെടൽ ആയി മാറുന്നു .നിരനിരയായുള്ള ജീവിതക്രമത്തിൽ നിന്നും ഒരെണ്ണം വഴിതെറ്റി മാറുന്നു എങ്കിൽ അതിനു പുറകെ മറ്റു ചിലരും കാണും അവർക്ക് ഒപ്പം പോവാനോ , അല്ലെങ്കിൽ കൂട്ടത്തിലേക്ക് തിരികെ കൊണ്ടുവരാനോ , രണ്ടും സംഭവിക്കാം . അങ്ങനെയുള്ള ജീവിതത്തിൽ നിന്നും ഏതോ ഒരു നിമിഷം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് , ചില കൈ തെറ്റുകൾ കൊണ്ട് വഴിമാറി പോകുന്ന ഒരുവന് , ഇന്നലെ വരെ ജീവിച്ച , സഞ്ചരിച്ച് , പരിസരങ്ങളിൽ നിന്നും അപരിചിതമായ ഇടങ്ങളിലേക്ക് ഒറ്റപ്പെടുമ്പോൾ ഉണ്ടാവുന്ന ആന്തലുകൾ കൈകാര്യം ചെയ്യുക ഒരു വലിയ പണിയാണ് . ഇവിടെ ആ കുഞ്ഞ് ഉറുമ്പ് എത്തിപ്പെട്ട ഇടം അവന്റെ പരിചിത ഇടങ്ങളുമായി ഏറെ ദൂരെയായിരുന്നു. അവിടെയെങ്ങും അവൻ തന്നെ വർഗ്ഗത്തിൽപെട്ട ഒരാളെയും കണ്ടില്ല. നിരകൾക്കൊപ്പം മാത്രം ജീവിച്ചിട്ടുള്ള കാലത്ത് നിന്നും ചുറ്റിലും ശുന്യമായി അന്തരീക്ഷം നൽകിയ ഉൽക്കണ്ഠ പറയാവതല്ല .കുറച്ചു മുമ്പുവരെ ഉണ്ടായിരുന്നു സ്ഥലങ്ങളിൽ നിന്നും അടിക്കടി വന്ന മാറ്റം വല്ലാതെ സംഭ്രമത്തിനിടയാക്കി , ചുറ്റും തിരിഞ്ഞു നോക്കി ഒന്ന് വട്ടം കറങ്ങി ചുറ്റി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഒന്നു ഓടി നോക്കി ആരെയും ഒന്നിനെയും കാണുന്നില്ല, എനിക്ക് പരിചിതമായ ഒന്നും ഇവിടെ ഇല്ല ,എല്ലാം എവിടെ പോയി ,എന്ന് ഒരു നിമിഷം അന്ധാളിച്ചിട്ടുണ്ടാവാം. പിന്നെ സമനില വീണ്ടെടുത്ത് ചുറ്റിലും എവിടെയെങ്കിലും തന്റെ കൂട്ടരെ കാണുന്നുണ്ടോ എന്ന് ആശങ്കപ്പെട്ട തേടി ഓടാൻ തുടങ്ങും , ആ അല്പമായ ജീവിതത്തിൽ ഭാഗ്യം എന്നത് അവശേഷിക്കുന്നുണ്ടെങ്കിൽ തന്റെ തന്നെ അല്ലെങ്കിലും തന്റെ വർഗ്ഗത്തിൽപ്പെട്ട ഒരു കൂട്ടരേ കുറെ തേടലുകൾക്കു ശേഷം കണ്ടെത്താനാവും .ഇല്ലെങ്കിൽ ഏറെ അലച്ചിലുകൾക്കും, പരക്കം പാച്ചിലുകൾക്കും ഒടുവിൽ വിശപ്പും ,ക്ഷീണവും , സങ്കടവും, ഭയവും , ആശങ്കയും എല്ലാം ചേർന്ന് ഒറ്റപ്പെടുന്ന തീവ്രതയിൽ ആ അൽപ ജീവൻ ഒരു പല്ലിയുടെയോ ,എട്ടുകാലിയുടെയോ, മറ്റെന്തിന്റെ എങ്കിലും വിശപ്പിന് പരിഹാരം ആയോ ,അല്ലെങ്കിൽ തനിക്ക് ഈ ഭൂമിയിൽ അനുവദിച്ചു കിട്ടിയ സമയം അവസാനിപ്പിച്ച് , സ്വപ്നങ്ങളും നേട്ടങ്ങളും ഇല്ലാത്ത ആ ചെറു ജീവിതം ആരാലുമറിയാതെ മെല്ലെ അവസാനിക്കുന്നു.🐜
ഇവിടെ ഈ അവസ്ഥയിൽ എത്തുന്ന ഒരു മനുഷ്യൻ ആണെങ്കിൽ ഒരു നിമിഷം അവൻ എന്തു ചെയ്യും എന്ന് ചിന്തിച്ചാൽ എന്തേല്ലാം കാഴ്ചകൾ കാണാം .അതിൽ ചിലർ അതിജീവിക്കുന്നു ,ചില ഈ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നു , ചിലർ അതിനെ , ഈ അവസ്ഥയേ നേരിടാനാവാതെ ഭ്രാന്തിലും മരണത്തിലും ചെന്നെത്തി ജീവിതം അവസാനിപ്പിക്കുന്നു. എവിടെയും ഒറ്റപ്പെടൽ സാമൂഹ്യജീവിയെന്ന നിലയിൽ മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള ഒരു അവസ്ഥയാണ് , നന്നായി പോരാടി തന്നെ വേണ്ടിവരും ഈ അവസ്ഥയെ മറികടക്കാൻ , പലപ്പോഴും ഒറ്റപ്പെടുന്ന ഈ സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നത് മനുഷ്യന്റെ അകമേയും പുറമേയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് കരുതാം .ചിലർ അവരുടെ ഉള്ളിൽ രൂപപ്പെടുന്ന പല പ്രശ്നങ്ങൾ കൊണ്ടും ചുറ്റുമുള്ളവരിൽ നിന്നും ഉൾവലിയുകയും ഒറ്റപ്പെട്ട ജീവിക്കുകയും ചെയ്യുന്നു, എല്ലാ സാമൂഹിക ബന്ധങ്ങളും വിച്ഛേദിച്ച് തന്റെതായ ഒരു ലോകം സൃഷ്ടിച്ച് അതിനുള്ളിൽ ജീവിക്കാൻ ശ്രമിക്കുന്നു , അതിൽ എത്രത്തോളം ഈ കൂട്ടർ വിജയിക്കുന്നു എന്നത് പരിശോധിക്കപ്പെ ടെണ്ടതാണ് . സമൂഹത്തിൽനിന്നും ഉൾവലിഞ്ഞ് എത്ര കാലം മനുഷ്യന് നിലനിൽക്കാൻ കഴിയും , മനുഷ്യ ജീവിതത്തിലെ പല പല ഘട്ടങ്ങളിലും സാമൂഹിക പിന്തുണ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ നിരവധിയാണ് . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിന്ന് ആ ഘട്ടങ്ങളെ തരണം ചെയ്യാൻ അപാരമായ മനക്കെട്ടി തന്നെ വേണ്ടിവരും. അങ്ങനെ തരണം ചെയ്യുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്ന് എന്നത് നമുക്ക് ചുറ്റും നിരീക്ഷിച്ചാൽ കാണാവുന്നതാണ് . മറ്റൊരു കൂട്ടർ സാമൂഹമായുള്ള അവരുടെ വിയോജിപ്പുകൾ സ്ഥാപിക്കുവാൻ സമൂഹവുമായി ഏറ്റുമുട്ടലിന് തയ്യാറാകുന്നു .തന്റെ നിലപാടുകൾ സമൂഹത്തിന്റെ നിലപാടിനെക്കാൾ ശരിയാണെന്ന് സ്ഥാപിക്കാൻ ഏറ്റുമുട്ടലുകളുമായി ഏതറ്റംവരെയും ഇവർ പോകുന്നു. അതിനിടയിലുള്ള കാലത്ത് സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുകൾക്കിടയിൽ നഷ്ടമാകുന്നതിനെ കുറിച്ച് , നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് അവർ ചിന്തിക്കാറുണ്ടാകുമോ, ആ ചിന്തകളിൽ നിന്ന് അവർ അനുഭവിക്കുന്ന ഏകാന്തതയുടെ ഭീതിയിൽ ജീവിതത്തിന്റെയും ആത്മഹത്യയുടെയും ഇടയിലുള്ള നേർത്ത അതിരുകൾ അവരെ ഭീതിപ്പെടുത്തുന്നുണ്ടാവാം, അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മനസ്സിന്റെ പിടിവലിയിൽ പെട്ട് ഉലയുമ്പോൾ നങ്കൂരമിട്ട് ഉറപ്പിക്കുവാൻ ഒരു ഇടം ആ ഒറ്റപ്പെടലിൽ കിട്ടുമോ , അവരിൽ ചിലർ ഏത് ഉലച്ചിലിലും സ്വയം നങ്കൂരമായി മാറും, അതിനു കഴിയാത്ത ചിലർ തങ്ങൾ അകപ്പെട്ട ഒറ്റപ്പെടൽ(പ്പെടുത്തൽ )എന്ന ചുഴിയിപെട്ട് എവിടെക്ക് എന്നില്ല തെ ഒഴുകി ഒഴുകി അലിഞ്ഞു ചേരുന്നു.🐜
എന്താണ് ഇങ്ങനെ ഒറ്റപ്പെടലുകളിൽ മനുഷ്യർ പെട്ടു പോകുന്നത്, അതിന്റെ കാരണങ്ങൾ അന്വേഷിച്ച് പോകുമ്പോൾ മനുഷ്യർ ജീവിക്കുന്ന സമൂഹവും അതിലെ ഞാനും നിങ്ങളും അടക്കമുള്ള ഓരോ വ്യക്തികളും കാരണക്കാരായി മാറും. വ്യക്തികളും അവരുടെ അഹംഭാവവും അതു മൂലം ഉണ്ടാകുന്ന തെറ്റായ ധാരണകളും സംസാരങ്ങളിലും തുടങ്ങി മതവും , ജാതിയും, വംശവും, വർണ്ണവും, വർഗ്ഗവും,രാഷ്ട്രിയവും, സമ്പത്തും, ലിംഗവ്യത്യാസങ്ങളും തുടങ്ങി നിരവധിയായ ഘടകങ്ങളിലെക്കും, അഭിപ്രായ വ്യത്യാസങ്ങളിൽ തുടങ്ങി വാക്ക് അധിക്ഷേപങ്ങളിലും ശരീരിക ആക്രമങ്ങളിലെക്കും എത്തുന്ന മനുഷ്യരുടെ മനോനിലകളുടെ ഇരകളാണ് ഒറ്റപ്പെടലുകൾക്ക് വിധേയമാക്കുന്നവരിൽ ഒരു ഭാഗം, തന്റെതായ ആശയങ്ങളും അഭിപ്രായങ്ങൾക്കും എന്നും മുൻഗണന കിട്ടണമെന്ന് ചിലരുടെ മനശാഠൃങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെ അവഗണനയുടെ മറയിലെക്ക് തള്ളപ്പെടുമ്പോൾ അതിനെ അതിജീവിക്കാനാവാതെ അതിലെ ശരിതെറ്റുകളെ തരം തിരിച്ച് പരിഗണിച്ച് തിരുത്താൻ തയ്യാറാകാതെ സർവ്വതിനോടും കലഹിച്ചു സകലതിൽ നിന്നും ഉൾവലിഞ്ഞ് മനോരോഗത്തിന്റെ കടുത്ത നിറങ്ങളിൽ മുങ്ങി ആത്മഹത്യയിലെക്ക് നടന്നു തുടങ്ങുന്നവരാണ് മറ്റൊരു കൂട്ടർ. അധികാരവും സമ്പത്തും എന്നും ഒരു നാണയ തുട്ടിന്റെ ഇരുവശങ്ങളായി കഴിയുന്ന നമ്മുടെ വ്യവസ്ഥയിൽ, സമൂഹത്തിൽ അതിനായി ജീവിക്കുന്നവർ, അത് കൈപ്പിടിയിൽ അടക്കുന്നവർ ,ജീവിക്കുന്ന ധാരാളിത്വം എന്നും മോഹിപ്പിക്കുന്ന സ്വപ്നങ്ങളായി നിലനിൽകുവോളം ഈ ഒറ്റപ്പെടലുകളും, ഒറ്റപ്പെടുത്തലുകളും തുടർന്നു കൊണ്ടെയിരിക്കും. ചിലർ ഇതെല്ലാം ആസ്വദിച്ച് ജീവിക്കുമ്പോൾ മറ്റ് ചിലർ ഇതിൽപ്പെട്ട് ജീവിതത്തിൽ നിന്നു തന്നെ എന്നന്നേക്കുമായി മാഞ്ഞു പോകുന്നു. മനുഷ്യർ കൂട്ടമായി സമൂഹത്തിൽ ജീവിക്കുമ്പോൾ അവന് ലഭിക്കുന്ന സുരക്ഷിത്ത്വവും, ആത്മവിശ്വാസവും തന്റെ ഒപ്പമുള്ള എല്ലാവർക്കും അനുഭവവേദ്യമാകണമെങ്കിൽ, അത് ഒരു സുരക്ഷിത കവചമെന്ന പോലെ സമൂഹത്തിൽ നിലനിർത്തണമെങ്കിൽ , ജീവിതത്തിന്റെ തീചൂടിൽ പായുമ്പോഴും എവിടുന്നോ കൂടെ കൂടിയ ആ കുഞ്ഞ് ഉറുമ്പിനെ ശല്യമായി കരുതാതെ തിരികെ ജീവിക്കാൻ വിട്ട ആ ഒരു മനസ്സെങ്കിലും സാമൂഹ്യ ജീവി എന്ന നിലയിൽ ഓരോ മനുഷ്യനും കൈവരിക്കുവാൻ കഴിഞ്ഞാൽ മാത്രമേ സാധ്യമാകു എന്ന തിരിച്ചറിവ് ഉണ്ടാക്കത്തിടത്തോളം ഒറ്റപ്പെടലുകളുടെയും ഒറ്റപ്പെടുത്തലുകളുടെയും തുടർകാഴ്ചകളെല്ലാം കണ്ടും ,അനുഭവിച്ചും , ഭയന്നും പരിതപിച്ചും , മനുഷ്യനെന്ന സാംസ്കാരിക ജീവി അവന്റെ ജീവിതകാലത്തോളം അനുഭവിച്ച് തീർത്തേ മതിയാകു.🐜