ഇടവഴികൾ നാട്ടിൽ നിന്നും നമ്മിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു ,
ഇന്ന് എവിടെയും പെരുവഴികൾ മാത്രമായിരിക്കുന്നു. ചീറിപ്പായുന്ന വണ്ടികൾ മാത്രമുള്ള പെരുവഴികൾ മാത്രം ,നിങ്ങൾ അതിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കാഴ്ചകളിൽ പെടാതെ പോകുന്ന ചില കാഴ്ചകൾ ഉണ്ടാവും, ചില കവലകളിൽ ഈ വഴികളൊക്കെ മുറിച്ചു കടക്കുവാൻ ശ്രമിച്ചു പരാജയപ്പെടുന്ന പ്രായമായ മനുഷ്യർ, ആരോഗ്യമുള്ള കാലത്ത് ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയിൽ പെട്ടിട്ടുണ്ടാവില്ല ,കാരണം അവർ നടന്നു പഠിച്ചതും,നടന്നതും,നാട്ടിലെ ഇടവഴികളിലൂടെയും നാട്ടുവഴികളിലൂടെയും, വയൽവരമ്പിലുടെയും വഴികളല്ലാത്ത പറമ്പുകളിലൂടെയും ഒക്കെയാണ് .അക്കാലത്ത് നാട്ടിൽ എത്രയോ ഇടവഴികൾ ഉണ്ടായിരുന്നു,ഈ ഇടവഴികളിലൂടെ ഉള്ള നടത്തത്തിനിടയിൽ ആളുകൾ എത്ര വീടുകളുമായി ,അവിടുത്തെ എത്ര മനുഷ്യരുമായി മിണ്ടിയും പറഞ്ഞും പോയിരുന്നു ,ആ മിണ്ടലിലും പറച്ചിലിലും എത്രയോ നാട്ടുവർത്തമാനങ്ങൾ അവർ പറഞ്ഞിരുന്നു ,എത്ര ആളുകളുടെ വിശേഷങ്ങൾ കൈമാറി കൈമാറി പോയിരുന്നു, നാട്ടിലെ മനുഷ്യരുടെ സന്തോഷങ്ങളും, സങ്കടങ്ങളും, ഉൽക്കണ്ഠകളും പങ്കുവെച്ചിരുന്നു, നാട്ടിലുള്ള കല്യാണങ്ങളും പുതിയ പിറവികളും പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും മരണവാർത്തമാനങ്ങളും ഒളിച്ചോട്ടങ്ങളും തമ്മിൽ തല്ലുകളും കത്തികുത്തുകളും കൃഷിയും കൃഷികാരുടെ കാര്യങ്ങളും രാഷ്ട്രീയവും മതവും ജാതിയും മന്ത്രവാദങ്ങളും പരഭൂക്ഷണവും, അങ്ങനെ എന്തെല്ലാം എന്തെല്ലാം. അരക്കൊപ്പം മാത്രം ഉയരമുള്ള കയ്യാലയിൽ ഇരുന്നു കൊണ്ടുള്ള ഈ വർത്തമാനങ്ങളിലൂടെ പുതുക്കപ്പെടുന്ന ബന്ധങ്ങൾ ഇന്ന് അന്യമായിരിക്കുന്നു .നാട്ടുവഴികളിലെയും ഇടവഴികളിലെയും കയ്യാലകൾ ആ വഴികൾക്കൊപ്പം മാഞ്ഞു കഴിഞ്ഞു, അവയുടെ സ്ഥാനത്ത് മനുഷ്യനേക്കാൾ ഉയരമുള്ള മതിലുകൾ സ്ഥാനംപിടിച്ചു , മതിലുകൾക്കിടയിലെ വലിയ ഇരുമ്പ് ഗേറ്റുകൾ വീടുകളെയും മനുഷ്യരെയും വേർതിരിച്ചു കഴിഞ്ഞു.ആ വഴിയികളിലൂടെ പോകുന്നവരെ ഇരുവശവുമുള്ള് വീടുകളിൽ നിന്ന് അന്യരാക്കി തീർന്നു . പണ്ട് അങ്ങനെ ആയിരുന്നില്ല ഇടവഴികളിലൂടെ അപ്പുറവും ഇപ്പുറവും ഉള്ളവരെ വേർതിരിക്കുവാൻ ആ നേർത്ത വഴികൾ ഉണ്ടായിരുന്നുവെങ്കിലും ആ വീടുകളെല്ലാം ഒരു വീടുകൾ പോലെ തന്നെ ആയിരുന്നു .അവടെ ഒരിടത്ത് നിന്ന് ഒന്നുറക്കെ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന അകലങ്ങൾ മാത്രമായിരുന്നു അവർക്ക് ഇടയിലെ അകലം .ആ അകലം അവർക്ക് ഒരകലമൊട്ട് അല്ലായിരുന്നു താനും. ഇന്ന് നഗരത്തിലെ വഴികളുടെ അപ്പുറവും ഇപ്പുറവും ഉള്ള വീടുകളിൽ താമസിക്കുന്നവർ ഇടയിലെ അകലം ഏതാനും മീറ്ററുകളുടെ മാത്രം അകലമല്ല ഒരു പക്ഷേ പരസ്പരം കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള അകലമായി പലപ്പോഴും മാറി കൊണ്ടിരിക്കുന്നു, അവിടങ്ങളിൽ എന്തു സംഭവിച്ചാലും അവർ അറിയുക ഒരുപക്ഷേ ദിവസങ്ങളോ ആഴ്ചകളോ ശേഷമായിരിക്കും,ഒരു പക്ഷേ അവർ അറിഞ്ഞില്ലന്നും എന്നും വരാം.
പണ്ട് പ്രണയമൊ സൗഹൃദമൊ ആകട്ടെ രൂപപ്പെടുന്നതിന് ആ ഇടവഴികൾക്കേ വലിയ പങ്കുണ്ടായിരുന്നു ,ഇങ്ങനെ രൂപപ്പെടുന്ന ബന്ധങ്ങളൊക്കെ ഒരു പരിധി വരെ ദൃഢവും ആയിരുന്നു എന്നൽ ഇന്ന് പ്രണയത്തിലേക്കു സൗഹൃദത്തിലേക്ക് കടന്നുചെല്ലാൻ മാത്രമായി ചില ഇടവഴികൾ ഉണ്ടായിരിക്കുന്നു ,അങ്ങനെ രൂപപ്പെടുന്ന ഇവയിൽ പലതും പെരുവഴിയിൽ ഉപേക്ഷിക്കപ്പെടുന്നവയുമാണ്.പണ്ട് മനുഷ്യരെ ബന്ധിപ്പിച്ചിരുന്ന ഇടവഴികളുടെ സ്ഥാനം ഇന്ന് മൊബൈൽ ഫോണുകൾ ഏറ്റെടുത്തിരിക്കുന്നു,അകലങ്ങൾക്ക് ഇടയിൽ രൂപപ്പെട്ട ഈ പുതിയ കാലത്തിന്റെ ഇടവഴികൾ അകലങ്ങൾ കുറക്കുന്നെങ്കിലും അവയെല്ലാം അല്പം ആയുസ്സ് മാത്രം ഉള്ളവയാണ്.വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഈ ഇടവഴികൾ എപ്പോൾ വേണമെങ്കിലും മുറിഞ്ഞു പോകാവുന്നവ മാത്രമാണ്, നെറ്റ് വർക്കുകൾ മുറിഞ്ഞു പോകുമ്പോൾ മൃതമാകുന്ന ഫോണുകൾ പോലെ.പഴയ കാലത്തെ ആ ഇടവഴികളുടെ നെറ്റ് വർക്കുകൾ എത്ര ദൃഢമായിരുന്നു,അതിന് നേർ വിപരീതമാണ് ഇന്നത്തെ ഈ ദുർബലമായ നെറ്റ് വർക്കുകൾ,മനുഷ്യർക്കിടയിലെ നാലു പേജ് കത്തുകളുടെ സ്ഥാനത്ത് രണ്ട് വരി ഇൻസ്റ്റന്റ് മെസേജുകൾ എത്രത്തോളം ബന്ധങ്ങളെ ദൃഢമാക്കുമെന്ന് ആലോചിക്കാവുന്ന തെയുള്ളു. മനുഷ്യർ തമ്മിൽ അകലുമ്പോൾ ഇല്ലാതെയാകുന്നത് ദൃഢമായ ഒരു സമൂഹമാണ്, പിന്നെ ഗ്രാമങ്ങളെയും ( ഇന്ന് ഗ്രാമങ്ങൾ എത്രത്തോളം ഗ്രാമങ്ങളാണ് എന്നത് അന്വേഷിക്കെണ്ടിരിക്കുന്നു) നഗരങ്ങളെയും രാഷ്ട്രങ്ങളെയും അതിന്റെ യഥാർത്ഥ അർത്ഥങ്ങളിൽ നിന്ന് അകറ്റും. ഇന്നത്തെ രണ്ടു വരി ,നാലു വരി ,ആറു വരി പാതകൾ നമ്മളെ വേഗത്തിൽ ചലിപ്പിക്കുമ്പോൾ മനുഷ്യർ മനുഷ്യത്വമുള്ളവർ ആയിത്തിരാൻ പഴയ ഇടവഴികൾ തന്നെയാണ് വേണ്ടതെന്ന് പലപ്പോഴും തിരിച്ചറിയുന്നു. ഇന്നത്തെ കാലത്ത് ആ പഴയ ഇടവഴികൾ അസംഭവ്യമാണ് എന്നറിയാമെങ്കിലും ഇന്നത്തെ പെരുംവഴികൾക്ക് ഇരുപുറങ്ങളും തമ്മിലുള്ള അകലങ്ങൾ കുറച്ചു കൊണ്ടുവരുവാൻ നമ്മൾ തന്നെ മുൻകൈ എടുത്തില്ലെങ്കിൽ ഈ അകലങ്ങൾ കൂടി കൂടി മനുഷ്യർ തമ്മിലുള്ള അകലം പ്രപഞ്ചത്തിലെ ഗ്രഹങ്ങൾ തമ്മിലുള്ള അകലങ്ങൾക്ക് തുല്യമാകാം, അത് സംഭവിക്കാതെ ഇരിക്കുവാൻ നിറയേ ഇടവഴികൾ നിറഞ്ഞ ഇടങ്ങളെ നമ്മുക്ക് സ്വപ്നം കണ്ട് തുടങ്ങാം .
No comments:
Post a Comment