Tuesday, May 31, 2022

ഒരു മെയ് 31 കൂടി കടന്നു പോകുമ്പോൾ


അന്ന് മലപ്പുറത്ത്, മാറഞ്ചേരിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നു.സാധാരണയായി ഒരാഴ്ച അവസാനം വീട്ടിലേക്ക് പോകെണ്ടതായിരുന്നു.ആ ആഴ്ച  എന്തുകൊണ്ടോ പോകാൻ കഴിഞ്ഞില്ല.ഞായറാഴ്ച ഒഴിവു ദിനത്തിന്റെ ആലസ്യത്തിൽ ഉച്ചയൂണിന് ശേഷം ഒന്നും മയങ്ങുമ്പോഴാണ് തൃശ്ശൂർ ഉള്ള സുഹൃത്ത് പ്രിൻസ് വിളിക്കുന്നത്.എന്താണ് പരിപാടി എന്ന് ചോദിച്ചത്, പ്രത്യേകിച്ചൊന്നുമില്ല എന്ന മറുപടിക്കിടെ  ഞാനങ്ങോട്ടു വരുവാണ് എന്ന് പറഞ്ഞു .അരമണിക്കൂർ ശേഷം  പ്രിൻസിന്റെ കൂടെ കാറിൽ കയറുമ്പോൾ എങ്ങോട്ടാണ് പോകുന്നത് അറിഞ്ഞിരുന്നില്ല .ആ യാത്ര  അല്പസമയത്തിനുള്ളിൽ ചെന്നെത്തിയത് നീർമാതളത്തിന്റെ ചുവട്ടിലായിരുന്നു ,ആ നീർമാതളം മാധവിക്കുട്ടിയുടെതായിരുന്നു. ആ നീർമാതളവും സർപ്പക്കാവും കുളവും ഒക്കെ ആദ്യമായി കാണുകയായിരുന്നു . ആ കഥകളിൽ അനുഭവിച്ച നീർമാതളവും സർപ്പക്കാവും കുളവുമെല്ലാം ആശ്ചര്യത്തോടെ നേരിൽ കണ്ടപ്പോൾ ,അതിനപ്പുറം ചെറിയ നമ്പരം ഉളവാക്കുന്ന ഒരു കാഴ്ചയും കണ്ടു ,ഉയരുന്ന ഒരു കോൺക്രിറ്റ് കെട്ടിടം, എഴുത്തുകാരിക്കായുള്ള സ്മാരകം. അത് കഥകളിലൂടെ മനസ്സിൽ ഉടലെടുത്ത സങ്കല്പങ്ങളിൽ നേരിയ വിള്ളലുകൾ  ഉണ്ടാക്കി, ആ കഥകളിലൂടെ രൂപമെടുത്ത കാല്പനികതകളായിരുന്നു ആ കാവും നീർമാതളവുമെക്കെ, എഴുത്തുകാരിയുടെ സ്മരണകളായി അതോക്കെ അവിടെ നില്കുമ്പോൾ എന്താണ് അവയ്ക്കിടയിൽ ഈ കെട്ടിടം എന്ന് മനസ്സിൽ ഇടക്കിടെ ചോദിച്ചു കൊണ്ടിരുന്നു.കുറച്ച് സമയം അവിടെ ചെലവഴിച്ച് തിരികെ വരുമ്പോൾ കുറച്ച് മാറിയുള്ള കവലയിൽ ഒരു ബാനർ കണ്ടിരുന്നു,അന്ന് മെയ് 31 ആയിരുന്നു. അന്നു രാവിലെ പ്രിയപ്പെട്ട കഥാകാരിയുടെ അനുസ്മരണം അവിടെ നടന്നിരുന്നു. ഞാൻ താമസിക്കുന്നു സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയായുള്ള ഈ സ്ഥലത്തേ , ഈ തീയതിയേ പറ്റിയോ , അനുസ്മരണത്തെ പറ്റിയോ ആരും പറഞ്ഞിരുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവരായിരുന്നു കൂടെയുള്ളവരിൽ ഭൂരിപക്ഷവും, ആഴ്ച അവസാനിക്കുമ്പോൾ എങ്ങനെയേങ്കിലും വീടെത്തുക എന്ന ചിന്തകൾക്കിടയിൽ എവിടെ അനുസ്മരണവും ,എവിടെ നീർമാതളവും. എന്തായാലും എനിക്ക്, യാദൃശ്ചികമെങ്കിലും ആ മെയ് 31 മറക്കാൻ കഴിയാത്തതായി .അവിടെ കണ്ട കഴ്ചയിൽ ആ കോൺക്രീറ്റ് രൂപം മനസ്സിൽ സങ്കടവും  നൊമ്പരവും ഉണ്ടാക്കിയേങ്കിലും  ആ എഴുത്തുകാരിയുടെ ഓർമ്മ ദിവസം തന്നെ അവിടെ എത്താൻ പറ്റി എന്നുള്ളതും വളരെ സന്തോഷം നല്കുന്ന ഒന്നായി മാറി.

 പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക ആവശ്യത്തിന്  പുന്നയൂർക്കുളത്ത് പോയപ്പോൾ വീണ്ടും അവിടെ പോയി ,എല്ലാം പഴയത് പോലെ , സ്മാരകെട്ടിടത്തിന്റെ പണി പൂർത്തിയാക്കിട്ടുണ്ട്. പരിസരം നന്നായി ക്രമീകരിച്ചിരിക്കുന്നു. ഒരു സ്മരകത്തിന് യോജിക്കും വിധം .എങ്കിലും മനസ്സിൽ കഥകളിലൂടെ കടന്നു കൂടിയ നീർമാതള സ്മരണയിൽ എവിടെയോ അത് ചേരാതെ നിൽക്കുന്നു .ഇന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു മ്യൂസിയം ,എഴുത്തുകാരിയുടെ സ്മരണാർത്ഥം രൂപപെടുത്തിരിക്കുന്നു .എഴുത്തുകാരിയുടെ ഓർമ്മകളെ പൂനർജ്ജീവിപ്പിക്കും വിധം ഓരോ സ്ഥലങ്ങളിലും ബഹു വർണ്ണ ചിത്രങ്ങൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു  .സ്മരണകൾ ഉണർത്തും വിധം എഴുത്തുകാരി ഉപയോഗിച്ച് പല വസ്തുക്കളും അവിടെല്ലാം വളരെ ഭംഗിയായി ,ആ കെട്ടിടത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു .
അൽപ സമയം നടന്നു കണ്ട് തിരികെ പോരുമ്പോൾ മനസ്സിൽ ഓർമ്മ വന്നത് കുറച്ചു നാളുകൾക്കു മുൻപ് യാദൃശ്ചികമായി മെയ് 31ന് പുന്നയൂർക്കുളത്ത് എത്തിയതാണ്. കാലം ഒരോ സ്ഥലങ്ങളെ എങ്ങനെയേല്ലാം മാറ്റുന്നു.

ഇന്നലെ മെയ് 31 ന് നിരവധി പേർ സാമൂഹ മാദ്ധ്യമത്തിൽ എഴുത്തുകാരിയെ ഓർമ്മിക്കുന്നത് കണ്ടു.നിരവധി പേരുടെ മനസ്സിൽ നിന്നും അവർ മറവിലേക്കും പോയിട്ടുണ്ടാവാം.അങ്ങനെ ഒരു മെയ് 31 കൂടി കടന്നുപോകുമ്പോൾ തീഷ്ണമായ ജീവിതത്തിന്റെ കഥകൾ നമുക്ക് നൽകിയ , കവിതകൾ നമുക്ക് നൽകിയ, തന്റെ ജീവിതം കൊണ്ടും എഴുത്തു കൊണ്ടും ജീവിതത്തെ തുറന്നു കാണിച്ച ഈ എഴുത്തുകാരിയുടെ ഓർമ്മ ദിവസം കൂടി കടന്നു പോയിരിക്കുന്നു. ഇനിയും കടന്നു വരും മെയ് 31 കൾ  ജീവിതത്തിൽ ഓരോ ദിനവും കുതിച്ച് പാഞ്ഞ് വേഗത പ്രാപിക്കുന്ന നമ്മുടെ ഓക്കെ ജീവിതത്തിൽ എത്ര കാലം വരെ ആ കഥകളുടെ എഴുത്തുകളുടെ ,ജീവിതത്തിന്റെ സ്മരണകളിൽ നിന്ന് എഴുത്തുകാരിയേ നമ്മൾ ഓർമ്മിക്കും. ഈ എഴുത്തുകാരിയ മാത്രമല്ല ,നമ്മുക്ക് അവരുടെ ജീവിതം കൊണ്ട് കഥകളും കവിതകളും തന്ന് കാലത്തിന്റെ അനിവാര്യതയിലെക്ക് മറഞ്ഞു പോയ എത്രയോ എഴുത്തുക്കാർ ,അവരെ ക്കൈയും . നാളെകളിൽ ഓർക്കുമോ ,എന്നാർക്കറിയാം.