Monday, December 6, 2021

ഒലിപ്പ് അഥവാ തേപ്പ്

ജീവിതത്തിൽ 
നിന്ന് പ്രണയം 
ഒലിച്ചു (തേച്ചിട്ട് )
പോയേങ്കിൽ 
എന്തു ചെയ്യും ?

പണ്ടായിരുന്നെങ്കിൽ 
നല്ല ആഴമുള്ള ആറ്റിൽ 
മണൽ വാരാനോ 
ഉപ്പുവെള്ളം നിറഞ്ഞ 
കായലിൽ കക്ക 
വാരാനോ 
നല്ല ഓളമുള്ള കടലിൽ 
മീൻ പിടിക്കാനോ  
മണ്ട പോയ കൊന്ന 
തേങ്ങിന്റെ കുടുന്ത 
വെട്ടാനോ 
നിറയേ നീറുള്ള മാവിൻ 
കൊമ്പത്തെ കടുന്നലിനെ 
ഇളക്കാനോ ,പോകാമായിരുന്നു.

ഇന്നാണെങ്കിൽ
ഒരു സെക്കന്റെ ഹാന്റെ 
ബുള്ളറ്റ് വാങ്ങി
ഫുൾ ടാങ്ക് പ്രട്രോളും
അടിച്ച് (കടം വാങ്ങിട്ടായാലും )
എങ്ങോട്ടോ
ഒടിച്ച് പോകുന്ന വഴിക്ക് ,
ആറും കാടും കുന്നും 
പോലെ തോന്നിക്കുന്നിടത്ത് 
നിന്ന് ഷേൽഫി എടുത്തും 
വഴിയിൽ കാണുന്ന 
തട്ടുകടയിൽ നിന്ന് 
കട്ടൻ ചായയും കുടിച്ച്
മീൻ പൊരിച്ചതിന്റെയും 
ഇറച്ചി വരട്ടിയതിന്റെയും
ഫോട്ടം പിടിച്ചും ,ചുമ്മാ 
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും
ഇട്ട് ലൈക്കും കമന്റും 
നോക്കി ഇരിക്കാമായിരുന്നു . 
കാശുണ്ടേങ്കിൽ
സ്മിർനോഫ് കുപ്പിയുടെ
കഴുത്ത് ഞരിച്ച് വെളളമില്ലാതെ 
നെഞ്ച് കത്തിക്കാമായിരുന്നു.

ഇങ്ങനെ ഒക്കെ ചെയ്താലും 

ഒലിച്ചു പോയതായാലും
തേച്ചിട്ട് പോയതായാലും
ഈ പ്രണയമാക്കെ തിരിച്ച് 
വരും എന്ന് യാതോരു ഉറപ്പും 
ഇല്ലാതെ സ്ഥിതിക്ക് .

അടുത്ത വണ്ടിക്ക് 
കൈ കാണിക്കാമായിരുന്നു 
നിർത്തിയാലും ഇല്ലേങ്കിലും .

കവിതകൾ

ഒത്തിരി കവിത ഒന്നും
എഴുതിട്ടില്ല, 
ഒരു നാലഞ്ച് എണ്ണം ,
എല്ലാം ലളിതമായിരുന്നു .
എഴുതാനറിയാത്തവനും 
വായിക്കാമായിരുന്നു .
എഫ്.ബിയിൽ ഇട്ടപ്പോൾ 
വായിക്കാത്തവൻ 
ചുമ്മാ ലൈക്ക് അടിച്ചു .
വായിച്ചവൻ ഒന്ന് ശങ്കിച്ചു ,
പിന്നെ മുകളിലോട്ടും 
താഴോട്ടും വിരലോടിച്ചു ,
അവിടെ ഘന ഗംഭീരന്മാർ 
കുറച്ചുണ്ടായിരുന്നു 
വാക്കുകളുടെ ,വരികളുടെ 
എണ്ണവും അർത്ഥവും 
തൂക്കി നോക്കി 
ഇതോ കവിത 
എന്ന് കമന്റി .
പിന്നാലെ പിന്നാലെ 
അഞ്ചാറ് ആയപ്പോൾ ,
പിന്നെ ജീവനിൽ 
കൊതിയുള്ളവരാരും 
തിരിഞ്ഞു നോക്കിയില്ല .
അതോടെ എഴുതിയവൻ 
പണി നിർത്തി ,
ഇപ്പോൾ മാസ്ക് വില്പനയാണ് 
വഴി സൈഡിൽ .

ആഗ്രഹങ്ങൾ

പണ്ട് ,
കവിയാകുവാൻ ആഗ്രഹിച്ചിരുന്നു ,
കഥഴെഴുതുവാൻ ശ്രമിച്ചിരുന്നു ,
ചമയങ്ങൾ തേടി പോയിരുന്നു ,
നിറഞ്ഞു പോകുന്ന ബസ്സിലേക്കും
തീവണ്ടി അകന്നു പോകുന്ന 
പാളങ്ങളിലേക്കും
ഓളങ്ങൾ അവശേഷിപ്പിച്ച് മറയുന്ന
യാത്രയാനങ്ങളിലേക്കും 
ആർത്തിയോടെ കാണാ ദേശങ്ങളുടെ
സ്വപ്നങ്ങൾ കണ്ടിരുന്നു ,
വർണ്ണങ്ങൾ നിറഞ്ഞ 
പ്രണയ കുമിളകൾക്ക് പിറകേ 
എത്ര ദൂരങ്ങൾ ഓടി തളർന്നിരുന്നു .

ഒടുവിൽ ,
ഇതിനിടെ എപ്പോഴോ 
ഒരു നിമിഷത്തിൽ 
ഒരു നേര് പോലെ 
ജീവിതം മുന്നിൽ വന്ന് 
നിന്നപ്പോൾ 
ഇന്നലകളെയും നാളകളെയും 
മറന്ന് 
ഇന്നിന്റെ മാത്രം 
യാത്രികനായി.
അവിടെ കവിതയും ,കഥകളും ,
ചമയങ്ങളും ,
മോഹിപ്പിക്കുന്ന ദേശങ്ങളും ,
പ്രണയങ്ങളും ഒന്നുമില്ല ,
ആകെയുള്ളത് 
ഒരു പകപ്പ് മാത്രം 
ജീവിതം എന്ന നേര് മാത്രം 
ആ നേരിന്റെ പകപ്പ് മാത്രം.

Saturday, November 20, 2021

വെറുതെ മറിച്ച് നോക്കുമ്പോൾ


കൈയിലെടുത്ത മാസിക
താളുകൾ
മറിച്ചു നോക്കി
കഥയും കവിതയും
കാണുമ്പോൾ ,
അവയിലേ ചിത്രങ്ങളിൽ
നിന്ന് പലതും
വെറുതെ തുറിച്ചു
നോക്കുന്നുണ്ടായിരുന്നു .
പേജുകൾക്ക് അകമേ
വരികളിൽ കത്തുന്ന
രാഷ്ട്രീയത്തിന്റെ
ദുർഗന്ധമോ, ഏതോ
ഒരു സിനിമയേ പറ്റിയുള്ള
പരഭൂക്ഷണമോ ,
ആരോ ഒരാൾ വരച്ച
ഒരു ചിത്രത്തിന്റെ
അലകും പിടിയും
മാറ്റാൻ ഒരുമ്പെടുന്ന
ഒരുവനെയും കണ്ടിരിക്കുമ്പോൾ .
മെച്ചമുള്ള ജീവിതം
വച്ചു നീട്ടുന്ന
എത്രയോ കാര്യങ്ങൾ
കടും നിറങ്ങൾ പൂശി
മുക്കിലും മൂലയിലും
ഇരുന്ന് ഇടംകണ്ണിട്ട്
നോക്കുന്ന പേജുകളും കടന്ന് .
ഒടുവിൽ ,
പുറത്തെ പുറംചട്ടയിലെ
ബഹുവർണ്ണങ്ങളെ നോക്കി
കണ്ണു പുളിക്കുമ്പോൾ ,
ഒന്നും വായിക്കതെ പേജ്
വെറുതെ മറിച്ചാണല്ലോ
ഇവിടെ വരെ
എത്തിയതെന്ന ദു:ഖത്തിൽ
മനസ്സും ശരീരവും
വലിഞ്ഞു മുറുകുമ്പോൾ .
ഈ പേജുകളൊക്കെ ചുമ്മാ
മറിച്ച് നോക്കാനുള്ളതാണേന്ന്
ആശ്വസിച്ച് ,
കയ്യിലുള്ളത് താഴെ വച്ച്
ഇതേ പോലെ തന്നെ
മറിച്ചു നോക്കുന്നു അടുത്തതും .

ഒരല്പം ജീവിതം


ഒരു ചായക്കോപ്പയുടെ
അടിയിൽ പറ്റിക്കിടക്കുന്ന
പൊടിയും അല്പം ചായയും
മാത്രം ബാക്കിയായ
കടുംചായിൽ നിന്നും
പൊടിയേ മാത്രം
ബാക്കിയാക്കി കുടിക്കുമ്പോൾ
നിങ്ങൾക്ക്
എന്താണ് തോന്നുന്നത് .
എന്തെല്ലാമോ
ഓർത്തും ഓർക്കാതേയും
കണ്ടും കാണാതെയും
ജീവിച്ച ജീവിതം
മെല്ലേ
നിങ്ങളിൽ നിന്ന്
അകന്നുപോകുമ്പോൾ
മിച്ചമാവുന്ന
ഒരല്പം ജീവിതത്തേ
ആധിയോടെ ആശയോടെ
മെല്ലേ കുടിക്കുന്നതായി
തോന്നുന്നുണ്ടോ ?
ഉണ്ടേങ്കിൽ
അതാണ് ചങ്ങാതി ജീവിതം
അതു മാത്രമാണ് ജീവിതം .
മിച്ചമായ ഒരൽപം
കടും ചായക്കും ചണ്ടിക്കും
ഇടയിൽ നിന്ന്
വലിച്ചു കുടിയ്ക്കുന്ന
ആ ജീവിതത്തിനാണ്
ഏറേ മധുരം എന്ന്
ഓർക്കാത്തതെന്തേ ?

വിശ്വാസത്തിന്റെ ഇടവഴി


എന്തു പറഞ്ഞാലും
നീ എന്റെതല്ലേ
എന്നു തുടങ്ങുന്ന
ആ പാട്ട്
പല തവണ
പല തവണ കേട്ട്
പാട്ടിലെ വരികൾ
പലതവണ പലതവണ
വിശ്വസിച്ചിട്ടുണ്ട്.
ജീവിതം ജീവിച്ചു
തീർക്കുമ്പോൾ
പാട്ടും പാട്ടിലെ
വരികളുമല്ല ജീവിതമെന്ന്
പാടാൻ പഠിക്കുകയും
നിനക്ക് നിന്റെതെന്നും
എനിക്ക് എന്റെതെന്നും
തോന്നുന്ന ജീവിതവും
ഞാൻ എന്റെതെന്നും
നീ നിന്റെതെന്നും
വിശ്വസിക്കുന്ന വിശ്വാസവും
കേട്ട പാട്ടുകൾക്ക്
അപ്പുറമാണ് എന്നും
വിശ്വസിച്ചു
പിന്നെ പാട്ട്
കേൾക്കുന്നത്
നിർത്തുകയും
ജീവിതം വിശ്വാസത്തിനും
അവിശ്വാസത്തിനും
നടുവിലുടുള്ള ഇടവഴി
ആണ് എന്ന് വിശ്വസിച്ച്
ഇനിയുള്ള
ജീവിതം ആ
വിശ്വാസത്തിന്റെ
ഇടവഴിയിലൂടെ നടന്നു
തുടങ്ങുകയും ചെയ്തു.

വെറുതെ ഓർക്കുന്നത്

 

എന്തിനെന്തിനോടോക്കെ
ജീവിതം ചൊല്ലി
എന്ത് എന്തിനാണ്
ഇങ്ങനെ ജീവിക്കുന്നത് .
എന്ത് എന്തൊക്കേയാണ്
ഈ ജീവിതത്തിൽ
വെറുതെ ചൊല്ലി ചൊല്ലി ,
എന്തെന്തെ ഓക്കെ
ആയില്ല എന്ന്
വെറുതെ വെറുതെ
ഓർമ്മിക്കുന്നത് .
എന്തെന്തെ ഒക്കെ
ഓർമ്മിക്കാതിരുന്നാൽ
ജീവിതം ഒന്നുമൊന്നും
ഓർക്കാതെ വെറുതെ
ജീവിച്ചു തീർക്കാമല്ലോ

നിലാവ് പോലെ


കവിത എഴുതി എഴുതി
പോകെ ,കഥ
എഴുതാത്തതെന്തെ
എന്ന് ചിലർ .
ഇപ്പോൾ
കഥ എഴുതാനായി
കടലാസിൽ തലക്കെട്ടിട്ട്,
അടിവര വരച്ച് ,
തുറന്നു പിടിച്ച
പേനയുമായി ഏറേ
രാവും പകലുമായി
ഇരിക്കുന്നു .
കഥയില്ലാതെ ഉറഞ്ഞ
മനസ്സും ,
കഥ എഴുതാതെ ഉറഞ്ഞ
മഷിയുമായുള്ള
ഈ ഇരിപ്പിൽ
ഒരു കവിത
എങ്കിലും വന്നെങ്കിൽ .
എന്നിലൂടെ ,
ഈ പേനാ തുമ്പിലൂടെ
പുറത്തേ ,
നിലാവ് പോലെ
എനിക്കും കവിതയ്ക്കും
പരന്ന് ഒഴുകാമായിരുന്നു .

Tuesday, August 17, 2021

ഓർമ്മകൾ

ഓർമ്മകൾ 

ഓരോ കാലത്തേ
ഓർമ്മകൾ,
സ്ഫടിക ജാറുകളിൽ 
അടച്ച ഗോലികൾ 
പോലെ .
കളി കണ്ടു 
നിന്നപ്പോൾ
കിട്ടിയ 
ഗോലികൾക്ക് 
ഇന്നും തിളക്കമുണ്ട് .
കളി പഠിച്ച കാലത്തേ
ഒക്കെയും
മങ്ങി തുടങ്ങിരിക്കുന്നു. 
ജയിക്കുക 
എന്ന് ചിന്തയോടെ
കളിച്ച കാലത്തേ ,
അവിടിവിടങ്ങളിൽ 
അടർന്നും പൊട്ടിയും 
നിറം മങ്ങി തുടങ്ങി.
ഈ കാലങ്ങളിലോക്കെയും 
നിറഞ്ഞിരുന്ന 
ജാറുകൾ പിന്നെ 
പാതിയായി പാതിയായി
ഒഴിഞ്ഞ് ,
ഗോലികളും ഓർമ്മകളും 
ഇല്ലാതെ 
കാലിയായിരിക്കുന്നു.
ഇന്നിപ്പോൾ 
കഴിഞ്ഞതെല്ലാം 
എന്തിനായിരുന്നു 
എന്ന തോന്നലിനെ 
സൂക്ഷിക്കുവാൻ 
എന്നിലുള്ളത് 
വക്കു പൊട്ടിയ 
നിറം മങ്ങിയ 
ആർക്കും വേണ്ടാത്ത 
ഒരു സ്പടിക 
ജാറു മാത്രം.

Thursday, August 12, 2021

പ്രണയം

പ്രണയം
ചിഞ്ഞ് അളിഞ്ഞ 
ഒരു ശവം 
പോലെയാണ്.
അത്
കൂറേ നാൾ 
കഴിയുമ്പോൾ 
എല്ലും തോലും 
മാത്രമാകും.
എല്ലും തോലും 
മാത്രമായ
പ്രണയത്തെ ഇന്ന്
ആർക്ക് വേണം.

കവിത പിന്നെയും

എഴുതാതെ പോയി 
എന്നതിനാൽ 
അച്ചടിക്കാതിരുന്ന 
ഒരു കവിത 
എന്റെ ഉള്ളിൽ 
നിന്ന് 
ഒളിച്ചോട്ടമായോ 
ആത്മഹത്യയായോ 
ഒരു മുട്ടൻ തെറി 
ആയോ 
പുറത്ത് വരാൻ 
സാദ്ധ്യതയുണ്ട്

സൗഹ്യദങ്ങൾ

സൗഹ്യദങ്ങൾ ഒക്കെ 
അങ്ങനെയാണ്,
ചില കാലങ്ങളിൽ 
പുഷ്പിക്കും ....
ചില കാലങ്ങളിൽ 
വാടി കൊഴിയും ...
പിന്നെയും 
എന്തേങ്കിലും 
ബാക്കിയുണ്ടേങ്കിൽ 
അത് ബാദ്ധ്യതയായി
മാറും ....

ജീവിതം - 2

തളിർത്ത ഇലകൾ 
പോലുള്ളപ്പോൾ
എന്തോരു 
ആത്മവിശ്വാസമാണ്.
എന്നാൽ 
പതിയേ വാടി  
തുടങ്ങുമ്പോൾ 
ചോർന്നു പോകുന്നു
ഈ കാലമത്രയും
ആർജ്ജിച്ചതോക്കെയും
ജീവിതത്തിൽ നിന്ന് .

ശബ്ദങ്ങൾ

രാത്രിയുടെ ഇരുട്ടിൽ 
എന്തെല്ലാം 
മനോഹര ശബ്ദങ്ങളാണ് 
നമ്മൾ
പക്ഷേ ഒന്നും 
അറിയുന്നുണ്ടാവില്ല 
ഉള്ളിൽ 
കഴിഞ്ഞു പോയ 
പകലിന്റെ 
അതിലേറെ ശബ്ദങ്ങൾ
എച്ചിലുകളായി
പുതഞ്ഞു കിടക്കുന്നതിനാൽ

ലഹരി

ചിലപ്പോളോക്കെ അങ്ങനെയാണ് ,
മനസ്സും ശരീരവും ജീവിതവും
മുറുകി പൊട്ടാറാകും .
ഇത് ആരോടെങ്കിലും 
പറഞ്ഞാലോ ,
ഒന്നോ രണ്ടോ പെഗ്ഗ് അടിക്കൂ
അപ്പോൾ അയഞ്ഞോളും 
എന്ന് സമാധാനിപ്പിക്കും .
ഈ പെഗ്ഗുകളുടെ 
ലഹരികൾക്ക് അപ്പുറം ,
വായിച്ച ഒരു പുസ്തകമോ ,
അതിലെ ചില വരികളുടെയോ .
ലഹരിയിൽ മുറുകിയതാണ് 
എന്ന് അവർ അറിയുന്നില്ലല്ലോ

" എഴുത്ത് "

" എഴുത്ത് "

ഒരു പേനയും പേപ്പറും 
ഉണ്ടെങ്കിൽ,
എന്തിനേ പറ്റിയും എഴുതാം.
ഈ ഭൂമിയേ പറ്റിയും ,
ഇവിടെ ഉള്ളതിനെ
പറ്റിയും ,
പിന്നെയും എന്തേല്ലാം .

എത്ര പേനയും പേപ്പറും ,
ഉണ്ടെങ്കിലും ,
എത്ര കാലവും 
ഒന്നും എഴുതാതിരിക്കാം .
ഈ ഭൂമിയേയും ,
ഇവിടെ ഉള്ളതിനെ
പറ്റിയും ,
പിന്നെയും എന്തെല്ലാം .

എന്ത് എഴുതിയാലും 
ഇല്ലെങ്കിലും 
ഒരു പുല്ലും സംഭവിക്കില്ല .
പേനയ്ക്കും ,
പേപ്പറിനും ,
എഴുത്തുക്കാരനും
ഇവിടെയുള്ള 
യതോന്നിനും .

മതിലുകള്‍-ലൌ ഇൻ ദ റ്റൈം ഓഫ് കൊറോണ''

''മതിലുകള്‍-ലൌ ഇൻ ദ റ്റൈം ഓഫ് കൊറോണ''  എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഓർമ്മിയിൽ  വന്നത് കലാലയ കാലത്ത് നഗരത്തിലൂടെ നടന്നുകൊണ്ടിരുന്ന ‘എ’ എന്നും ‘ബി’ എന്നും പേരുള്ള രണ്ട് ചങ്ങാതിമാരെയാണ്,അതില്‍ എ അന്നേ കഥകളെഴുതിരുന്നു, ലോകസിനിമകള്‍ കണ്ടിരുന്നു,സാഹിത്യം നന്നായി വായിച്ചിരുന്നു,എന്നാല്‍ ബി ഈ രംഗങ്ങളിലെക്ക് അന്ന് എത്തി നോക്കുന്നതെ ഉണ്ടായിരുന്നുള്ളു.കോളേജ് കഴിഞ്ഞുള്ള നടത്തത്തില്‍ എ,ബിയോട് സാഹിത്യത്തേ പറ്റിയും സിനിമയേ പറ്റിയും,രാഷ്ടീയത്തേ പറ്റിയും സംസാരിച്ചു കൊണ്ടെയിരുന്നു,ആ സംസാരങ്ങളിലൂടെയാണ് ബി ഈ രംഗങ്ങളില്‍ പിച്ചവച്ചു തുടങ്ങിയത്.അന്നേ ബഷീര്‍ ഒരു ലഹരിയായിരുന്ന എയുടെ വാക്കുകളുടെ പ്രചോദനത്താല്‍, എങ്ങനേ ഒക്കെയോ കുറച്ച് കാശ് സംഘടിപ്പിച്ച് കറന്റെ ബുക്ക്സിന്റെ ശാഖയില്‍ നിന്ന് ബഷീറിന്റെ സമ്പൂര്ണ്ണ് കൃതികള്‍ സ്വന്തമാക്കുകയും,  വായനയുടെ ഒരു പുതിയ ലോകത്തിലൂടെ ബി സഞ്ചരിച്ചു കൊണ്ടിരുന്നു.എയുടെ കൂട്ടുകെട്ടില്‍ മലയാള സാഹിത്യത്തിലെ അതികായൻമാരെ പരിചയപ്പെടുകയും,  അന്ന് വായനക്കാർക്ക്  പ്രിയങ്കരങ്ങളായ പുസ്തകങ്ങളെ തേടി പിടിച്ച് വായിക്കുകയും ചെയ്തു കൊണ്ടിരുന്നു.ആ വൈകുന്നേര നടത്തങ്ങളില്‍ എയില്‍ നിന്നാണ് ലോക സിനിമയെ പറ്റിയും അന്താരാഷ്ട്ര ചലച്ചിത്ര മേളയേ പറ്റിയും ബി അറിയുന്നത്.അത് കാണാന്‍ പോകുക എന്നത്  ആ കാലത്ത് അവരുടെ സ്വപ്നമായിരുന്നു.അകാലത്ത് ദർശന സാംസ്കാരിക കേന്ദ്ര തുടങ്ങിയ ഫിലിം സൊസെറ്റിയും അവിടെ പ്രദർശിപ്പിച്ചിരുന്ന സിനിമകളും ഈ സ്വപ്നങ്ങൾക്ക് കുറച്ച് ആശ്വാസമേകി. താന്‍ അന്നു വരെ കണ്ടു പരിചയിച്ച സിനിമകൾക്ക് അപ്പുറമുള്ള ഒരു ലോകം ബിയുടെ മുന്നില്‍ തുറക്കുകയായിരുന്നു. ദർശനയിൽ അംഗത്ത്വം എടുക്കുമ്പോളും,സിനിമകള്‍ തുടർച്ചയായി കാണുന്നതും തുടർന്നു  കൊണ്ടിരുന്നു.  എയില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ സിനിമകളെ പറ്റി കേട്ട് അന്നത്തേ ഏക മലയാളം ചാനലായ ഏഷ്യനെറ്റില്‍ ജോണിന്റെ ചെറിയാച്ചന്റെ കൂരകൃത്യങ്ങള്‍ എന്ന സിനിമ കാണുന്നതിനായി മാത്രമായി അകലേയുള്ള ഒരു ബന്ധുവിന്റെ വീട് തേടി പിടിച്ചു പോകുകയുണ്ടായി.എയുടെ പിൽബലത്തില്‍ കോളേജിന്റെ ഫിലിം ക്ളബ് സെക്രട്ടറിയായ ബി,ലോകസിനിമകള്‍ പ്രദർശിപ്പിക്കുന്നതിന് തുനിഞ്ഞങ്കിലും അന്നത്തേ സാമ്പത്തിക പരാധിനതയില്‍ ആ സ്വപ്നം മുങ്ങി പോയി.അന്നത്തേ ആ നടപ്പുകളുടെ  ഇടയില്‍ സിനിമ എന്ന സ്വപ്ന ലോകത്തിലേക്ക് എങ്ങനെ കടക്കാൻ കഴിയും എന്ന എ യുടെ ചിന്ത പിന്നിട് തന്റെ ജീവിത ലക്ഷ്യമായി എടുത്തു എന്ന് വേണം കരുതാൻ.ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഈ ചങ്ങാതികള്‍ രണ്ട് വഴികളിലൂടെ യാത്ര ചെയ്തു പോയികൊണ്ടിരുന്നു. ബി തനിക്ക് മുന്നില്‍ തുറന്ന സര്ക്കാാര്‍ ഉദ്യോഗം എന്ന വഴിയിലൂടെ യാത്ര തുടര്ന്ന പ്പോള്‍,ആ മരവിച്ച ലോകത്തിന്റെ ചൂഴികളില്‍ പെട്ട് കറങ്ങി വായനയും,സിനിമയും ഒരു ചടങ്ങായി തീര്ത്ത  കാലത്ത് എ  തന്റെ എഴുത്തും സിനിമയുമായി മുന്നോട്ട പോയ്ക്കോണ്ടേയിരുന്നു.കഥകളും നോവലുകളുമായ എഴുത്തിലും,  സർവ്വകലാശാലയുമായി കൂടി നടത്തിയ സിനിമ പ്രവർത്തനവും ബി എന്നും ശ്രദ്ധിച്ചിരുന്നു.എന്നാല്‍ എയുടെ ഇടക്കാലത്തെ നിശ്ബദ്ധത ശ്രദ്ധച്ചിരുന്ന  ബി നേരിട്ടല്ലെങ്കിലും ആ നിശ്ബദ്ധതയോടുള്ള പ്രതികരണം അറിയിച്ചു കൊണ്ടിരുന്നു.കാലം മുന്നോട്ട് പോകവെ വീണ്ടും വായനയില്‍ സജീവമായ ബിയ്ക്ക് പക്ഷേ സിനിമ കാഴ്ച പരിമിതമായിരുന്നു,വർഷത്തില്‍ ഒരിക്കല്‍ മാത്രം നഗരത്തില്‍ നടക്കുന്ന പ്രദേശിക ചലച്ചിത്ര മേളയിലെ കാഴ്ചകളില്‍ മാത്രമായി അത് ഒതുങ്ങിപ്പോള്‍ എ മേളകളില്‍ നിന്ന് മേളകളിലേക്ക് സഞ്ചരിക്കുവായിരുന്നു.2020ല്‍ കൊറോണ എന്ന പരദേശി സ്വദേശിയായി മാറിയപ്പോള്‍,എല്ലാവരും വീടുകളിലേക്ക് പിൻവാങ്ങിയപ്പോള്‍ പഴയ ആ ചങ്ങാതികള്‍ വീണ്ടും വര്ത്ത മാനങ്ങളില്‍ ഏര്പ്പെമട്ടു.ആ കാലത്ത് ഒരു നാളാണ് എ സ്വന്തം സിനിമയേ പറ്റി ബിയോട് പറയുന്നതും,കാണുന്നതിനായി അയച്ചു കൊടുക്കുന്നതും.അന്ന് ആ സിനിമ,കാഴ്ചക്ക് ഇടവേള നല്കാ്തെ ഒറ്റ ഇരിപ്പില്‍ കണ്ടു തീർക്കുമ്പോള്‍,  ഓർമ്മകളിലൂടെ കടന്നു പോയത് പണ്ട് വൈകുന്നേരങ്ങളിലെ നടപ്പുകളില്‍ മതിലുകളില്‍ ബഷീര്‍ കോറി ഇട്ട വാക്കുകള്‍ ആവർത്തിക്കുമായിരുന്ന എ പറ്റിയായിരുന്നു,ആ കാലത്തേ പറ്റിയായിരുന്നു.ഇന്ന് ഈ ദുരന്ത കാലത്ത് ബഷീറിന്റെ ഏകാന്ത പ്രണയം കോറന്റെയിൻ മനുഷ്യന്റെ പ്രണയമായി മാറുമ്പോള്‍,ചുറ്റിലും എല്ലാവരും ഉണ്ടേങ്കിലും ഏകാകിയായി പോകുന്ന മനുഷ്യന്റെ രക്ഷപെടലിനുള്ള ശ്രമമായി ആ പ്രണയം മാറുന്നു.എന്നാല്‍ സിനിമ ഈ പ്രണയത്തില്‍ മാത്രം ഒതുങ്ങി പോകുന്നില്ല,അത് തനിക്ക് ചുറ്റിലുമുള്ള രാഷ്ട്രീയത്തേയും,കലയേയും,സാഹിത്യത്തേയും ചര്ച്ച് ചെയ്യുന്നു,ഏകാന്തമായി,അത് ബിയുടെ മനസ്സില്‍ തോന്നിപ്പിച്ചത് ചെറുതല്ലാത്ത സന്തോഷമായിരുന്നു.പണ്ടോ എയുമായുള്ള സഹവാസത്തിന്റെ ബലത്തില്‍ കോളേജ് ആര്ട്ട്ച ഫസ്റ്റിവലിന് സിനിമ നിരൂപണം നടത്താന്‍ ഇറങ്ങി പുറപ്പെട്ട് പരാജയപ്പെട്ടു എങ്കിലും ആ സാഹസത്തില്‍ കൂറേയേറെ സിനിമ പുസ്തകങ്ങള്‍ വായിക്കാൻ കഴിഞ്ഞതും,ആ സിനിമയുടെ ജനിതാക്കാളെ പരിചയപ്പെട്ടതും ഈ സൌഹൃദത്തിന്റെ വഴിയിലെ ചില തണലുകളാണ്.ഒരു നിരൂപകന്റെ പാണ്ഡിത്യത്തോടെ സമീപിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ഒരു വെറും സിനിമ കാഴ്ചകാരന്റെ ആവേശത്തോടെ ചങ്ങതിയുടെ സിനിമ കൂറെ സുഹൃത്തുകളെ കാണിക്കാനായി എന്നത് ആ പഴയ സൌഹൃദത്തിന്റെ ശുഷ്കമായി പോയ കാലത്തെ മറികടക്കുവാനുള്ള ഉണർവായി കാണുന്നു.ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എ എന്ന ചങ്ങാതി അൻവര്‍ അബ്ദുള്ളയും ബി ഞാനുമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടേ

കവിത

ഇന്നും വന്നു,
ഒരു കവിത 
തിരികെ,
കൂടെ ഒരു കുറിപ്പും.
എന്റെ കവിതയ്ക്ക് 
മനുഷ്യഗന്ധമില്ലന്ന് 
എന്ത് ചെയ്യാൻ.
ഇനി നടക്കാൻ 
പോകുമ്പോമ്പോൾ 
കവിത 
കക്ഷത്തിൽ 
വച്ചു പോകാം,
തിരികെ വരുമ്പോൾ 
എന്റെ മണം
എങ്കിലുണ്ടാകുമല്ലോ,
 ഒന്നുമില്ലേലും 
ഞാനും 
ഒരു മനുഷ്യനല്ലേ.

പാമ്പ്

മഴയത്ത് നനഞ്ഞ്,
മൊബൈൽ വെളിച്ചത്തിൽ 
നടക്കുമ്പോൾ
കുറുകെ ചാടിയ 
തവളയേ കണ്ട് 
ഞാൻ ഒന്ന് നിന്നു . 
അപ്പോഴാണ് ഓർത്തത് 
തവളക്ക് പിറകെ
ഒരു പാമ്പും കാണുമല്ലോ 
എന്ന്, പിന്നെ
മെല്ലെ ഒന്ന് 
തിരിഞ്ഞു നോക്കി,
ഇല്ല ആരുമില്ല പിറകെ . 
ഇരുട്ടത്ത് ,
മഴയും ,ഞാനും 
മൊബൈൽ വെളിച്ചവും,
തവളയും മാത്രം .
ഒന്നു കൂടി 
തിരിഞ്ഞ് നോക്കി 
ഉറപ്പാക്കാൻ പാമ്പ് ഇല്ലെന്ന്
അപ്പോൾ കേട്ടു 
പിന്നിലെ കാട്ടുപൊന്തയിൽ 
ഒരു ഇഴയലിന്റെ , ശബ്ദം
ഉറപ്പിച്ചു പാമ്പു തന്നെ.
ഒരു തവളക്ക് പിറകെ 
പാമ്പ് ഉറപ്പാണ് , അതിനാൽ 
പിന്നിലെ പൊന്തയിൽ 
അവസരം കാത്ത് 
പാമ്പ് ജാഗരൂഗനായി 
ഇരുപ്പുണ്ട് .
മെല്ലേ തവളയെ 
കവച്ചു വച്ചു പമ്മി 
മുന്നോട്ട് നടന്നു ഞാൻ
തിരിഞ്ഞു നോക്കാതെ.

ജീവിതം

മേശ മേൽ 
തുറന്ന് മലർന്ന് കിടക്കുന്ന 
പഞ്ചസാര പാത്രത്തിന്റെ 
അടപ്പിലൂടെ,
മരണ കിണറിന് 
മുകളിലെ അഭ്യാസിയേ 
പോലെ,
താഴെക്കും മുകളിലേക്കും 
കറങ്ങി ഇറങ്ങുന്നു 
ഒരു ഉറുമ്പ് . 
ഇങ്ങു താഴെ 
കുറെ ഉറമ്പുകൾ,
കാഴ്ചക്കാരായി 
നില്പുണ്ട്. 
ജീവിതം പോലെ 
താഴെക്കും മുകളിലേക്കുമുള്ള 
ഈ വട്ടം കറങ്ങൽ 
എത്ര നേരം നിൽക്കും 
എന്ന് അറിയില്ല. 
എന്തായാലും 
ഒന്ന് തീർച്ച, സമയം 
മുന്നോട്ട് പോകുന്തോറും . 
മുകളിലുള്ളവൻ താഴെക്കോ, 
താഴെയുള്ളവർ മുകളിലേക്കോ, 
ഇറങ്ങുകയും കയറുകയും 
ചെയ്യും. കാരണം 
താഴെയുള്ളതിനെക്കാൾ 
മധുരം മുകളിലേന്ന് 
താഴെയുള്ളവരും , 
മുകളിൽ മധുരം 
ഏറെയില്ലന്ന അറിവിനാൽ 
മുകളിലുള്ളവൻ
താഴെക്കും ,
കയറാനും ഇറങ്ങാനും 
ശ്രമിച്ചു കെണ്ടേയിരിക്കും.

വഴികൾ

ചിലപ്പോൾ തോന്നും
 ഇരുളും വെളിച്ചവും
 ഒരു  പോലെ എന്ന് , 
രണ്ടിലും വഴി 
അറിയാതെ തപ്പുന്ന 
ഒരുവനു മുന്നിൽ 
കാഴ്ചകളെ മറക്കുന്നു. 
ഇതിനിടയിലൂടെ 
നടക്കാൻ പഠിച്ചാൽ
എത്ര 
മനോഹരമായിരിക്കും
കടന്നു പോകുന്ന 
ആ വഴികൾ .

മൗനം

നിറഞ്ഞ സൂര്യന്റെ
വെളിച്ചത്തിലേക്കാവും
ചിലപ്പോൾ കാർമേഘം 
ഇരുണ്ട് കൂടുക,
ഒന്നും മുൻകൂട്ടി 
പറയുക . വയ്യല്ലോ
എപ്പോൾ  മഴ പെയ്യും 
വെയിൽ തെളിയുമെന്ന് .
അതിനാൽ ഇന്നിന്റെ
തെളിവും , മൗനവും
തന്നെ ഉത്തമം.

Sunday, May 23, 2021

പേരുകളില്‍ തുടങ്ങുന്ന ചില വായനകള്‍

പേരുകളില് തുടങ്ങുന്ന ചില വായനകള്
നമ്മള് ചില പുസ്തകങ്ങള് വായനക്ക് എടുക്കുന്നത് ,ആ പുസ്തകങ്ങളെ പറ്റി ആരെങ്കിലും നിന്ന് അറിഞ്ഞിട്ടോ,എവിടെ എങ്കിലും നിന്നും വായിച്ചിട്ടോ ഒക്കെയാണ്.പുസ്തകശാലകളിലോ,മേളകളിലോ പുസ്തകങ്ങള് തപ്പി നടക്കുമ്പോള് ചില പുസ്തകങ്ങളുടെ പേരുകളില് നമ്മുടെ കണ്ണുകള് ഉടക്കി നില്ക്കും .ആ പുസ്കത്തിന്റെ പേരോ,ആ എഴുത്തുകാരനെയോ മുമ്പ് പറഞ്ഞ വഴികളിലോന്നും നമ്മള് കണ്ടിട്ടും കേട്ടിടുമുണ്ടാകില്ല,എങ്കിലും ഒരു അടുപ്പം ആ പുസ്തകത്തോട് നമ്മുക്ക് തോന്നും.നമ്മള് വാങ്ങുകയും വായിക്കുകയും ചെയ്യുന്ന ആ പുസ്തകങ്ങളിലൂടെ ആ എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളുമായി നമ്മള് അടുക്കുകയായി,അങ്ങനെ അവര് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുന്നു.എല്ലാ വായനക്കാരെ പോലെ പേരുകള് കൊണ്ട് ഇഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങള് എന്റെ വായനാ ജീവിതത്തിലുമുണ്ട്.പി.എന്.ദാസ് മാഷിന്റെ ജീവിത ഗാനം,വി.മുസഫര് അഹമ്മദിന്റെ മയിലുകള് സവാരിക്കിറങ്ങുന്ന ചെരിവുകള്, ഷൌക്കത്തിന്റെ നിത്യാന്തരംഗം,അര്ഷദ് ബത്തേരിയുടെ ചുരം കയറുകയാണ് ഇറങ്ങുകയാണ്,ഷാനവാസ്.എം.എയുടെ ഏകാന്തയാത്രകള്, പുസ്തങ്ങളുടെ പേരുകളോട് തോന്നിയ സ്നേഹം എന്നെ ഈ പുസ്തകങ്ങളുടെ വായനക്കാരനാക്കുകയും എഴുത്തുകാരുടെ മറ്റ് പുസ്തങ്ങളുടെ വായനയിലെക്ക് എത്തിക്കുകയും ചെയ്തു.
 
ജീവിത ഗാനം എന്ന പേര് എത്ര മനോഹരമാണ്,ഇന്നത്തേ ലോകത്തില് ജീവിക്കുക എത്ര ഭാരിച്ച ജോലിയാണ്,അവിടെ, ജീവിതത്തേ ഒരു ഗാനമായി കാണാനാണ് ദാസ് മാഷ് നമ്മളോട് ഈ പുസ്തത്തിലൂടെ,എഴുത്തിലൂടെ പറയുന്നത്.പ്രതീക്ഷ ശ്രുതി മുതല് മൃത്യു ശ്രുതി വരെ 108 ശ്രുതികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല് മരണം വരെയുള്ള സമയങ്ങളില് കടന്നു പോകുന്ന വിവിധ സന്ദര്ഭ്ങ്ങളെ ഓര്മ്മിതപ്പിക്കുന്ന വാക്കുകള് പിന്നില് ശ്രുതി കൂടി വരുമ്പോള് ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ഉൌര്‍‍ജ്ജ്ം ഈ ചെറു കുറിപ്പുകളില് നിന്ന് കിട്ടുന്നു.ജീവിതത്തിന്റെ തത്ത്വചിന്തയെ ലളിതമായ കുറിപ്പുകളിലൂടെ പകര്ത്തു മ്പോള് ഇത് വായിക്കുന്ന ഏതോരു വായനക്കാരനും അത് സ്വന്തം ജീവിതാനുനുഭവം കൂടി ആകുന്നു .ജീവിതം ഓരോരുത്തരോടും മന്ത്രിക്കുന്നു.”നിന്റെ ഓടക്കുഴലെടുക്കുക.സമയം വേഗം പോകുന്നു,പാട്ട് തെറ്റാതെ പാടാനുള്ള അവസരം ഉപയോഗിക്കുക കര്ട്ടന് വീഴും മുമ്പ് നിങ്ങളുടെ ജീവിതഗാനം നിങ്ങള് പാടിയിരിയ്ക്കണം”..ഈ വരികളോടെ ആണ് ഈ ശ്രുതികള് തുടങ്ങുന്നത്.ഒരോ ജീവിതത്തിനും ഒരു ഗാനമുണ്ടെന്നും അത് തെറ്റാതെ പാടാനുള്ള അവസരം നമ്മള് ഉപയോഗിക്കാതെ പോകുമ്പേഴാണ് ജീവിതഗാനത്തിന്റെ ശ്രുതി തെറ്റുന്നത്.ഈ പുസ്തകത്തിലെ ഒന്നാമത്തെ ശ്രുതിയായ പ്രതീക്ഷാശ്രുതിയില്‍‍ ഗൌതമബുദ്ധന്റെ ഒരു വാക്യത്തോടെ തുടങ്ങുന്നു “അന്യരെ വേദനിപ്പിക്കാതെ ജീവിത പുലര്ത്താനുള്ളത് സമ്പാദിക്കാന് കഴിയുന്നവന് അനുഗ്രഹിക്കപ്പെട്ടവനാണ്”.ഇന്ന് ജീവിതത്തില് സമ്പാദിച്ച് കൂട്ടുവാന് എന്ത് നേറികേടും ചെയ്യാന് തയ്യാറായ ഒരു സമൂഹത്തില് നിന്ന് ചെറു കുറിപ്പിന്റെ അവസാന വരികളിലെക്ക് വായന എത്തുമ്പോള് ഇന്ന് നമ്മുക്ക് ജീവിതത്തില് നഷ്ടമായ സ്നേഹവും,കരുണയും ക്ഷമയും തിരികെ എത്തും എന്ന പ്രതീക്ഷ വച്ച് പുലര്ത്താം .സ്നേഹ ശ്രുതി,വിദ്യാ ശ്രുതി, കര്മ്മശ്രുതി, പ്രാര്ത്ഥനാശ്രുതി, രോഗശ്രുതി, മാതൃശ്രുതി, യുദ്ധശ്രുതി, വായനശ്രുതി, ദാരിദ്രശ്രുതി സത്യശ്രുതി, നിലാവിന്റെശ്രുതി, എളിമശ്രുതി, സംഗീതശ്രുതി ഭയശ്രുതി,ധ്യാനശ്രുതി,ശൂന്യതയുടെശ്രുതി ലാളിത്യശ്രുതി, സ്വയംഅറിവിന്റെശ്രുതി എന്നിവ ഉള്പ്പെടെയുള്ള108 ശ്രുതികളിലൂടെ അവസാന ശ്രുതിയായ മൃതിശ്രുതി തുടങ്ങുന്നത് “എല്ലാം മണ്ണടിയുന്നതാണ്” എന്ന ധ്യാന ഗുരുദാദാലേഖരാജിന്റെ വാക്കകളിലൂടെയാണ്.ഈ 108 ശ്രുതികളുടെ ശരിയായ വായനയിലൂടെ സ്നേഹത്തിന്റെ, കരുണയുടെയും ക്ഷമയുടെയും ഗാനങ്ങള് നഷ്ടമായ നമ്മുടെ ഒക്കെ ജീവിതത്തില് അവ തിരികെ എത്തുന്നതിനും ജീവിതം മനോഹരമായ ഒരു ഗാനമായി ജീവിച്ച് തീര്ക്കുന്നതിനും കഴിയും എന്ന് തീര്ച്ചയാണ്.
 
മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടുള്ള യാത്ര എത്ര മനോഹരമായിരിക്കും,നിങ്ങള് ഒന്ന് ചിന്തിച്ച് നോക്കൂ.അതു പോലെ എന്റെ വായനയിലെക്ക് എത്തിയ എഴുത്തുകാരന്റെ ഓര്മ്മകളുടെ പുസ്തകത്തെ മനോഹരമാക്കുന്നു ഈ പേരും,കുട്ടിക്കാലത്ത് മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടെ കാടു കാണാന് പോയ ഓര്മ്മകളില് തുടങ്ങുന്ന എഴുത്തില് തന്റെ കാട് അനുഭവങ്ങള് മനോഹരമായി പകര്ത്തുന്നു,കാടിനുള്ളിലെ പ്രകൃതിയേയും ,ജീവജാലങ്ങളെയും അവരുടെ ജീവിതത്തിന്റെ പ്രത്യേകതകളും നമ്മുക്ക് നല്ലോരു കാടനുഭവം തരുന്നു.സൈലന്റെ വാലിയില് മൃഗങ്ങളുടെ സെന്‍‍സസ് എടുക്കുന്നതിനിടയിലെ അനുഭവങ്ങളുടെ വിവരണവും,ആ യാത്രയില് ലേഖകനോപ്പം ഉണ്ടായിരുന്നവരെ(ഇന്ദുചൂഡന് മാഷും, പി.എന്.ഉണ്ണികൃഷ്ണന്, രാജന്ഗുരുക്കള്, കുഞ്ഞികൃഷ്ണന് മറ്റും)കുറിച്ചുള്ള ഓര്മ്മകളും.അട്ടപ്പാടിയിലെ അഗളി ഗൂളിക്കടവിലെ സാരംഗില് ഗോപാലകൃഷ്ണന്-വിജയലക്മി ദമ്പതികള് ഫുക്കുവോക്കയുടെ ഒറ്റവൈക്കോല് വിപ്ളവത്തിന്റെ പ്രായോഗിക മാതൃക തീര്ക്കാന് നടത്തുന്ന ശ്രമങ്ങളെ പറ്റിയും ഈ അദ്ധ്യായത്തില് വിവരിക്കുന്നു.ഒരോ കാടുകളിലെക്ക് നടക്കുന്ന ഒരു യാത്രകളും ഒരോ അനുഭവങ്ങളാണ് എന്ന് ഈ എഴുത്തില് നിന്ന് ഇനിയും കാടിന്റെ ഉള്ളിടങ്ങള് കാണാത്തവര്ക്ക് ബോദ്ധ്യമാവും.നാട്ടിലും മറുനാട്ടിലും നടത്തിയ യാത്രകളുടെ അനുഭവങ്ങളുടെ എഴുത്തുകളിലൂടെ വായനക്കാരും ആ യാത്രകളില് പങ്കാളികളാകുന്നു. ബെല്ലാരി,മാമാങ്കം,കുടിയേറ്റം. പകലുകളും രാത്രികളും,കോഴിക്കോട്ട്.വീട്ടുസിനിമകള്, മയിലുകള് സവാരിക്കിറങ്ങിയ ചെരുവിലുടെ,രാജ്യം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്,മഞ്ഞരളിക്കായ തിന്ന് മരിച്ചവളുടെ വോട്ട് മണല്നിലങ്ങളില് അതിജീവിക്കുന്ന അവള്,വീട്ടിലേക്കുള്ള ദൂരെ,വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള് എന്നീ 9 അദ്ധ്യയങ്ങളില് നമ്മള് എത്തിപ്പെടാത്ത് പല ലോകങ്ങളും കാണുന്നു.
 
ഒരു നിയോഗം പോലെ ഗുരുവിനോപ്പം നാലുവര്ഷത്തോളം കഴിയാന് ലഭിച്ച അനുഭവത്തിന്റെ സ്മൃതി.17 അദ്ധ്യായങ്ങളുള്ള ഗുരുവും ഞാനും,19 അദ്ധ്യായങ്ങളുള്ള ശ്രുതിയും ഉപസംഹാരവും ഉള്ളപെടുന്നതാണ് ഷൌക്കത്തിന്റെ നിത്യാന്തരംഗം,യതിയോടൊത്തുള്ള നാളുകള് എന്ന പുസ്തകം.തന്റെ ജീവിതം ആദ്യത്മിക ജീവിത്തിലെക്ക് തിരിയുന്നതിന്റെ ലഘു വിവരണത്തോടെയും ഗുരുവുനെ കാണാനുള്ള ആദ്യ യാത്രയുടെ ഹൃദ്യമായ വിവരണത്തോടെയും പുസ്തകം വായിച്ചു തുടങ്ങാം,അവിടെ പ്രാര്ത്ഥനാ ക്ളാസില് വച്ച് ഉണ്ടായ അനുഭവവും പിറ്റേന്ന് തിരികെ പോരുമ്പോള്‍‍‍ ഗുരുവിനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള് ഗുരു ഒന്ന് തിരിഞ്ഞ് നോക്കാതിരുന്നത് തന്നെ എത്രത്തോളം വേദനിപ്പിച്ചു എന്നുള്ള വിവരണവും ഈ അദ്ധ്യായത്തില് വായിക്കാം.വീണ്ടും ഗുരുവിനെ കാണുന്നതിനായി ഗുരുവിന്റെ അടുത്ത് എത്തുന്നതും, ഹൈന്ദവ ധര്മ്മത്തിലെക്ക് ഒരു മനീഷിക്കുള്ള വഴികാട്ടി എന്ന പേരില് വിവര്ത്തനം ചെയ്ത ഗുരുവിന്റെ പുസ്തകം പകര്ത്തി എഴുതാന് ഏല്പ്പിക്കുകയും,ആ പകര്ത്തി എഴുത്തിനിടയില് താൻ പോലും അറിയാതെ ഗുരുകുലത്തിലെ അന്തേവാസിയായി തീര്ന്നതും വിവരിക്കുന്നു.പുസ്തകത്തിന്റെ പകര്ത്തേഴുത്ത് കഴിയുന്നത്തോടെ തന്നെ ഗുരുകുലത്തില് നിന്ന് പറഞ്ഞു വിടുമോ എന്ന വിചാരത്തിനിടയില് വീണ്ടും കത്തുകളും,കേട്ട് എഴുതാനും മറ്റോരു പുസ്തകം പകര്ത്തി എഴുതാനും എല്‍‍‍പ്പിക്കുന്നു,ഇതിനിടയില് അസുഖമുണ്ടാകുന്ന ഗുരുവിനെ ശുശ്രുഷിക്കാനുള്ള അവസരവും,അടുപ്പവും,ഗുരുവിനെ കുറിച്ചെഴുതിയ ഭക്തി-യതിയുടെ നിര്വചനം എന്ന പ്രബന്ധം ഗുരു കാണാനും പ്രസിദ്ധിക്കരിക്കാനും ഇടയാകുന്നതും ഗുരുവുമായി കൂടുതല് അടുക്കാന് അവസരം ലഭിച്ചതിലുള്ള സന്തോഷം ഈ അദ്ധ്യങ്ങളില് കാണാം.ആദ്യ ഭാഗത്തിന്റെ അവസാന അദ്ധ്യങ്ങളായ സമാധി,യാത്രമൊഴി എന്നീവയില് ഗുരുവിന്റെ അവസാന നാളുകളിലെ അനുഭവങ്ങളുടെ വിവരണങ്ങളാണ്.രണ്ടാം ഭാഗത്ത് ഗുരുവിനോടോത്തുള്ള വിവിധ സന്ദര്ഭങ്ങളുടെ വിവരണങ്ങളാണ് അടങ്ങിരിക്കുന്നത്,പുറന്താളിലെ വരികളില് ഷൌക്കത്ത് എഴുതുന്നു,ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില് നിന്നും അടര്ത്തിയെടുത്ത ചില താളുകള്,എന്നും ആര്ക്കും നന്മചൊരിയുന്ന ഹൃദയത്തിന്റെ സ്പന്ദനം ആ താളുകളെ പുണര്ന്നു നില്ക്കുന്നതായി എനിക്കു തോന്നി.അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കമെന്നുറപ്പിച്ചു.വലിയ തത്ത്വചിന്തയോ അദ്ഭുതങ്ങളോ ഒന്നുമില്ല.ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്.കൊച്ചു കൊച്ചു കാര്യങ്ങള് അത്രമാത്രമാണ് ഈ പുസ്തകത്തിനുള്ളില് ഷൌക്കത്ത് കുറിക്കുന്നത്.
 
ചുരത്തിലെ യാത്ര പോലെയാണ് ജീവിതവും,കയറ്റവും ഇറക്കവും ചേര്നുള്ള സഞ്ചാരം,അര്ഷദ് ബത്തേരിയുടെ ഓര്മ്മകള് ചുരത്തിന്റെ കയറ്റവും ഇറക്കവുമായി ഇഴചേര്ന്നിരിക്കുന്നു.കഥ ആവശ്യപ്പെടുന്ന സ്നേഹം നിറഞ്ഞ ചില പത്രാധിപന്മാരുടെ നിര്ബന്ധത്തിനു വഴങ്ങി കഥ എഴുതുവാനുള്ള പിശുക്കന് സ്വഭാവത്തെ ലംഘിക്കുവാന് കഴിയാതെ വരുമ്പോള് അവര്ക്കായി എഴുതിയ കുറിപ്പുകളാണ് ഈ ഓര്മ്മകളുടെ വരികള് എന്ന എഴുത്തുകാരന് തുടക്കത്തില് കുറിക്കുന്നു.കുട്ടിക്കാലത്ത് ചുരം ഭയത്തിന്റെ മഹാസഞ്ചാരമായ ഇറക്കവും കയറ്റവുമാണ്,ചുരമെത്തിന്റെ തൊട്ട് മുന്‍‍പ് വരെ ഉള്ള ആഹ്ളാദം ചുരം കയറുമ്പോള് അവസാനിക്കുന്നു.എന്നാല് കൌമാരത്തില് ചുരം ഒരു ആവേശമായി മാറുന്നു.യൌവനത്തില് ഒറ്റക്കുള്ള യാത്രകളില് ചുരം നിരവധി വികാരങ്ങളാല് കുളിരു നിറയുന്ന നിമിഷങ്ങളാല് ഭാവനയുടെയും അന്വേഷണത്തിന്റെയും ആവേശത്തിന്റെയും കയറ്റിറക്കങ്ങളായി മാറികയും,വ്യത്യസ്ഥ നേരങ്ങളില് വ്യത്യസ്ഥ നിറങ്ങളില്,രൂപങ്ങളില് ചുരത്തിന്റെ ദ്യശ്യഭംഗി കണ്ണുകളിലൂടെ എഴുത്തുകാരന്റെ ഹൃദയത്തില് വന്ന് പതിയുവാനും തുടങ്ങി.ഒടുവില് ജീവിതം മുന്നോട്ട് പോകുന്തൊറും ചുരം ഇറങ്ങതെയും കയറാതെയും മുന്നോട്ട് ചലിക്കുവാന് കഴിയാത്ത വണ്ണം മാറുന്നു ജീവിതം. വളവുകളും തിരിവുകളും ഗര്ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ വാരിയേല്ല് പോലെ കിടക്കുന്നു ഇന്ന് എഴുത്തുകാരന് ചുരം.താമസിക്കുന്നത് വയനാട്ടിലും ജോലി ചെയ്യുന്നത് കോഴിക്കോട്ടുമാകുമ്പോള്,ചുരം കയറാതെയും ഇറങ്ങാതെയും ജീവിതം മുന്നോട്ട് പോകുവാന് കഴിയില്ല,തന്റെ ജീവിതത്തിന്റെയും സ്വപ്നത്തിനുമിടയിലെ പാലമാണ് വയനാടൻ ചുരം,ചുരമിറങ്ങി സുഹൃത്തുകളെ-നല്ലവരെയും ചീത്തവരെയും –സമ്പാദിച്ചു,ജോലിയും വരുമാനവുമായി,തണുപ്പ് കൊള്ളുന്ന നാട്ടില് നിന്നും ചുരമിറങ്ങിയാല്‍‍‍‍ ചുട്ടു പൊള്ളുന്ന നാട്ടിലെക്കുള്ള യാത്ര,അത് ജീവിതം പോലെ തന്നയുള്ള യാത്രയാണ്.ഇപ്പോള് ചുരത്തേക്കാള് കുത്തനെയുള്ള ജീവിതത്തിന്റെ ഭാരവുമായി തന്റെ കയറ്റവും ഇറക്കവും തുടര്ന്നു് കൊണ്ടിരിക്കുന്നു, സന്തോഷങ്ങളെ കയറ്റി കൊണ്ട് പോവുകയും സങ്കടങ്ങളെ ഇറക്കി കൊണ്ട് പോവുകയും ചെയ്യുന്ന ഈ ജീവിത യാത്രയില് വളവ് തിരിവുകളുടെ ഗര്ത്തങ്ങളെ കണ്ട്,അപായസൂചനകളുടെ ഗൂഡാര്ത്ഥങ്ങള് തിരിച്ചറിഞ്ഞുള്ള ഒരു ജീവിത പ്രയാണം നടത്തുന്ന എഴുത്തുകാരൻ ചുരം കയറി ഇറങ്ങുന്നവൻ എന്ന നിലയില്‍‍ ഉള്ളുറപ്പുള്ള ഒരുവനായി കൂടുതല് കരുത്താര്ജ്ജിക്കാനുള്ള ഈ കയറ്റിറക്കങ്ങള് തന്റെ ജീവിതത്തിന്റെ വാരിയേല്ല് തന്നെയായി കണക്കാക്കുന്നു.പെണ്ണേ നീ എനിക്കെന്ത്,കൊലപാതകം,മഴ നനഞ്ഞ നോമ്പ്,ആദ്യവായനയുടെ കുന്നിൻപുറം,ഉമ്മയോളം വരില്ല ഒരു രുചിയും,പനി പിടിച്ച നിലവിളി,നിറങ്ങള് കോറിയിട്ട വളപ്പൊട്ടുകളും നനഞ്ഞ ചേമ്പിലയും,കൊച്ചുബാവ എന്ന കുതിര,ഓര്മ്മകളിലെ കൈമാറ്റം,ഒരു പരീക്ഷയും പെണ്കുട്ടിയും,ശ്രീനിവാസനും പിണ്ണാക്കും,ആ കടം തീരാൻ എത്ര കാലം കരയണം എന്നിങ്ങനെ13 അദ്ധ്യാങ്ങളിലായി തന്റെ അനുഭവങ്ങള് വരച്ചിട്ടിരിക്കുന്നു.ഈ അനുഭവങ്ങളെ പിന്ചട്ടയില് കുറിച്ചിട്ടിരിക്കുന്ന വാക്കുകളിലുടെ സംഗ്രഹിക്കാം ബാല്യത്തിന്റെ നിഷ്കളങ്കമായ കുന്നുകളുടെ മുകളില് വച്ച് പൊലിഞ്ഞ് പോയ നട്ടുച്ചകളെ കുറിച്ച് എഴുതാന് മുതിര്ന്നപ്പോള് കണ്ണ് നിറഞ്ഞു,ബാല്യം നഷ്ടപ്പെടുന്നതിനെക്കാള് എത്രയോ വേദനാജനകമാണ് അതേ കുറിച്ച് എഴുതുന്നത്,കാഴ്ചയുടെ ദൂരസഞ്ചാരങ്ങള് പിന്നിട്ട ശേഷമുള്ള ഈ തിരിഞ്ഞു നോക്കലില് ഒരു പിടയലുണ്ട്.എന്നാലും ഹൃദയത്തിനു കണ്ണുകള് നല്കി ഓര്മ്മടെ അഗാതമായ ഗര്ത്തങ്ങളില് ഒരു പരതല്,നിറം കൊടുത്തും അല്ലാതെയും ഒരു പെറുക്കിവെക്കല് കയറ്റിറങ്ങളുടെ ഈ ജീവിതത്തെ കുറിച്ച് അതിന്റെ ഓര്മ്മകളെ കുറിച്ചുള്ള എല്ലാം ഈ വരികളില് ഉള്ചേര്ന്നിരിക്കുന്നു. 
 
എല്ലാ യാത്രകളും ഏകാന്തയാത്രകളാണ് എത്ര കൂട്ടമായി സഞ്ചരിച്ചാലും ആ യാത്രികരുടെ കൂട്ടത്തില് ഒരോ യാത്രികനും ഒറ്റക്കാവുന്ന നിമിഷങ്ങളാണ് ഏറെയും.നമ്മുയുടെ ഉള്ളില് നമ്മള് ഒറ്റക്ക് നടത്തിയ യാത്രകളുടെ അനുഭവങ്ങള് ഏറെയും കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള് നല്ക്കുെന്ന അനുഭൂതികള് ഒന്ന് വേറെ തന്നെയാണ്.ഒരിക്കല് യാത്ര ചെയ്ത വഴികളിലൂടെ പിന്നീട് യാത്ര ചെയ്യാന് പലര്ക്കും പല കാരണങ്ങള് കൊണ്ടും കഴിയാറില്ല.എന്നാല് മനസ്സു ഇടം പിടിച്ച സ്മരണകള് കൊണ്ട് എത്ര തവണ വേണമെങ്കിലും ആ വഴികളിലൂടെ ഒരു ഏകാന്തയാത്ര സാദ്ധ്യമാണ്,എല്ലാ യാത്ര പുസ്തകങ്ങളും അത്തരത്തില് എഴുതപ്പെടുന്നതാണ്,എന്നാല് ഏകാന്തയാത്രകള് ഒരു യാത്ര പുസ്തകം മാത്രമല്ല യാത്രചിത്രങ്ങളുടെ പുസ്തകം കൂടിയാണ്, (Travelogue photo book)പുസ്തകത്തിന്റെ ആമുഖകുറിപ്പില് വിജു.വി.നായര് ഇങ്ങനെ എഴുതുന്നു,സീബ്ര,കറുപ്പില് വെളുപ്പോ അതോ മറിച്ചോ,ഏതാണ് വരകളുടെ സ്ഥായി,ഷാനവാസിന്റെ സ്ഥായിക്കുണ്ട് അങ്ങനെയൊരു സീബ്രാപ്പടുതി-ഫോട്ടോയോ, യാത്രയോ.എന്നാല് കുറിപ്പ് അവസാനിക്കുന്നിടത്ത് ആമുഖകുറിപ്പിനെ ആകെ നിരാകരിച്ചു കൊണ്ട് എഴുതുന്നു,ആമുഖം ഒരു ആര്ഭാടമാണ് മിക്കവാറും അനാവശ്യം,കാണാനുള്ളത് ഉള്ളടക്കമാണ്.ഈ വാക്കുകള് അന്വര്ത്ഥമാക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്പുറങ്ങള്.ഈ ഏകാന്തയാത്രകള് അക്ഷരങ്ങളിലൂടെ അറിയുന്നതിനെക്കാള് ഇതിലേ ചിത്രങ്ങളിലുടെ അറിയുന്നതാവും വായനക്കാര് ഇഷ്ടപ്പെടുക.വസന്തം, ഗ്രീഷ്മം,ശിശിരം എന്നിങ്ങനെ ചില കാലങ്ങള് എന്ന തലക്കെട്ടിന്റെ താഴെ ഈ അനുഭവങ്ങളെ കുറിച്ച് എഴുത്തുകാരന് പറയുന്നതിങ്ങനെ ചിതറിക്കിടക്കുന്ന കണ്ണാടികള്/സൂക്ഷിച്ചില്ലെങ്കില് ചീളുകള് തുളഞ്ഞുകയറും/ഏത് തുണ്ടാണ് ആദ്യം തെരഞ്ഞെടുക്കുക......?/ ആസക്തികളുടെ കാലം,വേര്പാചടുകളുടെ കാലം/എന്ന് കൃതൃതയോടെ വേര്തിുരിക്കാനാവുമോ?എന്നും,തന്റെ കാടുകയറിയ ഈ സങ്കല്പങ്ങളായിരിക്കും തന്റെ കാഴ്ചകളില് അലച്ചിലും ആസക്തിയും നിറച്ചതെന്നും,പല രൂപത്തില്,പല ഭാവത്തില്,ആജ്ഞാതമായ പ്രണയക്കുറിപ്പുകളില്,ഡയറികളില്,ചിത്രങ്ങളില് സന്ദേഹത്തോടെ കുറിക്കുന്നു. കുമോര്ത്തുളി, വിഷാദഗാനം,മണ്ണില് കടഞ്ഞെടുത്ത സൌന്ദര്യങ്ങള്, ,മെക്കോങ്ങിന്റെ മുഖപ്പ്,റഹേലയുടെ ആപ്പിള്ത്തോട്ടങ്ങള്,വരണാസി,മഹാകുംഭമേള,2013/അലഹബാദ്,നീറുന്ന നിറങ്ങളില് രാജസ്ഥാന്,കൊല്ക്കൊത്ത,ദുബായ്/ഫുജൈറ/ഷാര്ജാ/അബുദാബി/ഇങ്ങനെ ചില മണല്നഗരങ്ങള്, ഇങ്ങനെ പകുക്കുന്നു തന്റെ യാത്രയുടെ ഓര്മ്മകളെ.ഇവ ഒരോന്നും വായനക്കാള് നമ്മെ ഭ്രമിപ്പിക്കുന്നത് മനോഹരമായ ചിത്രങ്ങളാണ്.യാത്ര ചെയ്ത് എത്തുന്ന ദേശങ്ങളില് നിന്ന് ഒപ്പി എടുത്ത നിറപകിട്ടാര്ന്നതും ദുഖഭരിതമാര്ന്ന തുമായ പകര്ച്ചകളാണ് ഉള്പ്പുറങ്ങള് നിറയേ.ഒരോ പുറങ്ങളും കടന്നു പോകുമ്പോള് ആ ചിത്രങ്ങളില് വായനക്കാരന്റെ മനസ്സും ഏകാന്തമാക്കുന്നു. പുസ്തത്തിന്റെ ഒടുവിലത്തേ പുറത്തിലെ ചിത്രം കൃഷിടങ്ങളുടെ പരിസരത്ത് നില്ക്കുന്ന ഒരു വൃദ്ധ കര്ഷകന്റെയാണ്,തന്റെ ജീവിതത്തിന്റെ വാര്ദ്ധക്യത്തിലെത്തിയ കര്ഷകകന്റെ മനസ്സില് നിന്ന് എന്ന പോലെ ഈ വാക്യങ്ങള് അവിടെ യാത്രികന്‍‍ കുറിച്ചിടുന്നു.i am almost a hundred years old.wating for the end,and thinking about the beginning….ഇങ്ങനെ തുടങ്ങുന്നു ആ വാക്കുകള്.
 
ഈ അഞ്ച് പുസ്തകങ്ങളും മുമ്പ് എങ്ങോ വായിച്ച് കടന്നു പോയവയാണ് എന്നാലും ആ പേരുകള് ഇന്നും അവയിലെക്ക് എന്നെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.





 




  •  

    Friday, April 9, 2021

     




    കഴിഞ്ഞ മാസം വായിച്ച പുസ്തകങ്ങളില്‍ റെയില്‍‍വേയുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ കടന്ന് വന്നത് തികച്ചും യാഥര്‍ശ്ചികമാണ്.ഈ പുസ്തകങ്ങളില്‍ രണ്ട് എണ്ണം പൂര്‍ണ്ണമായും തീവണ്ടിമായി നേരിട്ട ബന്ധപ്പെട്ട എഴുത്തുകളാണെങ്കില്‍ മറ്റോരു പുസ്തകത്തില്‍ ഇടക്കിടെ തീവണ്ടി കടന്നു വരുന്നു. ലിപിന്‍ രാജ്.എം.പിയുടെ  മരങ്ങള്‍ ഓടുന്ന വഴിയേ വി.ഷിനിലാലിന്റെ ‘’സമ്പര്‍ക്കക്രാന്തി’’,ടി.ഡി.രാമകൃഷ്മന്റെ പച്ച,മഞ്ഞ,ചുവപ്പ് എന്നി പുസ്തകങ്ങളില്‍ റെയില്‍വേയും തീവണ്ടിയും നേരിട്ട് കഥാപാത്രങ്ങളാണ്.ആദ്യ പുസ്തകം എഴുത്തുകാരന്റെ സിവില്‍   സര്‍വീസ് പരീശീലന കാലത്തെ അനുഭവങ്ങളാണെങ്കില്‍ മറ്റ് രണ്ടും നോവലുകളാണ്,ഈ പുസ്തകങ്ങള്‍ മൂന്നും എഴുത്തുകാരുടെയും ജീവിതവുമായി വളരെ ബന്ധമുള്ളവയാണ്. ലിപിന്‍ രാജ് .എം.പിയും വി.ഷിനിലാലും  റെയില്‍വേയില്‍ ജോലി ചെയ്യുന്നു‍ ,ടി.ഡി.രാമക്യഷ്ണന്‍ റെയില്‍വേയില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുകയും ചെയ്തു.

    മരങ്ങള്‍ ഓടുന്ന വഴിയേ

    പുസ്തകങ്ങളുടെ വായനാക്രമത്തില്‍ ഓര്‍ക്കുകയാണെങ്കില്‍ ലിപിന്‍   രാജ്.എം.പിയുടെ പുസ്തകമാണ് ആദ്യം  വായിച്ചത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സിവില്‍  സര്‍വ്വീസിന്റെ ഉയരങ്ങളിലെക്ക് എത്തിപ്പെടുകയും ആ പ്രതേൃക ലോകത്ത് തന്റെതായ ‍ വഴിയേ ഉന്നതങ്ങളില്‍ എത്തിചേരുകയും ചെയ്ത അദ്ദേഹത്തിനും സിവില്‍  സര്‍വ്വീസ് അക്കാഡമിയില്‍ പരീശീനത്തിനായി എത്തുന്ന ഒരു മലയാളി നേരിടുന്ന പ്രയാസങ്ങളും അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ ആദ്യ ഭാഗത്ത് വായിക്കാന്‍ കഴിയുക.പലപ്പോഴും പരീശീനത്തിനിടയിലെ മാനസിക സംഘര്‍ഷം മൂലം സിവില്‍  സര്‍വ്വീസ് ഉപേക്ഷിച്ച് തിരികെ പോരുവാന്‍ തീരുമാനിച്ച് നാട്ടിലെക്ക് എത്തുമ്പോള്‍,അതിനെയേല്ലാം മറികടക്കുന്നത് സ്വന്തം നാട്ടിലെ രാമേട്ടനെ പോലുള്ള സാധാരണക്കാരുടെ വാക്കുകളാണ്. നീ കിട്ടിയ സിവില്‍ സര്‍വ്വീസ് മൂലം അറിയപ്പെടേണ്ടവനല്ല മറിച്ച് ആ സര്‍വ്വീസ് നിന്നെ കൊണ്ട് അറിയപ്പെടണമെന്നും,തിരിച്ച് വരാന്‍ വളരെ എളുപ്പമാണ്,എന്നാല്‍ തിരികെ പോയി ഉയരങ്ങള്‍ കീഴടക്കി വരാനാണ് പ്രയാസംഎന്നുള്ള ഒരു സാധാരണ നാട്ടിന്‍മ്പുറത്തുകാരന്റെ വാക്കുകള്‍ നല്‍ക്കുന്ന മനോബലത്തില്‍ സിവില്‍  സര്‍വ്വീസ് അക്കാഡമിയില്‍ പരീശീനത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നത് ഏതോരാള്‍ക്കും ജീവിതത്തില്‍ പാഠമാക്കാവുന്നതാണ്. പരീശീനത്തിനിടയില്‍ ലഭിച്ച സൌഹൃദങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഉള്ളവരായിരുന്നു.അവരില്‍ പലരും രാജ്യത്തേ അറിയപ്പെടുന്ന വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് എന്നാല്‍ താന്‍ അത്തരത്തിലുള്ള വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയതല്ല എങ്കിലും തന്റെ കഠിന പ്രയത്നം കൊണ്ട് അവര്‍ക്ക് ഒപ്പമല്ല,അവര്‍ക്ക് മുന്നില്‍ എത്തുവാന്‍ ലിപിന്‍രാജ്.എം.പിക്ക് കഴിഞ്ഞു.അക്കാഡമി പരീശീനത്തിന് ശേഷം രാജ്യത്തിന്റെ പലഭാഗത്തും പരീശീനാര്‍ഥികള്‍  നടത്തുന്ന യാത്രകളും അതിലെ അനുഭവങ്ങളും ആണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ  സാധാരണക്കാരുടെ ജീവിതങ്ങളാണ്. പത്താന്‍കോട്ടുനിന്ന് കാന്‍ഗ്ര താഴ്വരയിലെക്കുള്ള യാത്രയില്‍ തീവണ്ടിയില്‍ കണ്ടുമുട്ടുന്ന സിവില്‍ സര്‍വ്വീസ് മോഹവുമായി ജീവിക്കുന്ന നൂപുര്‍  എന്ന് പെണ്‍കുട്ടിയുടെ കഥ പറയുന്നു  ‘’പ്രകാശം പരത്തുന്ന പെങ്ങളിലകള്‍’’ ,അജ്മീരില്‍നിന്ന് ഡല്‍ഹിയിലേക്കു് നിസാമുദ്ദിനിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സ് തീവണ്ടിയിലെ യാത്രയില്‍ കണ്ടുമുട്ടുന്ന ഭാവിയില്‍ കമ്പ്യൂട്ടര്‍ അനലിസ്റ്റ് ആകണം എന്ന ആഗ്രഹിക്കുകയും അതിനായി പദ്ധതികള്‍ മനസ്സില്‍ തയ്യാറാക്കി ജീവിക്കുന്ന മൊഹിത് എന്ന കുട്ടിയുടെയും പരശുരാം എക്സ്പ്രസ്സ് തീവണ്ടിയില്‍ പയ്യന്നൂര് നിന്ന് കയറിയ അഗ്നിവേശിന്റെ എന്ന കുട്ടിയുടെയും അനുഭവം പറയുന്ന   ‘’പാഠപുസ്തകങ്ങളില്‍ കാണാത്ത ഇന്ത്യയും ആദിവാസി ഉൌരില്‍ നിന്ന് സ്പെയിനിലെക്കൊരു പെനാല്‍റ്റി കിക്ക് എന്ന അദ്യായത്തില്‍ കാന്‍കേയിലെ ഉര്‍മാ‍ഞ്ജി ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ നേടുന്ന ജീവിത വിജയത്തിന്റെ നേര്‍ എഴുത്താണ്.സ്പെനിലെ ഗാസ്ട്രിസ് കപ്പിനു വേണ്ടിയുള്ള മത്സരത്തില്‍ പങ്കേടുക്കുന്നതിന് ആ ആദിവാസി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ നടത്തിയ പോരാട്ടവും ആരേയും ഉത്തേജിപ്പിക്കുന്ന ജീവിത സമരങ്ങള്‍ കൂടിയാണ്.ഇങ്ങനെ നിരവധി ജീവിത കഥകള്‍ തന്റെ സിവില്‍ സര്‍വ്വീസ് പരീശീനത്തിലെ അനുഭവങ്ങളില്‍ നിന്ന് എഴുത്തിലെക്ക് പകര്‍ത്തുമ്പോള്‍ ഇത് വായിക്കുന്ന ഏതോരാള്‍ക്കും ഉത്തേജനമാകുന്ന ഒരു ജീവിത യാത്രയാണ് മരങ്ങള്‍ ഓടുന്ന വഴിയേയിലൂടെ വായിക്കുവാന്‍ കഴിയുക.ഇത് ഒരു സാധാരണ യാത്രവിവരണ പുസ്തകമല്ല,കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസിന്റെ ഉയരത്തില്‍ എത്തിചേരുന്ന ഒരു സാധാരണക്കാരന്‍ തന്റെ രാജ്യത്തെ വിവിധ ദേശത്തെ സാധാരണക്കാരുടെ ജീവിതം നേരില്‍ കണ്ട് അത് പകര്‍ത്തി എഴുതിയ എഴുത്തുകളാണ്.

    സമ്പര്‍ക്കക്രാന്തി’’

    സമ്പര്‍ക്കക്രാന്തി 22 ബോഗികളുള്ള ഒരു തീവണ്ടിയാണ്, അതിന്റെ ഏറ്റവും പിറകിലായി ഒരു ആവി എഞ്ചിന്‍ ഘടിപ്പിച്ചിരുന്നു,റിപ്പബ്ലിക്ക് ദിനത്തില്‍ ന്യു ദല്‍ഹിയില്‍ നടക്കുന്ന ഹെറിറ്റേജ് എന്‍ജിനുകളുടെ പ്രദര്‍ശനത്തിന് കൊണ്ട് പോകുകയായിരുന്നു വാണ്ടറര്‍ എന്ന് പേരുള്ള ആ പഴയ യന്ത്രം,തന്റെ ആധുനിക പിന്‍ഗാമി വലിക്കുന്ന ഇരുപ്പത്തിരണ്ട് കോച്ചുള്ള എക്സ്പ്രസ്സിന്റെ ഏറ്റവും പിന്നില്‍ ആകാശങ്ങളെ വിറപ്പിച്ച പുകകുഴലുമായി നിശ്ശബ്ദമായി കിടന്നു. ഈ തീവണ്ടി യാത്ര ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലൂടെയും സമകാലിക യാഥാര്‍ത്യത്തിലൂടെമാണ്. തിരുവനന്തപുരം സ്റ്റേഷനില്‍  നിന്ന് യാത്ര തുടങ്ങുന്ന സമ്പര്‍ക്കക്രാന്തില്‍ കരംചന്ത് യാത്രക്കാരനായി എത്തുമ്പോള്‍, ആള്‍ക്കോപ്പം നമ്മളും ഒരു ദീര്‍ഘയാത്രക്ക് ഒരുങ്ങുകയാണ്,പരിചിതവും അപരിചിതവുമായ നഗരങ്ങളും, ഗ്രാമങ്ങള്‍ക്കും നടുവിലൂടെ അപരിചിതരും എന്ന ക്രമേണ പരിചിതരുമാകുന്ന സഹയാത്രികര്‍ക്കും ഒപ്പം ഒരു യാത്ര.ഈ യാത്രയില്‍ കരംചന്തിന്റെ കൂപ്പയില്‍ സഹയാത്രികനായി കിട്ടുന്നത് ജോൺ‍‍ എന്ന ഇംഗ്ളീഷുകാരന്റെ കയ്യില്‍ സദാസമയവുമുള്ളത് ഇന്ത്യ എന്ന യാത്രാ സൂചിക പുസ്തമാണ്.  കൂടാതെ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ ജോണ്‍ തന്റെ ക്യമറയില്‍ പകര്‍ത്തിയ ഇന്ത്യന്‍ യാഥാര്‍ത്യങ്ങളുടെ നിരവധി ചിത്രങ്ങളുമായാണ് ജോണ്‍ യാത്ര ചെയ്യുന്നത്. തീവണ്ടിയിലെ മറ്റുള്ള കൂപ്പകളില്‍ എത്തുന്ന ഒരോ യാത്രകരും ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ഒരോ പരിഛേദങ്ങളാണ്.സമീറ, പേരില്ലാത്തസംശയവ്യദ്ധ, ടിക്കറ്റ് പരിശോധകന്‍   കാര്‍വാലോ,തുടങ്ങി എത്രയോ പേരുള്ളവരും പേരറിയാത്തവരുമായ യാത്രക്കാര്‍. യാത്രയില്‍ ഉണ്ടാകുന്ന ഒരോ സംഭവങ്ങളും കരംചന്തിന്റെ ചിന്തകളിലൂടെ ഇന്ത്യയുടെ ചരിത്രത്തേയും സാമൂഹിക യാഥാര്‍ത്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരോ കണ്ണികളാണ്.തീവണ്ടി കടന്നു പോകുന്ന ഒരോ സ്ഥലങ്ങളുടെയും ചരിത്രവും സമകാലിക സംഭവങ്ങളും ഇന്ന് നമ്മള്‍ നേരിടുന്ന രാഷ്ടീയ സാമൂഹിക യാഥാര്‍ത്യങ്ങളുടെയും മൺ‍‍മറഞ്ഞ് പോകുന്ന ഒര്‍മ്മകളുടെ നേര്‍ചിത്രങ്ങളായി മാറുമ്പോള്‍,മറവിയേ മനുഷ്യന്‍ ഇത്ര മാത്രം സ്നേഹിക്കുന്നത്  എന്ത് കൊണ്ട് എന്ന് നമുക്ക് മുന്നില്‍  തെളിയുന്നു. തീവണ്ടിയിലുണ്ടാകുന്ന ചില അസ്വാരസ്വങ്ങള്‍ നിന്ന്,യാത്രക്കാരുടെ അതിപ്തികള്‍ മുതലെടുത്ത് ദ്വി എന്ന യാത്രക്കാരന്‍‍ അവരുടെ നേതാവാകുകയും ഒടുവില്‍ ആ തീവണ്ടിയേ തന്നെ അടക്കി ഭരിക്കുന്ന ഏകാധിപതി ആകുന്ന സംഭവത്തിലൂടെ ഒരു ജനക്കൂട്ടത്തെ എങ്ങനെയാണ് ഒരു ഏകാധിപതി തന്റെ വരുധിയില്‍ നിര്‍ത്തുന്നതെന്നും അതിനായി എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്നും വെളിവാകുന്നു.യാത്രികരുടെ ചാര്‍ട്ടില്‍ കരംചന്ത് കാണുന്ന ഒരു പേരുകാരനെ അന്വേഷിച്ച് നടക്കുകയും കണ്ടേത്തുകയും ചെയ്യുന്നുണ്ട്,ആ പേര് നരേന്ദ്ര ധബോല്‍ക്കര്‍ എന്നാണ്. അന്ധവിശ്വാസ വിരുദ്ധ പ്രചാരകനും അറിയപ്പെടുന്ന യുക്തിവാദിമായ അദ്ദേഹം സ്വന്തം ആശയങ്ങള്‍ക്ക് വേണ്ടി ഉറച്ച് നിന്നു കൊണ്ട്  ജീവന്‍ തന്നെ ബലി നല്‍കിയ ജ്ഞാനവൃദ്ധന്‍.ട്രയിനിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയാകുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും പ്രവചനസ്വഭാവം ഉണ്ട്ന്നുള്ളത് നമ്മള്‍ തിരിച്ചറിയാന്‍ വൈകുമ്പോള്‍ നമ്മുടെ സമൂഹം അതിന്റെ ഇരുണ്ട കാലത്തെക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റോരറ്റത്തെക്ക് യാത്ര ചെയ്യുന്ന തീവണ്ടിയും അതിന്റെ  കമ്പാര്‍ട്ട്മെന്റെും അതിലെ യാത്രക്കാരും ഇന്ത്യയുടെ ഒരോ പ്രദേശങ്ങളുടെ പരിഛേദങ്ങളായി മാറുമ്പോള്‍ അതില്‍ അവരുടെ ചരിത്രവും രാഷ്ടീയവും സമകാലികതയുടെ നേര്‍ക്കാഴ്ചകളുണ്ട്.അതോക്കെ കൊണ്ട് തന്നെ ഇന്ത്യ  എന്ന ശരീരത്തിന്റെ കുഞ്ഞ് ബയോപ്സിയാകുന്നു തീവണ്ടിമുറി.

    പച്ച,മഞ്ഞ,ചുവപ്പ്

    പച്ച മഞ്ഞ ചുവപ്പ് ഈ മൂന്ന് നിറങ്ങളില്‍ നമ്മള്‍ കാണുന്നത് നിയന്ത്രണങ്ങളുടെ,അധികാരത്തിന്റെ നിറങ്ങളാണ്,അവ സുപരിചിതമാകുന്നത് നമ്മള്‍ സഞ്ചരങ്ങളെ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്ക് വിളക്കുകാലിലാണ്, പിന്നെ തീവണ്ടിപാളങ്ങള്‍ക്ക് അരികിലുള്ള വിളക്കുകാലിലും .എന്നാല്‍ പച്ച മഞ്ഞ ചുവപ്പ് എന്ന നോവല്‍ വായനയിലൂടെ നമ്മള്‍ക്ക് പത്രമാദ്ധ്യമങ്ങളിലൂടെ വെറും തീവണ്ടിഅപകടം എന്ന അലസവാര്‍‍ത്ത മാത്രമായിരുന്ന അപകടങ്ങളുടെ പിന്നിലെ നിഗുഡതകള്‍ വെളിവാകുകയാണ്.ഈ അപകടങ്ങളിലോക്കെ നമ്മുക്ക് ഏറ്റവും അടുത്ത് ഉണ്ടാകുന്നവ മാത്രമായിരുന്നു അല്പമെങ്കിലും അലട്ടിരുന്നത്. നോവല്‍ തുടങ്ങുന്നത് തമിഴ്നാട്ടിലെ ലോക്കൂര്‍ സ്റ്റേഷനടുത്ത് ഡാനീഷ്പേട്ടില്‍ നെല്ലൈ എക്സ്പ്രസ്സ് എന്ന തീവണ്ടിയുടെ  അപകടത്തിന്റെ കാരണക്കനെന്ന് വിശ്വസിക്കുന്ന രാമചന്ദ്രന്‍ എന്ന് സ്റ്റേഷന്‍മാസ്റ്ററുടെ സ്വയംഹത്യയിലൂടെയാണ്,ഈ അപകടത്തിന് താന്‍ കാരണമല്ല എന്ന് സ്വയം വിശ്വസിക്കുന്നുവെങ്കിലും സമൂഹത്തിന്റെ വിശ്വാസവും അതുമൂലമുള്ള മാനസികപീഢനങ്ങളും കാരണം അപകടത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ബലി അര്‍പ്പിച്ച്  തന്റെ ജീവിതവും വെടിഞ്ഞ് അവര്‍ക്ക ഒപ്പം ചേരുന്നു.എന്നാല്‍ ഈ തീവണ്ടി അപകടത്തില്‍ മരണമടഞ്ഞ രാമചന്ദ്രൻ മാസ്റ്ററുടെ സുഹൃത്തു് തോമസ് എന്ന ടി.ടി.ഇയുടെ മകളായ ജ്വാല അന്ന തോമസ് എന്ന് പത്രപ്രവര്ത്തകയുടെ അന്വേഷണത്തിലൂടെ ഈ അപകടവും അതിലേക്ക് നയിച്ച സംഭവങ്ങളുടെയും കുരുക്ക് അഴിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാമചന്ദ്രൻ മാസ്റ്ററുടെ സുഹൃത്തും റിട്ടയേര്‍ഡ് കണ്‍ട്രോളറുമായ സുരേഷിനെ ജ്വാല കാണുന്നു,സംസാരത്തിനിടയില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ മരിക്കുന്നതിന് തലേ ദിവസം  തന്നെ വന്നു കണ്ടിരുന്നു എന്നും ജോലി തിരക്കില്‍ സംസാരിക്കാന്‍ പറ്റിയില്ല എന്നും,ഒരു ചെറിയ സൂട്ട്കേസ് തന്നെ ഏല്പിച്ചു എന്നും കലൈശെല്‍വിയോ മകന്‍ അരവിന്ദനോ വന്നാല്‍ കൊടുക്കണമെന്നും രാമചന്ദ്രന്‍ തന്നോട് പറഞ്ഞു എന്ന് അറിയിക്കുന്നു .ജ്വാലയും  ഒപ്പം രാമചന്ദ്രന്‍ മാസ്റ്ററുടെ റെയില്‍വേ ഉദ്യോഗസ്ഥനായ മകന്‍ അരവിന്ദനും കൂടി സുരേഷിന്റെ പക്കല്‍ നിന്ന് മാസ്റ്റര്‍ ഏല്പിച്ച സൂട്ട്കേസ് വാങ്ങി തുറക്കുമ്പോള്‍‍ അതില്‍ ഒരു ഡയറിയും മൂന്ന് ക്യാസറ്റും അരവിന്ദന്റെ ജാതകവുമാണ് ഉണ്ടായിരുന്നത്.അവര്‍ രാമചന്ദ്രന്‍‍ മാസ്റ്ററുടെ ഡയറി വായിക്കുന്നതിലൂടെ അതിന്റെ താളുകളിലൂടെ റെയിവേയിലെ വലിയ ഒരു അധോലോകം ആണ് വെളിപ്പെടുന്നത്. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ അരവിന്ദനും ജ്വാലയും കൂടി നടത്തുന്ന അന്വേഷണങ്ങളിലൂടെ ലോകത്തിന് മുന്നില്‍  റെയില്‍വേ എന്ന ഗതാഗത സംവിധാനത്തിന്റെ പിന്നിലുള്ള ഗൂഢമായ പല സംഭവങ്ങള്‍ക്കും വായനക്കാര്‍ സാക്ഷികളാകുന്നു.

    പാട്രിക്ക് കരുണാകരന്‍,ഗുണ്ട് ഭാസ്കരന്‍,ക്യഷ്ണ ബൊപ്പണ്ണ നായിക്ക് എന്ന കെ.ബി.നായിക്ക് എന്നീ മൂന്ന് ഉദ്യോഗസ്ഥര്‍ റെയില്‍വേ കേന്ദ്രീകരിച്ച് നടത്തുന്ന അധോലോക വ്യവഹാരങ്ങള്‍ തുറന്ന് കാണിക്കുന്ന രാമചന്ദ്രന്‍ എന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഇവരുടെ ശത്രുവാകുന്നു,കൂടാതെ തന്റെ തൊഴിലിടമായ റെയില്‍വേയേ ലാഭകരമാക്കുവാന്‍ ഓയില്‍ ടാങ്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ മോഡല്‍ പോലുള്ള പുതിയ പദ്ധതികള്‍‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും , അതില്‍ മതിപ്പുളവായി ടൈടേബിള്‍ കണ്‍ട്രോളര്‍ പോലുള്ള പുതിയ ചുമതലകള്‍ ഏല്‍പ്പിക്കുന്നതും ഇവരുടെ ശത്രുതക്ക് തീക്ഷണത കൂട്ടുന്നു.തീവണ്ടിയിലൂടെ നടത്തുന്ന കള്ളക്കടത്തും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പകയും കൂടാതെ വിദേശ കമ്പിനികളും തങ്ങളുടെ സുരക്ഷാ ഉപകരണങ്ങള്‍ വില്പനക്കായി ഈ അധോലോക ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നു,അതിനായി അവര്‍ തീവണ്ടി അപകടങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കുമ്പോള്‍ ജീവന്‍ നഷ്ടമാകുന്നത് നിരപരാധികളായ സാധാരണ യാത്രക്കാരാണ്.ഇതു പോലെ ഒരു കരുതി കൂട്ടിയുള്ള അപകടമാണ് ലോക്കൂര്‍ സ്റ്റേഷനടുത്ത് ഡാനീഷ്പേട്ടിലെ നെല്ലൈ എക്സ്പ്രസ്സും ഗുഡ്സ്സും തീവണ്ടിയും തമ്മിലുണ്ടായത്. ഈ നോവല്‍ എഴുത്തുകാരന്റെ ഭാവന സൃഷ്ടി മാത്രമാണ് എന്ന് തുടക്കത്തില്‍ പറയുന്നുവെങ്കിലും ആ ഭാവനയിലൂടെ ടി.ഡി.രാമകൃഷ്ണന്‍ റെയില്‍വേ എന്ന മഹാപ്രസ്ഥാനത്തിലെ ജീര്‍ണ്ണിച്ച പിന്നാമ്പുറ ദ്യശ്യങ്ങള്‍ വായനക്കാര്ക്ക് മുന്നിലെക്ക്  കൊണ്ടുവരുന്നു.ഈ ദ്യശ്യങ്ങള്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന നമ്മള്‍ ഒരിക്കലും കാണാന്‍ സാദ്ധ്യതയുള്ളവയല്ല.അതു പോലെ നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ ജീര്‍ണ്ണിച്ച പല മുഖങ്ങളും തിരക്കു പിടിച്ച  നമ്മള്  ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ അല്ലെങ്കില്‍ കാണാതെ പോകുന്നു.ഭാഗ്യഹീനരായ ചിലര്‍ ആ ജീര്‍ണ്ണതക്ക് ഇരയാകുന്നു അവരുടെ ജീവിതത്തിന്റെ നിയന്ത്രണം ഈ അധോലോകത്തിന്റെ നേരിട്ടുള്ള   കൈകളിലാകുന്നു . ഈ നോവല്‍ വായനയിലൂടെ വായനക്കാരനു മുന്നില്‍ വെളിപ്പെടുന്ന  കാര്യം ആ ലോകത്തിലുള്ളവരാണ് ഇന്ന് ഏതോരു സാധാരണക്കാരന്റെ ജീവിതം നിയന്ത്രിക്കുന്നത് നമ്മള്‍ കാണാത്ത അധോലോകങ്ങളാണ് എന്ന വാസ്തുതയാണ്.

    Tuesday, January 26, 2021

    വായിച്ച പുസ്തകം-ബറേക്ക


     

     

    ബറേക്ക –കെ.ടി.സതീശൻ  

    നോവല്‍

    മാതൃഭൂമി ബുക്ക്സ്

     

     

                      ബറേക്ക,കടലിനോപ്പം സ്ഥിതി ചെയ്യുന്ന പട്ടണം,അവിടെ പാട്ടുകള്‍ക്കും സംഗീതത്തിനും അനുരാഗത്തിനുമോപ്പം മൂഴിക്കുന്നിന്റെയും, അവിടുത്തേ അനേകം ജീവിതങ്ങളുടെ കഥ പറയുന്നു ഈ നോവല്‍.തലമുറകള്‍ക്ക് പിന്നിലെ കഥകള്‍ക്കോപ്പം ഇന്നിലേക്ക്ത്തുമ്പോള്‍ ആ വഴികളിലെപ്പോഴും സംഗീതമുണ്ടായിരുന്നു.ആ സംഗീതം ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല,അത് ചരിത്രത്തിന്റെ പല വഴികള്‍ പോലെ പലരുടെയും വഴികളായിരുന്നു.അവിടെ നേരിന്റെയും ചതിയുടെയും വഞ്ചനയുടെയും സ്നേഹത്തിന്റെയും കാമത്തിന്റെയും സ്വന്തമാക്കലിന്റെയും അനാഥതത്വത്തിന്റെയും കഥകളുണ്ടായിരുന്നു,ഇതിനിടയിലെല്ലാം സംഗീതവും ചിലപ്പോള്‍ വേദനകളായും, മറ്റ്  ചിലപ്പോള്‍   വേദന സംഹാരിയായും.

                              ബറേക്ക ഒരു തുറമുഖ നഗരത്തിന്റെ കഥയാണെങ്കിലും മൂഴികുന്ന് ആ കഥയുടെ മറ്റോരു കേന്ദ്രമാണ്,നീയെന്തങ്കിലും കഴിച്ചോ എന്ന അമ്മയുടെ ചോദ്യത്തിന് ബറേക്കയിലെക്ക് പോകണം എന്ന മറുപടിയോടെ ആണ് ആ യാത്ര തുടങ്ങുന്നത് .മനശാത്രവും സിദ്ധവൈദ്യവും പഠിപ്പിക്കുന്നതിന് അനംഗനെ മലമുകളില്‍ അച്ഛൻ  കൊണ്ടേത്തി ച്ചുവെങ്കിലും സംഗീതം മാത്രമായിരുന്നു തന്റെ വഴി എന്ന ഉള്‍വിളിയില്‍ നിന്ന് ഒരിക്കലും പിന്തിരിയുവാന്‍ അവന് കഴിയില്ലായിരുന്നു.എന്ത് അടയാളമാണ് നിന്നെ പിടികൂടിയിരിക്കുന്നത് എന്ന അച്ഛന്റെ ചോദ്യത്തിന് നല്‍കുവാന്‍ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു, ബറേക്കയില്‍ പോയി സംഗീതം പഠിക്കണം,നിന്റെ തീരുമാനം നിന്റെ വഴികാട്ടി എന്ന അച്ഛന്റെ വാക്കുകളുമായി പിന്നാലെയുള്ള യാത്രകള്‍‍ തുടങ്ങുന്നത് അവിടെയാണ്.

                                     ഈ യാത്രയില്‍ വന്നു ചേരുന്നവര്‍ അനേകരുണ്ട്,അനംഗനെ ബറോക്കയിലെക്ക് എത്തിച്ച ഉസ്താദിന്റെ കുറിപ്പില്‍ അത് വ്യക്തമാണ്,ഒരിക്കല്‍ കൂടി ബറോക്കയില്‍‍ കൂട്ട്കൂടലിന് വഴിയോരുക്കുന്നതും സംഗീതമാണ്.കടപ്പുറത്തെ ആ ഒത്തുചേരലില്‍ അനംഗൻ ചേന്ന്ത്തുന്നതും,അനംഗനിലെക്ക് എത്തി ചേരുന്നതുമായ എത്രയോ ആളുകള്‍. അവിടെ ഉസ്താദ്,അതിനെല്ലാം നിമിത്തമാകുന്നു,ഹാര്‍മോണിയത്തില്‍ പുല്‍ച്ചാടി പോലെ വിരലുകള്‍ ഒടിക്കുന്ന ഹരിഹരൻ, പാട്ടേഴുത്തിലെ ഹാലിച്ചൻ,സ്വന്തം തൊഴിലില്‍ നിന്ന് സംഗീതത്തിനായി ഏതു നിമിഷവും ഇറങ്ങി പുറപ്പെടുന്ന ഹംസ, ഗിറ്റാറുമായി വിൻസെന്റെ,തബലിസ്റ്റ് അപ്പുണ്ണി,പിന്നെ ബാബുസേട്ട്,സംഗീതജ്ഞനല്ലെങ്കിലും സംഗീതത്തിനായി എന്തു ചെയ്യുന്ന ചന്തക്കാരൻ ഹസൈനാര്‍,ഇരട്ടമാളികയില്‍ തബലയും ഹാര്‍മോണിയവും ശബ്ദിക്കുമ്പോള്‍ മനസ്സില്‍ അകാരണമായ ഭയം ഉണരുന്ന നസ്സറുദ്ദീൻ,തന്റെ ജീവിതത്തില്‍ സംഗീതം ഉണ്ടാക്കിയ ഒരു മുറിപ്പാടാണ് ആ ഭയത്തിനുപിന്നില്‍ എന്ന താളുകള്‍ പിന്നിടുമ്പോള്‍ വെളിവാകുന്നു.എന്ന് തിരികെ എത്തും എന്ന അറിയാതെ എന്നോ പുറപ്പെട്ട് പോയ മകനായി രണ്ട് പൊതി ചോറുമായി എന്നും റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുന്ന ഒൌവ്വാവുമ്മാ, ഹംസധ്വനിയിലെ പാട്ടിലും സംഗീതത്തിലും വിനായക് മല്‍‍ഹാറിലും ജീവിതം നഷ്ടമായ നസ്സറുദ്ദീന്റെ പെങ്ങള്‍ മൈന.ചൈനീസ് കപ്പലില്‍ നാവികര്‍ക്കൊപ്പം കടല്‍ കടന്നു പോയ അനംഗന്റെ മുത്തശ്ശിയുടെ കൊച്ചുമകള്‍,ഒരിക്കല്‍ ഉസ്താദിന്റെ വീട്ടില്‍നിന്നും തിരികെ വരുമ്പോള്‍ വഴിവക്കിലെ കൊട്ടാരസദ്യശമായ വീടിന്റെ മതില്‍ക്കെട്ടിനപ്പുറത്തു നിന്നും അനംഗൻ നിശ്ചലനായി നിന്നു കേട്ട പാട്ട്,അത്രമാത്രം ആഹ്ളാദഭരിതവും അതേ സമയം ദുഖമൂകവുമായിരുന്നു അത് അല്പമൊന്നു തെന്നിയാല്‍ കരച്ചിലിന്റെ വക്കോളം ചെല്ലുമായിരുന്ന എന്ന പോലെ വേദനഭരിതമായിരുന്നു. വീണ്ടും മേഘങ്ങള്‍ കൊട്ടാരങ്ങളെപ്പോലെ താണുനിന്ന മറ്റോരു സന്ധ്യയില്‍ മുറിവേറ്റു കനം തൂങ്ങിയ അതേ പാട്ട് അനംഗൻ കേട്ടു ,ആ പാട്ടുകാരിയും താനും തമ്മില്‍ ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന ഹ്യദയബന്ധത്തെ നിര്‍ണയിക്കും വിധം മൃദുലമായിരുന്നു ആ പാട്ടിന്റെ ഉടമയായ ബാബ് സേട്ടിന്റെ മകള്‍ നൌറിൻ.ഹംസധ്വനിയുടെ തട്ടിന്മുകളില്‍ നിന്ന് ഒരു രാത്രി കടല്‍ക്കരയില്‍ നിന്ന് തൂവെള്ളവസ്ത്രത്തില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി ഓടി വരുന്ന ആയാള്‍ ആരാണ് എന്ന് ഇരുട്ടില്‍ തിരിച്ചറിയാതെ അവര്‍ ഒരു നിഗമനത്തിലെത്തി. കൂട്ടം തെറ്റിയ ഞണ്ടുകള്‍ തിരകളോടു മല്ലിടുവാൻ ഇറങ്ങുന്ന നേരമാണ്,അവയേ പിടിക്കുവാൻ വന്നവരാരെങ്കിലുമാകാം, പക്ഷേ അവര്‍ ആരുമായിരുന്നില്ല അത്,കാലങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ കഷ്ടകാലം തീരണമെങ്കില്‍ കടല്‍ വറ്റണമെന്നും അങ്ങനെ കടല്‍ വറ്റണമെങ്കി കുടിച്ച് വറ്റിക്കണം എന്നു പറഞ്ഞത് കേട്ട് കടല്‍ കുടിച്ച് വറ്റിക്കുവാൻ വെള്ളാരംകണ്ണുള്ള അനുജത്തിയെയും കൂട്ടി കടലി ഇറങ്ങി തിരികെ എത്താതെ പോയ കസിമിന്റെ കൂട്ടുകാരൻ യാഹിയ ,ബാബു സേട്ടിൻ മകൻ.പോയ കാലത്തിന്റെ പ്രൌഡി മാത്രം കൈമുതലുള്ള ബാബു സേട്ടിന് മകൻ യാഹിയ ഇന്ന് ഒരു തീരാ ദുഖമാണ്. കടലില്‍ മറഞ്ഞ കൂട്ടുകാര്‍ ഒപ്പം യാഹിയയുടെ മനസ്സും പോയി കഴിഞ്ഞിരുന്നു.താളം തെറ്റിയ മനസ്സുമായി കടല്‍ തീരത്തേക്ക് എപ്പോഴാണ് പായൂക എന്ന് പറയുക വയ്യ.ഇതിനിടയിലെക്കാണ് ബാബു സേട്ടിന്റെ ദുഖം പടികടക്കുവാൻ ഉപായവുമായി ഒരു അശരീരിയുമായി  കടന്നു വരുന്നത്.ഖാലിദ് ഐസ് പ്ളാന്റ് ആന്റെ കൂള്‍ഡ് സ്റ്റോറേജ്ന്റെ വാതിലില്‍ എഴുതിയ മുതലാളി ചെമ്പുകുടിയൻ ഖാലിദായിരുന്നു അത്. ഐസ് പ്ളാന്റിന്റെ ഉരുക്കുവാതിലിനു പുറത്ത് തെളിഞ്ഞ മനുഷ്യനും വാതില്‍ കടന്നാല്‍ നരിയുമായ ഖാലിദ്.ആ വാതിലിനപ്പുറത്ത് നിന്ന് ഒരോ പ്രാവശ്യവും ഖാലിദ് പുറത്തിറങ്ങുമ്പോള്‍ പിറകില്‍ ഒരു സ്ത്രീ രൂപമുണ്ടാകും,ആ ഖാലിദാണ് നൌറിനെ മക്കിയാമുവിനെ കൊണ്ട് കെട്ടിക്കാം എന്ന് അശരീരിയുമായി എത്തിയത്.അത് ഒരിക്കലും ബാബുസേട്ടിന്റെ ദുഖം പടികടക്കുവാനുള്ള ഉപായം മാത്രമല്ലായിരുന്നു.  മനോനില മങ്ങിയോ ഉൾ‍വെളിച്ചത്തിന്റെ ആധിക്യത്തില്‍ പരിസരം വകവെക്കാതെയും, മുഷിഞ്ഞ് കനത്ത മുപ്പതിയഞ്ചു വയസ്സ് കഴിഞ്ഞ ശരീരത്തിനുമേല്‍ കിരീടം വെച്ചതുപൊലെ മുടി നെറുകയില്‍‍ കെട്ടി തങ്കവും നാലടി പിറകില്‍ അനുജത്തി സുന്ദരിയും.അച്ഛൻ രാങ്കേരിയുടെ മരണത്തോടെ മനോനില തകര്‍ന്ന അവരുടെ ആ നടപ്പ്  ഹംസയെ കണാനും കാണിക്കാനുമാണ് എന്ന് ഉസ്താദ് അവരെ ചൂണ്ടി പറയുമ്പോള്‍ ബറോക്കയിലെ തകര്‍ ജീവിതങ്ങളുടെ മറ്റോരു നേര്‍ക്കാഴ്ചയായിരുന്നു അത്.ഇവരില്‍ പലരുടെയും സങ്കടങ്ങളുടെയും അവസാന അത്താണിയായ മൊയ്തീൻ ഒൌലിയ,തെരുവിലൂടെ ഒന്നും ഒന്നും രണ്ടാണേ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് നടക്കുമ്പോള്‍ അത്  അറിയാത്തവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു.ഒന്നും ഒന്നും ചേര്‍ന്നാലാണ് രണ്ട്,വേര്‍പെട്ടാലല്ല,പക്ഷേ ഇവിടെ ഒന്നും ഒന്നും വേര്‍പെട്ട് രണ്ടായിത്തീരുന്നു, ഒന്നും ഒന്നും ചേര്‍ന്നാലും രണ്ട്, ഒന്നും ഒന്നും വേര്‍പെട്ടാലും രണ്ട് എന്ന വലിയ സത്യം ഉറക്കെ പറയുന്നു.

                              ഇങ്ങനെയുള്ള അനേകം ജീവിതത്തിന് ആശ്വാസമായി ഇവിടെ സംഗീതം മാറുന്നു.ബറോക്ക കാത്തിരുന്ന ആ ദിവസം കടല്‍ക്കരയില്‍ അവര്‍ കൂട്ട് കൂടി എല്ലാം മറക്കുവാന്‍ സംഗീതത്തില്‍ ആഴൂവാൻ.ആ ആഘോഷങ്ങള്‍ക്കോക്കെ പിന്നില്‍ അനംഗന്റെ പാട്ടു കേട്ട് നൌറിൻ നിന്നു,ഓരോ നേരവും തെന്നിത്തെന്നി മാഞ്ഞവൻ ,ഹൃദയത്തിലെ ഏറേ ആഗ്രഹങ്ങളും കണ്ണീരില്‍ ഒലിച്ച് പോയവളായി. അനംഗൻ അകലെ നിന്ന് നൌറിനെ കണ്ടു,അവളുടെ,കടല്‍കാറ്റില്‍ പറക്കുന്ന നീല ഉറുമാലും.അവര്‍ അന്യോന്യം നോക്കി ആ ഗാനത്തിന് അപ്പുറവും ഇപ്പുറവും നിന്ന് ,വര്‍ഷങ്ങള്‍ക്കു മുൻപേ കഴിഞ്ഞുപോയ ഒരുമിച്ചിരുന്ന കാലം അവരോര്‍ത്തു. നിന്റെ തീരുമാനം നിന്റെ വഴികാട്ടി എന്ന അച്ഛന്റെ വാക്കുകള്‍‍ പോലെ അനംഗനും ബറേക്കയിലെ ജീവിതങ്ങളും അവരുടെ സന്തോഷവും സങ്കടവും സംഗീതവും എല്ലാം ഇവിടെ വായനക്കാര്‍ക്ക് ഒന്നായി തീരുന്നു.