Friday, May 16, 2025

▪️വായിച്ച പുസ്തകം/ഒരു ദേശം പല ഭൂഖണ്ഡങ്ങൾ/വി.എസ്.സനോജ്▪️


വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കു കിഴക്കൻ മേഖലകളിലുടെയും ഒരു പത്ര പ്രവർത്തകൻ 14 വർഷങ്ങൾക്കിടെ നടത്തിയ യാത്രയാണിത് ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയും പോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകു ന്ന അനുഭവങ്ങളിലൂ ടെയുള്ള കടന്നു പോക്ക്, വടക്കേയിന്ത്യൻ ഗ്രാമങ്ങ ളും തെരുവുകളും റിപ്പോർട്ടിങ് അനുഭവങ്ങളും എല്ലാം ചേർന്ന ഒരു കൊളാഷ്.


തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് പത്രപ്രവർത്തന ത്തിൽ പ്രയാസമുള്ള ക്രാഫ്റ്റാണിത് പ്രഖ്യാപനങ്ങളോ മുൻവിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാൻ ശീലിച്ച ഒരു റിപ്പോർട്ടറുടെ ശൈലിയുണ്ട് എഴു ത്തിൽ നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ അതിമനോഹരമാണ് നിർമ്മമായ പത്രപ്രവർത്തന ത്തിൻ്റെ മറ്റൊരു ഉദാഹരണം... (ആർ. രാജഗോപാൽ, ടെലഗ്രാഫ് മുൻ എഡിറ്റർ )


"പണ്ട്, വായനശാലയിലെ പൊടിപിടിച്ച ലൈബ്രറി അടുക്കുകളിൽനിന്ന് വായിക്കാനാഗ്രഹിച്ച്, തപ്പിക്കൊ ണ്ടിരുന്നവ ഇടയ്ക്ക് കണ്ണിൽപ്പെടുമ്പോ, പുതിയൊരു പുസ്ത‌കം കിട്ടുമ്പോ, എല്ലാം തോന്നിയിട്ടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സ്വന്തം പേര് ഏതെങ്കിലും പത്രത്തിലോ ആഴ്‌ചപ്പതിപ്പിലോ അച്ചടിച്ചുവരുന്നൊരു ദിവസം, കൗമാരത്തിലും യൗവനത്തിൻ്റെ തുട ക്കത്തിലും ഒരു സ്വപ്‌നമായിരുന്നു. ഒരുപാടുവട്ടം നിരാശപ്പെട്ടിട്ടുണ്ട്, പേര് കാണാതെ. പക്ഷേ, ബൈലൈനിന് ക്ഷാമമില്ലാത്ത പത്രപ്രവർത്തനത്തിലേക്ക് പിന്നീട് ജീവിതമെത്തി. പേര് അച്ചടിച്ചു വരുന്നതിലെ കൗതുകം ശമിക്കുംവിധം, ജോലി ചെയ്‌തയിടങ്ങളിലെല്ലാം ക്ഷാമമില്ലാതെ ബൈലൈനുകൾ കിട്ടി. അധ്വാനത്തിലൂടെ കാലം ആ പൂതിയും സാധിച്ചുതന്നു. അതിനിടെ യാത്രാപ്രേമമെന്ന സൂക്കേടുണ്ടായി. വിഭിന്നരായ മനുഷ്യരെ, വ്യത്യസ്‌ത ദേശങ്ങളെ തേടി പുറപ്പെട്ടിറങ്ങി. അത്തരം വഴിവിട്ട യാത്രകളുടെ ബാക്കി പത്രമാണ് ഈ പുസ്‌തകം. പതിമൂന്ന് വർഷങ്ങൾക്കിടെ സംഭവിച്ച അശാന്ത സഞ്ചാരങ്ങളുടെ ഓർമ്മ. കണ്ടു മുട്ടിയ മനുഷ്യ ദേശങ്ങളെ ഓർമ്മയിലൂടെ അടുക്കി പ്പെറുക്കിയതിന്റെ ഭാഷാകാര രൂപം"........


"എട്ടര വർഷത്തോളം അന്യസംസ്ഥാന മാധ്യമ തൊഴിലാളിയായിരുന്നു. അത്, ജീവിതം മാറ്റിമറിച്ചു. പത്രസ്ഥാപനം തന്ന, പണിഷ്മെൻ്റ് ട്രാൻസ്‌ഫറെന്ന ആ സമ്മാനം ഉർവ്വശീശാപമെന്ന ഉപകാരമാക്കി യാത്രാസക്തിയുടെ കെട്ടഴിച്ചു വിട്ടു സ്വയം. അതോടെ റിപ്പോർട്ടിങ്ങി നായും അല്ലാതെയും രാജ്യത്തിൻ്റെ പല മുക്കിലും മൂലയിലുമെത്താ നായി. ചില പ്രധാന രാഷ്ട്രീയ- സാമൂഹിക സംഭവ വികാസങ്ങൾ കവർ ചെയ്യാനുമായി. ഇങ്ങനെ കണ്ടറിഞ്ഞ മനുഷ്യലോകത്തിന്റെ സ്മ‌‌രണയാ ണിത്. ഇന്ത്യൻഗ്രാമങ്ങളിലും നഗരങ്ങളിലും അലയാൻ വിട്ട ആ ട്രാൻ സ്‌ഫർ ഓർഡറുകളോടും അതിന് പത്ര മാനേജ്‌മെന്റ്റിനുണ്ടായ പ്രേരണയ്ക്കും പ്രത്യേകം നന്ദി. ഭൂകമ്പങ്ങൾ ചിലപ്പോൾ പുതിയ ഭൂപ്രദേശങ്ങളെ സൃഷ്ടിക്കും, വിദൂരസ്ഥലം മാറ്റങ്ങൾ മറ്റൊരു ലോകം കാട്ടിത്തരും"


"ഒരൊറ്റ ദേശമായിട്ടും എത്രയെത്ര വിചിത്ര ഭൂഖണ്ഡങ്ങളാണ് ഓരോ മേഖലയും എന്നത് പുറപ്പെട്ടുപോകലുകളിൽ ഉടനീളം ബോധ്യപ്പെട്ട കാര്യമാണ്. ഓരോ മനുഷ്യനും ഓരോ ദ്വീപാണെ ന്നതുപോലെ ഓരോ പ്രദേശവും വേറിട്ട രാജ്യ ങ്ങളോ വൻകരകളോ ആണ് മിക്കപ്പോഴും എന്ന് തോന്നാറുണ്ട്. സംസ്കാരം, വിശ്വാസം, പ്രാദേശിക വേർതിരിവ്, ആചാരം. ഇതിനെല്ലാം മേലേ ഉദ്ധ്യതമായി നിലകൊള്ളുന്ന ജാതി വിവേചനം. ഇതെല്ലാം ചേർന്നാൽ ഈ ദേശമായി. രാജ്യത്തിന്റെ ഏകതയെന്നത് കേവല രാഷ്ട്രീയ പരസ്യവാചകം മാത്രമാണന്നത് കണ്ണുതുറന്ന് യാത്രയൊരുമ്പെട്ടാൽ ആർക്കും ബോധ്യപ്പെട്ടോളും.."

 (ഒരുമ്പെട്ടയിറക്കങ്ങൾ)


"പാ തുലെ ബോഷൂണിൽ തുടങ്ങി ധോളാ വീരയ്ക്ക് നീളുന്ന റാപ്പറിലെ തന്നിഷ്ടവേഗങ്ങളുടെ വണ്ടിക്കാരനിൽ" അവസാനിക്കുന്ന 27 യാത്രാ അനുഭവങ്ങൾ,ഈ അനുഭവങ്ങളെല്ലാം എഴുത്തുകളാകുമ്പോൾ സാധാരണ സഞ്ചാരമെഴുത്തിൽ നിന്നും വേറിട്ട നിൽക്കുന്നു. വായനക്കാ രൻ, പലപ്പോഴും ആസ്വദിച്ച് വായിച്ചു പോയിട്ടുള്ള സഞ്ചാര അനുഭവങ്ങ ൾ, അവയെല്ലാം പലപ്പോഴും കേട്ട് പരിചയിച്ച സ്ഥലങ്ങളിലെ ഉള്ള യാത്രകളുടെ സ്മരണകൾ ആകാം, അതുമല്ലെങ്കിൽ എഴുത്തുകാരൻ ചെന്നേത്തുന്ന ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അവയുടെ സൗന്ദര്യ വർണ്ണനകളുമാകാം. എന്നാൽ ഈ എഴുത്തുകളെല്ലാം അതിൽ നിന്ന് ഏറെ വ്യത്യസ്തമായ നിൽക്കുന്ന ഈ എഴുത്തുകൾ. ഒരുപക്ഷേ വായനക്കാരൻ കേട്ടിട്ടില്ലാത്ത പല ദേശങ്ങൾ, അവിടങ്ങളിലെക്ക് ഉള്ള യാത്രകൾ, ആ യാത്രകളിൽ, യാത്രികൻ  നേരിട്ട കാര്യങ്ങൾ, ചെന്നേത്തിയ  ദേശത്തിൻ്റെ  മിന്നിത്തിളങ്ങുന്ന മുഖങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യ ജീവിതങ്ങൾ, അവയെല്ലാമാണ് ഈ 27 യാത്രാ അനുഭവ ങ്ങളിൽ വായനക്കാരന് വായിക്കുവാൻ, അനുഭവിക്കാ ൻ ,കഴിയുക. ഉത്തരേന്ത്യയിലെയും നോർത്ത് ഈസ്റ്റിലെയും പച്ചയായ ജീവിതങ്ങൾ, ഈ എഴുത്തുകളിൽ നമ്മൾ കാണുന്നു. അവരുടെ ജീവിതാവസ്ഥക്ക് പിന്നിലെ രാഷ്ട്രീയ, സാമൂഹിക കാരണങ്ങൾ വായനക്കാരൻ  അനുഭവിക്കുന്നു ' രാജ്യത്തിൻെറ അതിർത്തി ഗ്രാമങ്ങളിലെ , മഞ്ഞ് മൂടിയ ദേശങ്ങളിലെ, ഉൾനാടൻ ഗ്രാമ ദേശങ്ങളിലെ ,അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവും, "ഒരു ദേശം പല ഭൂഖണ്ഡങ്ങളി ലൂടെ" വായിക്കുമ്പോൾ നമ്മൾ കാണാത്ത, കേൾക്കാത്ത, മനുഷ്യജീവിത അവസ്ഥയി ലേക്കാണ് വായനക്കാരൻ എത്തിചെരുന്നത്. ഓരോ യാത്രക്കാർക്കും  രാഷ്ട്രീയമുണ്ടെന്നും ഈ പുസ്തകത്തിലെ എഴുത്തുകൾ വായനക്കാരനോട് പറയുന്നു. ആ രാഷ്ട്രീയം മനസ്സിലാ ക്കലാണ് ഈ പുസ്തക വായനയിലൂടെ   ചെയ്യാൻ  കഴിയുന്ന വായനക്കാരന്റെ  രാഷ്ട്രീയ ദൗത്യം.


📙-ഒരു ദേശം പല ഭൂഖണ്ഡങ്ങൾ (യാത്ര)

✍️-വി.എസ്.സനോജ്

🖨️-ഡി.സി.ബുക്സ് (2024)

💸360

No comments:

Post a Comment