Monday, August 19, 2024

അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങൾ.



അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,പലകാലങ്ങളില്‍, പലനേരങ്ങളില്‍,പലമനസികാവസ്ഥകളില്‍ ഫേസ്ബുക്കില്‍ എഴുതികൂട്ടിയ ചില്ലറ കവിതകളുടെ കുടുക്ക പൊട്ടിച്ചതാണീ അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,എന്ന് രേണുകുമാര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ പാളുന്നനേരം പരല്‍മീനില്‍ പറയുന്നു.പക്ഷേ ഈ കവിതകള്‍  വായിക്കുമ്പോൾ വായനക്കാരന് തോന്നും ഇത് ചില്ലറ കവിതകളാണോ എന്ന്,എന്നാൽ ഒരിക്കലും ചില്ലറകളായി മാത്രം കണ്ട് വായിച്ച് പോകുവാൻ കഴിയില്ല ഈ കവിതകളോക്കെയും.ചില്ലറകള്‍ എന്നതിനപ്പുറം എന്തോക്കെയോ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകത്തിലെ കവിതകളെല്ലാം. ഇച്ചിരിയും, മുറിഞ്ഞതും,മണമുള്ളതും,കുളമ്പുള്ളതും,പിന്നിയതും, പാളുന്നതും,ഇറ്റുവീണതുമായ തൊണ്ണുറ്റഒൻപത് കവിതകളില്‍ രണ്ടുവരികളിലും മുപ്പത്തിഒന്ന് വരികളിലുമുള്ള കവിതകളുണ്ട്.
"മുഴുവൻ കവിതയാകയാല്‍ ഒരു വരിയും എഴുതാനാവുന്നില്ലല്ലോ" എന്നും "അവളുടെ മനോഹരനടത്തമെന്നെ കവിയാക്കുന്നു. മനോഹരമായവിരലുകളെന്നെ ചിത്രകാരനാക്കുന്നു" എന്നും "മണങ്ങള്‍ക്ക് മരണമില്ല അല്ലെങ്കിപ്പിന്നെ അന്തിയാകുമ്പോ അമ്മയുടെ മണമിങ്ങനെ തിരകളായ് പാടത്തൂന്ന് കയറിവരുമോ" എന്നും "പൂവുകളെ കൊണ്ട് തോറ്റു എത്ര നുള്ളിക്കളഞ്ഞാലും ഒരെണ്ണം ഉള്ളിലെവിടെയെങ്കിലും പിന്നെയും പൂത്തുനില്‍ക്കും" എന്നും "ഭൂമിയുള്ളവര്‍ക്ക് എന്തും പറയാം ഭൂമിയില്ലാത്തവര്‍ക്ക് അതേപ്പറ്റി മാത്രമേ പറയാനാവൂ" എന്നും "ചുണ്ടുകളത് മറക്കുന്നതേയില്ല കവിളുകളത് ഓര്‍ക്കുന്നുണ്ടാവുമോ" എന്നും "ഞാനൊരിറ്റു വെട്ടം നിന്റെ കണ്ണുകളില്‍ വസിക്കയാലത് നാലുപേര് കാണുന്നു" എന്നും "ഒരു കീറല്‍ തുന്നിച്ചേര്‍ക്കുമ്പോഴും ഒരു ബട്ടൻസ് വെച്ചുപിടിപ്പിക്കുമ്പോഴും ഉള്ളിലേതോ കടല്‍ ശാന്തമാകുന്ന പോലെ" എന്നും ഒക്കെയുള്ള ഈ കവിതകളെ,കവിതകള്‍ എന്നതിനെക്കാള്‍ കവിതയുെടെ മിന്നലുകള്‍ എന്ന് ഇവയേ വിളിക്കാനാണ് എനിക്കിഷ്ടം എന്ന് പാളുന്നനേരം പരല്‍മീനില്‍ പറയുന്നതു രേണുകുമാർ പറയുന്നത് പോലെ ഈ  വരികള്‍ പലതും വായിക്കുമ്പോള്‍ മിന്നലുകളായി തന്നെ നമ്മുടെ മനസ്സിലെക്ക് ആഴ്ന്നിറങ്ങും.പുഴയില്‍ പാളുന്ന പരല്‍മീനിനെ ഒറ്റവരികവിതയായി കാണുന്ന രേണുകുമാര്‍ പലതരം പരല്‍ മീനുകളെയാണ് ഇവിടെ പലകാലങ്ങളില്‍, പലനേരങ്ങളില്‍, പലമനസികാവസ്ഥകളില്‍ ഈ പുസ്തക താളുകളില്‍ വായിക്കുവാൻ നമ്മുക്ക് തരുന്നത്.ഇവ എല്ലാം ഫേസ്ബുക്കിലെ നിമിഷനേരം മാത്രം ആയുസ്സുള്ള  പോസ്റ്റുകളില്‍ മാഞ്ഞു പോകെണ്ടവയല്ല എന്ന രേണുകുമാറിന്റെയും ഒലിവിന്റെയും ബോദ്ധ്യങ്ങളില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ കവിതാ പുസ്തകം വായനക്കാര്‍ക്കായി കിട്ടുന്നത്.ഇതിലെ കവിതകള്‍ ഒന്നും മിന്നലുകള്‍ പോലെ മാഞ്ഞു പോകില്ല എന്നും മനസ്സിനുള്ളില്‍ മിന്നല്‍ വെളിച്ചമായി തന്നെ തെളിഞ്ഞു നില്‍കും എന്ന് ഈ കവിതാ വായന നമ്മേ ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും.

No comments:

Post a Comment