നൗഫലിന്റെ വാക്കിലയിലെ ഒരു സംസാരം ആത്മബന്ധത്തേ കുറിച്ചായിരുന്നു. ആ വാക്കുകൾ കേട്ട് ഇങ്ങനെ ഇരിക്കുമ്പോൾ ജീവിതത്തിന്റെ ഏതെല്ലാമോ ഘട്ടങ്ങളിൽ നമ്മളിലേക്കും നമ്മളും ചെന്നേത്തുന്ന ചില അടുപ്പങ്ങളെ പറ്റിയാണ് ഓർത്തത്. ആ ബന്ധങ്ങളെ ഏറെ കാലം കഴിഞ്ഞ് എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയ ഊഷ്മളത ആ കണ്ടുമുട്ടലിൽ തുടരുന്നുവെങ്കിൽ അതൊരു പക്ഷേ ആത്മബന്ധം ആയിരിക്കാം. ആത്മബന്ധങ്ങൾ ജീവിതത്തിൽ എവിടെ നിന്നാണ് തുടങ്ങുന്നത് പിറന്നു വീഴുമ്പോൾ ചുണ്ടിൽ മധുരമാക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നോ ,തന്നെ ചേർത്ത് പിടിക്കുന്ന സുരക്ഷിതത്ത്വതിന്റെ കരുത്തേകുന്ന പിത്യ വാത്സല്യത്തിൽ നിന്നോ തന്റെ സ്ഥാനങ്ങൾ ഒക്കെ തട്ടിയെടുക്കും എന്ന സന്ദേഹത്തിന്റെ ഇടയിലും ഒരു നിഷ്കളങ്ക ചിരിയിൽ എല്ലാം മറക്കുന്ന കൂടെ പിറപ്പിൽ നിന്നോ ,പിന്നെയും എങ്ങനെയോ എവിടെയോ ഒക്കെ വച്ച് എത്തി ചേരുന്ന എത്രയെത്ര ബന്ധങ്ങൾ ,കൂടെ കളിച്ചവർ കൂടെ പഠിച്ചവർ ,ആദ്യമായി പ്രണയം തോന്നിയവർ , ആദ്യമായി പ്രണയം പറഞ്ഞവർ , ആദ്യം പ്രണയിച്ചവർ , പിന്നെ പിരിഞ്ഞുവെങ്കിലും വല്ലപ്പോഴും ഓർമ്മകളിലെത്തുന്ന പഴയ പ്രണയ ഓർമ്മകൾ, സൗഹൃദങ്ങൾ, പിന്നെ ജീവിതത്തിന്റെ ഓരം ചേർന്ന് നടന്നവർ , നടന്നവൾ, തന്റേതായി ഭൂമിയിലേക്ക് പിറന്നു വീണവർ ജീവിതത്തിലെ കുതിപ്പിലും കിതപ്പിലും ഇടയ്ക്കെപ്പോഴെങ്കിലും കൈയിൽ മുറുകെ പിടിച്ചവർ , പിന്നെ അകന്നു പോയവർ ഒരു കുളിർ കാറ്റായി ഒരു ചെറു നീറ്റലായി സ്മൃതിയിൽ ഇടയ്ക്ക് എപ്പോഴോക്കെയോ കടന്നു വരുന്നവർ , കളിസ്ഥലങ്ങളിൽ , പള്ളിക്കൂട വരാന്തയിൽ, കലാലയ ഇടനാഴികയിൽ, തെരുവ് നടത്തങ്ങളിൽ പണിസ്ഥലങ്ങളിൽ , ആശുപത്രികളുടെ മരുന്ന് മണക്കുന്ന ഇടങ്ങളിൽ ഉത്സവ പറമ്പുകളിൽ സമരസ്ഥലങ്ങളിൽ ' ബസ്സുകളിൽ തീവണ്ടികളിൽ . ഒരോരോ യാത്രകളിലും ഭാഷ അന്യമായ വിദൂര ദേശങ്ങളിൽ വച്ച് ഒക്കെ കണ്ടുമുട്ടി പിരിയുന്നവർ പിന്നീട് ഒരിക്കലും കണ്ട് മുട്ടാത്തവർ എന്നാൽ ഇടക്കിടക്ക് ഓർമ്മകളിൽ കടന്നുവരുന്നവർ ഈ കടന്നു വരവിലെല്ലാം ഓർമ്മകളിലേക്ക് എല്ലാം ആത്മബന്ധത്തിന്റെ ഒരു ഈണം നിറഞ്ഞു നില്പുണ്ടാകും. ബാല്യത്തിൽ കിട്ടാത്ത കളിപ്പാട്ടങ്ങൾ നോമ്പരങ്ങൾ , എപ്പോഴോ കിട്ടിയ ഒരു കളിപ്പാട്ടത്തേ പറ്റിയുള്ള വർണ്ണനകൾ പങ്കു വെക്കുവാൻ വേലി പഴുതിലൂടെയും ഒരിക്കലും ചേർന്ന് അടയാത്ത ഗേറ്റിന്റെ തുറപ്പിലൂടെയും ഓടി പിടിക്കുന്ന സമപ്രായങ്ങളിൽ കണ്ടേത്തുന്നു ഒരു ആത്മബന്ധമുണ്ടല്ലോ അത് ഒരു പക്ഷേ ആ കളിപ്പാട്ട പ്രായത്തേയും കടന്ന എത്രയോ ദൂരം നടക്കുന്നു .യൗവനത്തിലെ കളിക്കളങ്ങളിൽ നടത്തുന്ന പോരാട്ടങ്ങളിൽ തോളോട് തോൾ ചേർന്ന് പോരുതുമ്പോൾ , പുഴയിൽ നീന്താനും സൈക്കിൾ ഓട്ടാനും മരം കയറാനും ഒക്കെ പരസ്പരം കൈകൊർത്തു പിടിക്കുമ്പോൾ ആ കൈകൊർക്കലുകൾ ഒരിക്കലും അഴിയില്ല എന്ന വിശ്വാസമാണ് പല സാഹസങ്ങൾക്കും ആ കാലങ്ങളിൽ എടുത്തു ചാടുവാൻ നമ്മൾ ധൈര്യപ്പെടുത്തുന്നത്. കാലം പോകെ പോകെ ആ കൈകോർക്കുലുകളിൽ ചിലത് അഴിയുന്നു ചിലത് തുടരുന്നു അങ്ങനെ തുടരുന്ന എത്ര കാലം കഴിഞ്ഞാലും തുടരും എന്ന് വിശ്വസിക്കാം. അൽപം കൂടി മുതിർന്ന് മുഖത്ത് ഒരു ചെറിയമീശ കിളിർക്കുവാൻ തുടങ്ങുകയും ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന നാട്ടിൻ പുറത്തേ കൂട്ടുകാരെ ഒക്കെ വിട്ട് നഗരയാത്രകളിൽ എന്നും അത്ഭുതത്തോടെ മാത്രം കണ്ടിരുന്നു കലാലായങ്ങളുടെ വലിയ കവാടം കടന്നുചെല്ലുകയും വിവിധ വർണ്ണങ്ങളിൽ പാറിപറക്കുന്ന പറവകളെ പോലെയുള്ള അനേകരെ കാണുമ്പോൾ മെല്ലെ മെല്ലെ അവരിൽ പലരുടെയും പരിചയക്കാരനാകുമ്പോൾ, സൗഹൃദത്തിലാക്കുമ്പോൾ ഒരിക്കല്ലെങ്കിലും നമ്മൾ ഓർക്കാറുണ്ടോ ഇതിൽ ആരോക്കെയുമായി ആത്മബന്ധമുണ്ടാകുമെന്ന്. അവിടുത്തെ ഓരോ ദിനങ്ങളും കഴിഞ്ഞു പോകുമ്പോൾ പുതിയ കൂട്ടുകളുടെ പുതിയ രൂചികളും മണങ്ങളും ലഹരിയാകുമ്പോൾ , ആ ലഹരിയിൽ ഇതു വരെ രൂചിക്കാത്ത പ്രണയവും ചൊല്ലാത്ത കവിതയും പറയാത്ത കഥകളും കാണാത്ത സിനിമകളും കേൾക്കാത്ത സംഗീതവും ജീവിതമാകുമ്പോൾ ഇതിനോക്കെ ഒപ്പം ഊണിലും ഉറക്കത്തിലും തോളിൽ കൈയിട്ട് നടക്കുന്ന ചില ആത്മബന്ധങ്ങൾ മുളപൊട്ടി കഴിഞ്ഞിരുന്നു എന്ന് അറിയുമ്പോൾ, അത്‌ഭുതം ഊറിയ കണ്ണകളുമായി കടന്നു വന്ന കവാടത്തിലൂടെ തിരികെ ഇറങ്ങുവാൻ സമയമായി എന്ന അലാറം മുഴങ്ങുന്നത്. അവിടെ നിന്ന് ഇറങ്ങി നടന്ന് ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ അവിടെ നിവർന്ന് നടക്കണം എന്ന് കൂടെ കൂടെ ഉള്ളിലിരുന്ന് ആരോ ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ ഒറ്റക്കല്ല എന്നും ഞാൻ കൈയിട്ട ഒരു തോളും എന്റെ തോളിൽ പതിഞ്ഞ ഒരു കൈയ്യും കൂട്ടിനുണ്ട് എന്ന ധൈര്യത്തിൽ തിരക്കുകൾ പാറിപറക്കുന്ന വഴിയുടെ ഓരത്തൂടെ അല്ല നട്ടു വിലൂടെ തന്നെ നടക്കുവാൻ ധൈര്യം വരുന്നത്. എന്നാൽ അധികം നടന്നു നീങ്ങുന്നതിന് മുമ്പ് മുന്നിലുള്ള വഴി രണ്ടായി പിരിയും എന്നും പരസ്പരം കൈകൾ കോർത്ത തോളുകൾ അകലും എന്നും ബോദ്ധ്യമാകുമ്പോൾ ജീവിതം ഇതാ അവസാനിക്കുകയാണ് എന്ന് തോന്നിപ്പോകും. എന്നാൽ അവസാനിക്കുന്നത് ജീവിതമല്ല എന്നും ഒരിക്കലും അറ്റ് പോകില്ല എന്ന് കരുതിയ ആത്മബന്ധമാണ് എന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോളത്തെക്കും നമ്മൾ നഗരത്തിൽ നിന്ന് നടന്ന നാട്ടിൽ പുറത്ത് തിരികെ എത്തിയിട്ടുണ്ടാകും , അവിടെ നാലും കൂടുന്ന കവലയിലെ പലചരക്ക് കടയിലും ഇളകുന്ന കാലുള്ള ബഞ്ചുകൾ കഥ പറയുന്ന ചായകടയിലും എന്നോ പരിചയിച്ച് മറന്നു കഴിഞ്ഞിരുന്ന ചില മുഖങ്ങളെ ,പുഞ്ചിരികളെ , പണ്ട് കൂറേ നാളുകൾക്ക് മുമ്പ് വീട്ടിൽ നിന്ന് നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള പള്ളി കുടത്തിലേക്കുള്ള പാച്ചിലിൽ കൂടെ ഉണ്ടായിരുന്നവർ , നഗരത്തിലെ വലിയ കവാടമുള്ള കലാലയം തേടി പോയ നാളിൽ വീട്ടിലെ അടുപ്പ് പുകക്കുവാൻ ഏതോക്കെയോ പണികൾ തേടി പോയവർ , നഗര കാഴ്ചകളുടെ തിക്കിതിരക്കിൽ നമ്മൾ മറന്നവർ, അവരുടെ മുഖത്തേ ചിരിക്ക് മറുചിരി നൽക്കി പേര് ഓർമ്മിക്കുവാൻ വിഷമിച്ച് നിൽക്കുമ്പോൾ കുടിച്ചിരുന്ന ചായ ഗ്ളാസ് അവിടെ വച്ച് ഇറങ്ങി വന്ന് പുറത്ത് തട്ടി പേര് വിളിച്ച് സംസാരിക്കുമ്പോൾ അവിടെ അപ്പോൾ തിരിച്ചറിയുന്നതും ചില ആത്മബന്ധങ്ങളാണ്. ഇനിയുള്ള കുറേ നാൾ ചായകടയിലെ രാഷ്ടിയ ചർച്ചകളിൽ അമ്പല മൈതാനത്തെ ആൽത്തറയിലെ ഉത്സവ കാഴ്ചകളിൽ വായന തഴമ്പുള്ള ബഞ്ചിലെ സാഹിത്യ ചർച്ചകളിൽ ഒക്കെയും ഒരു പക്ഷേ നിശബ്ദമായി തന്നെ ഇവർ കൂടെ ഉണ്ടാകും ഒരിക്കലും ഒന്നിനും മുന്നിൽ കയറാതെ പിന്നിൽ വളയാത്ത നട്ടെല്ലുപൊലെ , വെയിൽ ചായുന്ന വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകൾക്കായി കൂടുന്ന അറ്റുതീര കെട്ടുകളിൽ കണ്ടത്തിൻ കരയിൽ പാലത്തിൽ കൈകളിൽ ഒക്കെയും പൂത്തുലയുന്ന ചങ്ങാതി കൂട്ടങ്ങളിൽ പൂക്കുന്നത്ര ആത്മബന്ധങ്ങൾ മറ്റോരു ചങ്ങാതി കൂട്ടങ്ങളിലും കാണില്ല. നാട്ടിലെ ഒരു കല്യാണമോ , കയറി താമസമോ, അടിയന്തിരമോ എന്തുമാകട്ടെ അതിന്റെ നടത്തിപ്പ് ഒരു ഉത്സവമാക്കി മാറ്റും ഈ ആത്മബന്ധങ്ങൾ, വീട്ടിലേക്ക് അരി വാങ്ങുവാൻ പോകുന്ന പണികൾ വരെ മാറ്റിവയ്ക്കുന്ന ഇവർ ചങ്ങാതിമാരുടെ എന്ത് കാര്യത്തിനായും. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും നാട്ടിൽ നിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് പണിയൊന്നും ആയില്ലെ എന്ന് .
ആ ചോദ്യം കുത്തുന്ന കുത്തലിനെ അതിജീവിക്കുവാൻ പിന്നെ ഒരു പാച്ചിലാണ് എവിടെ ഒക്കെയോ തട്ടിയും തടഞ്ഞും വീണും എഴുന്നേറ്റും ഒടുവിൽ ഒന്ന് നിവരുമ്പോൾ മറ്റ് ചോദ്യങ്ങളുടെ വരവായി . ഈ ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടുന്നത് , മറവിലേക്ക് പിൻ തിരിഞ്ഞ് പോകുന്നത് ഒപ്പം നടന്നവരാണ് ആ നടത്തത്തിലെ ആത്മബന്ധങ്ങളാണ് . ഇതിനൊക്കെ ഇടയിൽ ഒപ്പം നടക്കുവാൻ ഒരുവൾ വരുമ്പോൾ മറ്റ് എല്ലാ ബന്ധങ്ങളും പിന്നിലാകുന്നു. " ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല " എന്ന് കുട്ടി പറഞ്ഞതു പോലെയാണ് ഈ ബന്ധങ്ങളോക്കെയും . നാം ജീവിക്കുന്ന സമൂഹം നിർമ്മിച്ചിട്ടുള്ള ചില മതിലുകൾക്കുള്ളിൽ ജീവിക്കുമ്പോൾ ആ ജീവിതങ്ങളിലോക്കെയും എത്രത്തോളം ആത്മബന്ധങ്ങൾ ഉടലെടുക്കുന്നുണ്ട് എന്ന് അറിയാൻ രാവിലെ മുറ്റത്ത് വീഴുന്ന പത്രത്തിന്റെ താളുകൾ പരതുകയോ ഒരോ മണിക്കൂർ ഇടവിട്ട് മാറി മാറി വരുന്ന സീരിയൽ ജീവിതങ്ങളെ നിർമ്മിക്കുന്ന കഥകളും കണ്ടാലോ മതി . സ്വന്തം രക്തത്തിൽ നിന്ന് ജന്മമെടുക്കുന്ന മക്കളിൽ ഇന്ന് എത്ര പേര് കാണും സ്വന്തം അമ്മയോടും അച്ചനോടും ആത്മബന്ധം ഉള്ളവർ . നല്ല വിദ്യാഭ്യാസം നല്കി നല്ല ജോലി നേടി ഉയർന്ന ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ സ്വന്തം ജീവിതത്തിന്റെ നല്ല നേരങ്ങൾ മാറ്റിവയ്ക്കുന്നവർ ,മക്കൾ അത് നേടി കഴിയുമ്പോൾ , പിന്നെ അവരെ ഒന്ന് അടുത്ത് കാണുവാൻ നേർച്ചകൾ നേരുന്ന കാലമാണിത് . വീട്ടിനുള്ളിലേക്കും തെരുവിലേക്കും പ്രായമായവർ പാർക്കുന്ന ഇടങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന അച്ഛൻ അമ്മമാരുടെ കഥകൾ ഇന്ന് കഥകളല്ലാതായിരിക്കുന്നു .ജീവിതം ജീവിക്കുവാൻ ഓടുന്നതിനിടയിൽ എവിടെ ബന്ധങ്ങളും ആത്മബന്ധങ്ങളും . വർഷങ്ങളിൽ ഭാര്യയും ഭർത്താവും അച്ഛനും അമ്മയുമെക്കെയായി ജീവിച്ച ജീവിതങ്ങൾ മക്കൾക്കു വേണ്ടി കൊച്ചു മക്കൾക്ക് വേണ്ടി രണ്ടിടങ്ങളിൽ ജീവിക്കാൻ നിശ്ചയിക്കപ്പെടുമ്പോൾ അവരുടെ ഉള്ളിൽ നിന്ന് പറയാതെ പറയുന്ന വരികളാണ് സ്പിരിറ്റ് എന്ന് ചലച്ചിത്രത്തിലെ " മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ " എന്ന റഫീക്ക് അഹമ്മദിന്റെ വരികൾ എന്നത് ഇനിയും അറ്റ് പോയിട്ടില്ലാത്ത ആത്മബന്ധങ്ങളുടെ നോവായി തോന്നിയാൽ തെറ്റ് പറയാൻ കഴിയില്ല. എല്ലാ പ്രവൃത്തികളുടെയും കണക്കേടുപ്പുകൾ ഒടുവിലാണ് ചെയ്യുന്നത് , അതു തന്നെയാണ് ഒരോ മനുഷ്യനും ജീവിതത്തിലും ചെയ്യുന്നത് . ജീവിതത്തിൽ മുട്ടിലിഴഞ്ഞ് പിച്ചവച്ച് നടന്ന് ഓടി ഒടുവിൽ , ഈ പറഞ്ഞതിൽ ആദ്യത്തേതിൽ തിരികെ എത്തുമ്പോൾ മനസ്സിൽ എടുക്കുന്ന കണക്കെടുപ്പിൽ ആത്മബന്ധങ്ങൾ എന്ന കോളത്തിൽ ഒറ്റ അക്കങ്ങളിലെ സഖ്യകൾ മാത്രമാണ് ഉണ്ടാകുക എന്നത് ഒരിക്കലും മനസ്സിൽ നിന്ന് പുറത്ത് വരാത്ത ഒരു സത്യമാണ്. ഇനിയും കാലങ്ങൾ ഇതു പോലെ മുന്നോട്ട് പോകുമ്പോൾ ആത്മബന്ധമെന്നത് നീഘണ്ടുവിലും , അന്യം നിന്നു പോയ വാക്കുകളുടെ സമാഹാരത്തിലും മാത്രം അവശേഷിക്കുന്ന ഒന്നായി തീരും എന്ന് മനസ്സ് പറയുന്നു , അത് ഒരിക്കലും സത്യമാകല്ലേ എന്ന് ആഗ്രഹിച്ചാലും , സത്യങ്ങൾ എത്ര വേദന നിറഞ്ഞവയാണ് എന്ന സത്യത്തേ മറക്കുവാൻ ആർക്കെങ്കിലും കഴിയുമോ ?
No comments:
Post a Comment