Friday, February 11, 2022

▪️ കടത്തുകാർ ▪️

 

▪️  കുറച്ച് കാലം മുമ്പ് വരെ പുഴകളുണ്ടായിരുന്ന നമ്മുടെ നാട്ടിൻപുറ ജീവിതങ്ങളുടെ ഭാഗമായിരുന്നു കടവും,വള്ളവും,കടത്തുകാരുമൊക്കെ , പുഴയുള്ള നാടുകളിലെ കടവുകള്‍ ,  ആ നാട്ടിലെ ഒരോ മനുഷ്യരുടെ നിത്യ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നു. പുഴയിലെ കുളിയും പുഴയിലെ തുണി അലക്കലും,പുഴയൊരത്തെ കൃഷിയും, കന്നുകാലിയെ കുളിപ്പിക്കുന്നതും അങ്ങനെ എന്തേല്ലാം കാര്യങ്ങളിലുടെ പുഴ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ,കൂടാതെ ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനായി പലര്‍ക്കും  പുഴകടക്കാതെ നിവ്യർത്തിയില്ലായിരുന്നു. അന്ന് ഇന്നത്തെ പോലെ പുഴകൾക്ക് കുറുകെ പാലങ്ങൾ സുലഭമല്ലയിരുന്ന കാലമായിരുന്നു, പുഴയ്ക്കു കുറുകെ പലയിടങ്ങളിലായി നാല് അഞ്ച് കടവുകളും അവിടങ്ങളില്‍ വള്ളവും കടത്തുക്കാരും നിത്യ കാഴ്ചയായിരുന്നു . ഈ കടത്തുവള്ളങ്ങളിലെ കടത്തുകാരൻ നാട്ടിലെ ഒരോ മനുഷ്യർക്കും തിരിച്ചും നേർ പരിചയക്കാരനായിരുന്നു, കാരണം ആയാളെ കടന്ന് ഒരാൾക്കും പുഴകടന്നു പോകുവാൻ കഴിയില്ലായിരുന്നു. ഈ പുഴയും കടവും കടത്തു വള്ളവും ആക്കാലത്ത് നമ്മുടെ കവിതകളിലും, കഥകളിലും, നോവലുകളിലും, സിനിമകളിലും അവിഭാജ്യ ഭാഗമായിരുന്നു , പുഴയുള്ള നാട്ടിലെ കഥപറയുമ്പോൾ ഇവരെ ഒഴിവാക്കല്‍  സാദ്ധ്യമല്ലായിരുന്നു. പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എത്രയോ പ്രാവശ്യം  പ്രധാന കഥാപാത്രങ്ങളായിരിക്കുന്നു ,അവർ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ചിലപ്പോൾ വളർന്നു കൊണ്ടെയിരുന്നു.

▪️       കോട്ടയം നഗരത്തിലെ സ്കൂളിൽ ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ തന്നെ എന്റെ താമസം അമ്മ വീടുള്ള കുമ്മനം എന്ന ഗ്രാമത്തിലെക്ക് മാറിയിരുന്നു .  നഗരത്തിൽ നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയിൽ മീനച്ചിലാറിനെ ആദ്യം കണ്ട് തുടങ്ങുന്ന ആലുംമൂടിനും അതിന് ശേഷം ബസ്സ് നിർത്തുന്ന അറുപുഴയിൽ ഇറങ്ങി മീനച്ചിലാറിനെ കടന്ന് എത്തുന്ന ആ പ്രദേശം , മീനച്ചിലാറും അതിന്റെ കൈവഴികളായ ചെറിയ തോടുകളാലും ചുറ്റപ്പെട്ടിരുന്നു ,വള്ളത്തില്‍ പുഴ കടക്കാതെ അവിടെക്കും അവിടെ നിന്നും പുറത്തേക്കുള്ള യാത്ര അസാദ്യമായിരുന്നു ഒരു കാലം. അവിടെ ജീവിക്കാന്‍ തുടങ്ങിയതോടെ അതുവരെ വിദൂരമായ കണ്ടിരുന്ന പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എന്റെയും ജീവിതത്തിന്റെ ഭാഗമായി. ആദ്യമായി കടത്തുവള്ളത്തിൽ കയറിയത് എന്നാണെന്ന് ഓർമ്മയില്ലെങ്കിലും,പുഴ കടന്നുള്ള ആ യാത്രയിൽ ഞാൻ പേടിയോടെ തന്നെ ആയിരിക്കണം വള്ളത്തില്‍ ഇരുന്നത് എന്ന് ഉറപ്പാണ്,അന്നു വരെ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായിരുന്ന പുഴ ആ നിമിഷം മുതല്‍ ജീവിതത്തിലെക്ക് കടന്നു വരികയായിരുന്നു .മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവയുടെ കുടക്കത്തിൽ ശരീരം ഇളകുമ്പോൾ ഒന്ന് പിടിച്ചിരിക്കുവാൻ മുകളിലോ സൈഡിലോ ഒരു കമ്പിയെങ്കിലും കാണും ,എന്നാൽ വള്ളത്തെ സംബന്ധിച്ച് അങ്ങനെയുള്ള ഏർപ്പാട് ഒന്നും തന്നെയില്ല . സാധാരണ ഒരു കടത്തുവള്ളത്തിന് ആകെ മൂന്ന് പടികൾ കാണും, മുന്നിലും നടുക്കും പിന്നിലും , പിന്നിലെ പടിയിലിരുന്നാണ് കടത്തുകാരൻ വള്ളം തുഴയുന്നതും , നിയന്ത്രിക്കുന്നതും ,പിന്നെ അതിലെ യാത്രക്കാർക്ക് ഇരിക്കാനായി കിട്ടുക രണ്ട് പടികളാണ്. അതിൽ പ്രായമുള്ളവരും, യാത്രക്കാർക്ക് ഇടയിൽ സുഖമില്ലാത്തവരുണ്ടെങ്കിൽ അവരും ചെറിയ കുട്ടികളെ കൂടെ കൂട്ടിട്ടുള്ളവരും ഒക്കെ ആകും ഇരിക്കുക , പിന്നെ തടിമിടുക്കുള്ള ചെറുപ്പക്കാർ വള്ളത്തിന്റെ വശങ്ങളിൽ ബാലൻസ് ചെയ്ത് അങ്ങനെ ഇരിക്കും ,ആ ഇരിപ്പിന്റെ ശക്തിയിൽ വള്ളം ഒന്ന് ചഞ്ചാടും അപ്പോൾ നിൽക്കുന്നവർ സർക്കസ്സിലെ അഭ്യാസികളെ പോലെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ചഞ്ചാടി ബാലൻസ് ചെയ്യത് വള്ളത്തെയും തങ്ങളെയും വെള്ളത്തിലാകാതെ നോക്കണം , ഇല്ലെങ്കിൽ ആകെ വെള്ളത്തിലായതു തന്നെ. ഈ അഭ്യാസങ്ങൾ വള്ളത്തിലെ യാത്രയിൽ പരിചിതമുള്ളവരുടെതാണ് , പരിചിതമല്ലാത്തവർ ഈ ഉലച്ചിലിൽ നിലവിളിക്കുകയും ഉലയുന്ന ശരീരത്തേ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ വള്ളത്തിലോ വെള്ളത്തിലോ വീഴുമെന്ന് കാര്യം ഉറപ്പാണ്, വളളത്തിലാണ് വീഴുന്നേങ്കിൽ തുഴകൊണ്ട് അടിച്ച് കൊല്ലണം എന്ന് പഴമക്കാർ പറയാറുണ്ട് , എന്താണ് കാരണം എന്ന് അറിയില്ല എങ്കിലും വള്ളത്തിലുള്ള വീഴ്ചയിൽ ശരീരത്തിന്റെ എവിടെ എങ്കിലും വള്ളത്തിൽ തട്ടുകയും , പുറമേ കാണില്ല എങ്കിലും ആന്തരികമായി നല്ല പരിക്ക് ഉണ്ടാകുവാൻ സാദ്ധ്യത വളരെ കൂടുതലാണ് എന്നതു തന്നെ ആയിരിക്കണം പഴമക്കാരുടെ ആ വാക്കുകൾക്ക് കാരണം. അങ്ങനെ പേടിയൊടെ തുടങ്ങിയ ആ യാത്ര ഇരുപത്തി അഞ്ച് കൊല്ലത്തിലധികം നിത്യജീവിതത്തിന്റെ ഭാഗമായി മാറും എന്ന് അപ്പോൾ ഓർത്തിരുന്നോ ? ഇല്ലെയില്ല , ഓർത്തിരിക്കാൻ  ഒരു സാദ്ധ്യതയുമില്ല.

 ▪️    മുമ്പ് പഠിച്ചിരുന്നിടത്ത് സ്കൂളില്‍ നിന്ന് വീടിന് കുറച്ചു കൂടി അടുത്തുള്ള സ്കൂളിലെക്ക് മാറിയതോടെ വളളവും കടത്തും കടത്തുകാരനും ജീവിതത്തിന്റെ ഭാഗമായി .രാവിലെ സ്കൂളിലേക്കുള്ള അന്നത്തെ യാത്രകൾ കൂട്ടുകാർ ഒപ്പം നടന്നായിരുന്നു, ബസ്സുകൾ കുറവായിരുന്ന ആ കാലത്ത് ,സ്കൂൾ കുട്ടികൾക്ക് ഒരു സ്വപ്നം മാത്രമായിരുന്നു ബസ്സുകളിലെ യാത്രകൾ . കുമ്മനത്ത് നിന്ന് പുറത്ത് പോയി സ്കൂളിലും കോളേജിലും കൈ പഠിക്കുന്നവരും, ജോലിക്കായി നഗരത്തിലെക്ക് പോകുന്നവരുടെയും തിരക്കാണ് കടവിൽ രാവിലെ , ഇവരെയെല്ലാവരെയും സമയത്ത് അക്കരെ എത്തിക്കുക എന്നത് കടത്തുകാരനെ സംബന്ധിച്ച് വളരെ ആ സമയത്ത് വളരെ റിസ്കുള്ള പണിയാണ്. സമയത്ത് എത്തുവാനുള്ള തിരക്കിൽ എല്ലാവരും വള്ളത്തിലേക്ക് ധൃതി പിടിച്ച് ചാടി കയറും ,അപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ വള്ളം  വേണമെങ്കില്‍ മറിയാം,വള്ളത്തില്‍ ആ സമയത്ത് കൂടുതലും കുട്ടികളായതിനാൽ അവർ തമ്മിൽ വഴിയിൽ വച്ച് തുടങ്ങിയ ചെറിയ ചെറിയ വഴക്കുകൾ വള്ളത്തിലും തുടരും ,പിന്നെ വള്ളത്തിൽ കയറുവാൻ പേടിയുള്ളവർ ഉണ്ടെങ്കിൽ പിന്നെത്തെ കാര്യം പറയുകയും വേണ്ട . ആളുകൾ നിറഞ്ഞ വള്ളത്തിനെ പതിയേ തുഴഞ്ഞ് അക്കരെ എത്തിക്കുന്ന ആ കടത്തുകാരന്റെ ക്ഷമയും കഴിവും മറ്റ് ഏത് തൊഴിലിലും ഏർപ്പെടുന്നവരിലും മേലെയാണ്. വർഷ കാലങ്ങളിൽ കിഴക്ക് നിന്ന് ഉണ്ടാകുന്ന മഴ വെള്ള പാച്ചിലില്‍  ,പുഴയിലെ വെള്ളം കര കവിഞ്ഞ് ഒഴുക്കും ,കലങ്ങി മറിഞ്ഞ് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ ആ സമയത്ത് ആ കടത്തുകാരുടെ മുഖത്തെ ആശങ്കയും നെഞ്ചിപ്പിനെയും വള്ളത്തിലും തുഴയിലും മനസ്സും ശരീരവും അർപ്പിച്ചുള്ള അവരുടെ ജീവിതം കൊണ്ടാണ് അതിജീവിക്കുന്നത് , സാധാരണ ഒരാളാണ് വള്ളം തുഴയുന്നതെങ്കിൽ ആ സമയത്ത് രണ്ട് പേര് ഉണ്ടാകും ,എങ്കിലും ഇവരുടെതല്ലാത്ത കാരണം കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് പറഞ്ഞ പോലെ വികൃതികളായ കുട്ടികളുടെ അശ്രദ്ധയും ചില യാത്രക്കാരുടെ പേടിയും, രാവിലത്തെ തിരക്കിൽ വള്ളത്തിന് ഉൾക്കെള്ളാവുന്നതിലധികം ആളുകൾ വള്ളത്തിൽ കയറുന്നതും ഒക്കെയാകാം കാര്യം. എന്നാലും ഈ കടത്തുകാരുടെ മനസ്സിന്റെ നന്മ കൊണ്ട് വളളത്തിലുള്ള എല്ലാവരും ആകെ നനയുന്നതിനപ്പുറം പോയിട്ടില്ല ഒരു അപകടവും . ഈ കടവിലെ വളളം സർക്കാരിന്റെതായിരുന്നു, വള്ളക്കാരനും, കുറെ അകലെയുള്ള അദ്ദേഹം രാവിലെ വരുന്നതിനു മുമ്പും, ഉച്ചക്ക് ഊണ് കഴിക്കാൻ പോകുന്ന സമായത്തും ,എല്ലാം മറ്റൊരാളെ ഏൽപ്പിച്ചാണ് പോകുക, ആ ആൾ എപ്പോഴും അക്കരെയുള്ള ഒരു ഓല കൊണ്ട് തീർത്ത വെയിറ്റിംഗ് ഷഡ്ഡിലോ പരിസരത്തോ ഒക്കെ കാണും . ആദ്യത്തെ ആൾ വളരെ സൗമ്യനും എല്ലാവരോടും വീട്ട് വിശേഷങ്ങൾ ഒക്കെ ചോദിക്കുന്ന ആളുമായിരുന്നു , എന്നാൽ മറ്റേയാൾ എപ്പോഴും ദേഷ്യം മുഖത്ത് കൊണ്ട് നടക്കുന്നയാളുമാണ് . രണ്ട് പേരും നല്ല പ്രായമുള്ളവരും . എത്രയോ കാലമായിട്ടുണ്ടാകും അവർ ഈ വള്ളവും തുഴയുമായി ഇങ്ങനെ ഒരോ ദിവസവും അക്കരെ ഇക്കരെ തുഴഞ്ഞിട്ടുണ്ടാകും സ്വന്തം ജീവിതങ്ങൾ തുഴഞ്ഞ് നീക്കുവാനായി . മുതിർന്നപ്പോൾ തിരക്കില്ലാത്ത സമയത്ത് വള്ളത്തിൽ കയറുമ്പോൾ തുഴയാനായി എനിക്കും തുഴ തന്നിട്ടുണ്ട് സൗമ്യനായ കടത്തുകാരൻ , പിറകിൽ യഥാർത്ഥ്യ തുഴക്കാരനുള്ള ധൈര്യത്തിൽ ഞാനും വള്ളം അക്കരെ ഇക്കരെ തുഴഞ്ഞിട്ടുമുണ്ട്. ചിലപ്പോൾ അമ്മയുടെ കൂടെ കടത്ത് കടക്കുവാൻ വള്ളത്തിൽ കയറി ഇക്കരെ ഇറങ്ങുന്ന സമയം ചില നോട്ടുകൾ അവർക്ക് അമ്മ നൽകുന്നത് ഞാൻ കാണ്ടിട്ടുണ്ടലും  എങ്കിലും ഈ കാഴ്ച  കാണാത്തായി നടിക്കാറാണ് പതിവ് , അപ്പോൾ അവരുടെ മുഖത്തേ തെളിയുന്ന ചെറിയ സന്തേഷം ഞാനായിട്ട് എന്തിന് ഇല്ലാതാക്കണം .പിന്നീട് ജോലി കിട്ടിയപ്പോൾ അമ്മയുടെ ഈ ശീലം ഞാനും തുടരാനും ശ്രമിച്ചിരുന്നു , അപ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷത്തിന്റെ ഒരു പങ്ക്  നമ്മുടെ ജീവിതത്തെയും കുളിർപ്പിച്ചിരുന്നു. ഒർമ്മയിലെ ആദ്യ കടത്തുവള്ളക്കാരൻ ജോലിയിൽ നിന്ന് വിരമിച്ച് മറ്റൊരാൾ വരികയും പിന്നീട് അദ്ദേഹത്തിന്റെ മകൻ തന്നെ ഈ ജോലിയിൽ എത്തുകയും ചെയ്യതെങ്കിലും പകരക്കാരൻ അതു പോലെ ആ കാലവും തുടർന്നു. പിന്നെ വീടിന്റെ അടുത്ത് ഒരാൾ കുറച്ച് അപ്പുറത്ത് ഒരു കടവിൽ ഒരു കടത്തു വള്ളം ഇടുകയും ,യാത്രയുടെ എളുപ്പത്തിൽ പുഴക്ക് കുറുകെയുള്ള സഞ്ചാരം അതിലെക്ക് മാറുകയും ചെയ്തപ്പോൾ അന്ന് മനസ്സിന് പ്രത്യേകിച്ച് ഒന്നും തോന്നിരുന്നില്ല , പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രായമുള്ള കടത്തുകാരുടെ മുഖങ്ങൾ ഒരു വേദന ഉള്ളിലുണ്ടാകുന്നു. എത്രയും നാൾ, കുത്തി ഒലിക്കുന്ന ഒഴുക്കിൽ സ്വന്തം ജീവിതവും അപകടത്തിലാക്കി എത്രയോ പേരെ സുരക്ഷിതരായി അക്കര ഇക്കരെ കടത്തിയ ആ വ്യദ്ധരുടെ ജീവിതത്തിലെ ഭൂരിഭാഗവും വെയിലെന്നൊ മഴയേന്നൊ നോക്കാതെ ആ വള്ളത്തിന്റെ കൊമ്പത്തായിരുന്നു. പ്രായം തുഴ കൈയ്യിൽ നിന്ന് താഴെ വയ്യപ്പിച്ചപ്പോഴും തങ്ങൾ തുഴഞ്ഞ വള്ളിൽ ജീവിതത്തിന്റെ ലക്ഷ്യങ്ങളിലെക്ക് പോയി നങ്കൂരമിട്ടവരിൽ എത്ര പേര് ഇന്നും അവരെ ഓർക്കുന്നുണ്ടാകും. തങ്ങളെ  ആദ്യം  പുഴ കടത്തിയ ഇവരെ  ,ആരും ഓർക്കാൻ സാധ്യതയില്ല , പുഴയും വളളവുമെല്ലാം ഇന്ന് എക്സിബിഷൻ കാഴ്ചകൾ മാത്രമായി മാറിയല്ലോ. ജോലിയുടെയും സംഘടന പ്രവൃർത്തനത്തിനും ഇടയിൽ പരിചയപ്പെട്ട ഒരു വാക്കുണ്ട് "ഫെറിമാൻ " ആദ്യമായി ആ വാക്ക് കേൾക്കുമ്പോൾ യാതോരു പരിചയവും അർത്ഥവും അറിയാത്തതായിരുന്നു ആ വാക്ക് . അത് ആദ്യമായി കേൾക്കുന്നത് സംഘടനയുടെ കമ്മിറ്റിയിൽ ആദ്യമായി എത്തിയ കാലത്തായിരുന്നു. ഫെറിമാൻമാരുടെ പ്രശ്നങ്ങൾ ഇന്നു വഞ്ചി തിരുനക്കരയിൽ തന്നെ എന്ന അവസ്ഥയിലാണ് എന്ന ആ ഉറച്ച വാക്കുകളിൽ സംസാരിക്കുന്ന പ്രായമുള്ള ആളെ എനിക്ക് അന്ന് പരിചയമില്ലായിരുന്നു. കൃത്യമായ സംഘടനാ ബോധത്തിന്റെ ആ ശബ്ദത്തിന്റെ ഉടമയുടെ ഭാസ്കരൻ ചേട്ടനെന്നയിരുന്നു. ഉറച്ച സംഘടനാ ബോധമുള്ള ചേട്ടൻ ജോലിയിലെ പ്രശ്നങ്ങൾ എത്ര വലിയ നേതാക്കന്മാർക്ക് മുന്നിലും അവതരിപ്പിക്കുന്നത് സംഘടനാ രംഗത്ത് പ്രവർത്തിക്കാരുന്നവർക്കുള്ള പാഠമാണ്. പവിത്രൻ ചേട്ടൻ, സത്യൻ ചേട്ടൻ എന്നിവരും വിവിധ സ്ഥലത്ത് കടത്തു ജോലി ചെയ്യുന്നവരും സംഘടനാ പ്രവർത്തകരുമായിരുന്നു. തങ്ങളുടെ ജോലി യാതോരു മുടക്കവും കൂടാതെ ചെയ്തതിന് ശേഷമാണ്  എൽപിച്ചിട്ടുള്ള സംഘടനാ പ്രവർത്തനം ഇവർ നടത്തിരുന്നത്. നാട്ടിലെ കടത്തുകാരും കടത്തു വള്ളവും കടവുകളും അവിടെ നിന്ന് ജീവിതം  നഗരത്തിലെക്കുള്ള ചേക്കേറലിലൂടെ എന്നിൽ നിന്ന് അകന്നു എങ്കിലും ഇവരുമായുള്ള അടുപ്പം ഇടയ്ക്കിടെ ആ ഓർമ്മകളിലെക്ക് എന്നെ കൊണ്ടുപോയ് കൊണ്ടിരുന്നു.

▪️     പുഴകൾക്ക് കുറുകെ പാലങ്ങൾ ഉയർന്നപ്പോൾ ഈ കടത്തുവള്ളങ്ങൾ വെള്ളത്തിൽ നിന്ന് പുഴകളിൽ  നിന്ന്   അപ്രത്യക്ഷമാകാൻ തുടങ്ങി. യാത്രകൾക്ക് സൗകര്യങ്ങൾ കൂടിയത് ,ഒരു കാലത്ത് ഇവർ ഇല്ലാതെ ദൈനം ദിന ജീവിതം സാദ്ധ്യമല്ലായിരുന്ന ആളുകളുടെ മനസ്സിൽ പോലും ,ഈ കടത്തുവള്ളങ്ങളും കടത്തുകാരും മനസ്സിൽ തങ്ങി നില്കുന്നു ഓർമ്മകൾ അല്ലാതെയായി തീർന്നു. പക്ഷേ ഇന്നും വെള്ള കെട്ടുകൾ നിറഞ്ഞ ഉൾനാടുകളിൽ ഇവരെ പോലെയുള്ള മനുഷ്യർ ജനങ്ങളുടെ ഭാഗമായി തന്നെ ജീവിക്കുന്നുണ്ടാകും , പക്ഷേ അവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എന്നാണ് അവസാനമായി ഒരു കടത്തു വള്ളത്തിൽ കയറിയത് , ജീവിതം നഗരത്തിലേക്ക് കുടിയേറ്റിയപ്പോൾ പഴയ നാട്ടിലെ പഴയ ബന്ധങ്ങളുടെ ഏതോ ഒരു ചടങ്ങിന് പോയി തിരികെ വന്നപ്പോൾ കടത്ത് കടന്നാണ് വന്നത് , മഴക്കാലമായതിനാൽ അന്ന് പുഴ നിറഞ്ഞിരുന്നു ,വള്ളത്തിന്റെ നടുവിലത്തെ പടിയിൽ ഇരിക്കുമ്പോൾ മടിയിൽ മകനുണ്ടായിരുന്നു , അവൻ അന്ന് ആദ്യമായി കടത്തുവള്ളത്തിൽ കയറുകയായിരുന്നു, ഇപ്പോൾ പത്ത് വയസ്സുകാരിയായ മകൾക്കും ഇന്നു വരെ അവളുടെ യാത്രയിൽ ഒരു വള്ളത്തിൽ കയറേണ്ടി വന്നിട്ടില്ല , അവരുടെ യാത്രകളിൽ നിന്ന് എല്ലാം കടത്തുവള്ളങ്ങൾ വളരെ ദൂരെയായിരിക്കുന്നു. പിന്നീട് ആ നാട്ടിലേക്കുള്ള യാത്രകൾ സ്കൂട്ടറിലും കാറിലുമോക്കെയായി , അവിടെക്ക് പോകുമ്പോൾ ഇടക്ക് ആ പഴയ കടവുകളിലെക്ക് ഇന്നും നോക്കാറുണ്ട് , എന്തേങ്കിലും പഴയ ഓർമ്മകൾ ,ഇല്ല ഒന്നും അവിടെ അവശേഷിക്കുന്നില്ല ഒരോ കാലത്തും സമയം തെറ്റി എത്തുന്ന പ്രളയം അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ഓർമ്മകൾ പോലെ ആ കടവുകളും ഇല്ലാതായിരിക്കുന്നു.

No comments:

Post a Comment