പേരുകളില്‍ തുടങ്ങുന്ന ചില വായനകള്
നമ്മള് ചില പുസ്തകങ്ങള് വായനക്ക് എടുക്കുന്നത് ,ആ പുസ്തകങ്ങളെ പറ്റി ആരെങ്കിലും നിന്ന് അറിഞ്ഞിട്ടോ,എവിടെ എങ്കിലും നിന്നും വായിച്ചിട്ടോ ഒക്കെയാണ്.പുസ്തകശാലകളിലോ,മേളകളിലോ പുസ്തകങ്ങള് തപ്പി നടക്കുമ്പോള് ചില പുസ്തകങ്ങളുടെ പേരുകളില് നമ്മുടെ കണ്ണുകള് ഉടക്കി നില്ക്കും .ആ പുസ്കത്തിന്റെ പേരോ,ആ എഴുത്തുകാരനെയോ മുമ്പ് പറഞ്ഞ വഴികളിലോന്നും നമ്മള് കണ്ടിട്ടും കേട്ടിടുമുണ്ടാകില്ല,എങ്കിലും ഒരു അടുപ്പം ആ പുസ്തകത്തോട് നമ്മുക്ക് തോന്നും.നമ്മള് വാങ്ങുകയും വായിക്കുകയും ചെയ്യുന്ന ആ പുസ്തകങ്ങളിലൂടെ ആ എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളുമായി നമ്മള് അടുക്കുകയായി,അങ്ങനെ അവര് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുന്നു.എല്ലാ വായനക്കാരെ പോലെ പേരുകള് കൊണ്ട് ഇഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങള് എന്റെ വായനാ ജീവിതത്തിലുമുണ്ട്.പി.എന്.ദാസ് മാഷിന്റെ ജീവിത ഗാനം,വി.മുസഫര് അഹമ്മദിന്റെ മയിലുകള് സവാരിക്കിറങ്ങുന്ന ചെരിവുകള്, ഷൌക്കത്തിന്റെ നിത്യാന്തരംഗം,അര്ഷദ് ബത്തേരിയുടെ ചുരം കയറുകയാണ് ഇറങ്ങുകയാണ്,ഷാനവാസ്.എം.എയുടെ ഏകാന്തയാത്രകള്, പുസ്തങ്ങളുടെ പേരുകളോട് തോന്നിയ സ്നേഹം എന്നെ ഈ പുസ്തകങ്ങളുടെ വായനക്കാരനാക്കുകയും എഴുത്തുകാരുടെ മറ്റ് പുസ്തങ്ങളുടെ വായനയിലെക്ക് എത്തിക്കുകയും ചെയ്തു.
ജീവിത ഗാനം എന്ന പേര് എത്ര മനോഹരമാണ്,ഇന്നത്തേ ലോകത്തില് ജീവിക്കുക എത്ര ഭാരിച്ച ജോലിയാണ്,അവിടെ, ജീവിതത്തേ ഒരു ഗാനമായി കാണാനാണ് ദാസ് മാഷ് നമ്മളോട് ഈ പുസ്തത്തിലൂടെ,എഴുത്തിലൂടെ പറയുന്നത്.പ്രതീക്ഷ ശ്രുതി മുതല് മൃത്യു ശ്രുതി വരെ 108 ശ്രുതികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല് മരണം വരെയുള്ള സമയങ്ങളില് കടന്നു പോകുന്ന വിവിധ സന്ദര്ഭ്ങ്ങളെ ഓര്മ്മിതപ്പിക്കുന്ന വാക്കുകള് പിന്നില് ശ്രുതി കൂടി വരുമ്പോള് ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ഉൌര്‍ജ്ജ്ം ഈ ചെറു കുറിപ്പുകളില് നിന്ന് കിട്ടുന്നു.ജീവിതത്തിന്റെ തത്ത്വചിന്തയെ ലളിതമായ കുറിപ്പുകളിലൂടെ പകര്ത്തു മ്പോള് ഇത് വായിക്കുന്ന ഏതോരു വായനക്കാരനും അത് സ്വന്തം ജീവിതാനുനുഭവം കൂടി ആകുന്നു .ജീവിതം ഓരോരുത്തരോടും മന്ത്രിക്കുന്നു.”നിന്റെ ഓടക്കുഴലെടുക്കുക.സമയം വേഗം പോകുന്നു,പാട്ട് തെറ്റാതെ പാടാനുള്ള അവസരം ഉപയോഗിക്കുക കര്ട്ടന് വീഴും മുമ്പ് നിങ്ങളുടെ ജീവിതഗാനം നിങ്ങള് പാടിയിരിയ്ക്കണം”..ഈ വരികളോടെ ആണ് ഈ ശ്രുതികള് തുടങ്ങുന്നത്.ഒരോ ജീവിതത്തിനും ഒരു ഗാനമുണ്ടെന്നും അത് തെറ്റാതെ പാടാനുള്ള അവസരം നമ്മള് ഉപയോഗിക്കാതെ പോകുമ്പേഴാണ് ജീവിതഗാനത്തിന്റെ ശ്രുതി തെറ്റുന്നത്.ഈ പുസ്തകത്തിലെ ഒന്നാമത്തെ ശ്രുതിയായ പ്രതീക്ഷാശ്രുതിയില്‍ ഗൌതമബുദ്ധന്റെ ഒരു വാക്യത്തോടെ തുടങ്ങുന്നു “അന്യരെ വേദനിപ്പിക്കാതെ ജീവിത പുലര്ത്താനുള്ളത് സമ്പാദിക്കാന് കഴിയുന്നവന് അനുഗ്രഹിക്കപ്പെട്ടവനാണ്”.ഇന്ന് ജീവിതത്തില് സമ്പാദിച്ച് കൂട്ടുവാന് എന്ത് നേറികേടും ചെയ്യാന് തയ്യാറായ ഒരു സമൂഹത്തില് നിന്ന് ചെറു കുറിപ്പിന്റെ അവസാന വരികളിലെക്ക് വായന എത്തുമ്പോള് ഇന്ന് നമ്മുക്ക് ജീവിതത്തില് നഷ്ടമായ സ്നേഹവും,കരുണയും ക്ഷമയും തിരികെ എത്തും എന്ന പ്രതീക്ഷ വച്ച് പുലര്ത്താം .സ്നേഹ ശ്രുതി,വിദ്യാ ശ്രുതി, കര്മ്മശ്രുതി, പ്രാര്ത്ഥനാശ്രുതി, രോഗശ്രുതി, മാതൃശ്രുതി, യുദ്ധശ്രുതി, വായനശ്രുതി, ദാരിദ്രശ്രുതി സത്യശ്രുതി, നിലാവിന്റെശ്രുതി, എളിമശ്രുതി, സംഗീതശ്രുതി ഭയശ്രുതി,ധ്യാനശ്രുതി,ശൂന്യതയുടെശ്രുതി ലാളിത്യശ്രുതി, സ്വയംഅറിവിന്റെശ്രുതി എന്നിവ ഉള്പ്പെടെയുള്ള108 ശ്രുതികളിലൂടെ അവസാന ശ്രുതിയായ മൃതിശ്രുതി തുടങ്ങുന്നത് “എല്ലാം മണ്ണടിയുന്നതാണ്” എന്ന ധ്യാന ഗുരുദാദാലേഖരാജിന്റെ വാക്കകളിലൂടെയാണ്.ഈ 108 ശ്രുതികളുടെ ശരിയായ വായനയിലൂടെ സ്നേഹത്തിന്റെ, കരുണയുടെയും ക്ഷമയുടെയും ഗാനങ്ങള് നഷ്ടമായ നമ്മുടെ ഒക്കെ ജീവിതത്തില് അവ തിരികെ എത്തുന്നതിനും ജീവിതം മനോഹരമായ ഒരു ഗാനമായി ജീവിച്ച് തീര്ക്കുന്നതിനും കഴിയും എന്ന് തീര്ച്ചയാണ്.
മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടുള്ള യാത്ര എത്ര മനോഹരമായിരിക്കും,നിങ്ങള് ഒന്ന് ചിന്തിച്ച് നോക്കൂ.അതു പോലെ എന്റെ വായനയിലെക്ക് എത്തിയ എഴുത്തുകാരന്റെ ഓര്മ്മകളുടെ പുസ്തകത്തെ മനോഹരമാക്കുന്നു ഈ പേരും,കുട്ടിക്കാലത്ത് മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടെ കാടു കാണാന് പോയ ഓര്മ്മകളില് തുടങ്ങുന്ന എഴുത്തില് തന്റെ കാട് അനുഭവങ്ങള് മനോഹരമായി പകര്ത്തുന്നു,കാടിനുള്ളിലെ പ്രകൃതിയേയും ,ജീവജാലങ്ങളെയും അവരുടെ ജീവിതത്തിന്റെ പ്രത്യേകതകളും നമ്മുക്ക് നല്ലോരു കാടനുഭവം തരുന്നു.സൈലന്റെ വാലിയില് മൃഗങ്ങളുടെ സെന്‍സസ് എടുക്കുന്നതിനിടയിലെ അനുഭവങ്ങളുടെ വിവരണവും,ആ യാത്രയില് ലേഖകനോപ്പം ഉണ്ടായിരുന്നവരെ(ഇന്ദുചൂഡന് മാഷും, പി.എന്.ഉണ്ണികൃഷ്ണന്, രാജന്ഗുരുക്കള്, കുഞ്ഞികൃഷ്ണന് മറ്റും)കുറിച്ചുള്ള ഓര്മ്മകളും.അട്ടപ്പാടിയിലെ അഗളി ഗൂളിക്കടവിലെ സാരംഗില് ഗോപാലകൃഷ്ണന്-വിജയലക്മി ദമ്പതികള് ഫുക്കുവോക്കയുടെ ഒറ്റവൈക്കോല് വിപ്ളവത്തിന്റെ പ്രായോഗിക മാതൃക തീര്ക്കാന് നടത്തുന്ന ശ്രമങ്ങളെ പറ്റിയും ഈ അദ്ധ്യായത്തില് വിവരിക്കുന്നു.ഒരോ കാടുകളിലെക്ക് നടക്കുന്ന ഒരു യാത്രകളും ഒരോ അനുഭവങ്ങളാണ് എന്ന് ഈ എഴുത്തില് നിന്ന് ഇനിയും കാടിന്റെ ഉള്ളിടങ്ങള് കാണാത്തവര്ക്ക് ബോദ്ധ്യമാവും.നാട്ടിലും മറുനാട്ടിലും നടത്തിയ യാത്രകളുടെ അനുഭവങ്ങളുടെ എഴുത്തുകളിലൂടെ വായനക്കാരും ആ യാത്രകളില് പങ്കാളികളാകുന്നു. ബെല്ലാരി,മാമാങ്കം,കുടിയേറ്റം. പകലുകളും രാത്രികളും,കോഴിക്കോട്ട്.വീട്ടുസിനിമകള്, മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടെ,രാജ്യം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്,മഞ്ഞരളിക്കായ തിന്ന് മരിച്ചവളുടെ വോട്ട് മണല്നിലങ്ങളില് അതിജീവിക്കുന്ന അവള്,വീട്ടിലേക്കുള്ള ദൂരെ,വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള് എന്നീ 9 അദ്ധ്യയങ്ങളില് നമ്മള് എത്തിപ്പെടാത്ത് പല ലോകങ്ങളും കാണുന്നു.
ഒരു നിയോഗം പോലെ ഗുരുവിനോപ്പം നാലുവര്ഷത്തോളം കഴിയാന് ലഭിച്ച അനുഭവത്തിന്റെ സ്മൃതി.17 അദ്ധ്യായങ്ങളുള്ള ഗുരുവും ഞാനും,19 അദ്ധ്യായങ്ങളുള്ള ശ്രുതിയും ഉപസംഹാരവും ഉള്ളപെടുന്നതാണ് ഷൌക്കത്തിന്റെ നിത്യാന്തരംഗം,യതിയോടൊത്തുള്ള നാളുകള് എന്ന പുസ്തകം.തന്റെ ജീവിതം ആദ്യത്മിക ജീവിത്തിലെക്ക് തിരിയുന്നതിന്റെ ലഘു വിവരണത്തോടെയും ഗുരുവുനെ കാണാനുള്ള ആദ്യ യാത്രയുടെ ഹൃദ്യമായ വിവരണത്തോടെയും പുസ്തകം വായിച്ചു തുടങ്ങാം,അവിടെ പ്രാര്ത്ഥനാ ക്ളാസില് വച്ച് ഉണ്ടായ അനുഭവവും പിറ്റേന്ന് തിരികെ പോരുമ്പോള്‍ ഗുരുവിനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള് ഗുരു ഒന്ന് തിരിഞ്ഞ് നോക്കാതിരുന്നത് തന്നെ എത്രത്തോളം വേദനിപ്പിച്ചു എന്നുള്ള വിവരണവും ഈ അദ്ധ്യായത്തില് വായിക്കാം.വീണ്ടും ഗുരുവിനെ കാണുന്നതിനായി ഗുരുവിന്റെ അടുത്ത് എത്തുന്നതും, ഹൈന്ദവ ധര്മ്മത്തിലെക്ക് ഒരു മനീഷിക്കുള്ള വഴികാട്ടി എന്ന പേരില് വിവര്ത്തനം ചെയ്ത ഗുരുവിന്റെ പുസ്തകം പകര്ത്തി എഴുതാന് ഏല്പ്പിക്കുകയും,ആ പകര്ത്തി എഴുത്തിനിടയില് താൻ പോലും അറിയാതെ ഗുരുകുലത്തിലെ അന്തേവാസിയായി തീര്ന്നതും വിവരിക്കുന്നു.പുസ്തകത്തിന്റെ പകര്ത്തേഴുത്ത് കഴിയുന്നത്തോടെ തന്നെ ഗുരുകുലത്തില് നിന്ന് പറഞ്ഞു വിടുമോ എന്ന വിചാരത്തിനിടയില് വീണ്ടും കത്തുകളും,കേട്ട് എഴുതാനും മറ്റോരു പുസ്തകം പകര്ത്തി എഴുതാനും എല്‍പ്പിക്കുന്നു,ഇതിനിടയില് അസുഖമുണ്ടാകുന്ന ഗുരുവിനെ ശുശ്രുഷിക്കാനുള്ള അവസരവും,അടുപ്പവും,ഗുരുവിനെ കുറിച്ചെഴുതിയ ഭക്തി-യതിയുടെ നിര്വചനം എന്ന പ്രബന്ധം ഗുരു കാണാനും പ്രസിദ്ധിക്കരിക്കാനും ഇടയാകുന്നതും ഗുരുവുമായി കൂടുതല് അടുക്കാന് അവസരം ലഭിച്ചതിലുള്ള സന്തോഷം ഈ അദ്ധ്യങ്ങളില് കാണാം.ആദ്യ ഭാഗത്തിന്റെ അവസാന അദ്ധ്യങ്ങളായ സമാധി,യാത്രമൊഴി എന്നീവയില് ഗുരുവിന്റെ അവസാന നാളുകളിലെ അനുഭവങ്ങളുടെ വിവരണങ്ങളാണ്.രണ്ടാം ഭാഗത്ത് ഗുരുവിനോടോത്തുള്ള വിവിധ സന്ദര്ഭങ്ങളുടെ വിവരണങ്ങളാണ് അടങ്ങിരിക്കുന്നത്,പുറന്താളിലെ വരികളില് ഷൌക്കത്ത് എഴുതുന്നു,ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില് നിന്നും അടര്ത്തിയെടുത്ത ചില താളുകള്,എന്നും ആര്ക്കും നന്മചൊരിയുന്ന ഹൃദയത്തിന്റെ സ്പന്ദനം ആ താളുകളെ പുണര്ന്നു നില്ക്കുന്നതായി എനിക്കു തോന്നി.അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കമെന്നുറപ്പിച്ചു.വലിയ തത്ത്വചിന്തയോ അദ്ഭുതങ്ങളോ ഒന്നുമില്ല.ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്.കൊച്ചു കൊച്ചു കാര്യങ്ങള് അത്രമാത്രമാണ് ഈ പുസ്തകത്തിനുള്ളില് ഷൌക്കത്ത് കുറിക്കുന്നത്.
ചുരത്തിലെ യാത്ര പോലെയാണ് ജീവിതവും,കയറ്റവും ഇറക്കവും ചേര്നുള്ള സഞ്ചാരം,അര്ഷദ് ബത്തേരിയുടെ ഓര്മ്മകള് ചുരത്തിന്റെ കയറ്റവും ഇറക്കവുമായി ഇഴചേര്ന്നിരിക്കുന്നു.കഥ ആവശ്യപ്പെടുന്ന സ്നേഹം നിറഞ്ഞ ചില പത്രാധിപന്മാരുടെ നിര്ബന്ധത്തിനു വഴങ്ങി കഥ എഴുതുവാനുള്ള പിശുക്കന് സ്വഭാവത്തെ ലംഘിക്കുവാന് കഴിയാതെ വരുമ്പോള് അവര്ക്കായി എഴുതിയ കുറിപ്പുകളാണ് ഈ ഓര്മ്മകളുടെ വരികള് എന്ന എഴുത്തുകാരന് തുടക്കത്തില് കുറിക്കുന്നു.കുട്ടിക്കാലത്ത് ചുരം ഭയത്തിന്റെ മഹാസഞ്ചാരമായ ഇറക്കവും കയറ്റവുമാണ്,ചുരമെത്തിന്റെ തൊട്ട് മുന്‍പ് വരെ ഉള്ള ആഹ്ളാദം ചുരം കയറുമ്പോള് അവസാനിക്കുന്നു.എന്നാല് കൌമാരത്തില് ചുരം ഒരു ആവേശമായി മാറുന്നു.യൌവനത്തില് ഒറ്റക്കുള്ള യാത്രകളില് ചുരം നിരവധി വികാരങ്ങളാല് കുളിരു നിറയുന്ന നിമിഷങ്ങളാല് ഭാവനയുടെയും അന്വേഷണത്തിന്റെയും ആവേശത്തിന്റെയും കയറ്റിറക്കങ്ങളായി മാറികയും,വ്യത്യസ്ഥ നേരങ്ങളില് വ്യത്യസ്ഥ നിറങ്ങളില്,രൂപങ്ങളില് ചുരത്തിന്റെ ദ്യശ്യഭംഗി കണ്ണുകളിലൂടെ എഴുത്തുകാരന്റെ ഹൃദയത്തില് വന്ന് പതിയുവാനും തുടങ്ങി.ഒടുവില് ജീവിതം മുന്നോട്ട് പോകുന്തൊറും ചുരം ഇറങ്ങതെയും കയറാതെയും മുന്നോട്ട് ചലിക്കുവാന് കഴിയാത്ത വണ്ണം മാറുന്നു ജീവിതം. വളവുകളും തിരിവുകളും ഗര്ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ വാരിയേല്ല് പോലെ കിടക്കുന്നു ഇന്ന് എഴുത്തുകാരന് ചുരം.താമസിക്കുന്നത് വയനാട്ടിലും ജോലി ചെയ്യുന്നത് കോഴിക്കോട്ടുമാകുമ്പോള്,ചുരം കയറാതെയും ഇറങ്ങാതെയും ജീവിതം മുന്നോട്ട് പോകുവാന് കഴിയില്ല,തന്റെ ജീവിതത്തിന്റെയും സ്വപ്നത്തിനുമിടയിലെ പാലമാണ് വയനാടൻ ചുരം,ചുരമിറങ്ങി സുഹൃത്തുകളെ-നല്ലവരെയും ചീത്തവരെയും –സമ്പാദിച്ചു,ജോലിയും വരുമാനവുമായി,തണുപ്പ് കൊള്ളുന്ന നാട്ടില് നിന്നും ചുരമിറങ്ങിയാല്‍ ചുട്ടു പൊള്ളുന്ന നാട്ടിലെക്കുള്ള യാത്ര,അത് ജീവിതം പോലെ തന്നയുള്ള യാത്രയാണ്.ഇപ്പോള് ചുരത്തേക്കാള് കുത്തനെയുള്ള ജീവിതത്തിന്റെ ഭാരവുമായി തന്റെ കയറ്റവും ഇറക്കവും തുടര്ന്നു് കൊണ്ടിരിക്കുന്നു, സന്തോഷങ്ങളെ കയറ്റി കൊണ്ട് പോവുകയും സങ്കടങ്ങളെ ഇറക്കി കൊണ്ട് പോവുകയും ചെയ്യുന്ന ഈ ജീവിത യാത്രയില് വളവ് തിരിവുകളുടെ ഗര്ത്തങ്ങളെ കണ്ട്,അപായസൂചനകളുടെ ഗൂഡാര്ത്ഥങ്ങള് തിരിച്ചറിഞ്ഞുള്ള ഒരു ജീവിത പ്രയാണം നടത്തുന്ന എഴുത്തുകാരൻ ചുരം കയറി ഇറങ്ങുന്നവൻ എന്ന നിലയില്‍ ഉള്ളുറപ്പുള്ള ഒരുവനായി കൂടുതല് കരുത്താര്ജ്ജിക്കാനുള്ള ഈ കയറ്റിറക്കങ്ങള് തന്റെ ജീവിതത്തിന്റെ വാരിയേല്ല് തന്നെയായി കണക്കാക്കുന്നു.പെണ്ണേ നീ എനിക്കെന്ത്,കൊലപാതകം,മഴ നനഞ്ഞ നോമ്പ്,ആദ്യവായനയുടെ കുന്നിൻപുറം,ഉമ്മയോളം വരില്ല ഒരു രുചിയും,പനി പിടിച്ച നിലവിളി,നിറങ്ങള് കോറിയിട്ട വളപ്പൊട്ടുകളും നനഞ്ഞ ചേമ്പിലയും,കൊച്ചുബാവ എന്ന കുതിര,ഓര്മ്മകളിലെ കൈമാറ്റം,ഒരു പരീക്ഷയും പെണ്കുട്ടിയും,ശ്രീനിവാസനും പിണ്ണാക്കും,ആ കടം തീരാൻ എത്ര കാലം കരയണം എന്നിങ്ങനെ13 അദ്ധ്യാങ്ങളിലായി തന്റെ അനുഭവങ്ങള് വരച്ചിട്ടിരിക്കുന്നു.ഈ അനുഭവങ്ങളെ പിന്ചട്ടയില് കുറിച്ചിട്ടിരിക്കുന്ന വാക്കുകളിലുടെ സംഗ്രഹിക്കാം ബാല്യത്തിന്റെ നിഷ്കളങ്കമായ കുന്നുകളുടെ മുകളില് വച്ച് പൊലിഞ്ഞ് പോയ നട്ടുച്ചകളെ കുറിച്ച് എഴുതാന് മുതിര്ന്നപ്പോള് കണ്ണ് നിറഞ്ഞു,ബാല്യം നഷ്ടപ്പെടുന്നതിനെക്കാള് എത്രയോ വേദനാജനകമാണ് അതേ കുറിച്ച് എഴുതുന്നത്,കാഴ്ചയുടെ ദൂരസഞ്ചാരങ്ങള് പിന്നിട്ട ശേഷമുള്ള ഈ തിരിഞ്ഞു നോക്കലില് ഒരു പിടയലുണ്ട്.എന്നാലും ഹൃദയത്തിനു കണ്ണുകള് നല്കി ഓര്മ്മടെ അഗാതമായ ഗര്ത്തങ്ങളില് ഒരു പരതല്,നിറം കൊടുത്തും അല്ലാതെയും ഒരു പെറുക്കിവെക്കല് കയറ്റിറങ്ങളുടെ ഈ ജീവിതത്തെ കുറിച്ച് അതിന്റെ ഓര്മ്മകളെ കുറിച്ചുള്ള എല്ലാം ഈ വരികളില് ഉള്ചേര്ന്നിരിക്കുന്നു.
എല്ലാ യാത്രകളും ഏകാന്തയാത്രകളാണ് എത്ര കൂട്ടമായി സഞ്ചരിച്ചാലും ആ യാത്രികരുടെ കൂട്ടത്തില് ഒരോ യാത്രികനും ഒറ്റക്കാവുന്ന നിമിഷങ്ങളാണ് ഏറെയും.നമ്മുയുടെ ഉള്ളില് നമ്മള് ഒറ്റക്ക് നടത്തിയ യാത്രകളുടെ അനുഭവങ്ങള് ഏറെയും കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള് നല്ക്കുെന്ന അനുഭൂതികള് ഒന്ന് വേറെ തന്നെയാണ്.ഒരിക്കല് യാത്ര ചെയ്ത വഴികളിലൂടെ പിന്നീട് യാത്ര ചെയ്യാന് പലര്ക്കും പല കാരണങ്ങള് കൊണ്ടും കഴിയാറില്ല.എന്നാല് മനസ്സു ഇടം പിടിച്ച സ്മരണകള് കൊണ്ട് എത്ര തവണ വേണമെങ്കിലും ആ വഴികളിലൂടെ ഒരു ഏകാന്തയാത്ര സാദ്ധ്യമാണ്,എല്ലാ യാത്ര പുസ്തകങ്ങളും അത്തരത്തില് എഴുതപ്പെടുന്നതാണ്,എന്നാല് ഏകാന്തയാത്രകള് ഒരു യാത്ര പുസ്തകം മാത്രമല്ല യാത്രചിത്രങ്ങളുടെ പുസ്തകം കൂടിയാണ്, (Travelogue photo book)പുസ്തകത്തിന്റെ ആമുഖകുറിപ്പില് വിജു.വി.നായര് ഇങ്ങനെ എഴുതുന്നു,സീബ്ര,കറുപ്പില് വെളുപ്പോ അതോ മറിച്ചോ,ഏതാണ് വരകളുടെ സ്ഥായി,ഷാനവാസിന്റെ സ്ഥായിക്കുണ്ട് അങ്ങനെയൊരു സീബ്രാപ്പടുതി-ഫോട്ടോയോ, യാത്രയോ.എന്നാല് കുറിപ്പ് അവസാനിക്കുന്നിടത്ത് ആമുഖകുറിപ്പിനെ ആകെ നിരാകരിച്ചു കൊണ്ട് എഴുതുന്നു,ആമുഖം ഒരു ആര്ഭാടമാണ് മിക്കവാറും അനാവശ്യം,കാണാനുള്ളത് ഉള്ളടക്കമാണ്.ഈ വാക്കുകള് അന്വര്ത്ഥമാക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്പുറങ്ങള്.ഈ ഏകാന്തയാത്രകള് അക്ഷരങ്ങളിലൂടെ അറിയുന്നതിനെക്കാള് ഇതിലേ ചിത്രങ്ങളിലുടെ അറിയുന്നതാവും വായനക്കാര് ഇഷ്ടപ്പെടുക.വസന്തം, ഗ്രീഷ്മം,ശിശിരം എന്നിങ്ങനെ ചില കാലങ്ങള് എന്ന തലക്കെട്ടിന്റെ താഴെ ഈ അനുഭവങ്ങളെ കുറിച്ച് എഴുത്തുകാരന് പറയുന്നതിങ്ങനെ ചിതറിക്കിടക്കുന്ന കണ്ണാടികള്/സൂക്ഷിച്ചില്ലെങ്കില് ചീളുകള് തുളഞ്ഞുകയറും/ഏത് തുണ്ടാണ് ആദ്യം തെരഞ്ഞെടുക്കുക......?/ ആസക്തികളുടെ കാലം,വേര്പാചടുകളുടെ കാലം/എന്ന് കൃതൃതയോടെ വേര്തിുരിക്കാനാവുമോ?എന്നും,തന്റെ കാടുകയറിയ ഈ സങ്കല്പങ്ങളായിരിക്കും തന്റെ കാഴ്ചകളില് അലച്ചിലും ആസക്തിയും നിറച്ചതെന്നും,പല രൂപത്തില്,പല ഭാവത്തില്,ആജ്ഞാതമായ പ്രണയക്കുറിപ്പുകളില്,ഡയറികളില്,ചിത്രങ്ങളില് സന്ദേഹത്തോടെ കുറിക്കുന്നു. കുമോര്ത്തുളി, വിഷാദഗാനം,മണ്ണില് കടഞ്ഞെടുത്ത സൌന്ദര്യങ്ങള്, ,മെക്കോങ്ങിന്റെ മുഖപ്പ്,റഹേലയുടെ ആപ്പിള്ത്തോട്ടങ്ങള്,വരണാസി,മഹാകുംഭമേള,2013/അലഹബാദ്,നീറുന്ന നിറങ്ങളില് രാജസ്ഥാന്,കൊല്ക്കൊത്ത,ദുബായ്/ഫുജൈറ/ഷാര്ജാ/അബുദാബി/ഇങ്ങനെ ചില മണല്നഗരങ്ങള്, ഇങ്ങനെ പകുക്കുന്നു തന്റെ യാത്രയുടെ ഓര്മ്മകളെ.ഇവ ഒരോന്നും വായനക്കാള് നമ്മെ ഭ്രമിപ്പിക്കുന്നത് മനോഹരമായ ചിത്രങ്ങളാണ്.യാത്ര ചെയ്ത് എത്തുന്ന ദേശങ്ങളില് നിന്ന് ഒപ്പി എടുത്ത നിറപകിട്ടാര്ന്നതും ദുഖഭരിതമാര്ന്ന തുമായ പകര്ച്ചകളാണ് ഉള്പ്പുറങ്ങള് നിറയേ.ഒരോ പുറങ്ങളും കടന്നു പോകുമ്പോള് ആ ചിത്രങ്ങളില് വായനക്കാരന്റെ മനസ്സും ഏകാന്തമാക്കുന്നു. പുസ്തത്തിന്റെ ഒടുവിലത്തേ പുറത്തിലെ ചിത്രം കൃഷിടങ്ങളുടെ പരിസരത്ത് നില്ക്കുന്ന ഒരു വൃദ്ധ കര്ഷകന്റെയാണ്,തന്റെ ജീവിതത്തിന്റെ വാര്ദ്ധക്യത്തിലെത്തിയ കര്ഷകകന്റെ മനസ്സില് നിന്ന് എന്ന പോലെ ഈ വാക്യങ്ങള് അവിടെ യാത്രികന്‍ കുറിച്ചിടുന്നു.i am almost a hundred years old.wating for the end,and thinking about the beginning….ഇങ്ങനെ തുടങ്ങുന്നു ആ വാക്കുകള്.
ഈ അഞ്ച് പുസ്തകങ്ങളും മുമ്പ് എങ്ങോ വായിച്ച് കടന്നു പോയവയാണ് എന്നാലും ആ പേരുകള് ഇന്നും അവയിലെക്ക് എന്നെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.




