Monday, June 19, 2023

പുസ്തകങ്ങൾ വായിക്കുന്നത് എന്തിനാണ്?

പുസ്തകങ്ങള്‍ വായിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നവരാണ് ഏറേപ്പെരും.ഇവര്‍ക്ക് ഇന്നുവരെയും ഒരു മറുപടിയും കൊടുത്തിട്ടില്ല, എന്നാല്‍ ഈ ചോദ്യങ്ങള്‍,പലപ്പോഴും എന്തിനാണ് പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് അലോചനയില്‍ കുരിക്കിയിട്ടുണ്ട്.ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി അത് ഇപ്പോഴും എനിക്ക് ചുറ്റും കറങ്ങുന്നുണ്ട്.പല വട്ടം ആലോചിച്ചിട്ടുണ്ട് എന്തിനാണ് വായിക്കുന്നത്,എന്താണ് വായന കൊണ്ടുള്ള പ്രയോജനം,അറിയില്ല,പക്ഷേ ദിവസവും പത്ത് പേജ് വായിച്ച് കഴിയുമ്പോള്‍ ഉള്ളില്‍  നിറയുന്ന ഒരു ശാന്തതയുണ്ട്(ചിലപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അസ്വസ്ഥമാകുന്നമുണ്ട് കേട്ടോ)ആ ശാന്തത ആയിരിക്കാം അതിനുള്ള ഉത്തരം.പക്ഷേ അത് മറ്റോരാളോട് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ലലോ. വായിച്ചു തുടങ്ങിയ കാലം മുതല്‍ ഇന്നു വരെയും വാങ്ങിച്ച പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തിട്ടുണ്ടോ എന്ന ഒരു സുഹ്യത്തിന്റെ ചോദ്യത്തിന് എന്റെ ഉത്തരം "ഇല്ല" എന്നു തന്നെ യായിരുന്നു, അതിന് സുഹ്യത്തിന്റെ പ്രതികരണം "നിങ്ങള്‍ ചുമ്മാ ജാഡക്ക് പുസ്തകം വാങ്ങി കൂട്ടുന്നതല്ലേ, വായിക്കാനല്ലലോ" എന്നായിരുന്നു.

  ം വാങ്ങുന്ന എല്ലാ പുസ്തകങ്ങളും വായിക്കാനുള്ള ആഗ്രഹത്തോടെ തന്നെയാണ് വാങ്ങുന്നതു ,പക്ഷേ ജീവിതത്തിന്റെ ഒരോ ഘട്ടവും കടന്ന് മുന്നോട്ട് പോകുന്തൊറും ജീവിതത്തില്‍ അനുവദിക്കപ്പെട്ട സമയം വല്ലാതെ കുറഞ്ഞു പോകുന്നതായി തോന്നുന്നു, കുടുബജീവിതത്തിനും, ഔദ്യോഗിക ജീവിതത്തിനും വേണ്ടി  ആ സമയത്തിന്റെ നല്ലൊരു ഭാഗവും മാറ്റി വയ്ക്കുമ്പോള്‍,വ്യക്തി എന്ന നിലയിലുള്ള ജീവിതവും അതിലെ സ്വകാര്യ ആനന്ദമായ വായനയും മൂന്നാം സ്ഥാനത്തെക്ക് പിന്‍തള്ളപ്പെടുന്നു.പുസ്തക ശാലകളില്‍ പലപ്പോഴും പോകുന്നത് ചില പ്രത്യേക പുസ്കങ്ങളെ തേടിയായിരിക്കും,വായിച്ച ആനുകാലികങ്ങളില്‍, സാമൂഹിക മാദ്ധ്യമങ്ങളില്‍ ഒക്കെ നിന്ന് ലഭിക്കുന്ന പുസ്തക വിവരങ്ങള്‍,ചില വായനാനുഭവങ്ങള്‍, ആ പുസ്തകങ്ങളെ തേടി ചെല്ലുവാന്‍ എന്നിലെ വായനക്കാരനെ പ്രചോദിപ്പിക്കുന്നു.എന്നാല്‍ ആ പുസ്തകം തിരഞ്ഞെടുത്ത് കഴിയുമ്പോൾ പുസ്തകശാലയിലെ നിറഞ്ഞ  ഷെല്‍ഫുകളില്‍ നിരന്നിരിക്കുന്ന പല പുസ്തകങ്ങളും മനസ്സിനെ പ്രലോഭിപ്പിക്കുകയും, ആ പ്രലോഭനം നിയന്ത്രിക്കാന്‍ കഴിയാതെ അവയിൽ ചിലത് കൂടി വാങ്ങി വീട്ടില്‍ എത്തുമ്പോള്‍,ഒരു പക്ഷേ ആദ്യം വായനക്ക് എടുക്കുന്നത് ആദ്യം തേടിപ്പോയ പുസ്തകം ആയിരിക്കില്ല അതോടൊപ്പം എടുക്കുക മറ്റു പുസ്തകങ്ങളിൽ ഒന്നായിരിക്കും, പുസ്തകമേളകളിലും ഇതുതന്നെയാണ് ഒരോ വായനക്കാരനിലും സംഭവിക്കുന്നത്  , കളിപ്പാട്ട കടക്ക് ഉള്ളില്‍ പെട്ടു പോയ ഒരു കുട്ടിയുടെ കൺഫ്യൂഷൻ തന്നെ ഒരു വായനക്കാരനെയും പുസ്തകമേളകൾ അനുഭവിപ്പിക്കാറുണ്ട്.

  പലപ്പോഴും കിട്ടിയ അറിവിന്റെ ആവേശത്തിൽ വായിക്കാൻ എടുക്കുന്ന  പുസ്തകങ്ങള്‍  പലതും  ഒരു പക്ഷേ പത്ത് പേജില്‍ കൂടുതല്‍ കടന്നുപോകാന്‍ കഴിയാതെ തിരികെ വെയ്ക്കെണ്ടി വരുകയും,പതിയെ വായന മറ്റു പുസ്തകങ്ങളിലെക്ക്  മാറുകയും ചെയ്യുന്നു,  ആ പുസ്തകത്തിന്റെ ആദ്യ പത്ത് പേജുകളുടെ  വായനയിലൂടെ നമ്മളില്‍ അനുഭവപ്പെടുന്ന മടുപ്പിൽ ചിലപ്പോഴൊക്കെ  ആ പുസ്തകത്തോടുള്ള മടുപ്പായി മാറുന്നു,പിന്നീട് ചിലപ്പോള്‍ ആ പുസ്തകം ഒരിക്കവും വായിക്കാത്ത പുസ്തകങ്ങളുടെ ഇടങ്ങളിലെക്ക് സ്ഥാനം പിടിക്കുന്നു .

 കോളേജ് കാലത്ത് ഗൗരവമായ വായന ആരംഭിക്കുകയും പിന്നീട് ജോലിയുടെ ആസുര തിരക്കിലേക്ക് , ആ കയത്തിലേക്ക് പെട്ടു പോയപ്പോൾ വായന അലസമായി ആയി മാറിയതും കുറച്ചൊന്നുമല്ല  മനസ്സിലെ അസ്വസ്ഥമാക്കിയത്. എന്നാല്‍  കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ആ വായനയെ തിരികെ പിടിക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിന്റെ തന്നെ  വലിയ ആശ്വാസമായി മാറുന്ന.ആ ആസുരമായ കാലത്തും പുസ്തകങ്ങൾ വാങ്ങലും, ലൈബ്രറിയിൽ നിന്ന് എടുക്കലും ഒരിക്കലും മുടക്കിയില്ല എന്നത് ,എന്നെങ്കിലും ആ പഴയ വായനയെ തിരികെ പിടിക്കാമെന്ന് ആത്മവിശ്വാസമായിരുന്നു. കെട്ട കാലങ്ങളിൽ ആ ദുരിത ജീവിതങ്ങളില്‍ നിന്ന് മനസ്സിനെ പുറത്തു കൊണ്ടുവരാനായി സഹായിച്ച ചില പുസ്തകങ്ങൾ ഉണ്ട്, അത് ഒരിക്കലും മറക്കാൻ കഴിയാത്ത വായന കാലമായിരുന്നു,ആ പുസ്തകങ്ങളുടെ വായനയും എഴുത്തുകാരും ഒരിക്കലും നമ്മുടെ മറവിയിലേക്ക് പോകില്ല, അവര്‍ നല്‍കിയ തെളിച്ചങ്ങള്‍ ആ ഇരുണ്ട കാലത്ത് കിട്ടിയ മൃതസഞ്ജീവനി തന്നെയായിരുന്ന എന്ന് തന്നെ പറയാം.വായന ഇത്തരത്തിലോക്കെ മുന്നോട്ട് പോകുമ്പോഴും ആ പഴയ ചോദ്യം ഇപ്പോഴും എനിക്ക് ചുറ്റും കറങ്ങി നിൽക്കുന്ന, എന്തിനാണ് നിങ്ങൾ പുസ്തകങ്ങൾ വായിക്കുന്നത് . നമ്മള്‍ വായിക്കുന്ന ഓരോ പുസ്തകങ്ങള്‍,  നമ്മളെ എത്തിപ്പെടാത്ത എത്രയോ ലോകങ്ങളിലുടെ നമ്മളെ കൊണ്ടു പോകുന്നു,നമ്മള്‍ കാണാത്ത ദേശങ്ങൾ, നമ്മൾ കാണാത്ത കടലുകൾ, നമ്മൾ കാണാത്ത മരുഭൂമികൾ,നമ്മള്‍ കാണാത്ത കാടുകൾ, അവയൊക്കെ നമ്മുടെ വായനാ മുറിയിലെ കസേരയുടെയും മേശയുടെയും അടുത്തേക്ക് വന്നു കൊണ്ടിരുന്ന ആ പുസ്തകങ്ങളുടെ വായനയിലൂടെ, എഴുത്തുകാരനിലൂടെ, ആ വരികളിലൂടെ, ആ വാക്കുകളിലൂടെ, അതോക്കെ നമ്മള്‍ അനുഭവിക്കുന്നു.   ഓരോ എഴുത്തുകാരന്റെയും, അനുഭവങ്ങള്‍ കഥകളായോ, കവിതകളായോ, നോവലുകളായോ, യാത്രഴുത്തുകളായോ,  മാറുമ്പോൾ   നമ്മൾ എത്രയോ മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത് .  ഇങ്ങനെ ഓരോ പുസ്തകങ്ങൾ വായിച്ചു തീരുമ്പോഴും ആ അനുഭവങ്ങളിലൂടെ നമ്മൾ കൂടുതൽ കൂടുതൽ നല്ല മനുഷ്യരായ മാറും എന്ന വിശ്വാസം മാത്രമാണ് പിന്നെയും പിന്നെയും പുസ്തകങ്ങള്‍ വായിച്ച് വായിച്ച് ജീവിക്കുവാന്‍ നമ്മളെ പ്രചോദിപ്പിക്കുന്നത് .അങ്ങനെ വായിച്ച് വായിച്ച്   നല്ല മനുഷ്യരായി തീരുവാൻ ഇനിയും ഇനിയും പുസ്തകങ്ങൾ വായിച്ച് തീർക്കുവാൻ,ഇനിയും ഇനിയും പുസ്തകങ്ങൾ വാങ്ങി കൂട്ടുവാൻ ഒരോ രാത്രികളും കടന്ന് വരുന്ന ഒരോ പ്രഭാതത്തിലും വായനക്കരന് സാധിക്കട്ടെ എന്ന് മാത്രമാണ്  ഓരോ ദിവസവും അണയുമ്പോഴും പ്രത്യാശിക്കുന്നത്. ഇതാണ് ആ ചങ്ങാതി ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എന്ന് ഈ വായനാ ദിനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.

Saturday, March 4, 2023

നമ്മൾ വെറുതെ പുറന്തള്ളുന്ന മാലിന്യങ്ങൾ



“ഒരു ദിവസം മനുഷ്യൻ സംസാരിച്ചു തുപ്പുന്ന ശബ്ദങ്ങളിൽ എത്ര അത്യാവശ്യമയിട്ടുള്ളവയുണ്ട്? വളരെ കുറച്ചേ കാണു .ബാക്കിയെല്ലാം മനുഷ്യന്റെ പൊങ്ങച്ചങ്ങളുടെയും പരദൂഷണത്തിന്റെയും നുണങ്ങളുടെയും ചതികളുടെയും ആസക്തികളുടെയും ഹിംസ കളുടെയും മാലിന്യങ്ങളാണ്” കെ അരവിന്ദാക്ഷന്റെ “ഒച്ചുകളുടെ മഹായാനങ്ങൾ” എന്ന പുസ്തകത്തിലെ ഈ വരികൾ വായിച്ചപ്പോൾ കുറയെ സമയം നിശ്ബദ്ദമായി പോയി, കണ്ണുകൾ അടച്ച് ഒന്നും ആലോചിക്കാതെ വെറുതെ ശ്വാസം എടുത്ത് ഒരു നിമിഷമാത്രക്ക് ശേഷം ആ വരികൾ നൽകിയ ആഘാതത്തിൽ നിന്ന് പതിയെ ഉണർന്നപ്പോൾ, അന്ന് രാവിലെ മുതൽ കേട്ടതും പറഞ്ഞതുമായ കാര്യങ്ങളെ വെറുതെ ഓർക്കാൻ ശ്രമിച്ചു. എന്നാല്‍ ഓർമ്മയിൽ അവശേഷിക്കുന്നത് വളരെ കുറച്ച് ശബ്ദങ്ങളും വാക്കുകളും മാത്രം, ബാക്കി കേട്ടതും പറഞ്ഞത് ഒക്കെ മനസ്സിന്റെ ഡസ്റ്റ് ബിന്നിൽ ആയിക്കഴിഞ്ഞിരുന്നു. ഉള്ളിൽനിന്ന് കുറിയേ മാലിന്യങ്ങൾ പുറത്തേക്കും പുറത്തുനിന്ന് കുറെ മാലിന്യങ്ങൾ അകത്തോട്ടു എടുത്തിട്ട് ഉണ്ടാവും ഈ ദിവസവും. അങ്ങനെ പുറന്തള്ളുകയും ഉള്ളിലാക്കുകയും ചെയ്ത മാലിന്യത്തിന്റെ അളവ് എനിക്ക് തന്നെ തിട്ടപ്പെടുത്താൻ കഴിയാത്തതായിരുന്നു.ഇന്ന് ഒരു ദിവസത്തെ കാര്യമാണ് ആലോചിച്ചത് എങ്കിൽ ഭൂമിയിലേക്ക് ജന്മം കൊണ്ടു വന്നിട്ട് ഇതു വരെയുള്ള നാളുകളിൽ തുടരുന്ന ഇതെ പ്രക്രിയയിൽ ഉള്ളിലെ എടുത്തതും പുറം തള്ളിയതുമായ  എത്രയധികം ശബ്ദമാലിന്യങ്ങള്‍ ആയിരിക്കും . ജീവിതത്തിന്റെ ആദ്യനാളുകളിൽ ശബ്ദങ്ങളും കാഴ്ചകളും കണ്ട് തുടങ്ങിയകാലത്ത് പുറന്തള്ളലിനേക്കാൾ ഉള്ളിലേക്ക് എടുത്ത ശബ്ദങ്ങളായിരിക്കും കൂടുതൽ .ജീവിതത്തിലെക്ക് പിച്ച വെച്ച് തുടങ്ങിയ ആ നാളുകളില്‍ ഏതാണ്  തനിക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന് തിരിച്ചറിവിലെക്ക് എത്താന്‍ കഴിയാതിരുന്നതിനാല്‍ ഉള്ളിൽ കടക്കുന്നതെല്ലാം അവിടെ ഉറഞ്ഞുകൂടി വരും കാലത്തക്കുള്ള ഒരു വലിയ മാലിന്യ ശേഖരമായി മാറിട്ടുണ്ടാവും മിക്കവരിലും.എന്നാല്‍ തനിക്ക് ചുറ്റിലും ഉള്ളതിനെ എല്ലാം തിരിച്ചറിയാന്‍ തുടങ്ങുന്ന കാലത്ത് സംസാരിച്ച്‍ തുടങ്ങുന്ന ശബ്ദങ്ങളില്‍ നിഴലിക്കുന്നത് ജീവിതത്തിന്റെ  തുടക്ക  കാലത്തിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയിയാതെ മുമ്പ് തന്റെ ഉള്ളില്‍ ഉറഞ്ഞുകൂടിയവ രൂപപ്പെടുത്തിയ വിചാരങ്ങളായിരിക്കും കൂടുതലും . അന്നെ ഉള്ളില്‍ ഉറഞ്ഞു കൂടിയ മതവും ജാതിയും വർണ്ണവും വർഗ്ഗവും തന്നെ രൂപപ്പെടുത്തിയ വിചാരങ്ങളില്‍ നിന്ന് അതാണ് ശരി എന്ന് തീര്‍പ്പിലെക്ക് പതിയേ വളരാൻ തുടങ്ങുന്ന കാലത്താണ്, താന്‍ ചങ്ങാത്തത്തിലായ മറ്റു പലരിൽ നിന്നും കേട്ട പല ശബ്ദങ്ങളും ഉള്ളിലോട്ട് എടുക്കുവാൻ ശ്രമിക്കുന്നത് . അപ്പോള്‍ തന്റെ ഉള്ളിൽ ഉള്ളതും പുതിയതായി കിട്ടയതും തമ്മിലുള്ള സംഘർഷത്ത ഉള്ളില്‍ ഉിന്റെ പാരമ്യത്തില്‍ ഉള്ളില്‍ ഉറഞ്ഞതിനെ നിക്ഷേധിക്കാനും പുതിയതിനെ ഉള്ളില്‍ ഉറപ്പിക്കാനും നടത്തുന്ന ശ്രമത്തിന്റെ സംഘര്‍ഷത്തില്‍ പലതും  അറിയാതെ പുറത്തേക്കു വിസർജ്ജിച്ചു കൊണ്ടിരിക്കും, അവയേല്ലാം മാലിന്യങ്ങൾ ആണെന്ന് അറിയാതെ, തനിക്ക് കിട്ടിയതെല്ലാം  ശരിയാണ് എന്ന് തർക്കിക്കുകയും വാദിക്കുകയും ചിലപ്പോഴൊക്കെ ആ മാലിന്യങ്ങൾക്ക് വേണ്ടി അടിപിടികൾ വരെ കൂടുകയും ചെയ്തിട്ടുണ്ടാകാം.ഇങ്ങളെ തന്റെ ഉള്ളിലുള്ളത് കൊണ്ട് താന്‍ എന്തോക്കെയോ ആയി തീര്‍ന്നു എന്ന ധാരണയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ താൻ പുറത്തേക്ക് വിടുന്ന ശബ്ധങ്ങളെ സ്ഥാപിച്ചേടുക്കാന്‍ എത്രയെത്ര നുണകൾ പടച്ച് ഉണ്ടാക്കുകയും താൻ പറയുന്നതൊക്കയാണ് ശരിയെന്ന ധാരണയിൽ തനിക്ക് ചുറ്റിലുമുള്ള അല്പജ്ഞാനികൾക്ക് ഇടയിലെ അല്പം കൂടി കൂടിയ അല്പജ്ഞാനി ആയി പൊങ്ങച്ചങ്ങളില്‍ ആറടിതിമിർത്തി ട്ടുണ്ടാവാം. തന്നെക്കാൾ മുമ്പന്മാരെ എന്ന് തനിക്ക് തോന്നുന്നവരെ തറപറ്റിക്കുവാൻ എന്തെല്ലാം പരദൂഷണങ്ങൾ പറഞ്ഞ നടന്നിട്ടുണ്ടാവാം ,ഇതിനെല്ലാം ഉപരിയായി തന്റെ ഉള്ളില്‍ നിന്നുള്ള ശബ്ദങ്ങളെ ന്യായികരിക്കുവാന്‍ അറിഞ്ഞും അറിയാതെയും എത്രയെത്ര ഹിംസകൾ നടത്തിയിട്ടുണ്ടാവാം.താന്‍ മറ്റുള്ളവരില്‍ നിന്നെല്ലാം ഭിന്നനാണ് എന്നും , ആസക്തികളില്‍ നിന്ന് മുക്തമാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍ തന്നെ ആ ആസക്തികളിൽ പുളഞ്ഞ് നടന്നിട്ടുണ്ടാവാം. പിന്നെ പതിയെ പതിയെ കഴിഞ്ഞ കാലത്തിന്റെ  എല്ലാം പരിണിതങ്ങൾ എന്നതു പോലെ ബുദ്ധിയും ശക്തിയും ശബ്ദവും ക്ഷയിച്ചു തുടങ്ങുന്ന കാലത്തും തങ്ങളാൽ കഴിയും വിധം മുമ്പ്  ഉള്ളില്‍ ഉറഞ്ഞതെല്ലാം പുറത്തേക്കു് കളയാതെ എത്രയും വലിപ്പമെറിയ മാലിന്യ ഭാണ്ഡങ്ങള്‍ പേറിയാണ് നടക്കുന്നുണ്ടാവുക ,അപ്പോഴും പടച്ചുവിടുന്ന വാക്കുകളിൽ എതാണ് ആവശ്യമുള്ളത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഇത്രയും കാലം വിസര്‍ജ്ജിച്ച്  പോരാ ഇനിയും വേണം എന്ന നിലയിൽ മുമ്പ്  പറഞ്ഞതെല്ലാം ആവർത്തിച്ചു സ്ഥാപിക്കുവാൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴും, ഇതൊന്നും ഒഴിവാക്കാനാവാതെ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടെ ഇരിക്കുമമ്പോഴും മുന്നില്‍ കാണുന്നത് പരാജയത്തിന്റെ പടുകുഴിയാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ തളർന്നും പകച്ചും പതറിയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ആശയങ്ങളും വാക്കുകളും പിടി പള്ളികളും തേടി അലഞ്ഞ് അവശനായി ഒരുനാൾ ഒരു ശബ്ദങ്ങലും പുറന്തള്ളാൻ കഴിയാതെ ആകുമ്പോള്‍, കാഴ്ചക്കാരായി ചുറ്റും കൂടുന്നവരില്‍  നിന്നും പുറത്തേക്ക് വരുന്ന വാക്കുകൾ, അത് തനിക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എന്ന് വേർതിരിക്കാനുള്ള കഴിവ് നഷ്ടമായി  എന്ന തിരിച്ചറിവ് കിട്ടി തുടങ്ങുമ്പോൾ, ജീവിതം അതിന്റെ പ്രാരംഭ കാലത്തെ പോലെ തന്നെ ആയി മാറിയിട്ടുണ്ടാവാം . തന്റെ ശബ്ദങ്ങലെല്ലാം ദുര്‍ബലമായി തീരുമ്പോഴും ഉള്ളില്‍ കഴിഞ്ഞ കാലങ്ങളില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ പുറത്തേക്ക് കളയാനാകാതെ ഒടുവിലത്തെ ശ്വാസത്തിനായി കാത്തു കൊണ്ടുള്ള ആ കിടപ്പിൽ തനിക്ക് ചുറ്റും ആർത്ത് തിമിർക്കുന്നവരോട് ഇത്രയും കാലം താൻ പറഞ്ഞതിൽ നിന്നും കേട്ടതിൽ നിന്നും ആവശ്യമുള്ളത് ഓർത്ത് എടുത്ത് പറയാനാകാതെയുള്ള ആ നിസ്സഹായതയിൽ ഇന്നലകളില്‍ താന്‍ അനുഭവിച്ചതും ഇന്ന് താന്‍ അനുഭവുക്കുന്നതുമായി ജീവിതത്തില്‍ നിന്ന് ഏതാണ് ശരിയായ ജീവിതം എന്ന് ചുറ്റും ഉള്ളവരോട് പറയാൻ പോലും കഴിയാതെ നിസ്സാരനായി പോകുന്ന തന്റെ അവസ്ഥ തനിക്ക് ചുറ്റിലും ഉള്ളവരിൽ ആർക്കെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എങ്കിൽ അവരുടെ ജീവിതത്തിൽ ശേഖരിച്ചു വച്ചിട്ടുള്ളവയില്‍ കുറെ മാലിന്യങ്ങളുടെ അളവ് കുറക്കുവാൻ കഴിയുകയില്ലെ എന്ന് ചിന്തിക്കാന്‍ തക്ക അവസ്ഥയിലാകുന്ന ജീവിതം.ആ കിടപ്പില്‍ തന്റെ കണ്‍മുന്നിലുള്ളവര്‍ക്ക് എങ്കിലും തങ്ങളുടെ സംസാരത്തില്‍ നിന്ന് തനിക്ക് ആവശ്യമുള്ളത് തിരിച്ചറിഞ്ഞ്  തനിക്ക് ചുറ്റും ദിവസവും പരക്കുന്നു മാലിന്യങ്ങളുടെ തോത് ഇനിയേങ്കിലും കുറക്കാന്‍  ആരെങ്കിലും ഒക്കെ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.

Sunday, February 12, 2023

ഇടവഴികളിൽ നിന്ന് പെരുംവഴികളിലെക്ക്....

ഇടവഴികൾ നാട്ടിൽ നിന്നും നമ്മിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു ,
ഇന്ന് എവിടെയും പെരുവഴികൾ മാത്രമായിരിക്കുന്നു. ചീറിപ്പായുന്ന വണ്ടികൾ മാത്രമുള്ള പെരുവഴികൾ മാത്രം ,നിങ്ങൾ അതിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കാഴ്ചകളിൽ പെടാതെ പോകുന്ന ചില കാഴ്ചകൾ ഉണ്ടാവും, ചില കവലകളിൽ ഈ വഴികളൊക്കെ മുറിച്ചു കടക്കുവാൻ ശ്രമിച്ചു പരാജയപ്പെടുന്ന പ്രായമായ മനുഷ്യർ, ആരോഗ്യമുള്ള കാലത്ത് ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയിൽ പെട്ടിട്ടുണ്ടാവില്ല ,കാരണം അവർ നടന്നു പഠിച്ചതും,നടന്നതും,നാട്ടിലെ ഇടവഴികളിലൂടെയും നാട്ടുവഴികളിലൂടെയും, വയൽവരമ്പിലുടെയും വഴികളല്ലാത്ത പറമ്പുകളിലൂടെയും ഒക്കെയാണ് .അക്കാലത്ത് നാട്ടിൽ എത്രയോ ഇടവഴികൾ ഉണ്ടായിരുന്നു,ഈ ഇടവഴികളിലൂടെ ഉള്ള നടത്തത്തിനിടയിൽ ആളുകൾ എത്ര വീടുകളുമായി ,അവിടുത്തെ എത്ര മനുഷ്യരുമായി മിണ്ടിയും പറഞ്ഞും പോയിരുന്നു ,ആ മിണ്ടലിലും പറച്ചിലിലും എത്രയോ നാട്ടുവർത്തമാനങ്ങൾ അവർ പറഞ്ഞിരുന്നു ,എത്ര ആളുകളുടെ വിശേഷങ്ങൾ കൈമാറി കൈമാറി പോയിരുന്നു, നാട്ടിലെ മനുഷ്യരുടെ സന്തോഷങ്ങളും, സങ്കടങ്ങളും, ഉൽക്കണ്ഠകളും പങ്കുവെച്ചിരുന്നു, നാട്ടിലുള്ള കല്യാണങ്ങളും പുതിയ പിറവികളും പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും മരണവാർത്തമാനങ്ങളും ഒളിച്ചോട്ടങ്ങളും തമ്മിൽ തല്ലുകളും കത്തികുത്തുകളും കൃഷിയും കൃഷികാരുടെ കാര്യങ്ങളും രാഷ്ട്രീയവും മതവും ജാതിയും മന്ത്രവാദങ്ങളും  പരഭൂക്ഷണവും, അങ്ങനെ എന്തെല്ലാം എന്തെല്ലാം. അരക്കൊപ്പം മാത്രം ഉയരമുള്ള കയ്യാലയിൽ ഇരുന്നു കൊണ്ടുള്ള ഈ വർത്തമാനങ്ങളിലൂടെ പുതുക്കപ്പെടുന്ന ബന്ധങ്ങൾ ഇന്ന് അന്യമായിരിക്കുന്നു .നാട്ടുവഴികളിലെയും ഇടവഴികളിലെയും കയ്യാലകൾ ആ വഴികൾക്കൊപ്പം മാഞ്ഞു കഴിഞ്ഞു, അവയുടെ സ്ഥാനത്ത് മനുഷ്യനേക്കാൾ ഉയരമുള്ള മതിലുകൾ സ്ഥാനംപിടിച്ചു , മതിലുകൾക്കിടയിലെ വലിയ ഇരുമ്പ് ഗേറ്റുകൾ വീടുകളെയും മനുഷ്യരെയും വേർതിരിച്ചു കഴിഞ്ഞു.ആ വഴിയികളിലൂടെ പോകുന്നവരെ ഇരുവശവുമുള്ള് വീടുകളിൽ നിന്ന് അന്യരാക്കി തീർന്നു . പണ്ട് അങ്ങനെ ആയിരുന്നില്ല ഇടവഴികളിലൂടെ അപ്പുറവും ഇപ്പുറവും ഉള്ളവരെ  വേർതിരിക്കുവാൻ ആ നേർത്ത വഴികൾ ഉണ്ടായിരുന്നുവെങ്കിലും ആ വീടുകളെല്ലാം ഒരു വീടുകൾ പോലെ തന്നെ ആയിരുന്നു .അവടെ ഒരിടത്ത് നിന്ന് ഒന്നുറക്കെ വിളിച്ചാൽ കേൾക്കാൻ പറ്റുന്ന അകലങ്ങൾ മാത്രമായിരുന്നു അവർക്ക് ഇടയിലെ അകലം .ആ അകലം അവർക്ക് ഒരകലമൊട്ട് അല്ലായിരുന്നു താനും. ഇന്ന് നഗരത്തിലെ വഴികളുടെ അപ്പുറവും ഇപ്പുറവും ഉള്ള വീടുകളിൽ താമസിക്കുന്നവർ ഇടയിലെ അകലം ഏതാനും മീറ്ററുകളുടെ മാത്രം അകലമല്ല ഒരു പക്ഷേ പരസ്പരം കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള അകലമായി  പലപ്പോഴും മാറി കൊണ്ടിരിക്കുന്നു, അവിടങ്ങളിൽ എന്തു സംഭവിച്ചാലും അവർ അറിയുക ഒരുപക്ഷേ ദിവസങ്ങളോ ആഴ്ചകളോ ശേഷമായിരിക്കും,ഒരു പക്ഷേ അവർ അറിഞ്ഞില്ലന്നും എന്നും വരാം.

പണ്ട് പ്രണയമൊ സൗഹൃദമൊ  ആകട്ടെ രൂപപ്പെടുന്നതിന് ആ ഇടവഴികൾക്കേ  വലിയ പങ്കുണ്ടായിരുന്നു ,ഇങ്ങനെ രൂപപ്പെടുന്ന ബന്ധങ്ങളൊക്കെ ഒരു പരിധി വരെ ദൃഢവും ആയിരുന്നു എന്നൽ ഇന്ന് പ്രണയത്തിലേക്കു സൗഹൃദത്തിലേക്ക് കടന്നുചെല്ലാൻ മാത്രമായി ചില ഇടവഴികൾ ഉണ്ടായിരിക്കുന്നു ,അങ്ങനെ  രൂപപ്പെടുന്ന ഇവയിൽ പലതും പെരുവഴിയിൽ ഉപേക്ഷിക്കപ്പെടുന്നവയുമാണ്.പണ്ട് മനുഷ്യരെ ബന്ധിപ്പിച്ചിരുന്ന ഇടവഴികളുടെ  സ്ഥാനം ഇന്ന് മൊബൈൽ ഫോണുകൾ ഏറ്റെടുത്തിരിക്കുന്നു,അകലങ്ങൾക്ക് ഇടയിൽ രൂപപ്പെട്ട ഈ പുതിയ കാലത്തിന്റെ ഇടവഴികൾ അകലങ്ങൾ കുറക്കുന്നെങ്കിലും അവയെല്ലാം അല്പം ആയുസ്സ് മാത്രം ഉള്ളവയാണ്.വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഈ ഇടവഴികൾ എപ്പോൾ വേണമെങ്കിലും മുറിഞ്ഞു പോകാവുന്നവ മാത്രമാണ്, നെറ്റ് വർക്കുകൾ മുറിഞ്ഞു പോകുമ്പോൾ മൃതമാകുന്ന ഫോണുകൾ പോലെ.പഴയ കാലത്തെ ആ ഇടവഴികളുടെ നെറ്റ് വർക്കുകൾ എത്ര ദൃഢമായിരുന്നു,അതിന് നേർ വിപരീതമാണ് ഇന്നത്തെ ഈ ദുർബലമായ നെറ്റ് വർക്കുകൾ,മനുഷ്യർക്കിടയിലെ നാലു പേജ് കത്തുകളുടെ സ്ഥാനത്ത് രണ്ട് വരി ഇൻസ്റ്റന്റ് മെസേജുകൾ എത്രത്തോളം ബന്ധങ്ങളെ ദൃഢമാക്കുമെന്ന് ആലോചിക്കാവുന്ന തെയുള്ളു. മനുഷ്യർ തമ്മിൽ അകലുമ്പോൾ ഇല്ലാതെയാകുന്നത് ദൃഢമായ ഒരു സമൂഹമാണ്, പിന്നെ ഗ്രാമങ്ങളെയും ( ഇന്ന് ഗ്രാമങ്ങൾ എത്രത്തോളം ഗ്രാമങ്ങളാണ് എന്നത് അന്വേഷിക്കെണ്ടിരിക്കുന്നു) നഗരങ്ങളെയും  രാഷ്ട്രങ്ങളെയും അതിന്റെ യഥാർത്ഥ അർത്ഥങ്ങളിൽ നിന്ന് അകറ്റും. ഇന്നത്തെ രണ്ടു വരി ,നാലു വരി ,ആറു വരി പാതകൾ നമ്മളെ വേഗത്തിൽ ചലിപ്പിക്കുമ്പോൾ മനുഷ്യർ മനുഷ്യത്വമുള്ളവർ ആയിത്തിരാൻ പഴയ ഇടവഴികൾ തന്നെയാണ് വേണ്ടതെന്ന് പലപ്പോഴും തിരിച്ചറിയുന്നു. ഇന്നത്തെ കാലത്ത് ആ പഴയ ഇടവഴികൾ അസംഭവ്യമാണ് എന്നറിയാമെങ്കിലും ഇന്നത്തെ പെരുംവഴികൾക്ക് ഇരുപുറങ്ങളും തമ്മിലുള്ള അകലങ്ങൾ കുറച്ചു കൊണ്ടുവരുവാൻ നമ്മൾ തന്നെ മുൻകൈ എടുത്തില്ലെങ്കിൽ  ഈ അകലങ്ങൾ കൂടി കൂടി മനുഷ്യർ തമ്മിലുള്ള അകലം പ്രപഞ്ചത്തിലെ ഗ്രഹങ്ങൾ തമ്മിലുള്ള അകലങ്ങൾക്ക് തുല്യമാകാം, അത് സംഭവിക്കാതെ ഇരിക്കുവാൻ നിറയേ  ഇടവഴികൾ നിറഞ്ഞ  ഇടങ്ങളെ നമ്മുക്ക്  സ്വപ്നം കണ്ട് തുടങ്ങാം .

ജീവിതത്തിൽ അല്പം പതുക്കെ പോയാലോ


എന്തൊരു വേഗതയാണ് ഇന്ന് ജീവിതത്തിന് ,ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങ, , വർഷങ്ങൾ, ഒക്കെ എത്ര വേഗമാണ് കടന്നുപോകുന്നത് . ഇങ്ങനെ കടന്നു പോകുന്ന ജീവിതവേഗതയ്ക്ക് മുന്നിൽ പലപ്പോഴും നമ്മൾ തന്നെ സ്തബ്ധരായി പോകുന്നു. പലപ്പോഴും ആലോചിക്കാറുണ്ട് എവിടേക്കാണ് ഈ പാച്ചിലുകൾ , ഇത്ര വേഗത്തിൽ ഓടി എത്തിയിട്ട് ജീവിതത്തിൽ എന്താണ് നേടിയിട്ടുള്ളത്,ഈ അതിവേഗ യാത്രക്കാരിൽ എത്രപേർ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നു ,സ്വതവേയുള്ള ജീവിത വേഗത്തെ മറികടന്ന് പോകുമ്പോൾ ലഭിക്കുന്നത് അപകടങ്ങളും രോഗങ്ങളും ,അതു മൂലമുള്ള ശാരീരിക മാനസിക അസ്വസ്ഥതകൾ അല്ലേ .
ഒരു വാഹനാപകടത്തിനുശേഷം കൂടി കൂടുന്ന ആളുകളിൽ നിന്ന് നമ്മൾ സ്ഥിരം കേൾക്കാറുള്ളതാണ് "എന്തൊരു സ്പീഡ് ആയിരുന്നു ഒന്നു പതുക്കെ പോയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു" എന്ന്, ഇതുപോലെ മുന്നും പിന്നും നോക്കാതെ ജീവിതം വിജയത്തിനായി പായുന്ന പലരും ഒടുവിൽ പലതരം രോഗങ്ങളോടെ ആശുപത്രിക്കിടക്കയിൽ വീഴുമ്പോഴും നമ്മൾ കേൾക്കാറുണ്ട് , "ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന" എന്ന് , ജീവിതത്തിൽ എല്ലാം ഒന്ന് പതുക്കെ ആക്കുകയാണെങ്കിൽ വേഗതകൾ കൊണ്ട് ഉണ്ടാകുന്ന ഇതുപോലുള്ള പലതും ഒഴിവാക്കാൻ കഴിയില്ലേ , ഈ പച്ചിലിൽ നമ്മൾ തട്ടിത്തെറിപ്പിച്ചു പോകുന്ന പല ജീവിതങ്ങളെയും ഒപ്പം കൂട്ടാൻ കഴിയില്ലേ ,ആ വേഗങ്ങൾക്ക് അല്പം നിയന്ത്രണം കൊടുത്ത് ചുറ്റിലും ഒന്ന് നോക്കി, ഒന്ന് ചിരിച്ചു ,ഒരു കുശലം ചോദിച്ചു പതുക്കെ പോകുമ്പോൾ ,നമ്മളുടെ വേഗതയാൽ തകർക്കപ്പെടുന്ന പലതിനും അപ്പുറം തണലേകാൻ കഴിയുന്ന ഒത്തിരി ജീവിങ്ങളെ ,മുഖങ്ങളെ കൂടെ കൂട്ടാൻ കഴിയില്ലേ, ഒന്നാലോചിക്കുക ഇനി ജീവിതത്തിൽ വേഗത അല്പം കുറിച്ചാണോ എന്ന്,അത് നിങ്ങൾക്ക് നല്കുന്നത് ഇന്നുള്ളതിനെക്കാൾ മെച്ചപ്പട്ടതായിരിക്കും തീർച്ച.