Friday, October 3, 2025

വായിച്ച പുസ്തകം / മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ / ബെന്യാമിൻ


▪️കഴിഞ്ഞദിവസം നാട്ടിലെ ലൈബ്രറിയില്‍ നിന്ന് മാസങ്ങൾക്കു മുമ്പ് എടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കാൻ പോയപ്പോള്‍ റാക്കുകളിലേ തിരിച്ചിലിനിടയില്‍ ആദ്യം കയ്യില്‍ കിട്ടിയത് “എം.ടിയുടെ ലോകങ്ങൾ” എന്ന പുസ്തകമായിരുന്നു. അടുത്തൊരു പുസ്തകത്തിനായുള്ള തിരച്ചിലില്‍ കണ്ണില്‍ തടഞ്ഞതെല്ലാം വായിച്ചതും കൈയ്യിലുള്ളതു മായിരുന്നു. പഴയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന റാക്കിൽ പരതിയപ്പോൾ കണ്ണുകൾ കുടുങ്ങിയത് വായനയുടെ ആദ്യ കാലങ്ങളില്‍ ഏറെ മോഹിപ്പിച്ചിരുന്ന ഒരു പഴയ പുസ്തകത്തിലാണ്. "മള്‍ബറിയുടെ, ഷെല്‍വിയുടെ(എഡിറ്റര്‍) ഓർമ്മകൾ" എന്ന പുസ്തകം. കയ്യിൽ കിട്ടിയ പുസ്തകം മൾബറയുടെ ഓർമ്മകളുടെ രണ്ടാം തുടർച്ചയാണ്. പുസ്തകത്തിലെ പ്രസാധനകുറിപ്പില്‍ ഹൃദയപൂര്‍വ്വം ഷെല്‍വി എഴുതുന്നുണ്ട് “1995 പ്രസിദ്ധികരിച്ച് ഓര്‍മ്മയുടെ ആദ്യവോള്യം ഒരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി ഈ പുസ്തകം ആദ്യവോളിയ ത്തിന്റെ തുടര്‍ച്ച തന്നെയാണ് (പുനപ്രസിദ്ധീകരണമല്ല) .ഓര്‍മ്മകളുടെ ന്യുറോണുകള്‍ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജീവിത കാലഘട്ട ത്തില്‍ ഈ വോള്യത്തിന് പ്രസക്തിയേറുന്നു” .പണ്ട് വായനയുടെ വസന്തകാലം എന്നോർക്കാൻ ഇഷ്ടപ്പെടുന്ന 90 കളിൽ, 1995ൽ പ്രസിദ്ധികരിച്ച് “മള്‍ബറിയുടെ ഓര്‍മ്മകള്‍” കണ്ടപ്പോൾ, വായിക്കാനായി കൈയ്യില്‍ കിട്ടിയപ്പോൾ, ഉണ്ടായ അത്ഭുതവും ആകാംക്ഷയും, ഇന്ന് ഒരു പുസ്തകവും കിട്ടുമ്പോൾ ഉണ്ടാകാറില്ല. അന്ന് എഴുത്തുകാരുടെ ആത്മകഥകൾ പുസ്തകമായി ഇറങ്ങിയിരുന്നു, എന്നാൽ ഓർക്കുവാൻ ഏറെ ആഗ്രഹിക്കുന്ന, എഴുത്തുകാരുടെ ഓർമ്മകൾ, അതും ഒരു പുസ്തകത്തിൽ അനേകം എഴുത്തുകാരുടെ ഓർമ്മകളെ ഒന്നിച്ച്, മനോഹരമായി രൂപകല്പന ചെയ്ത് ഇങ്ങനെ വായിക്കാൻ കഴിയുന്നു എന്നത്,ഒരു വായനക്കാരനെ സംബന്ധിച്ച്, അക്കാലത്ത് ചിന്തിക്കാൻ കഴിയാത്തതായിരുന്നു. , പരമ്പരാഗത പുസ്തകം നിർമ്മാണത്തിന് വിധേയമായി ആ കാലത്ത് പുറത്തുവന്നുകൊണ്ടിരുന്ന പുസ്തകങ്ങളെ, ഞെട്ടിച്ചു കൊണ്ടാണ് മള്‍ബറിയുടെ ഓരോ പുസ്തകവും വന്നിരുന്നത്. അതുവരെ വായനക്കാര്‍ക്ക് ചിന്തിക്കാത്ത കഴിയാത്തതായിരുന്നു ആ പുസ്തകങ്ങളുടെ സൌന്ദര്യവും ഉള്ളടക്കവും, മനോഹരമായ കവറിലും, രൂപത്തിലും, ഉള്ളടക്കത്തിലും അച്ചടിയിലും വിഷയത്തിലും ഈ പുസ്തകങ്ങൾ കിട്ടുമ്പോൾ,ഈ പുസ്തകങ്ങളെ പറ്റിയുള്ള “പ്രിയ സുഹൃത്ത് “ മായി പോസ്റ്റ്മാൻ വീട്ടില്‍ എത്തുമ്പോള്‍, ഇന്നത്തെ ഏതൊരു വായനക്കാരനും ഒരിക്കലും ഉണ്ടാകാൻ ഇടയില്ലാത്ത ഒരു സന്തോഷം മള്‍ബറി കാലത്തെ വായനക്കാർക്ക് മാത്രം സ്വന്തമായിട്ടുണ്ടായിരുന്നു. കെ.പി നിർമ്മല്‍ കുമാറും,മേതില്‍ രാധാകൃഷ്ണനും അവരുടെ പുസ്തകങ്ങളും, അന്യഭാഷകളിലെ കഥകൾ, നോവലുകളുമായി അനേകം പുസ്തകങ്ങൾ അന്ന് മള്‍ബറി വായന കേരളത്തിന് നൽകി. അത് ഒരാളുടെ മാത്രം പ്രയ്കത്നമായിരുന്നു, സ്വപ്നമായിരുന്നു, ഷെല്‍വിയുടെയും, അയാളുടെ മള്‍ബറി എന്ന അച്ചടിശാലയുടെയും. 1990 കളിലെ മലയാള പുസ്തകം ലോകത്തിനെ,വായനാലോകത്തിനെ, അമ്പരിപ്പിച്ച ഒരാൾ, പുസ്തകങ്ങളെ പറ്റിയുള്ള തന്റെ സ്വപ്നങ്ങളെ, മള്‍ബറിയുടെ വായനക്കാരിൽ എത്തിക്കാൻ ജീവിതം മാറ്റി വച്ച ഒരാള്‍, അതായിരുന്നു ഷെൽവി. കാലമെത്തുമുമ്പ് വായനക്കാരിൽ നിന്നും, ജീവിതത്തിൽ നിന്നും,പുസ്തകങ്ങളില്‍ നിന്ന് തിരികെ നടന്നുവെങ്കിലും, ആ കാലത്തെ വായനക്കാരുടെ മനസ്സിൽ എന്നും മൾബറുടെയും ഷെൽവിയും ഉണ്ടായിരുന്നു.


 
പക്ഷേ ജീവിതത്തിന്റെ ഒഴുക്കില്‍ എവിടെയോ ഒലിച്ച് പോയ ആ ഓർമ്മകളെ, ജീവിതത്തെ,ആ ജീവിതത്തിലെ ഡിയേ ഒക്കെ വീണ്ടും ഓർമിപ്പിക്കുന്നു, “ബെന്യായാമിന്റെ മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ.
 
“എങ്ങനെയാണ് ഒരാള്‍ക്ക് ഒരെഴുത്തുകാരൻ അത്രമേല്‍ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന 
അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായി അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക ?
പുസ്തകങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ ജീവിച്ചു മടങ്ങിയ ഷെല്‍വിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്സാകിസിന്റെയും കാലങ്ങളിലുടെ,ഇരുവര്‍ക്കുമിടയിലെ സമാനലോകങ്ങളിലുടെ,അവരുടെആഹ്ലാങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും വേദനകള്‍ക്കു മൊപ്പംമാണ് ബെന്യാമിൻ,ഒരു നോവലിസ്റ്റിന്റെ സര്‍വസ്വാതന്ത്ര്യത്തോടെ.” (ബള്ര്‍ബ്)
 
 ഷെൽവിയുടെ,ഡിയുടെ ജീവിതത്തെ പറ്റി പറയുമ്പോൾ നിക്കോസ് കസാൻദ്സാകിസ് എന്ന എഴുത്തുകരനെ പറ്റി എങ്ങനെ പറയാ തിരിക്കാനാകും, കാരണം ഷെൽവിക്കും,ഡിയിക്കും നിക്കോസ് കസാൻദ്സാകിസ് വെറും എഴുത്തുകാരൻ മാത്രമല്ല അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ എഴുത്തുകാരനും അയാളുടെ എഴുത്തുകളും പുസ്തകങ്ങളും ആ ജീവിതങ്ങള്‍ക്കോപ്പമാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ കോഴിക്കോടും ഗ്രീസിലുമെക്കെ നടക്കുന്നത്,

പുസ്തകത്തിൽ ഒരിടത്ത് ഷെൽവിയും ഡിയും ഒന്നിച്ചുള്ള ജീവിതം തുടങ്ങി ദിവസം രാത്രി ആഹാരത്തിനു ശേഷം സാകിസിൻ്റെ The Fratricides എന്ന നോവലിൻ്റെ ഒരു ഭാഗം വായിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്.

"എന്റെ ജീവിതത്തിൽ ഞാനാഗ്രഹിച്ചിരുന്നത് വെറും മൂന്ന് കാര്യങ്ങളാ യിരുന്നു, ഒരു കൊച്ചുവീട്, ഭാര്യ, ചുരുണ്ട ഇലകൾ തിങ്ങിയ ഒരു പൂപ്പാത്രം. എന്റെ പ്രിയപ്പെട്ടവളേ, ജീവിതമെന്നത് വളരെ വിചിത്രമാണ്. മനുഷ്യന് വളരെ കുറച്ചേ വേണ്ടൂ സന്തുഷ്ടനാകാൻ. എന്നാൽ കപടയശസ്സിനു പിന്നാലെ അലഞ്ഞ് അവൻ സ്വയം നഷ്ടപ്പെടുത്തുന്നു. സ്വയം നശിപ്പിക്കുന്നു. എന്റെ മാരിയ, ഇവിടം ഉപേക്ഷിക്കാനും ആ കൊച്ചുമുറി യുടെ വാതിലിനരികെ എത്താനും ഒരക്ഷരംപോലുമുരിയാടാതെ നിൻ്റെ കൈത്തണ്ട തൊടാനും അതിന്റെ ഇളം ചൂട് എൻ്റെ കൈപ്പത്തിക്കു ള്ളിലറിയാനും ഞാനെത്ര തവണ കൊതിച്ചിട്ടുണ്ടെന്നോ. സ്നേഹിക്കുന്ന കൈകളുടെ സ്‌പർശനത്തെ ക്കാളേറെ വലിയ ആനന്ദം മറ്റൊന്നുമില്ലെന്നുതന്നെ ഞാൻ കരുതുന്നു."

ഈ വരികൾ വായിക്കുന്ന ,ഇന്നും മള്‍ബറിയേ ഇഷ്ടപ്പെടുന്ന, ഷെൽവിയെ ഓർക്കുന്ന, കസാൻദ്സാകിസിനെ വായിക്കുന്ന, സോര്‍ബയുടെ ജീവിതം തങ്ങളുടെ കൂടെ ജീവിതമായി സ്വപ്നങ്ങളിൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് ഈ പുസ്തക വായന നൽകുന്ന ആവേശം, അനുഭവിച്ചറിയാനെ കഴിയൂ, അത് പറഞ്ഞു മറ്റോരാളെ മനസ്സിലാക്കിക്കുവാൻ ശ്രമിച്ചാൽ തീർച്ചയായും അത് ഒരു പരാജയം മാത്രമായിരിക്കും. കസാൻദ്സാകിസിന്റെ മണ്ണിലേക്ക് 2023 ലെ ഡിയുടെ യാത്രയും, 1985 മുതൽ 2023 വരെയുള്ള ഡിയുടെ കോഴിക്കോട് ജീവിതവുമാണ് "ഷെഹ്നായിയുടെ" മുറ്റത്തെ മള്‍ബറി വായനക്കാരനോട് പറയുന്നത് ,ആ കഥ പറച്ചിൽ അവസാനിക്കുന്നത് നിക്കോസ് കസാൻദ്സാകിസിന്റെ ഈ വാക്കുകളിലാണ്...
 
“അവര്‍ എന്നെക്കുറിച്ച് കരുതിയത്
പണ്ഡിതൻ,ബുദ്ധിജീവി,എഴുത്തുകാരൻ എന്നൊക്കെയാണ്,
എന്നാല്‍ ഞാനിതൊന്നുമായിരുന്നില്ല.
ഞാനെഴുതുമ്പോള്‍ എന്റെ വിരലുകളില്‍ പടര്‍ന്നത് മഷിയായിരുന്നില്ല,രക്തമായിരുന്നു.
ഞാനിതില്‍ കൂടുതല്‍ മറ്റൊന്നുമല്ല എന്ന് ഞാൻ വിചാരിക്കുന്നു:
ധൈര്യമുള്ള ഒരാത്മാവ് !”
 
നിക്കോസ് കസാൻദ്സാകിസ്
(1883-1957)
 
ആ വരികളിൽ പറയുന്നതു പോലെ, മൾബറി എന്ന പുസ്തകശാലയിൽ നിന്ന് പുറത്തു വന്നവ, വെറും പുസ്തകങ്ങൾ മാത്രം ആയിരുന്നില്ല അത് ഷെൽവിയുടെ സ്വപ്നങ്ങളായിരുന്നു, ജീവിതമായിരുന്നു, ആ ജീവിതം അവസാനിക്കുമ്പോൾ, ആ സ്വപ്നങ്ങള്‍ അവസാനിക്കുമ്പോൾ അവസാനിച്ചത് ,പുസ്തകങ്ങളെ ജീവിതം പോലെ സ്നേഹിക്കുന്ന വായനക്കാരന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു,പുസ്തകത്തിന്റെ പുറത്തും അകത്തും അതിന്റെ മനോഹരിതയേ എന്നും സ്വപ്നം കാണുന്ന വായനക്കാരന്റെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു അത്. വായനക്കാരന്റെ ഓര്‍മ്മകളില്‍ നിന്ന് എന്നോ മറവിയിലേക്ക് മടങ്ങി പോയിരുന്ന ഷെല്‍വിയും മൾബറി എന്ന പുസ്തകശാലയും, അവിടുന്ന് വായനക്കായി പുറത്തുവന്ന പുസ്തകങ്ങളെയുമാണ് ബെന്യാമിന്‍ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന "കേട്ടുകേഴ്വിയില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും പൊലിപ്പിച്ചെടു ത്തവ.അവിടവിടെ ജീവിതത്തിന്റെ നേര്‍ത്ത നിഴല്‍ വീണു കിടക്കുന്നു ഒരു കഥയായിമാത്രം ഇതിനെ കാണുക” എന്ന് പറയുന്ന ഈ കഥയിലൂടെ (ഒരു വാക്ക്- ബെന്യാമിന്‍) മള്‍ബറിയില്‍ നിന്നും, ജീവിതത്തില്‍ നിന്നും ഷെല്‍വിയും മള്‍ബറിയും പിൻതിരിഞ്ഞു നടന്ന കാലത്ത്, നിരാശയി ലേക്ക് ആണ്ടു പോയ, പുസ്തകങ്ങളെ,വായനയെ ജീവിതത്തിനോപ്പം പ്രണയിച്ച് വായനക്കാര്‍ക്കായി വീണ്ടും മൾബറി ഓർമ്മകളുടെ ഒരു വസന്തമായി ബെന്യാമിന്‍ നല്‍കുന്നത്.

📙- മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” (നോവൽ)
✍️- ബെന്യാമിന്‍
📖- 352
🖨️- ഡി.സി ബുക്സ് ( 2025)
💸 499 ₹

Sunday, September 7, 2025

വായിച്ച / ഓർമ്മകൾ ഉപ്പിലിട്ടത് / ബിബിൻ ഏഴുപ്ലാക്കൽ



▪️വീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതെയേന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മ കളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്! (ബ്ളർബ്ബ്)

▪️വെറുതെ ഇരുന്നു പഴയകാലത്തേക്ക്, ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടമാണ്. ഓർമ്മകളെ ഞാൻ എവിടെയോ ഉപ്പിലിട്ടു വച്ചിട്ടുണ്ട്. പഴകും തോറും എനിക്ക് ഇഷ്ടം കൂടുന്ന, എന്നെ ചിരിപ്പിക്കുന്ന, എന്നെ കരയിപ്പി ക്കുന്ന ഓർമ്മകൾ. ഒന്നും എഴുതാൻ ശ്രമിക്കാതെ, അതൊന്നും ആരോടും പറയാതെ ഞാൻ എന്നിൽ തന്നെ ഉപ്പിലിട്ടു വച്ച എന്റെ ഓർമ്മ കൾ. ഇവിടെ അതു ഞാൻ എഴുതി തുടങ്ങുകയാണ്. ഈ ഭൂമിയിൽ ഓർമ്മകളോളം വിലപിടിപ്പുള്ളതായി എന്തുണ്ട്? എനിക്കത് അത്രമേൽ പ്രിയങ്കരമാണ്. തനിച്ചിരിക്കുമ്പോൾ ഞാൻ ഓർമ്മകളിലേക്കു പോകും. അവിടെ എല്ലാമു ണ്ട്. എന്നെ ഞാനാക്കുന്ന എല്ലാം. അതിൻ്റെ ചേർത്തു വയ്ക്കലുകൾ മാത്രമാണ് ഈ കുറിപ്പുകൾ. (ആമുഖത്തിൽ)

▪️നമ്മൾ കൂടുതൽ മുറിവേറ്റത് എപ്പോഴാണ്? നമ്മൾ ശൂന്യരായി നിന്നുപോയത് എപ്പോഴാണ്?

ഓർത്തു നോക്കിയിട്ടുണ്ടോ? ഒന്നോർത്തെടുക്കുന്നത് നന്നാവും. ജീവിത ത്തിൽ മുറിവുകൾ ആഴത്തിൽ തൊടുന്നത് വാക്കുകൾ കൊണ്ടാണ്. വാക്കുകളേക്കാൾ മറ്റെന്താണ് അത്രമേൽ നമ്മളെ മുറിപ്പെടുത്തുന്നത്. ചിലരുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നു നമ്മൾ കരകയറിയി ട്ടില്ല അതല്ലേ സത്യം. ജീവിതത്തിന്റെ നന്മ തിന്മകളുടെ ഏറ്റവും നല്ല ഉപക രണം വാക്കുകളാണ്. ലോകത്തുള്ള സകല കലഹങ്ങളും, യുദ്ധങ്ങളുടെ പോലും കാരണം വാക്കുകളുടെ മൂർച്ചയേറിയ പ്രയോഗമല്ലേ?

ചില മൗനങ്ങളും അങ്ങനെ തന്നെ ചിലരുടെ മൗനത്തിൽ നമ്മൾ ആഴത്തിലേക്കു വീണു പോകുന്നു. കാരണം നമ്മൾ കാത്തിരിക്കുന്നത് അവരുടെ വാക്കുകൾക്കു വേണ്ടിയാണ്. നമ്മളെ ഉയിർപ്പിക്കുന്ന വാക്കു കൾ. കേൾക്കാത്ത ഒരായിരം ശബ്ദങ്ങൾ ഇവിടെ കറങ്ങി തിരിയു മ്പോൾ, എന്തു കേൾക്കണം ആരെ കേൾക്കണം എന്നൊക്കെയുള്ളത് ഒരു തിരഞ്ഞെടുപ്പാണ്. കേൾക്കാൻ ആരുമില്ലാതെ വാക്കുകൾ കൊതി ക്കുന്നുണ്ട്.കേൾക്കാത്ത ശബ്ദമായി ഒരായിരം വാക്കുകൾ നമുക്ക് ചുറ്റുമുണ്ട്. ഇനിയും കേൾക്കാൻ പറ്റാത്ത വാക്കുകൾ നമുക്കു മീതെ വട്ടം കറങ്ങു ന്നുണ്ട്. വാക്കുകൾ അങ്ങനെയുമാണ്. ഒരു ജന്മത്തെ മുഴുവൻ വിശുദ്ധമാക്കുന്ന സുകൃതങ്ങളായി അതു രൂപപ്പെടും. സൗഖ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായി അതു നമുക്കു വേണ്ടി കാത്തിരിക്കും.(കേൾക്കാത്ത ശബ്ദങ്ങൾ)

▪️ചിലപ്പോഴെങ്കിലും നമ്മളും പ്രാർത്ഥിക്കാറുണ്ട്, ആ പഴയ മനുഷ്യനെ തിരിച്ചു കിട്ടാൻ. എവിടെയോ കൈവിട്ടുപോയ ആ പഴയ മനുഷ്യനെ നമ്മളെല്ലാം ഒത്തിരി കൊതിയോടെ ആഗ്രഹിക്കുന്നുണ്ട്. അതു നമ്മുടെ ഉള്ളിലെ സാധ്യതകളാണ്. നഷ്ടപ്പെട്ടുപോയതു ഞാനും നിങ്ങളും ആണ്. ജീവിതത്തി ൻ്റെ ഏതോ ഒരു ഘട്ടത്തിൽ പതറിപ്പോയ ആ നിമിഷത്തിൽ വച്ചു ശൂന്യതയുടെ മറ്റൊരു തലത്തിലേക്കു നമ്മൾ വഴുതിപ്പോകുന്നു. തിരിച്ചുവരാൻ സാധ്യതകൾ ഏറെയുണ്ടെങ്കിലും നമ്മൾ അവിടെത്തന്നെ നിലയുറപ്പി ക്കുന്നു. തിരിച്ചു വരിക എന്നതു മാത്രമാണു ജീവിതത്തിന്റെ പ്രത്യാശ യിലേക്കുള്ള വാതിൽ. നാമൊക്കെ നന്നായി കാണേണ്ടത് ആർക്കാണ്? മറ്റാരെക്കാളും അതു നമുക്കു തന്നെയാണ്. എവിടെയെ ങ്കിലും എന്നെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ആർക്കെങ്കിലും ഞാൻ നഷ്ടമായിട്ടുണ്ടെങ്കിൽ തിരിച്ചു വരാൻ സാധ്യമാകട്ടെ തിരിച്ചു വരണം, കാരണം എന്നെ വേണ്ടത് എനിക്കു മാത്രമാണ്.

തിരികെ... അതു കുടുംബത്തിലേക്കായിരിക്കാം, സൗഹൃദത്തിലേ ക്കായിരിക്കാം, എന്നിലേക്കു തന്നെയായിരിക്കാം...(തിരികെ)

▪️ഓർമ്മകൾ അവസാനിക്കരുതേ എന്നാണു പ്രാർത്ഥന. ഓർമ്മകൾ ഇല്ലാതായാൽ ഞാൻ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓർമ്മ കളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്നു സംശയമാണ്. ഒന്നു കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ഓർമ്മകൾ അങ്ങനെ തന്നെ നിൽക്കുന്നതു നല്ലതാണ്.

മനുഷ്യന് ഓർമ്മിക്കപ്പെടാനും ഓർത്തെടുക്കാനും എന്തെങ്കിലു മൊക്കെ വേണം. ഞാൻ എവിടെയെങ്കിലുമൊക്കെ ഓർമ്മിക്കപ്പെടുന്നു! ണ്ടോ? ആർക്കെങ്കിലുമൊക്കെ ഓർത്തെടുക്കാൻ പാകത്തിൽ എന്തെങ്കിലു മൊക്കെ ഞാൻ അവശേഷിപ്പിക്കുന്നുണ്ടോ? ഇന്നു നാം പറയുന്ന ഏറ്റവും വലിയ കളവ്,

'ഞാൻ നിന്നെ ഇടയ്ക്ക് ഓർക്കാറുണ്ട്' എന്നുള്ളതാണ്. സത്യമാണ്, ചിലരെയൊക്കെ ചിലതിനോടു ചേർത്തു വായിക്കുമ്പോൾ ഓർത്തെടുക്കും. പക്ഷേ ഒരു കാരണവുമില്ലാതെ ചില സമയങ്ങളിൽ നമ്മുടെ ഓർമ്മ കളിലേക്ക്, ഹൃദയത്തിലേക്ക് ആരെങ്കിലുമൊക്കെ കടന്നു വരാറുണ്ടോ?(ഓർമ്മകൾ ഉപ്പിലിട്ടത്)


▪️"സെക്യുരിറ്റി മുതല്‍ വീട്ടിലെക്ക്" വരെയുള്ള 18 കുറിപ്പുകള്‍,നമ്മള്‍ ജീവിക്കുന്നത് അന്യരാല്‍ ഓര്‍മ്മിക്കപ്പെടുവാൻ മാത്രമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല എന്നും,അതു പോലെ തന്നെ അന്യരെ ഓര്‍മ്മിക്കാൻ കൂടിയാണ് നമ്മുടെ ജീവിതവും എന്ന് ആ ചിന്തയോട് കൂട്ടി ചേര്‍ത്ത് വായിക്കേണ്ടതാണെന്നും ഓർപ്പിക്കുന്ന ഈ 18 കുറിപ്പുകള്‍. ജീവിതത്തില്‍ ഇന്ന് എത്തി നില്‍കുന്നിടത്ത് നിന്ന്, പിന്നിലിട്ട് പോന്ന ഓര്‍മ്മകളെ തിരികെ പിടിക്കുവാൻ ശ്രമിച്ചാല്‍, എത്ര മാത്രം നമ്മുക്ക് ഓര്‍മ്മിക്കാനാവും,ചിന്തിച്ചിട്ടുണ്ടോ ?വളരെ കുറച്ച് മാത്രം എന്നതാവും ഏറെ നേരം ചിന്തിച്ചാലും അതിനു കിട്ടാവുന്ന ഉത്തരം.നമ്മളെ വേദനിപ്പിക്കുകയും,സന്തോഷിപ്പിക്കുകയും ചെയ്ത ചില ഓര്‍മ്മകള്‍ മാത്രമാവും ആ തിരിച്ചു പിടിക്കലില്‍ അവശേഷിക്കുക.ജിവിതത്തില്‍ ഒരിക്കലും മറക്കരുതാത്തതായ ഓര്‍മ്മകളില്‍ പലതും ഒരിക്കലും തിരിച്ചു കിട്ടാൻ കഴിയാത്ത വണ്ണം എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു, ഇക്കാല മത്രയുമുള്ള ജീവിതത്തിൽ നിന്ന് (അച്ഛനമ്മമാര്‍, കൂടെപിറപ്പുകള്‍, കൂട്ടുകാര്‍, സഹയാത്രികര്‍,ശത്രുകള്‍,പരിചയക്കാർ അങ്ങനെ) അനേകരിൽ എത്ര പേരെ ഇന്ന് ഓര്‍ത്തേടുക്കാനാകും. ഇങ്ങനെ ഓര്‍മ്മകളില്‍ നിന്ന് നഷ്ടമായവയെ ഒക്കെ ഓര്‍മ്മിപ്പിക്കുവാൻ ശ്രമിക്കുന്നു ബിബിൻ ഏഴുപ്ലാക്കലിന്റെ “ഓര്‍മ്മകളെ ഉപ്പിലിട്ടത്”.പണ്ട് ഉപ്പിലിടുന്നത് അതിലിടുന്നതൊക്കെ കേടാകാതിരിക്കാനാണ്,അങ്ങനെ കേടാകാത്ത ഈ ഒരു പിടി ഓര്‍മ്മകളില്‍,അച്ഛനും,അമ്മയും സഹോദരങ്ങളും, കൂട്ടുകാരും, അദ്ധ്യാപകരും, സഹയാത്രികരും,പോയ ഇടങ്ങളില്‍ കണ്ടുമുട്ടി പിരിഞ്ഞ വരുമുണ്ട്.ഈ ഓര്‍മ്മകളോക്കെ വായിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരു ചെറു സന്തോഷങ്ങളും, സങ്കടങ്ങളും, വേദനങ്ങളും,കുറ്റബോധം ഒക്കെയും ഇങ്ങനെ മനസ്സിലൂടെ കടന്നു പോകും.അന്നു ഞാൻ അങ്ങനെ ചെയ്തിരുന്നേങ്കില്‍, ചെയ്യാതി രുന്നേങ്കില്‍,അങ്ങനെ പറയാതിരുന്നെങ്കില്‍, പറഞ്ഞിരുന്നേങ്കില്‍, ജീവിതത്തില്‍ തന്നെ എന്തെല്ലാം മാറിപോയെനെ എന്ന ആലോചനകള്‍ വന്നും പോയിമിരിക്കും.ഈ കുറിപ്പുകളില്‍ മനുഷ്യര്‍ മാത്രമല്ല ഉള്ളത് പുസ്തകങ്ങളും ,ചലച്ചിത്രങ്ങളും ഒക്കെയും ഈ ഓര്‍മ്മകളിലുടെ കടന്നു പോകുന്നു.എന്തിനോക്കൊയോ വേണ്ടി, ജീവിച്ച ഇടത്തില്‍ നിന്ന് ഇറങ്ങി പോയ ഒരാള്‍, തിരികെ വരുമ്പോള്‍ എന്താവും പ്രതീക്ഷിക്കുക,അതിനെ പറ്റി ചിന്തിച്ചിരിക്കുമ്പോൾ, ,ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു ,നമ്മള്‍ തിരിച്ചു പിടിക്കെണ്ട ഇടങ്ങള്‍ ഇനിയും ഇവിടെ അവശേഷിക്കുന്നു എന്ന്.ഒരു മടക്ക യാത്ര,എന്നോ പിന്നില്‍ ഉപേക്ഷിച്ച് പോയ വീട്ടിലേക്ക്, വീട്ടിലെ അത്താഴത്തിലേക്ക്,വീട്ടിലേ പൊട്ടിച്ചിരികളി ലേക്ക്, വീട്ടിലേ കുസൃതികളിലേക്ക്,നമ്മളെ അവിടങ്ങളില്‍ ആരോക്കെയോ കാത്തിരി പ്പുണ്ടാവുമെന്നും,സൂക്ഷിച്ച് നോക്കിയാല്‍ ആ വാതില്‍ തുറന്നു കിടപ്പുണ്ട് എന്നും,വിളിമ്പിയ അത്താഴം അവിടെ തന്നെയുണ്ട് എന്നും വീണ്ടും വീണ്ടും ഈ കുറിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുമ്പോൾ നമ്മളും എന്നോ ഉപ്പിലിട്ടു വച്ചിരിക്കുന്ന ഓർമ്മകളെ തിരികെ എടുത്തു കൂടെ.

📙- ഓർമ്മകൾ ഉപ്പിലിട്ടത് (ഓർമ്മകൾ)
✍️- ബിബിൻ ഏഴുപ്ലാക്കൽ
📖- 97
🖨️- പ്രവദ ബുക്സ് ( 2024)
💸-170 ₹

Friday, September 5, 2025

വായിച്ച പുസ്തകം / പായ / മനോജ് വെങ്ങോല



▪️ഒന്നുറപ്പാണ്, നിങ്ങളീ കുറിപ്പുകൾ വായിച്ചു കഴിയുന്ന ഒരു ദിവസം നിങ്ങളുടെ ജീവിതം മാറാൻ തുടങ്ങിക്കഴിഞ്ഞിരിക്കും. നീതി രാഹി ത്യത്തിന്റെ ഏതൊക്കെയോ മനുഷ്യാവസ്ഥകൾ നിങ്ങളിൽ നിന്ന് ചോർന്നു പോയിത്തുടങ്ങിയിരിക്കും. കാരുണ്യത്താലും സ്നേഹത്താലും നിങ്ങളെ നവീകരിക്കാനുള്ള സ്‌നാനമായി ഈ ചെറിയ പുസ്തകം പിന്നീട് നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. വാക്കിന്റെ ദൈവത്തോട്, നിങ്ങൾ കടപ്പാടുള്ളവരായിക്കഴിഞ്ഞിരിക്കും. സാഹിത്യത്തിന്റെ, പുസ്‌തകങ്ങളുടെ ജീവിതത്തിൻ്റെ അഗാധമായ വഴികൾ നിങ്ങൾ ഇവിടെ കാണും; അവിടെ നിങ്ങൾ വെളിച്ചമുള്ള പ്രഭാതങ്ങൾ കാണും. എനിക്കുറപ്പാണ്, പിന്നീടുള്ള ജീവിതത്തിന്റെ വെളിച്ചങ്ങളോട് കടപ്പാടുള്ളിടത്തോളം, നിങ്ങൾ ഈ അത്യപൂർവ പുസ്ത‌കം മറക്കാതിരിക്കും, ഹൃദയത്തോട് ചേർക്കും.(വാക്കിന്റെ ദൈവമേ... ഈ പായയെനിക്ക് വെളിച്ചം തന്നു!-അൻസിഫ് അബു)

▪️എന്തായാലും, ഞാൻ ചലഞ്ചിൽ കൈ കോർത്തു കൊണ്ട് പുസ്‌തക അലമാരയ്ക്ക് മുന്നിൽ ചെന്നുനിന്നു. ഓരോ പുസ്‌തകങ്ങൾ എടുത്ത് മറിച്ചുനോക്കി. അപ്പോൾ അത്ഭുതമെന്ന് പറയട്ടെ, അവ എന്നോട് സംസാരിക്കാൻ തുടങ്ങി. ആ പുസ്‌തകങ്ങൾ വായിച്ചപ്പോൾ ഉള്ളതിനേക്കാൾ വാചാലമായി അവയെന്നോട് മിണ്ടുകയാണ്. ഓരോ സംഭവങ്ങൾ. ഓരോ കൂട്ടുകാർ. ഓരോ അലച്ചിലുകൾ. ഓരോ ഭ്രാന്തുകൾ. ഓരോ പാതകൾ. അതോടെ പുസ്തകത്തിന്റെ കവർ മാത്രം പോസ്റ്റ് ചെയ്യുക എന്നതിനപ്പുറം, ആ പുസ്തകങ്ങൾ എന്നോട് പറഞ്ഞവയും ഞാൻ കുറിച്ചിട്ടു. (ആമുഖത്തിൽ മനോജ്....)

▪️അങ്ങനെ നിൽക്കുമ്പോൾ, ജീവിതത്തിന്റെ സൗന്ദര്യം ഘോരവിഷം പോലെ നമ്മൾ പാനം ചെയ്‌തുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഉള്ളിൽ തികട്ടിവന്നു.

നോക്കുന്നിടത്തെല്ലാം, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കും പോലെ ജീവിക്കുന്ന മനുഷ്യരാണ്. മേൽ സൂചിപ്പിച്ച മനുഷ്യനെപ്പോലുള്ളവർ. അവർ ചുമന്നുനടക്കു ന്നതത്രയും കഥകളാണ്. ഓരോ വിചാരങ്ങളാണ്.

വാക്കുകൾകൊണ്ട് തുന്നിയെടുക്കുന്ന ലോകം. കഥകൾ. വിചാരങ്ങൾ. അവരെയും, എന്നെത്തന്നെയും അടയാളപ്പെടുത്താൻ, വാക്കുകളുടെ ഇഴകോർത്ത് ഞാൻ നിൽക്കുന്നു. ഉള്ളിലുണ്ട് മറ്റൊരു സൗരയൂഥം. മറ്റൊരു ജീവിതം, ദൈവം, സൂര്യൻ, ഭൂമി, ആകാശം, പക, പാപം, കാമം, പ്രണയം, സ്നേഹം, കിളികൾ, വെളിച്ചം, പൂച്ചകൾ, ഇരുട്ട്, മുടി, സമയം, മരങ്ങൾ, സിനിമ, പാട്ട്, ആന, ആശുപത്രി, ഇലകൾ, ഇലക്ഷൻ, നിരത്ത്, സൗഹൃദം...

ഹോ... വാക്കുകൾ തിക്കിത്തിക്കി വരുന്നു. നശിക്കാനായിട്ട്, ഇതെങ്ങനെ എഴുതിത്തീർക്കും..?(ഒറ്റയാൻ)

▪️"പുസ്‌തകങ്ങളുടെ അച്ഛൻ" മുതൽ "ജീവിച്ചിരിക്കുന്നവർ"വരെ തന്റെ ഓർമ്മയിൽ തെളിയുന്ന മനുഷ്യരിൽ നിന്ന് ജീവിതങ്ങളിൽ നിന്ന്  പകർത്തിയെടുത്ത 22 കുറിപ്പുകൾ. അതിൽ എഴുത്തുകാരനുമായി ബന്ധമുള്ള ഏറെ കാര്യങ്ങൾ ഹൃദ്യമായി വാക്കുകളിൽ എഴുതിയിട്ടിരി ക്കുന്നു. തന്റെ വായനാ ജീവിതത്തിൻ്റെ , എഴുത്തു ജീവിതത്തിൻ്റെ , ഓർമ്മകൾ പറയുന്ന "പുസ്തകങ്ങളുടെ അച്ഛൻ","പായ" എന്ന കുറിപ്പുകൾ പോലെ , എടുത്തു പറയേണ്ടതായ കുറിപ്പുകൾ പലതുണ്ട് ഈ പുസ്തകത്തിൽ ,പക്ഷേ അത് ഇവിടെ പറയുന്നതിലല്ല, നിങ്ങൾ, വായനക്കാർ അതെല്ലാം വായിക്കുമ്പോളാണ്, അനുഭവിക്കുമ്പോഴാണ് ഈ പുസ്തകവും എഴുത്തുകാരനും നിങ്ങളോട് അടുത്തു നിൽക്കുന്നത്. വായിച്ചു തീരുമ്പോൾ ഈ ഓർമ്മകൾ, എന്റേത് കൂടിയാണ് എന്ന് തോന്നിപ്പോകുന്നു. ഇതിലെ പല കുറിപ്പുകളോടും ചേർത്തുവയ്ക്കാവുന്ന എത്രയോ ഓർമ്മകൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ട്. നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഉറക്കം പൂണ്ട് കിടക്കുന്നവ. മനോജിന്റെ ഓർമ്മകൾ, ആ കുറിപ്പുകൾ, ഉറക്കത്തിൽ നിന്ന് അവയേയൊക്കെ ഉണർത്തും, നിങ്ങളെ ചെയ്യേണ്ടത് ഒന്ന് മാത്രം,അവയേ എല്ലാം പതുക്കെ എടുത്ത് ഉടയാതെ, ഒന്ന് തൂത്ത് തുടച്ച് ,ഓർമ്മകളുടെ ഷെൽഫിൽ അടുക്കി വയ്ക്കുക. ജീവിതത്തിൻ്റെ പാച്ചലിനിടയിൽ ഇടയ്ക്കിടയ്ക്ക് കാണാനായി, ഓർമ്മിക്കാനായി, ഓർമ്മകൾ നഷ്ടമാകാതിരിക്കനായി. 

📙- പായ (ഓർമ്മകൾ)
✍️- മനോജ് വെങ്ങോല 
📖- 128
🖨️- യെസ്പ്രസ് ബുക്സ് ( 2022)
💸-200 ₹

Sunday, August 31, 2025

വായിച്ച പുസ്തകം /സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ.കെ


“എനിക്കറിയില്ലല്ലോ കുട്ടീ, അങ്ങനെയൊരു പുസ്‌തകം." വാതിൽ തുറക്കുമ്പോൾ ഉമ്മി പറഞ്ഞു.

"പക്ഷേ, നമുക്കെന്താണ് ഉറപ്പിച്ചു പറയാനാകുക നമ്മുടെ കുഞ്ഞുങ്ങളെ ക്കുറിച്ച്... അവരെച്ചൊല്ലി നമ്മൾ സൂക്ഷിക്കുന്ന ഉറപ്പുകൾ, അവയെല്ലാം നമ്മുടെ സ്വപ്‌നങ്ങളാണെന്ന് തിരിച്ച റിയുക ഒരുണർച്ചയിലാവും... ചിലപ്പോളൊക്കെ ഉണർച്ചയിലോ ഉറക്കത്തിലോ എന്നുകൂടി അറിയാറില്ല ഞാനിപ്പോൾ. ആ പുസ്‌തകം, അതിലെന്തായിരുന്നു അവൻ എഴുതാറ്?"

"സ്വ‌പ്നങ്ങൾ." ഉമ്മി വിസ്‌മയത്തോടെ എന്നെ നോക്കി. പിന്നെ താക്കോ ലെടുത്ത്, പൂട്ടിൻ്റെ ദ്വാരത്തിലേക്കും. “നീയത് വായിച്ചിട്ടുണ്ടോ എപ്പോഴെ ങ്കിലും?" "ഞാനത് കണ്ടിട്ടില്ല...” ഞാൻ പിറുപിറുത്തു. അവരൊന്നും പറഞ്ഞില്ല.

നിൻ്റെ മുറി...അതെനിക്കറിയാം, എപ്പോളും ഉറങ്ങാൻ തോന്നുന്ന ഇരുട്ടുണ്ടവിടെ. “കാറ്റിലോരോന്നിലും എന്നെയോർക്കാനായിട്ടെ"ന്ന് ഞാൻ സമ്മാനിച്ച നീലലോഹംകൊണ്ടുള്ള കാറ്റുമണി. ജനൽപ്പടിയിലെ വള്ളിപ്പടർപ്പുകൾ, നിറമുള്ള സ്‌ഫടികക്കുപ്പികൾ, എപ്പോഴും സമയം തെറ്റിച്ചോടുന്ന ചുവന്ന അലാം ക്ലോക്ക്, വലിച്ചുവാരിയിട്ട പുസ്‌തകങ്ങൾ, ഡയറികൾ, കുപ്പായങ്ങൾ... പരതിപ്പരതി അതിനിടയിൽ ഞാനത് കണ്ട ത്തും. നിൻ്റെ സ്വപ്‌നങ്ങളുടെ പുസ്‌തകം. നീ എഴുതി നിർത്തിയിടത്തു നിന്ന് ഞാനെഴുതിത്തുടങ്ങുന്ന ദിവസം നീ തിരികെ വരുമെന്ന് എനിക്ക റിയാം.

തൻറെ കൺമുമ്പിൽ നിന്ന് പ്രതീക്ഷമായ ഒരു ഓർമ്മകളുമായി അവനെ തേടുന്ന ഒരുവളെ "സ്വപ്നങ്ങളുടെ പുസ്തകത്തിൽ" കാണുന്നു, വായിക്കു ന്നു.

എനിക്കു നേരെ കണ്ണുകൾ ചുരുക്കി കനത്ത പുരികങ്ങൾ വളച്ച്, പറഞ്ഞു വന്ന വാചകത്തോട് അദ്ദേഹം ഇത്രകൂടി ചേർത്തു: "കൂട്ടത്തിൽ, അനാവശ്യമായ വൈകാരികത ഇവിടെയിരിക്കുമ്പോൾ നിനക്കും ഗുണം ചെയ്യില്ല."

"അനാവശ്യ വൈകാരികത" എന്ന സാബിൻ്റെ കണ്ടെത്തൽ ചൊടിപ്പിച്ചെ ങ്കിലും ഉറപ്പായും അവ പുതിയ പാഠങ്ങളായിരുന്നു, ടെലികമ്മ്യൂണിക്കേ ഷൻ വിഭാഗത്തിൽനിന്ന് തികച്ചും വ്യത്യസ്‌ത മായ ഈ ഭൂമികയിലേക്ക് എത്തിച്ചേർന്ന എന്നെ സംബന്ധിച്ചിട ത്തോളം. ആ സംഭാഷണത്തിനൊ ടുവിൽ സാബ് കടന്നുപോയപ്പോൾ ഞാൻ വെറുതെ ചുറ്റിനും നോക്കി.

കുറേ മനുഷ്യരുടെ അങ്ങുമിങ്ങുമായി മുറിഞ്ഞു ചിതറിപ്പോയ ഹൃദയ ങ്ങൾക്കിടയിലെ അതിർത്തിപോലെ നീലപ്പച്ചകളുടെ താഴ്‌വര ഒരുപാട് മുറിവുകളും നിലവിളികളും ഒളിപ്പിക്കപ്പെട്ട അഗാധമായ നിശ്ശബ്ദതയും പേറി നിലകൊള്ളുകമാത്രം.

അനുഗ്രഹിക്കപ്പെട്ട താഴ്‌വരയിൽ സമാധാനമായി ജീവിക്കാനായി ആർക്കോവേണ്ടി ജീവിതത്തിൽ അഭിനയിക്കുന്ന ഒരു കൂട്ടം മനുഷ്യർ ക്കിടയിൽ എത്തിപ്പെടുന്ന ഒരുവൻ്റെ മനോവിചാരങ്ങൾ "കാശീർ,കല്ല്, സൂഫിയാനിൽ" വായിക്കുന്നു.

.

എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല ഗ്രാമംവിട്ട്, മണ്ണ് വിട്ട്, എല്ലാവ രെയുംവിട്ട്... ഏതോ വേഗത്തീവണ്ടിയിൽ കയറിയിരിക്കുന്നു. തെക്കോ ട്ടാണ്. തെക്കെവിടെയാണ്? വളവോ തിരിവോ ഇല്ലാത്ത ഒറ്റയടിപ്പാത യിലൂടെ പായുന്ന തീവണ്ടിക്ക് എങ്ങനെയാണ് ദിക്കറിയാനാവുക? ഖോകനറിയില്ല ഒരു ദിക്കും. ഗ്രാമംവിട്ട് ഒരിക്കലും പുറം ചാടിയിട്ടില്ല. മണ്ണി ലല്ലാതെ പണിതിട്ടുമില്ല. ഇനി പണിയേണ്ടത് കെട്ടിടങ്ങളാണ്. കൂറ്റൻ സിമൻ്റെടുപ്പുകൾ. തീവണ്ടിയുടെ, പുറപ്പെടുമ്പോളുണ്ടായ കരച്ചിലുകളും കുലുക്കങ്ങളും ഖോകനെ വല്ലാതുലച്ചു. ദയയറ്റ അതാകട്ടെ, ഒറ്റത്തള്ളിന് ഗ്രാമത്തെ പിറകോട്ട് വീഴ്ത്തി. ചെറിയ ചെറിയ ചാഞ്ചാട്ടങ്ങൾ, നീണ്ട അലർച്ചകൾ, അതിവേഗങ്ങളുടെ വെളുത്ത കാഴ്‌ചകൾ. ചിലയിടങ്ങളിൽ വണ്ടി നിശ്ചലമാകുന്നു. ആളുകളും വർത്തമാനങ്ങളും ഛായകളും മാറുന്നു. പിന്നെപ്പിന്നെ തീർത്തുമപരിചിതമാകുന്നു. ആരൊക്കെയോ വന്നു പോകുന്നു....

ഉയരും ഉടലുമൂറ്റി അവർ നിറച്ച ധാന്യപ്പുരകൾ, അവയുടെ സമൃദ്ധി, തങ്ങളുടെ അധ്വാനം എന്ന് തിരിച്ചറിയുമ്പോൾ ,ആ തിരിച്ചറിവി നെ,സ്വപ്നങ്ങളെ കാണുന്നവർ ആ തിരിച്ചറിവിനെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നവർക്കിടയിൽ നിന്ന്, ജീവിക്കാനുള്ള വഴികൾ തേടി, വളവോ തിരിവോ ഇല്ലാത്ത ഒറ്റടിപ്പാതയിലൂടെ പായുന്ന തീവണ്ടിയിൽ ഇരിക്കുന്ന ഒരുവൻ്റെ മനോഗതങ്ങൾ "കൃഷ്ണചുരയിൽ" വായിക്കുന്നു.

"സെറീനാ, സത്യമായും എൻ്റേതായ കാരണങ്ങൾകൊണ്ട്, ചില തീർച്ച യില്ലായ്മ‌കളുടെ അസ്വാസ്ഥ്യങ്ങൾ നിരന്തരം അലട്ടുന്നത് കൊണ്ട്, ഞാനീ ലോകത്തെ ഭയക്കുന്നു. ആ ഭയത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധ്യ പ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം ഞാൻ അത്രമേൽ തനിച്ചാവുകയാണ്. പക്ഷേ, എനിക്ക് ഒളിച്ചോടണമെന്നില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. എനിക്ക് ഈ ലോകം വേണം. എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന അതിൻ്റെ മഴവില്ലുകൾ... ഞാൻ നീയാകുന്ന ഒരു ദിവസം. അത് ഞാനത്ര മേൽ ആഴത്തിൽ സ്വപ്‌നം കാണുന്നു. അതെന്തുമാത്രം ചിതറിയ നിറങ്ങ ളുടേതാണെന്ന് നിനക്കറിയാമോ? നീലിച്ചു തിളങ്ങുന്ന ആകാശത്തേക്ക് ആരോ പറത്തിവിട്ട ഒരു പട്ടം പോലെ എവിടെയൊക്കെയോ അലയുന്ന ഒന്ന്......പറയേണ്ടതായ കാര്യങ്ങൾ, ക്ലാസ്‌മുറി വർത്തമാനങ്ങൾ... നീയെന്നിൽ നിന്നകലുന്നത് അത്ര അഗാധം വേദനിപ്പിക്കും എന്നെ. അതുകൊണ്ടുതന്നെ ഒരിക്കൽ നിന്നോടത് പറയണമെനിക്ക്. നീയെന്നെ മനസ്സിലാക്കുമെന്ന് എനിക്കു തോന്നുന്നു. അത്രമേൽ ഞാൻ താദാത്മ്യം പ്രാപിച്ച നീ അത് തിരിച്ചറിയാതെ പോവില്ല. നിൻ്റെ മുന്നിലെങ്കിലും ഞാൻ പരി ഹാസ്യനാവില്ല. എനിക്കത് ആരോടെങ്കിലും പറയണം സെറീന... അത് മറ്റാരോടാണ്...? എനിക്കിത് തുടരാനാവില്ല. നീലദുപ്പട്ട പറത്തി, എനിക്ക് ഒരു പക്ഷിയെപ്പോലെ പറന്നുപോകണം, കൈനഖങ്ങളിൽ എപ്പോളും വിചിത്രനിറങ്ങളുടെ ചിത്രരേഖകൾ വേണം, കറുത്ത രേഖകൾകൊണ്ട് ഇമകൾ വരയ്ക്കണം, വെയിൽ വീഴുന്ന മൂക്കുത്തി, പച്ചക്കല്ലുകളുള്ള കമ്മൽ, കുറുകുന്ന വളകൾ, ഉലയുമുടുപ്പുകൾ...

തന്റേതായ ആരുമില്ലാത്ത അപരിചിത ഭൂഖണ്ഡത്തിലേക്ക് അമ്മയേയും പപ്പയേയും തന്നെ പ്രണയിക്കുന്ന ഒരുവളെയും വിട്ട് ,സ്വയം അറിയാനും, തന്നെ തനിക്കൊപ്പം ആക്കാനും, തന്നെ രൂപപ്പെടുത്തുവാനും മോഹിക്കു ന്ന ഒരവന്റെയോ ? ഒരുവളുടെയോ?,"ഒരുവളുടെ തന്നെ" വിചാരങ്ങളാണ് "ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്"

 തെല്ലു നീണ്ട നാല് കഥകൾ എന്ന് എഴുത്തുകാരി ആമുഖത്തിൽ പറയു ന്നത് , വായനയിൽ ബോധ്യമാക്കുന്നു ഈ കഥകളെല്ലാം തെല്ല് നീണ്ട കഥകളാണ് എന്നാൽ കഥ പറച്ചിലെ ഹൃദൃത ആ നീളത്തെ ചുരുക്കു ന്നു.ഈ നാല് കഥകളിൽ ഉള്ളവർ സ്വയം തങ്ങളുടെ ജീവിതം തേടുന്ന വരാണ്, അവരുടെതായ വ്യത്യസ്തമായ വഴികളിൽ, ചിന്തകളിൽ, ജീവിതങ്ങളിൽ, അവരെ നമ്മൾ ചുറ്റും കാണുന്നവരാണ് , ഇടപെടുന്ന വരാണ് ,പക്ഷേ അവരെ പലപ്പോഴും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു .എന്നാൽ ഈ നാല് കഥകളുടെയും വായനയിലൂടെ നമ്മൾ അവരെ തിരിച്ചറിയും നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ.

📙- സ്വപ്നങ്ങളുടെ പുസ്തകം 
✍️- ഷാഹിന ഇ.കെ
📖- 99
🖨️- ഡി.സി.ബുക്സ് ( 2023)
💸-140 ₹

Saturday, August 30, 2025

വായിച്ച പുസ്തകം/ മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ/ കരുണാകരൻ



▪️കരുണാകരൻ ഈ ആഖ്യാനത്തിന് ആദ്യം നൽകിയ പേര് 'മേതിൽ' എന്നായിരുന്നു. കാരണം, കുവൈറ്റിൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ വ്യാഴാഴ്‌ചകളിലായിരുന്നു. പക്ഷേ ഈ വസ്തുതക്കടിയിൽ ഏറെ ആഴത്തിലൊരു വിനിമയത്തിൻ്റെ പരപ്പുണ്ട്. ഒരുപക്ഷേ ഈ ആഖ്യാനം എഴുതിയത് ഞാനാവുമായിരുന്നു; ഇതിന്റെ തലക്കെട്ട് 'കരുണാകരൻ' എന്നാവുമായിരുന്നു. എന്തു വ്യത്യാസം? രണ്ട് വ്യക്തികൾ ഒരിടത്തിരുന്ന് സംസാരിക്കുന്നു; അവരിലൊരാൾ അതിൻ്റെ കൈയെഴുത്തുപ്രതി (ട്രാൻസ്ക്രിപ്റ്റ്) തയ്യാറാക്കുന്നു. ഈ ആൾ രണ്ട് പേരിൽ ആരായാലെന്ത്?(മേതിൽ)
▪️കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു. ജീവിതം ഹ്രസ്വവും-"Ars Longa, Vita brevis" എന്ന ലത്തീൻ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തി ൻ്റെ പരിഭാഷ ഇങ്ങനെയാകണം. ജീവിതത്തെയും കവിഞ്ഞു നിൽക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കിൽ ജീവിതത്തിൻ്റെ ചെറിയ ജീവിതത്തെ ഓർമിപ്പിക്കുന്നു. എങ്കിൽ അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓർമക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa. നീണ്ടുനിൽ ക്കുന്ന നൈപുണ്യമായി (Skill) ഒരാൾ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തൻ്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓർമ; മേതിൽ രാധാകൃഷ്ണ‌നുമായി കുവൈറ്റിൽ പങ്കുവെച്ച 'പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങളെപ്പറ്റിയും ഓർക്കു ന്നു. (ആമുഖത്തിൽ കരുണാകരൻ)

▪️ഈ പുസ്തകത്തിൻ്റെ കാലം, എഴുത്തു നിർത്തിയ എഴുത്തുകാരനും, എഴുത്തിനെ അത്രയേറെ സ്നേഹിക്കുന്ന എഴുത്തുകാരനും തമ്മിൽ മറുനാട്ടിൽ വച്ച് നടന്ന കൂടിച്ചേരലുകളും (അത് എല്ലാ വ്യാഴാഴ്ചകളിലും ആയിരുന്നു)  സംഭാഷണങ്ങളുമാണ്.കുവൈറ്റിലെ തങ്ങളുടെ ജീവിതകാലത്ത് ,പരസ്പരം കണ്ടുമുട്ടുന്ന മേതിലും കരുണാകരനും സംസാരിച്ച തുടങ്ങുമ്പോൾ മേതിൽ സാഹിത്യത്തെ ഉപേക്ഷിച്ചിരുന്നു. എന്നാൽ കരുണാകരൻ സഹിത്യത്തെ പറ്റി ഏറെ സംസാരിക്കാൻ കൊതിച്ച കാലവുമായിരുന്നു ആ കാലം . എല്ലാ വ്യാഴാഴ്ചയും നിത്യമായി തടർന്നിരുന്ന കൂടിക്കാഴ്ചകൾക്കിടയിൽ മറ്റു പല വിഷയങ്ങളും സംസാരത്തിനിടയി. ലേക്ക് വരികയും പോകുകയും ചെയ്തിരുന്നു. "വ്യാഴാഴ്‌ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- ആദ്യത്തെ വ്യാഴാഴ്‌ച,'ആധുനികത' അവസാനിക്കുകയായിരുന്നില്ല,മണം പൊഴിക്കുന്ന പുസ്തകങ്ങൾ, അവ കൈയോടെ കണ്ടുപിടിക്കുന്ന വായനക്കാർ,ഉറപൊഴിക്കുന്ന ഒരിഴജന്തുവാണ് കല (കവികളുടെ മൗനത്തെപ്പറ്റിയും)അടയാളം: ഒരൊറ്റ ലക്കത്തിൽ പല ഓർമകൾ, മരണവും സ്വപ്‌നവും ചില അതിവേഗ പാതകളെപ്പറ്റി, ഗുന്തർ ഗ്രാസ്സ്, ഓസ്‌കാർ വിശ്വസിക്കാനാകാത്ത ആത്യന്തിക ആഖ്യാതാക്കളെപ്പറ്റി, എം. ഗോവിന്ദൻ, 'ആധുനികതയുടെ മറ്റൊരു ഓർമയെക്കുറിച്ച്, ചലച്ചിത്രങ്ങൾ :കീർത്തികരമായ വിമോചനത്തിന്റെ  മരണപ്രഖ്യാപന ത്തെ പ്പറ്റി,കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു ജീവിതം ഹ്രസ്വവും എന്നുള്ള 10 ലേഖനങ്ങളും "വിരലുകൾ അഞ്ചവയവങ്ങളായി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു" എന്ന അനുബന്ധ ലേഖനവും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്.ഈ എഴുത്തുകൾക്ക് കാരണമായ മലയാളത്തിൽ വായനക്കാർക്ക് വ്യത്യസ്തമായ എഴുത്തുകൾ നൽകുന്ന ഈ രണ്ട് എഴുത്തുകാരുടെ ചിന്തകൾ, വായിക്കുമ്പോൾ നമ്മുക്കും ചിലതെല്ലാം ചിന്തിക്കാൻ തോന്നി പോകും .


📙- മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ (Literary criticism/memoir)
✍️- കരുണാകരൻ
📖- 96
🖨️- rat books ( 2025)
💸-180 ₹

Friday, August 29, 2025

▪️വായിച്ച പുസ്തകം /ചിദംബരങ്ങൾ / എഡിറ്റർ -പി.സലിംരാജ്▪️


▪️ഞാൻ അറിഞ്ഞതും ആർജ്ജിച്ചതുമായതിൻ്റെ പത്തിലൊന്നുപോലും എനിക്ക് കടലാസിൽ പകർത്താൻ കഴിഞ്ഞിട്ടില്ല. ജീവിതം എനിക്ക് ഒരുപാട് വൈവിധ്യ ങ്ങളും സഹനങ്ങളും പകർന്നുതന്നിട്ടുണ്ട്. നിറയെ ധാതുക്കളുള്ള ഒരു ഖനിയാണ് എൻ്റെ ജീവിതം. എപ്പോൾ ഉൽഖനനം നടത്തിയാലും എന്തെങ്കിലും കിട്ടും. അതു കൊണ്ട് ഇതുവരെ ഒരു കഥ എഴുതണമെന്നു തോന്നുമ്പോൾ നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നാൽ, എന്നെ സംബന്ധി ച്ചിടത്തോളം അതിനുള്ളൊരു മുഡാണ് പ്രധാനം.(സ്വകാര്യങ്ങൾ)

▪️സ്വകാര്യങ്ങൾ, കഥയുടെ ജന്മാന്തരങ്ങൾ, പാലായനത്തിന്റെ ഇതിഹാസം, സമീപനങ്ങൾ,സ്വത്വക്കുരുക്കുകൾ മുറുകുമ്പോൾ,  വാക്കിലെ കാഴ്ചകൾ, ചിറകുകൾ പാദുകങ്ങൾ, ഓർമ്മകഥാകാരൻ, അപൂർണ്ണമിദം, സഹയാത്ര, ഒപ്പം ഒറ്റ, പണിപ്പുരയും പണിത്തരങ്ങളും, മടക്കം, കൈയൊപ്പുകൾ 14 അധ്യായങ്ങളിൽ 542 പേജുകളിൽ 93 എഴുത്തുകാർ, സി.വിശ്രീരാമന്റെ എഴുത്ത് ജീവിതം, സിനിമ ജീവിതം, രാഷ്ട്രീയ ജീവിതം, വ്യക്തിജീവിതം ഇതേപ്പറ്റി എല്ലാം പറയുന്നു. വാസ്തുഹാരാ പൊന്തൻമാട, ബോട്ടാപുരം റസ്റ്റ് ഹൗസ്, ക്ഷുരസ്യധാര, ചിദംബരം, പുത്തൂരാൻ മാടിലേക്ക് വീണ്ടും, പന്തിഭോജനം, ശീമത്തമ്പുരാൻ, വേരുകൾ വില്പനക്ക്,മേലെ താമസിക്കുന്നവർ, ഇരിക്കപ്പിണ്ഡം,ഞങ്ങളെ തൊട്ടാൽ ഞങ്ങള്..., തുടങ്ങി സി.വിശ്രീരാമന്റെ   കഥകളെല്ലാം ഇതിലെ എല്ലാ എഴുത്തുകൾക്കും വിഷയമാകുന്നു. തന്റെ   എഴുത്ത് കാലങ്ങളിൽ വ്യത്യസ്തമായ കഥകൾ കൊണ്ട് മലയാളി വായനക്കാരന്റെ  കഥാവായനയിൽ സജീവ സാന്നിധ്യമായി നിന്നിരുന്ന ഒരു എഴുത്തുകാരനെ ആ ജീവിതത്തെ, അനേകർ ഓർമ്മിക്കുമ്പോൾ കേരളത്തിൻ്റെ മാത്രമല്ല മറ്റു പല ദേശങ്ങളുടെയും ജനതയുടെയും ജീവിതത്തെ ഓർമ്മപ്പെടുത്തൽ കൂടി ആകുന്നു ആ എഴുത്തുകളെല്ലാം. ആ കഥകളെ, എഴുത്തുകാരനെ, കഥ എഴുതിയ കാലത്തു മാത്രമല്ല, ഇക്കാലത്തും വായിക്കുമ്പോൾ ആ എഴുത്തുകൾക്കെല്ലാം ഏക്കാലത്തുമുള്ള പ്രസക്തി ഈ പുസ്തകത്തിന്റെ വായന നമ്മോട് പറയുന്നു.

   ▪️കഥാകൃത്തായ സി.വി.ശ്രീരാമനെ അർഹിക്കുന്ന ആഴത്തിൽ തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്ന നിരൂപകരും മാധ്യമപ്രവർത്തകരും അധികമുണ്ടായിരുന്നില്ല പ്രവാസജീവിതത്തിൻ്റെ കഥാഖനികളിലെ പര്യവേക്ഷണം അദ്ദേഹം തുടങ്ങുന്ന കാലത്ത് മലയാളത്തിൽ ആധുനികതയുടെ ഈയാപാറ്റകളുടെ സാഹിത്യ പ്രളയമായിരുന്നു. അതുകൊണ്ട് ചരിത്രാനുഭവത്തിൻ്റെ നേർക്കാഴ്ചയുള്ള കഥാകരനും ഉദാത്തമായ ആശയങ്ങളുടെ സങ്കലനമായ ആ കഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അരാജകജീവിതത്തിൻ്റെ അസ്‌തിത്വവ്യഥകളിൽ മുങ്ങിക്കു ളിച്ച് എഴുത്തുകാർ കെട്ടുകാഴ്‌ചപ്പണ്ടങ്ങളായി മാറിയപ്പോൾ സി.വി. ശ്രീരാമൻ കൊളോണിയലിസത്തെയും ആത്മീയതയുടെ ആനമയക്കിഭാവങ്ങളെയും പ്രവാസ ജീവിതത്തിന്റെ നഷ്‌ടസ്ഥലി കളെയും സാഹിത്യത്തിലെ സാന്ദ്രാനുഭൂതിയാക്കി മാറ്റുകയായിരുന്നു. ഇതിനെ കണ്ണുതുറന്നു ദർശിക്കാനുള്ള സാംസ്കാരികബോധം അന്നത്തെ നിരൂപകരിൽ കുറവായിരുന്നു.

ബഹുമുഖകർത്തൃത്വങ്ങളുള്ള ഒരു സാമൂഹ്യവ്യക്തിത്വമാണ് ശ്രീരാമന്റേത്. മാർക്‌സിസ്റ്റ് ആയിരിക്കുമ്പോഴും സവിശേഷമായ ഒരിടപെടൽ നടത്തുക. ജന പ്രതിനിധിയും  ഭരണാധികാരിയും ആയിരിക്കുമ്പോൾ തന്നെ സാഹിത്യജീവിതവും തിളക്കമുറ്റതാക്കുക. കഥനശൈലിയിൽ ഒന്നിനും പിറകെ പോകാതെ തൻവഴി വെട്ടിത്തെളിക്കുക. ചുരുക്കത്തിൽ സി.വി.ശ്രീരാമൻ എന്ന വലിയ മനുഷ്യനിൽ വലിയ രാഷ്ട്രീയക്കാരനും വലിയ സാഹിത്യകാരനും ഒരുപോലെ ഉൾച്ചേർന്നിരുന്നു.
(അവതരിക്കപ്പെട്ടവരുടെ ആത്മകഥ -പുരുഷൻ കടലുണ്ടി)

📙- ചിദംബരങ്ങൾ (memories and studies)
✍️- എഡിറ്റർ -പി.സലിംരാജ്
📖- 542
🖨️- കേരള സാഹിത്യ അക്കാദമി ( 2010)
💸-360 ₹

Wednesday, August 6, 2025

വായിച്ച പുസ്തകം / നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ / നിത്യചൈതന്യയതിയുടെ പരിഭാഷ


    
നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ 
-----------------------------------------------------

പ്രകൃതിയും 
മനുഷ്യനും
പ്രണയവും സംഗീതവും
രതിയും മഴയും
നിറഞ്ഞുനില്ക്കുന്ന
ഓർമ്മക്കുറിപ്പുകൾ
നിത്യചൈതന്യയതിയുടെ പരിഭാഷ

നാട്ടിൻപുറത്തെ പയ്യൻ
--------------------------------------

എനിക്ക് എല്ലാം ഓർമ്മിക്കാനാവുമോ? ഓർമ്മകളും സ്വപ്‌നങ്ങളും ഒരു പോലെയാണ്. അവയുടെയിടയിൽ അന്തരാളമുണ്ട്. പഴയ കഥ ഓർമ്മിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇപ്പോൾ എണീറ്റുനിന്ന് പ്രവർത്തി ക്കാനുള്ള സമയമാണ്. ഞാനൊരു കവിയാണ്. ഒരു കവി ആത്മകഥ എഴുതുമ്പോൾ അത് കേവലം വസ്‌തുക്കളുടെ വിവരണമായിരിക്കുകയില്ല. ആയിരുന്നു കൂടാ. തൂലിക പിടിച്ച് ആലേഖനം ചെയ്‌തുവയ്ക്കുവാൻ കഴിയുന്നതിലും എത്രയോ അധികമാണ് അനുഭവങ്ങളിൽ നിന്ന് ഊർന്നുവരുന്ന ഓർമ്മ. ഓർമ്മിക്കാവുന്നതിലും എത്രയോ അധികമാണ് അനുഭവം. സ്വന്തം അനുഭ വങ്ങൾ മാത്രമല്ലല്ലോ കവി അവന്റെ ഓർമ്മയിൽ പേറിക്കൊണ്ടു നടക്കുന്ന ത്. എത്രയോ ആളുകൾ അവരുടെ ജീവിതകഥ കവിയുമായി പങ്കുവയ്ക്കു ന്നു. അവൻ്റെ മനസ്സിൻ്റെ ചുവരിൽ ആരൊക്കെയോ ആവിഷ്ക്കരിച്ച എത്രയെത്ര ചിത്രങ്ങളാണുള്ളത്? കവി അതിനെ യെല്ലാം പുനരാവിഷ്ക്കാരം ചെയ്‌തു പാടു മ്പോൾ അതൊന്നും തൻ്റെ കഥയായിരുന്നില്ല എന്ന കാര്യം താനേ മറന്നു പോകുന്നു. 

 ശൈശവവും കവിതയും
  -------------------------------------
എവിടെനിന്നാണ് ഞാൻ തുടങ്ങുക? കുട്ടിക്കാലത്തെ കഥ പറഞ്ഞു തുട ങ്ങാം. ആണ്ട്, മാസം, തീയതികൾ അതെല്ലാം ഒരു ക്രമത്തിൽ മനസ്സിൽ വെച്ചു കൊണ്ട് പറഞ്ഞാലെ ഒരു ശേലുള്ളൂ. എന്താ, അങ്ങനെയല്ലേ?  

 ഗോതമ്പുവയലിലെ സ്നേഹം
------------------------------------------------
ഹെർണാണ്ടെസ്സ് ക്യാമ്പിൽ ഉച്ചയാകുന്നതിനുമുമ്പ് ഞാൻ എത്തിച്ചേർന്നു. അപ്പോൾ ഞാൻ ഉന്മേഷവാനായിരുന്നു. തലേ രാത്രിയിൽ കിട്ടിയ നല്ല ഉറക്കം, അതിനു മുമ്പ് കഴിച്ച ഹൃദ്യവും പഥ്യവുമായ ആഹാരം, പ്രഭാതത്തിൽ നടത്തിയ കുതിരസവാരി. ഇതെല്ലാംകൊണ്ട് ഉള്ളുണർന്ന് സന്തോഷി ച്ചിരുന്നു. കൗമാരം മാറിയിട്ടില്ലാത്ത എന്റെ മുഖത്തിന് അതുകൊണ്ട് ഒരു പ്രത്യേകമായ കാന്തി ഉണ്ടായിരുന്നിരിക്കണം............തികച്ചും അവിചാരി തമെന്ന പോലെ അവളെന്നെ നോക്കി. ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ എൻ്റേതിൽ കുരുങ്ങി. ആ ചുണ്ടുകളിൽ ഒരു ചിരി ഞാൻ കണ്ടോ. അതോ എനിക്കങ്ങനെ തോന്നിയതാണോ? അവൾ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാൻ കണ്ട മന്ദഹാസം എന്റെ ഉള്ളിൽ നിന്നും വിരിഞ്ഞു വരുന്നതുപോലെ അനുഭവപ്പെട്ടു. ആത്മാവിൽ കുളിരു കോരുന്ന ഒരു പുഞ്ചിരി അന്തരാത്മാവിൻ്റെ ആഴത്തിലെവിടെയോ നിറഞ്ഞുവന്ന തേനിൻ്റെ മാധുര്യം ഉള്ളാകെ വ്യാപിച്ചിരുന്നതു പോലെ തോന്നി.

നഗരത്തിൽ നഷ്‌ടപ്പെട്ടു പോയ കഥ
  --------------------------------------------------------

കുറേ സ്കൂൾ വർഷങ്ങൾ കഴിഞ്ഞു. ഓരോ ഡിസംബർ കഴിയുന്നാലും കണക്കു പരീക്ഷയ് ക്കു വിധേയനാകും പുറമെ ഞാൻ തയ്യാറെടുപ്പിലാണ്. സാന്റിയാഗോ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിയാവാനുള്ള ഒരുക്ക ത്തിലാണ്. പുറമെ എന്നു പറയാൻ കാരണം എൻ്റെ തലയുടെ ഉള്ളു നിറയെ പുസ്‌തകങ്ങളാ യിരുന്നു. അതിലും ഏറെ സ്വപനങ്ങൾ പിന്നെ, തേനീച്ച യെപ്പോലെ ഹുങ്കാരം കൂട്ടിപ്പറക്കുന്ന കവിതയുടെ കൽപനകൾ.........

 തേജോമയമായ നിർജനസ്ഥാനം വനഭാവനകൾ
 ------------------------------------------------------------------------------

പല സ്മരണകളിൽ ആമഗ്നനായിരുന്ന ഞാൻ ഞെട്ടിയുണർന്നു. കടലിന്റെ ആമന്ത്രണം വരുന്നു. ഞാൻ നെഗ്രാവീപിലിരുന്ന് എഴുതുകയാണ്. വാൽപ റൈസോയിക്ക് അടുത്തുള്ള കടലോരമാണ് സ്ഥലം ചാട്ടവാറു കൊണ്ടെ ന്നതുപോലെ തിരമാലകളെ കടൽക്കരയിലേക്ക് അടിച്ചുകയറ്റി ക്കൊണ്ട് വന്ന കടൽക്കാറ്റ് തനിയെ ഒഴിഞ്ഞുപോയിരി ക്കുന്നു. ഞാനെൻ്റെ ജനാല യിൽ കൂടി ഇതുവരെ കടലിലേക്കു നോക്കിഖയിരിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, എന്നെ കടൽ നോക്കുകയാണ്; ആയിരം കുഞ്ഞിക്കണ്ണു കളുള്ള വെളുത്ത പത കൊണ്ട്. നനുത്ത ആ പത പ്രശാന്തമാണ്. അതിനെ അത്രയേറെ വിശ്വസിച്ചു കളയരുത്. അതിന്റെ പിന്നിൽ ഇനിയുമൊരു ക്ഷോഭത്തിനുള്ള കരുക്കൾ നീക്കുന്ന മഹാസാഗരമുണ്ട്. ഇനിയും ഇങ്ങു വന്നെത്തിയിട്ടില്ലാത്ത സംവ ത്സരങ്ങൾ. അവ വർത്തമാനത്തിൽനിന്നും എത്ര ദൂരെയാ ണ്. അത്ര ദൂരെയിരുന്ന് ഇത്ര അടുത്തുള്ള നിമിഷങ്ങളെ ചേർത്തുചേർത്തുവെച്ച് എൻ്റെ ആത്മാവിനെതന്നെ ഒരു രചനാകാലം നടത്തുന്നു എന്നു തോന്നിപ്പോകുന്നു..........

   ഫെഡറിക്കോയെപ്പറ്റി
     ---------------------------------

1938-ൽ ചിലിയിലേക്കു മടങ്ങിവരുന്നതിന് രണ്ടുമാസം നീണ്ടു നിൽക്കുന്ന കപ്പൽയാത്ര വേണ്ടിവന്നു. മടങ്ങിവന്നതിനുശേഷം ഞാൻ എന്റെ പുസ്തക ങ്ങളുടെയും കടലാസ്സുകളു ടെയും ഇടയിൽ വെച്ച് കാണാതെപോയ രണ്ടു കയ്യെഴുത്തുപ്രതികൾ കണ്ടെടുത്ത് പ്രസിദ്ധ പ്പെടുത്തി. ഒന്ന് എൽ ഹൊണ്ടേ റോ എന്തൂസി യാസ്റ്റാ ആയിരുന്നു. മറ്റേത് റസിഡൻസിയ എൻ ലാ ടിയറാ ആയിരുന്നു. ആദ്യത്തേത് എന്നിലു ണ്ടായ ആവേശത്തിൻ്റെ ആഴത്തെ പരാമർശിക്കുന്നതും രണ്ടാമത്തേത് എനിക്ക് താമസിക്കേണ്ടിവന്ന നാടുകളെ സംബന്ധിക്കു ന്നതുമായിരുന്നു. റസിഡൻസിയാ എൻ ലാ ടീറാ പൂർവ്വേഷ്യൻ രാജ്യങ്ങളിൽവച്ച് എഴുതി ക്കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നേരത്തെ പരാമർ ശിച്ചിരുന്നു. 1933-ൽ എന്നെ ബ്യൂനസ് എയറിൽ ചിലിയുടെ കോൺസലായി നിയമിച്ചു. ആഗസ്റ്റ് മാസത്തിൽ ഞാൻ അവിടെ പോയി ജോലിയിൽ പ്രവേശി ച്ചു.ഏതാണ്ട് ആ സമയ ത്തുതന്നെയാണ് ഫെഡറിക്കോ ഗാർസിയാലോർ ക്കാ ആ പട്ടണത്തിലെത്തിയത്............

  പരാജിതരെത്തേടി ഞാനെന്റെ വഴി കണ്ടെത്തി
   ------------------------------------------------------------------------------------

അവസാനം ഞാൻ പാർട്ടി പ്രവർത്തകനായി. എനിക്കു പാർട്ടിയുടെ ഔദ്യോഗിക കാർഡ് കിട്ടി. എന്നാൽ, അതിന് എത്രയോ മുനി സ്പെയി നിൽ ആഭ്യന്തര കലാപം നടക്കുമ്പോൾതന്നെ ഞാൻ എന്നെ കമ്യൂണിസ്റ്റുകാരനെ ന്ന് തിരിച്ചറിഞ്ഞു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടാക്കുവാൻ പല സാഹചര്യങ്ങളും ഇണങ്ങിവന്നു................

വായനക്കാർക്ക് ഒരു രഹസ്യക്കുറിപ്പ്
  ---------------------------------------------------------------
"പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ന്നു. വിശ്വസിക്കുകയും ചെയ്യുന്നു. അൽപമാ യിട്ടല്ല; വളരെ ഗാഢമായിട്ട്. അതുകൊണ്ടു മാത്രമാണ് ഈ വരികൾ എഴുതുവാൻ എനിക്ക് ധൈര്യമുണ്ടായിരിക്കുന്നത്.........."

"നിങ്ങളെപ്പോലെതന്നെ ഞാനും നെരൂദയുടെ വാക്കുകളുടെ ചുഴിയിൽപ്പെട്ട് നൽകുന്ന മോഹനിദ്രയിൽ നിന്ന് പുറത്തുവരാൻ കഴിയാതെ പലപ്പോഴും നഷ്ടപ്രജ്ഞനെപ്പോലെ, ഇതി കർത്തവ്യതാ മൂഢനെപ്പോലെ, നെരൂദയുടെ വാക്കുകൾ ഉള്ളിലുണർത്തുന്ന സ്വപ്നങ്ങൾക്ക് തീരെ വശഗനായി, ഉറക്ക ത്തിൽ നടക്കുന്ന വനെ പ്പോലെ വഴിതെറ്റിപ്പോകുന്നവനാണ്. അതുകൊണ്ട് ദയവുചെയ്‌ത്‌ ഇത്‌ സത്യസന്ധമായ ഒരു വിവർത്തനമാണെന്നു കരുതരുത്."

നിങ്ങൾ ഈ പുസ്തകത്തിൻ്റെ പിൻതാളുകളിൽ നിത്യചൈതന്യ യതിയുടെ ഈ വാക്കുകൾ വായിക്കുന്നത് ഈ പുസ്തകത്തിൻ്റെ വായന പൂർത്തിയാക്കിയാവും . ഒരിക്കലും മദ്യപിച്ചിട്ടില്ലത്തതും എന്നാൽ ഇപ്പോൾ ഇതായിരിക്കണം മൂക്കറ്റം കുടിച്ചു കുടിച്ചവന്റെ സ്ഥിതി എന്നും നിത്യചൈതന്യയതി യുടെ വാക്കുകൾ ആത്മാവിനെ ഉന്നതമാക്കുന്ന മദ്യമല്ല എന്നും ഇതു പോലു ള്ള ഓർമ്മക്കുറിപ്പുകൾ ആണെന്നും പറയുന്നത് എത്ര സത്യമാണെന്ന് ഈ ഓർമ്മക്കുറിപ്പുകളുടെ വായന നമ്മോട് പറയും. ഈ പുസ്തകം വായി ക്കുന്ന ഏതൊരാളും ഉന്മാദാവ സ്ഥയിലാക്കുമെന്നത് മറ്റോരാളുടെ വാക്കുകളിൽ പറഞ്ഞറിയി ക്കുന്നതിനേക്കാൾ വായനയിലൂടെയേ മനസ്സിലാകു. 12 അധ്യായ ങ്ങളിലായി പടർന്ന് കിടക്കുന്ന നെരുദയുടെ ഓർമ്മക്കുറിപ്പു കളിലെ പാതി മാത്രമാണ് ഈ പുസ്തകം. ഈ പാതി. ഓർമ്മക്കുറി പ്പുകൾ, വായന ക്കാരനെ എത്ര ഇത്ര ഉന്മാദാവസ്ഥയിൽ എത്തി ക്കുമെങ്കിൽ നെരുദയുടെ ഓർമ്മക്കുറിപ്പുറ്റ്യകൾ മുഴുവൻ വായിച്ചാൽ എന്തായി രിക്കും അവസ്ഥ,അറിയില്ല, വായിച്ചു തന്നെ അനുഭവിക്കേണ്ടി വരും.





📙- നെരുദയുടെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
✍️- നിത്യചൈതന്യയതിയുടെ പരിഭാഷ
📖- 160 
🖨️- ഗ്രീൻ ബുക്സ് ( 2016)
💸-150 ₹