Saturday, November 20, 2021

വെറുതെ മറിച്ച് നോക്കുമ്പോൾ


കൈയിലെടുത്ത മാസിക
താളുകൾ
മറിച്ചു നോക്കി
കഥയും കവിതയും
കാണുമ്പോൾ ,
അവയിലേ ചിത്രങ്ങളിൽ
നിന്ന് പലതും
വെറുതെ തുറിച്ചു
നോക്കുന്നുണ്ടായിരുന്നു .
പേജുകൾക്ക് അകമേ
വരികളിൽ കത്തുന്ന
രാഷ്ട്രീയത്തിന്റെ
ദുർഗന്ധമോ, ഏതോ
ഒരു സിനിമയേ പറ്റിയുള്ള
പരഭൂക്ഷണമോ ,
ആരോ ഒരാൾ വരച്ച
ഒരു ചിത്രത്തിന്റെ
അലകും പിടിയും
മാറ്റാൻ ഒരുമ്പെടുന്ന
ഒരുവനെയും കണ്ടിരിക്കുമ്പോൾ .
മെച്ചമുള്ള ജീവിതം
വച്ചു നീട്ടുന്ന
എത്രയോ കാര്യങ്ങൾ
കടും നിറങ്ങൾ പൂശി
മുക്കിലും മൂലയിലും
ഇരുന്ന് ഇടംകണ്ണിട്ട്
നോക്കുന്ന പേജുകളും കടന്ന് .
ഒടുവിൽ ,
പുറത്തെ പുറംചട്ടയിലെ
ബഹുവർണ്ണങ്ങളെ നോക്കി
കണ്ണു പുളിക്കുമ്പോൾ ,
ഒന്നും വായിക്കതെ പേജ്
വെറുതെ മറിച്ചാണല്ലോ
ഇവിടെ വരെ
എത്തിയതെന്ന ദു:ഖത്തിൽ
മനസ്സും ശരീരവും
വലിഞ്ഞു മുറുകുമ്പോൾ .
ഈ പേജുകളൊക്കെ ചുമ്മാ
മറിച്ച് നോക്കാനുള്ളതാണേന്ന്
ആശ്വസിച്ച് ,
കയ്യിലുള്ളത് താഴെ വച്ച്
ഇതേ പോലെ തന്നെ
മറിച്ചു നോക്കുന്നു അടുത്തതും .

ഒരല്പം ജീവിതം


ഒരു ചായക്കോപ്പയുടെ
അടിയിൽ പറ്റിക്കിടക്കുന്ന
പൊടിയും അല്പം ചായയും
മാത്രം ബാക്കിയായ
കടുംചായിൽ നിന്നും
പൊടിയേ മാത്രം
ബാക്കിയാക്കി കുടിക്കുമ്പോൾ
നിങ്ങൾക്ക്
എന്താണ് തോന്നുന്നത് .
എന്തെല്ലാമോ
ഓർത്തും ഓർക്കാതേയും
കണ്ടും കാണാതെയും
ജീവിച്ച ജീവിതം
മെല്ലേ
നിങ്ങളിൽ നിന്ന്
അകന്നുപോകുമ്പോൾ
മിച്ചമാവുന്ന
ഒരല്പം ജീവിതത്തേ
ആധിയോടെ ആശയോടെ
മെല്ലേ കുടിക്കുന്നതായി
തോന്നുന്നുണ്ടോ ?
ഉണ്ടേങ്കിൽ
അതാണ് ചങ്ങാതി ജീവിതം
അതു മാത്രമാണ് ജീവിതം .
മിച്ചമായ ഒരൽപം
കടും ചായക്കും ചണ്ടിക്കും
ഇടയിൽ നിന്ന്
വലിച്ചു കുടിയ്ക്കുന്ന
ആ ജീവിതത്തിനാണ്
ഏറേ മധുരം എന്ന്
ഓർക്കാത്തതെന്തേ ?

വിശ്വാസത്തിന്റെ ഇടവഴി


എന്തു പറഞ്ഞാലും
നീ എന്റെതല്ലേ
എന്നു തുടങ്ങുന്ന
ആ പാട്ട്
പല തവണ
പല തവണ കേട്ട്
പാട്ടിലെ വരികൾ
പലതവണ പലതവണ
വിശ്വസിച്ചിട്ടുണ്ട്.
ജീവിതം ജീവിച്ചു
തീർക്കുമ്പോൾ
പാട്ടും പാട്ടിലെ
വരികളുമല്ല ജീവിതമെന്ന്
പാടാൻ പഠിക്കുകയും
നിനക്ക് നിന്റെതെന്നും
എനിക്ക് എന്റെതെന്നും
തോന്നുന്ന ജീവിതവും
ഞാൻ എന്റെതെന്നും
നീ നിന്റെതെന്നും
വിശ്വസിക്കുന്ന വിശ്വാസവും
കേട്ട പാട്ടുകൾക്ക്
അപ്പുറമാണ് എന്നും
വിശ്വസിച്ചു
പിന്നെ പാട്ട്
കേൾക്കുന്നത്
നിർത്തുകയും
ജീവിതം വിശ്വാസത്തിനും
അവിശ്വാസത്തിനും
നടുവിലുടുള്ള ഇടവഴി
ആണ് എന്ന് വിശ്വസിച്ച്
ഇനിയുള്ള
ജീവിതം ആ
വിശ്വാസത്തിന്റെ
ഇടവഴിയിലൂടെ നടന്നു
തുടങ്ങുകയും ചെയ്തു.

വെറുതെ ഓർക്കുന്നത്

 

എന്തിനെന്തിനോടോക്കെ
ജീവിതം ചൊല്ലി
എന്ത് എന്തിനാണ്
ഇങ്ങനെ ജീവിക്കുന്നത് .
എന്ത് എന്തൊക്കേയാണ്
ഈ ജീവിതത്തിൽ
വെറുതെ ചൊല്ലി ചൊല്ലി ,
എന്തെന്തെ ഓക്കെ
ആയില്ല എന്ന്
വെറുതെ വെറുതെ
ഓർമ്മിക്കുന്നത് .
എന്തെന്തെ ഒക്കെ
ഓർമ്മിക്കാതിരുന്നാൽ
ജീവിതം ഒന്നുമൊന്നും
ഓർക്കാതെ വെറുതെ
ജീവിച്ചു തീർക്കാമല്ലോ

നിലാവ് പോലെ


കവിത എഴുതി എഴുതി
പോകെ ,കഥ
എഴുതാത്തതെന്തെ
എന്ന് ചിലർ .
ഇപ്പോൾ
കഥ എഴുതാനായി
കടലാസിൽ തലക്കെട്ടിട്ട്,
അടിവര വരച്ച് ,
തുറന്നു പിടിച്ച
പേനയുമായി ഏറേ
രാവും പകലുമായി
ഇരിക്കുന്നു .
കഥയില്ലാതെ ഉറഞ്ഞ
മനസ്സും ,
കഥ എഴുതാതെ ഉറഞ്ഞ
മഷിയുമായുള്ള
ഈ ഇരിപ്പിൽ
ഒരു കവിത
എങ്കിലും വന്നെങ്കിൽ .
എന്നിലൂടെ ,
ഈ പേനാ തുമ്പിലൂടെ
പുറത്തേ ,
നിലാവ് പോലെ
എനിക്കും കവിതയ്ക്കും
പരന്ന് ഒഴുകാമായിരുന്നു .