Friday, February 11, 2022

▪️ കടത്തുകാർ ▪️

 

▪️  കുറച്ച് കാലം മുമ്പ് വരെ പുഴകളുണ്ടായിരുന്ന നമ്മുടെ നാട്ടിൻപുറ ജീവിതങ്ങളുടെ ഭാഗമായിരുന്നു കടവും,വള്ളവും,കടത്തുകാരുമൊക്കെ , പുഴയുള്ള നാടുകളിലെ കടവുകള്‍ ,  ആ നാട്ടിലെ ഒരോ മനുഷ്യരുടെ നിത്യ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നു. പുഴയിലെ കുളിയും പുഴയിലെ തുണി അലക്കലും,പുഴയൊരത്തെ കൃഷിയും, കന്നുകാലിയെ കുളിപ്പിക്കുന്നതും അങ്ങനെ എന്തേല്ലാം കാര്യങ്ങളിലുടെ പുഴ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ,കൂടാതെ ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനായി പലര്‍ക്കും  പുഴകടക്കാതെ നിവ്യർത്തിയില്ലായിരുന്നു. അന്ന് ഇന്നത്തെ പോലെ പുഴകൾക്ക് കുറുകെ പാലങ്ങൾ സുലഭമല്ലയിരുന്ന കാലമായിരുന്നു, പുഴയ്ക്കു കുറുകെ പലയിടങ്ങളിലായി നാല് അഞ്ച് കടവുകളും അവിടങ്ങളില്‍ വള്ളവും കടത്തുക്കാരും നിത്യ കാഴ്ചയായിരുന്നു . ഈ കടത്തുവള്ളങ്ങളിലെ കടത്തുകാരൻ നാട്ടിലെ ഒരോ മനുഷ്യർക്കും തിരിച്ചും നേർ പരിചയക്കാരനായിരുന്നു, കാരണം ആയാളെ കടന്ന് ഒരാൾക്കും പുഴകടന്നു പോകുവാൻ കഴിയില്ലായിരുന്നു. ഈ പുഴയും കടവും കടത്തു വള്ളവും ആക്കാലത്ത് നമ്മുടെ കവിതകളിലും, കഥകളിലും, നോവലുകളിലും, സിനിമകളിലും അവിഭാജ്യ ഭാഗമായിരുന്നു , പുഴയുള്ള നാട്ടിലെ കഥപറയുമ്പോൾ ഇവരെ ഒഴിവാക്കല്‍  സാദ്ധ്യമല്ലായിരുന്നു. പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എത്രയോ പ്രാവശ്യം  പ്രധാന കഥാപാത്രങ്ങളായിരിക്കുന്നു ,അവർ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ചിലപ്പോൾ വളർന്നു കൊണ്ടെയിരുന്നു.

▪️       കോട്ടയം നഗരത്തിലെ സ്കൂളിൽ ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ തന്നെ എന്റെ താമസം അമ്മ വീടുള്ള കുമ്മനം എന്ന ഗ്രാമത്തിലെക്ക് മാറിയിരുന്നു .  നഗരത്തിൽ നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയിൽ മീനച്ചിലാറിനെ ആദ്യം കണ്ട് തുടങ്ങുന്ന ആലുംമൂടിനും അതിന് ശേഷം ബസ്സ് നിർത്തുന്ന അറുപുഴയിൽ ഇറങ്ങി മീനച്ചിലാറിനെ കടന്ന് എത്തുന്ന ആ പ്രദേശം , മീനച്ചിലാറും അതിന്റെ കൈവഴികളായ ചെറിയ തോടുകളാലും ചുറ്റപ്പെട്ടിരുന്നു ,വള്ളത്തില്‍ പുഴ കടക്കാതെ അവിടെക്കും അവിടെ നിന്നും പുറത്തേക്കുള്ള യാത്ര അസാദ്യമായിരുന്നു ഒരു കാലം. അവിടെ ജീവിക്കാന്‍ തുടങ്ങിയതോടെ അതുവരെ വിദൂരമായ കണ്ടിരുന്ന പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എന്റെയും ജീവിതത്തിന്റെ ഭാഗമായി. ആദ്യമായി കടത്തുവള്ളത്തിൽ കയറിയത് എന്നാണെന്ന് ഓർമ്മയില്ലെങ്കിലും,പുഴ കടന്നുള്ള ആ യാത്രയിൽ ഞാൻ പേടിയോടെ തന്നെ ആയിരിക്കണം വള്ളത്തില്‍ ഇരുന്നത് എന്ന് ഉറപ്പാണ്,അന്നു വരെ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായിരുന്ന പുഴ ആ നിമിഷം മുതല്‍ ജീവിതത്തിലെക്ക് കടന്നു വരികയായിരുന്നു .മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവയുടെ കുടക്കത്തിൽ ശരീരം ഇളകുമ്പോൾ ഒന്ന് പിടിച്ചിരിക്കുവാൻ മുകളിലോ സൈഡിലോ ഒരു കമ്പിയെങ്കിലും കാണും ,എന്നാൽ വള്ളത്തെ സംബന്ധിച്ച് അങ്ങനെയുള്ള ഏർപ്പാട് ഒന്നും തന്നെയില്ല . സാധാരണ ഒരു കടത്തുവള്ളത്തിന് ആകെ മൂന്ന് പടികൾ കാണും, മുന്നിലും നടുക്കും പിന്നിലും , പിന്നിലെ പടിയിലിരുന്നാണ് കടത്തുകാരൻ വള്ളം തുഴയുന്നതും , നിയന്ത്രിക്കുന്നതും ,പിന്നെ അതിലെ യാത്രക്കാർക്ക് ഇരിക്കാനായി കിട്ടുക രണ്ട് പടികളാണ്. അതിൽ പ്രായമുള്ളവരും, യാത്രക്കാർക്ക് ഇടയിൽ സുഖമില്ലാത്തവരുണ്ടെങ്കിൽ അവരും ചെറിയ കുട്ടികളെ കൂടെ കൂട്ടിട്ടുള്ളവരും ഒക്കെ ആകും ഇരിക്കുക , പിന്നെ തടിമിടുക്കുള്ള ചെറുപ്പക്കാർ വള്ളത്തിന്റെ വശങ്ങളിൽ ബാലൻസ് ചെയ്ത് അങ്ങനെ ഇരിക്കും ,ആ ഇരിപ്പിന്റെ ശക്തിയിൽ വള്ളം ഒന്ന് ചഞ്ചാടും അപ്പോൾ നിൽക്കുന്നവർ സർക്കസ്സിലെ അഭ്യാസികളെ പോലെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ചഞ്ചാടി ബാലൻസ് ചെയ്യത് വള്ളത്തെയും തങ്ങളെയും വെള്ളത്തിലാകാതെ നോക്കണം , ഇല്ലെങ്കിൽ ആകെ വെള്ളത്തിലായതു തന്നെ. ഈ അഭ്യാസങ്ങൾ വള്ളത്തിലെ യാത്രയിൽ പരിചിതമുള്ളവരുടെതാണ് , പരിചിതമല്ലാത്തവർ ഈ ഉലച്ചിലിൽ നിലവിളിക്കുകയും ഉലയുന്ന ശരീരത്തേ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ വള്ളത്തിലോ വെള്ളത്തിലോ വീഴുമെന്ന് കാര്യം ഉറപ്പാണ്, വളളത്തിലാണ് വീഴുന്നേങ്കിൽ തുഴകൊണ്ട് അടിച്ച് കൊല്ലണം എന്ന് പഴമക്കാർ പറയാറുണ്ട് , എന്താണ് കാരണം എന്ന് അറിയില്ല എങ്കിലും വള്ളത്തിലുള്ള വീഴ്ചയിൽ ശരീരത്തിന്റെ എവിടെ എങ്കിലും വള്ളത്തിൽ തട്ടുകയും , പുറമേ കാണില്ല എങ്കിലും ആന്തരികമായി നല്ല പരിക്ക് ഉണ്ടാകുവാൻ സാദ്ധ്യത വളരെ കൂടുതലാണ് എന്നതു തന്നെ ആയിരിക്കണം പഴമക്കാരുടെ ആ വാക്കുകൾക്ക് കാരണം. അങ്ങനെ പേടിയൊടെ തുടങ്ങിയ ആ യാത്ര ഇരുപത്തി അഞ്ച് കൊല്ലത്തിലധികം നിത്യജീവിതത്തിന്റെ ഭാഗമായി മാറും എന്ന് അപ്പോൾ ഓർത്തിരുന്നോ ? ഇല്ലെയില്ല , ഓർത്തിരിക്കാൻ  ഒരു സാദ്ധ്യതയുമില്ല.

 ▪️    മുമ്പ് പഠിച്ചിരുന്നിടത്ത് സ്കൂളില്‍ നിന്ന് വീടിന് കുറച്ചു കൂടി അടുത്തുള്ള സ്കൂളിലെക്ക് മാറിയതോടെ വളളവും കടത്തും കടത്തുകാരനും ജീവിതത്തിന്റെ ഭാഗമായി .രാവിലെ സ്കൂളിലേക്കുള്ള അന്നത്തെ യാത്രകൾ കൂട്ടുകാർ ഒപ്പം നടന്നായിരുന്നു, ബസ്സുകൾ കുറവായിരുന്ന ആ കാലത്ത് ,സ്കൂൾ കുട്ടികൾക്ക് ഒരു സ്വപ്നം മാത്രമായിരുന്നു ബസ്സുകളിലെ യാത്രകൾ . കുമ്മനത്ത് നിന്ന് പുറത്ത് പോയി സ്കൂളിലും കോളേജിലും കൈ പഠിക്കുന്നവരും, ജോലിക്കായി നഗരത്തിലെക്ക് പോകുന്നവരുടെയും തിരക്കാണ് കടവിൽ രാവിലെ , ഇവരെയെല്ലാവരെയും സമയത്ത് അക്കരെ എത്തിക്കുക എന്നത് കടത്തുകാരനെ സംബന്ധിച്ച് വളരെ ആ സമയത്ത് വളരെ റിസ്കുള്ള പണിയാണ്. സമയത്ത് എത്തുവാനുള്ള തിരക്കിൽ എല്ലാവരും വള്ളത്തിലേക്ക് ധൃതി പിടിച്ച് ചാടി കയറും ,അപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ വള്ളം  വേണമെങ്കില്‍ മറിയാം,വള്ളത്തില്‍ ആ സമയത്ത് കൂടുതലും കുട്ടികളായതിനാൽ അവർ തമ്മിൽ വഴിയിൽ വച്ച് തുടങ്ങിയ ചെറിയ ചെറിയ വഴക്കുകൾ വള്ളത്തിലും തുടരും ,പിന്നെ വള്ളത്തിൽ കയറുവാൻ പേടിയുള്ളവർ ഉണ്ടെങ്കിൽ പിന്നെത്തെ കാര്യം പറയുകയും വേണ്ട . ആളുകൾ നിറഞ്ഞ വള്ളത്തിനെ പതിയേ തുഴഞ്ഞ് അക്കരെ എത്തിക്കുന്ന ആ കടത്തുകാരന്റെ ക്ഷമയും കഴിവും മറ്റ് ഏത് തൊഴിലിലും ഏർപ്പെടുന്നവരിലും മേലെയാണ്. വർഷ കാലങ്ങളിൽ കിഴക്ക് നിന്ന് ഉണ്ടാകുന്ന മഴ വെള്ള പാച്ചിലില്‍  ,പുഴയിലെ വെള്ളം കര കവിഞ്ഞ് ഒഴുക്കും ,കലങ്ങി മറിഞ്ഞ് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ ആ സമയത്ത് ആ കടത്തുകാരുടെ മുഖത്തെ ആശങ്കയും നെഞ്ചിപ്പിനെയും വള്ളത്തിലും തുഴയിലും മനസ്സും ശരീരവും അർപ്പിച്ചുള്ള അവരുടെ ജീവിതം കൊണ്ടാണ് അതിജീവിക്കുന്നത് , സാധാരണ ഒരാളാണ് വള്ളം തുഴയുന്നതെങ്കിൽ ആ സമയത്ത് രണ്ട് പേര് ഉണ്ടാകും ,എങ്കിലും ഇവരുടെതല്ലാത്ത കാരണം കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് പറഞ്ഞ പോലെ വികൃതികളായ കുട്ടികളുടെ അശ്രദ്ധയും ചില യാത്രക്കാരുടെ പേടിയും, രാവിലത്തെ തിരക്കിൽ വള്ളത്തിന് ഉൾക്കെള്ളാവുന്നതിലധികം ആളുകൾ വള്ളത്തിൽ കയറുന്നതും ഒക്കെയാകാം കാര്യം. എന്നാലും ഈ കടത്തുകാരുടെ മനസ്സിന്റെ നന്മ കൊണ്ട് വളളത്തിലുള്ള എല്ലാവരും ആകെ നനയുന്നതിനപ്പുറം പോയിട്ടില്ല ഒരു അപകടവും . ഈ കടവിലെ വളളം സർക്കാരിന്റെതായിരുന്നു, വള്ളക്കാരനും, കുറെ അകലെയുള്ള അദ്ദേഹം രാവിലെ വരുന്നതിനു മുമ്പും, ഉച്ചക്ക് ഊണ് കഴിക്കാൻ പോകുന്ന സമായത്തും ,എല്ലാം മറ്റൊരാളെ ഏൽപ്പിച്ചാണ് പോകുക, ആ ആൾ എപ്പോഴും അക്കരെയുള്ള ഒരു ഓല കൊണ്ട് തീർത്ത വെയിറ്റിംഗ് ഷഡ്ഡിലോ പരിസരത്തോ ഒക്കെ കാണും . ആദ്യത്തെ ആൾ വളരെ സൗമ്യനും എല്ലാവരോടും വീട്ട് വിശേഷങ്ങൾ ഒക്കെ ചോദിക്കുന്ന ആളുമായിരുന്നു , എന്നാൽ മറ്റേയാൾ എപ്പോഴും ദേഷ്യം മുഖത്ത് കൊണ്ട് നടക്കുന്നയാളുമാണ് . രണ്ട് പേരും നല്ല പ്രായമുള്ളവരും . എത്രയോ കാലമായിട്ടുണ്ടാകും അവർ ഈ വള്ളവും തുഴയുമായി ഇങ്ങനെ ഒരോ ദിവസവും അക്കരെ ഇക്കരെ തുഴഞ്ഞിട്ടുണ്ടാകും സ്വന്തം ജീവിതങ്ങൾ തുഴഞ്ഞ് നീക്കുവാനായി . മുതിർന്നപ്പോൾ തിരക്കില്ലാത്ത സമയത്ത് വള്ളത്തിൽ കയറുമ്പോൾ തുഴയാനായി എനിക്കും തുഴ തന്നിട്ടുണ്ട് സൗമ്യനായ കടത്തുകാരൻ , പിറകിൽ യഥാർത്ഥ്യ തുഴക്കാരനുള്ള ധൈര്യത്തിൽ ഞാനും വള്ളം അക്കരെ ഇക്കരെ തുഴഞ്ഞിട്ടുമുണ്ട്. ചിലപ്പോൾ അമ്മയുടെ കൂടെ കടത്ത് കടക്കുവാൻ വള്ളത്തിൽ കയറി ഇക്കരെ ഇറങ്ങുന്ന സമയം ചില നോട്ടുകൾ അവർക്ക് അമ്മ നൽകുന്നത് ഞാൻ കാണ്ടിട്ടുണ്ടലും  എങ്കിലും ഈ കാഴ്ച  കാണാത്തായി നടിക്കാറാണ് പതിവ് , അപ്പോൾ അവരുടെ മുഖത്തേ തെളിയുന്ന ചെറിയ സന്തേഷം ഞാനായിട്ട് എന്തിന് ഇല്ലാതാക്കണം .പിന്നീട് ജോലി കിട്ടിയപ്പോൾ അമ്മയുടെ ഈ ശീലം ഞാനും തുടരാനും ശ്രമിച്ചിരുന്നു , അപ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷത്തിന്റെ ഒരു പങ്ക്  നമ്മുടെ ജീവിതത്തെയും കുളിർപ്പിച്ചിരുന്നു. ഒർമ്മയിലെ ആദ്യ കടത്തുവള്ളക്കാരൻ ജോലിയിൽ നിന്ന് വിരമിച്ച് മറ്റൊരാൾ വരികയും പിന്നീട് അദ്ദേഹത്തിന്റെ മകൻ തന്നെ ഈ ജോലിയിൽ എത്തുകയും ചെയ്യതെങ്കിലും പകരക്കാരൻ അതു പോലെ ആ കാലവും തുടർന്നു. പിന്നെ വീടിന്റെ അടുത്ത് ഒരാൾ കുറച്ച് അപ്പുറത്ത് ഒരു കടവിൽ ഒരു കടത്തു വള്ളം ഇടുകയും ,യാത്രയുടെ എളുപ്പത്തിൽ പുഴക്ക് കുറുകെയുള്ള സഞ്ചാരം അതിലെക്ക് മാറുകയും ചെയ്തപ്പോൾ അന്ന് മനസ്സിന് പ്രത്യേകിച്ച് ഒന്നും തോന്നിരുന്നില്ല , പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രായമുള്ള കടത്തുകാരുടെ മുഖങ്ങൾ ഒരു വേദന ഉള്ളിലുണ്ടാകുന്നു. എത്രയും നാൾ, കുത്തി ഒലിക്കുന്ന ഒഴുക്കിൽ സ്വന്തം ജീവിതവും അപകടത്തിലാക്കി എത്രയോ പേരെ സുരക്ഷിതരായി അക്കര ഇക്കരെ കടത്തിയ ആ വ്യദ്ധരുടെ ജീവിതത്തിലെ ഭൂരിഭാഗവും വെയിലെന്നൊ മഴയേന്നൊ നോക്കാതെ ആ വള്ളത്തിന്റെ കൊമ്പത്തായിരുന്നു. പ്രായം തുഴ കൈയ്യിൽ നിന്ന് താഴെ വയ്യപ്പിച്ചപ്പോഴും തങ്ങൾ തുഴഞ്ഞ വള്ളിൽ ജീവിതത്തിന്റെ ലക്ഷ്യങ്ങളിലെക്ക് പോയി നങ്കൂരമിട്ടവരിൽ എത്ര പേര് ഇന്നും അവരെ ഓർക്കുന്നുണ്ടാകും. തങ്ങളെ  ആദ്യം  പുഴ കടത്തിയ ഇവരെ  ,ആരും ഓർക്കാൻ സാധ്യതയില്ല , പുഴയും വളളവുമെല്ലാം ഇന്ന് എക്സിബിഷൻ കാഴ്ചകൾ മാത്രമായി മാറിയല്ലോ. ജോലിയുടെയും സംഘടന പ്രവൃർത്തനത്തിനും ഇടയിൽ പരിചയപ്പെട്ട ഒരു വാക്കുണ്ട് "ഫെറിമാൻ " ആദ്യമായി ആ വാക്ക് കേൾക്കുമ്പോൾ യാതോരു പരിചയവും അർത്ഥവും അറിയാത്തതായിരുന്നു ആ വാക്ക് . അത് ആദ്യമായി കേൾക്കുന്നത് സംഘടനയുടെ കമ്മിറ്റിയിൽ ആദ്യമായി എത്തിയ കാലത്തായിരുന്നു. ഫെറിമാൻമാരുടെ പ്രശ്നങ്ങൾ ഇന്നു വഞ്ചി തിരുനക്കരയിൽ തന്നെ എന്ന അവസ്ഥയിലാണ് എന്ന ആ ഉറച്ച വാക്കുകളിൽ സംസാരിക്കുന്ന പ്രായമുള്ള ആളെ എനിക്ക് അന്ന് പരിചയമില്ലായിരുന്നു. കൃത്യമായ സംഘടനാ ബോധത്തിന്റെ ആ ശബ്ദത്തിന്റെ ഉടമയുടെ ഭാസ്കരൻ ചേട്ടനെന്നയിരുന്നു. ഉറച്ച സംഘടനാ ബോധമുള്ള ചേട്ടൻ ജോലിയിലെ പ്രശ്നങ്ങൾ എത്ര വലിയ നേതാക്കന്മാർക്ക് മുന്നിലും അവതരിപ്പിക്കുന്നത് സംഘടനാ രംഗത്ത് പ്രവർത്തിക്കാരുന്നവർക്കുള്ള പാഠമാണ്. പവിത്രൻ ചേട്ടൻ, സത്യൻ ചേട്ടൻ എന്നിവരും വിവിധ സ്ഥലത്ത് കടത്തു ജോലി ചെയ്യുന്നവരും സംഘടനാ പ്രവർത്തകരുമായിരുന്നു. തങ്ങളുടെ ജോലി യാതോരു മുടക്കവും കൂടാതെ ചെയ്തതിന് ശേഷമാണ്  എൽപിച്ചിട്ടുള്ള സംഘടനാ പ്രവർത്തനം ഇവർ നടത്തിരുന്നത്. നാട്ടിലെ കടത്തുകാരും കടത്തു വള്ളവും കടവുകളും അവിടെ നിന്ന് ജീവിതം  നഗരത്തിലെക്കുള്ള ചേക്കേറലിലൂടെ എന്നിൽ നിന്ന് അകന്നു എങ്കിലും ഇവരുമായുള്ള അടുപ്പം ഇടയ്ക്കിടെ ആ ഓർമ്മകളിലെക്ക് എന്നെ കൊണ്ടുപോയ് കൊണ്ടിരുന്നു.

▪️     പുഴകൾക്ക് കുറുകെ പാലങ്ങൾ ഉയർന്നപ്പോൾ ഈ കടത്തുവള്ളങ്ങൾ വെള്ളത്തിൽ നിന്ന് പുഴകളിൽ  നിന്ന്   അപ്രത്യക്ഷമാകാൻ തുടങ്ങി. യാത്രകൾക്ക് സൗകര്യങ്ങൾ കൂടിയത് ,ഒരു കാലത്ത് ഇവർ ഇല്ലാതെ ദൈനം ദിന ജീവിതം സാദ്ധ്യമല്ലായിരുന്ന ആളുകളുടെ മനസ്സിൽ പോലും ,ഈ കടത്തുവള്ളങ്ങളും കടത്തുകാരും മനസ്സിൽ തങ്ങി നില്കുന്നു ഓർമ്മകൾ അല്ലാതെയായി തീർന്നു. പക്ഷേ ഇന്നും വെള്ള കെട്ടുകൾ നിറഞ്ഞ ഉൾനാടുകളിൽ ഇവരെ പോലെയുള്ള മനുഷ്യർ ജനങ്ങളുടെ ഭാഗമായി തന്നെ ജീവിക്കുന്നുണ്ടാകും , പക്ഷേ അവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എന്നാണ് അവസാനമായി ഒരു കടത്തു വള്ളത്തിൽ കയറിയത് , ജീവിതം നഗരത്തിലേക്ക് കുടിയേറ്റിയപ്പോൾ പഴയ നാട്ടിലെ പഴയ ബന്ധങ്ങളുടെ ഏതോ ഒരു ചടങ്ങിന് പോയി തിരികെ വന്നപ്പോൾ കടത്ത് കടന്നാണ് വന്നത് , മഴക്കാലമായതിനാൽ അന്ന് പുഴ നിറഞ്ഞിരുന്നു ,വള്ളത്തിന്റെ നടുവിലത്തെ പടിയിൽ ഇരിക്കുമ്പോൾ മടിയിൽ മകനുണ്ടായിരുന്നു , അവൻ അന്ന് ആദ്യമായി കടത്തുവള്ളത്തിൽ കയറുകയായിരുന്നു, ഇപ്പോൾ പത്ത് വയസ്സുകാരിയായ മകൾക്കും ഇന്നു വരെ അവളുടെ യാത്രയിൽ ഒരു വള്ളത്തിൽ കയറേണ്ടി വന്നിട്ടില്ല , അവരുടെ യാത്രകളിൽ നിന്ന് എല്ലാം കടത്തുവള്ളങ്ങൾ വളരെ ദൂരെയായിരിക്കുന്നു. പിന്നീട് ആ നാട്ടിലേക്കുള്ള യാത്രകൾ സ്കൂട്ടറിലും കാറിലുമോക്കെയായി , അവിടെക്ക് പോകുമ്പോൾ ഇടക്ക് ആ പഴയ കടവുകളിലെക്ക് ഇന്നും നോക്കാറുണ്ട് , എന്തേങ്കിലും പഴയ ഓർമ്മകൾ ,ഇല്ല ഒന്നും അവിടെ അവശേഷിക്കുന്നില്ല ഒരോ കാലത്തും സമയം തെറ്റി എത്തുന്ന പ്രളയം അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ഓർമ്മകൾ പോലെ ആ കടവുകളും ഇല്ലാതായിരിക്കുന്നു.

Sunday, February 6, 2022

ചില ഉത്തരം തേടൽ


ഞാൻ ആരാണെന്ന് അറിയാമോ എന്ന അന്വേഷണം മനുഷ്യൻ എന്ന ജീവി നാലു കാലിൽ നിന്നും രണ്ടു കാലിലേക്ക് ചുവടുറപ്പിച്ചു നിന്നപ്പോൾ തുടങ്ങി സ്വയം ചോദിക്കാൻ തുടങ്ങിയതാണ് . അന്നു തൊട്ട് ഇന്നു വരെയുള്ള അവന്റെ ജീവിത പ്രയാണം ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് പിറകെയാണ് . ലോകത്തിലെ ആദ്യ സംസ്കാരത്തിന്റെ തുടക്കം മുതൽ AI യുടെ ഈ കാലത്ത് വരെയും പല തരത്തിൽ പല രൂപത്തിൽ  ഉത്തരങ്ങൾ കണ്ടെത്തുകയും , എന്നാൽ കണ്ടുപിടിച്ചവ  പിന്നീട് തിരുത്തേണ്ടി വരുകയും ,പിന്നെയും ഉത്തരം കണ്ടെത്തുവാനുള്ള   ശ്രമം നാളിതുവരെ തുടരുകയും ചെയ്യുന്നു  .മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ ഈ  ഉത്തരം തേടിയവരിൽ  രണ്ടു കൂട്ടരുണ്ടായിരുന്നു . അവരിൽ ചിലർ ഉത്തരം തേടി കാടുകളുടെ സ്വച്ഛതയിലെക്ക് നടന്നപ്പോൾ ചിലർ തങ്ങൾ വസിച്ചിരുന്ന നാടുകളിൽ നിന്നും ഉത്തരം തേടി അടുത്തുള്ള നാടുകളിലെക്ക് നടന്നു . നിരവധി ദിനരാത്രങ്ങളിലെ തപസ്സുകൾ തങ്ങളെ ഉത്തരത്തിന്റെ അരികിലെത്തിച്ചു എന്ന് ആദ്യ കൂട്ടർ സ്വയം വിശ്വസിച്ചപ്പോൾ ,മറ്റേ കൂട്ടർ ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പ്രയാണം തുടരുകയും തന്റെ  കരുത്തും സംഘബലവും കൊണ്ട് ആ ഇടങ്ങളോക്കെ സ്വന്തമാക്കി ഉത്തരത്തിന് അടുത്തെത്തി എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു . പക്ഷെ രണ്ടായിരുന്ന ഈ വഴികളിൽ  ഒന്ന് മനുഷ്യന്റെ ഉള്ളിലെ സ്വാത്വിക ഭാവത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നേങ്കിൽ . മറ്റേത്  കരുത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നു. എങ്കിലും ഈ വഴികളിൽ  ഒക്കെയും കണ്ടെത്തിയ ഉത്തരങ്ങൾ ഒരിക്കലും പൂർണ്ണമായില്ല , ഉത്തരങ്ങൾ പൂർണ്ണതയിൽ എത്തി എന്ന് തോന്നിക്കുന്ന നിമിഷം പുതിയ ചോദ്യങ്ങളും ചോദ്യ ചെയ്യലുകളും ഉണ്ടായി വരികയും ചെയ്തു . ഒന്നാമത്തെ വഴിയിലൂടെ സഞ്ചരിച്ച  ശങ്കരനും ബുദ്ധനും സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും തുടങ്ങി ചിന്തിക്കുന്ന മനസ്സുകളായിരുന്നുവെങ്കിലും ഈ വഴിയിൽ ഏറെക്കുറെ എന്നല്ല പൂർണമായും ഉത്തരം കണ്ടെത്തുവാൻ സ്വയം സമർപ്പിച്ച ഏക ആൾ ബോധിസത്വൻ മാത്രമായിരുന്നു .

മറ്റേ വഴിയിൽ പേശിബലത്തിന്റെ   കൂടെ ആയുധങ്ങളും തന്ത്രങ്ങളും പുതിയ കൂട്ടുകെട്ടുകളും കടന്നുവന്നു എങ്കിലും അലക്സാണ്ടറിൽ തുടങ്ങി ഇന്ന് വരെയുള്ള  യുദ്ധ പ്രഭുക്കൻമാർക്ക് ആർക്കും  ചോദ്യത്തിന് ഒരു ഉറച്ച ഉത്തരം ആവാൻ കഴിഞ്ഞില്ല എന്നത് ചരിത്രമാണ് . ഓരോ കാലത്തും ഉത്തരം കിട്ടി കിട്ടിയെന്ന് കാണികൾ തീർച്ചപ്പെടുത്തുന്നു സമയം മറ്റ് എവിടെ നിന്നോക്കയോ  ഈ ചോദ്യം കൂടുതൽ കരുത്തോടെ ഉയർന്നു വന്നുകൊണ്ടിരുന്നു . അപ്പോൾ കണ്ടെത്തി എന്ന് കരുതിയ ഉത്തരം  തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും ആ തട്ടിൽ പുതിയ അഭിനേതാക്കൾ ഉത്തരങ്ങളുമായി രംഗം കൊഴിപ്പിക്കുന്നത് കാണികൾ കണ്ടു കൊണ്ടിരുന്നു. ഒന്നാം വഴിയിൽ ബുദ്ധൻ കണ്ടെത്തിയ ഉത്തരം പിന്നീട് അതേ വഴിയിലൂടെ സഞ്ചരിച്ച എത്ര ആളുകൾ  ഏറ്റി നടന്നുവെന്നത് പരിശോധിക്കുമ്പോൾ ഉത്തരം കണ്ടെത്തുവാൻ ബുദ്ധൻ സ്വയം സമർപ്പിച്ച സമർപ്പണത്തിൽ എത്തിയവർ ആ ഉത്തരത്തേ പിൻപറ്റിയവർ വിരലിൽ  എണ്ണാവുന്നവരിൽ മാത്രമായി ചുരുങ്ങി.

പിന്നീട് മതങ്ങൾ എന്ന സ്ഥാപനം ഈ ഉത്തരത്തിന്റെ കണ്ടേത്തലുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത  കാലഘട്ടം മുതൽ അന്വേഷണങ്ങളുടെ  വഴികളിൽ പല പുതിയ രൂപങ്ങൾ ഉണ്ടായി എങ്കിലും ബുദ്ധൻ  നടന്നു വഴികളൊന്നും പിന്നാലെ വന്നവർ ആരും തന്നെ  നടന്നില്ല .അവർ ഉത്തരങ്ങൾക്കായി എളുപ്പവഴികൾ അന്വേഷിക്കുന്നവർ ആയിരുന്നു. എല്ലാ മതങ്ങളിലും ഇവർ കണ്ടെത്തി എന്ന്  പറയുന്ന ഉത്തരങ്ങൾക്ക് പിന്നാലെയായിരുന്നു  ഭൂരിപക്ഷവും . അതിനാൽ ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം ഭൂരിപക്ഷത്തിന്റെ ഉത്തമായി ഒരു തരത്തിൽ . എന്നാൽ മറുവഴിയിൽ  ഇതേ സമയം മറ്റു പുതിയ പുതിയ അന്വേഷണങ്ങൾ പല രീതികളിൽ പല പരീക്ഷണങ്ങളായി നടന്നു കൊണ്ടേയിരുന്നു അതിന്റെ ഫലമായി പുതിയ പുതിയ തത്ത്വശാസ്ത്രങ്ങൾക്ക്  രൂപം കൊണ്ടു.അത് പുതിയ പുതിയ തന്ത്രങ്ങൾക്കും യന്ത്രങ്ങൾക്കും രൂപം നൽകി .അവിടെ ആരും ആരെയും പരിഗണിക്കുന്നത് രണ്ടാമത്തെ കാര്യം ആയിരുന്നു ചോദ്യത്തിനുള്ള ഉത്തരം അത് മാത്രമായിരുന്നു ഒന്നാമതായി വന്നത് . ഇങ്ങനെയേല്ലാം ഈ ഉത്തരം തേടലുകൾ ഒടുവിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഈ കാലത്ത് അതിനായി നടന്ന വഴികൾക്കും മാർഗ്ഗങ്ങൾക്കും  തുടക്കത്തിൽ നിന്ന് വന്ന മാറ്റം നമ്മളെ പരിഭ്രാന്തിയിലാക്കുന്നതായിരുന്നു .ആദ്യം ഉത്തരം തേടി കാടുകളിലേക്കും പിന്നീട് മനുഷ്യനിലേക്കും പോയി വന്ന വഴികളിൽ ഇന്ന് മനുഷ്യർ ഉത്തരങ്ങൾ തേടി ചില പ്രത്യേക സ്ഥാപനങ്ങളിലേക്ക് പായുന്ന കാഴ്ചയിലാണ് എത്തി നില്ക്കുന്നത്. അവിടെയും കാടുകളുണ്ട് , അത്ഭുതപ്രവൃർത്തികളുടെ  ,അന്ധവിശ്വാസങ്ങളുടെ  ,ആർഭാടങ്ങളുടെ നിഗൂഢതകൾ നിറഞ്ഞ കാടുകൾ പക്ഷേ അവിടെ ആർക്കെങ്കിലും ഉത്തരം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്നു മാത്രമല്ല ചോദ്യം അവിടെ  ചോദിച്ചു കൊണ്ടിരിക്കുന്നവരെപ്പറ്റിയും ഉത്തരമില്ലാതെയാവുന്നു മറുവഴിയിൽ Power  , അധികാരം ആണ് ഉത്തരത്തിലേക്ക് ഉള്ള ഉപാധിയെന്ന ഏകദേശം നിശ്ചയം ആയിരിക്കുന്നു .ഈ അധികാരം എന്ന് പറഞ്ഞാൽ ദേശത്തിന്റെ രാഷ്ട്രത്തിന്റെ  അധികാരത്തിന്റെ അപ്പുറം അറിവിന്റെ  കമ്പോളത്തിന്റെ സമ്പത്തിന്റെ ഡേറ്റകളുടെ ഒക്കെ അധികാരമാണ്  ,അത് ഉള്ളവൻ ആണ് ഈ ചോദ്യം ഉറക്കെ ചോദിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ജനം എന്ന രൂപമില്ലാത്ത രൂപത്തിന് ഒരു പക്ഷേ ഉത്തരം പറയണം എന്ന് ഉണ്ടങ്കിലും പറയാൻ ആയുന്ന  അടുത്ത നിമിഷ അവർ  ഉത്തരമില്ലാതാകുന്നു എന്നാൽ ഉത്തരം പറയാൻ കഴിയാത്ത ഏത് ഒരുവനും, പക്ഷേ   ഒരു കാര്യം അറിയാം തുടക്കത്തിൽ രണ്ട് ചോദ്യമായി ആരംഭിച്ച ഉത്തരം തേടൽ ഈ ഒറ്റ ചോദ്യത്തിലേത്തി നിൽക്കുന്നു എന്നത് "ഞാൻ ആരാണെന്ന് അറിയാമോ " എന്ന ചോദ്യം " ഞാൻ ആരാണെന്ന് അറിയാമോടാ "എന്നിടത്ത് .

ആത്മബന്ധം എന്ന വാക്ക്



നൗഫലിന്റെ വാക്കിലയിലെ ഒരു സംസാരം ആത്മബന്ധത്തേ കുറിച്ചായിരുന്നു. ആ  വാക്കുകൾ കേട്ട് ഇങ്ങനെ  ഇരിക്കുമ്പോൾ ജീവിതത്തിന്റെ ഏതെല്ലാമോ  ഘട്ടങ്ങളിൽ നമ്മളിലേക്കും നമ്മളും ചെന്നേത്തുന്ന ചില അടുപ്പങ്ങളെ പറ്റിയാണ്  ഓർത്തത്. ആ ബന്ധങ്ങളെ ഏറെ കാലം കഴിഞ്ഞ് എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയ ഊഷ്മളത ആ കണ്ടുമുട്ടലിൽ തുടരുന്നുവെങ്കിൽ അതൊരു പക്ഷേ ആത്മബന്ധം ആയിരിക്കാം. ആത്മബന്ധങ്ങൾ ജീവിതത്തിൽ എവിടെ നിന്നാണ് തുടങ്ങുന്നത് പിറന്നു വീഴുമ്പോൾ ചുണ്ടിൽ മധുരമാക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നോ ,തന്നെ ചേർത്ത് പിടിക്കുന്ന സുരക്ഷിതത്ത്വതിന്റെ കരുത്തേകുന്ന പിത്യ വാത്സല്യത്തിൽ നിന്നോ തന്റെ സ്ഥാനങ്ങൾ ഒക്കെ തട്ടിയെടുക്കും എന്ന സന്ദേഹത്തിന്റെ ഇടയിലും ഒരു നിഷ്കളങ്ക ചിരിയിൽ എല്ലാം മറക്കുന്ന കൂടെ പിറപ്പിൽ നിന്നോ ,പിന്നെയും എങ്ങനെയോ എവിടെയോ ഒക്കെ വച്ച് എത്തി ചേരുന്ന എത്രയെത്ര ബന്ധങ്ങൾ ,കൂടെ കളിച്ചവർ കൂടെ പഠിച്ചവർ ,ആദ്യമായി പ്രണയം തോന്നിയവർ , ആദ്യമായി പ്രണയം പറഞ്ഞവർ , ആദ്യം പ്രണയിച്ചവർ ,  പിന്നെ പിരിഞ്ഞുവെങ്കിലും വല്ലപ്പോഴും ഓർമ്മകളിലെത്തുന്ന പഴയ പ്രണയ ഓർമ്മകൾ,  സൗഹൃദങ്ങൾ, പിന്നെ ജീവിതത്തിന്റെ ഓരം ചേർന്ന് നടന്നവർ , നടന്നവൾ, തന്റേതായി ഭൂമിയിലേക്ക് പിറന്നു വീണവർ ജീവിതത്തിലെ കുതിപ്പിലും കിതപ്പിലും ഇടയ്ക്കെപ്പോഴെങ്കിലും കൈയിൽ മുറുകെ പിടിച്ചവർ , പിന്നെ അകന്നു പോയവർ ഒരു കുളിർ കാറ്റായി ഒരു ചെറു നീറ്റലായി സ്മൃതിയിൽ ഇടയ്ക്ക് എപ്പോഴോക്കെയോ കടന്നു വരുന്നവർ , കളിസ്ഥലങ്ങളിൽ , പള്ളിക്കൂട വരാന്തയിൽ, കലാലയ ഇടനാഴികയിൽ, തെരുവ് നടത്തങ്ങളിൽ പണിസ്ഥലങ്ങളിൽ , ആശുപത്രികളുടെ മരുന്ന് മണക്കുന്ന ഇടങ്ങളിൽ ഉത്സവ പറമ്പുകളിൽ സമരസ്ഥലങ്ങളിൽ ' ബസ്സുകളിൽ തീവണ്ടികളിൽ . ഒരോരോ യാത്രകളിലും ഭാഷ അന്യമായ വിദൂര ദേശങ്ങളിൽ വച്ച് ഒക്കെ കണ്ടുമുട്ടി പിരിയുന്നവർ പിന്നീട് ഒരിക്കലും കണ്ട് മുട്ടാത്തവർ എന്നാൽ ഇടക്കിടക്ക് ഓർമ്മകളിൽ കടന്നുവരുന്നവർ ഈ കടന്നു വരവിലെല്ലാം ഓർമ്മകളിലേക്ക് എല്ലാം ആത്മബന്ധത്തിന്റെ ഒരു ഈണം നിറഞ്ഞു നില്പുണ്ടാകും. ബാല്യത്തിൽ കിട്ടാത്ത കളിപ്പാട്ടങ്ങൾ നോമ്പരങ്ങൾ , എപ്പോഴോ കിട്ടിയ ഒരു കളിപ്പാട്ടത്തേ പറ്റിയുള്ള വർണ്ണനകൾ പങ്കു വെക്കുവാൻ വേലി പഴുതിലൂടെയും ഒരിക്കലും ചേർന്ന് അടയാത്ത ഗേറ്റിന്റെ തുറപ്പിലൂടെയും ഓടി പിടിക്കുന്ന സമപ്രായങ്ങളിൽ കണ്ടേത്തുന്നു ഒരു ആത്മബന്ധമുണ്ടല്ലോ അത് ഒരു പക്ഷേ ആ കളിപ്പാട്ട പ്രായത്തേയും കടന്ന എത്രയോ ദൂരം നടക്കുന്നു .യൗവനത്തിലെ കളിക്കളങ്ങളിൽ നടത്തുന്ന പോരാട്ടങ്ങളിൽ തോളോട് തോൾ ചേർന്ന് പോരുതുമ്പോൾ , പുഴയിൽ നീന്താനും സൈക്കിൾ ഓട്ടാനും മരം കയറാനും ഒക്കെ പരസ്പരം കൈകൊർത്തു പിടിക്കുമ്പോൾ ആ കൈകൊർക്കലുകൾ ഒരിക്കലും അഴിയില്ല എന്ന വിശ്വാസമാണ് പല സാഹസങ്ങൾക്കും ആ കാലങ്ങളിൽ എടുത്തു ചാടുവാൻ നമ്മൾ ധൈര്യപ്പെടുത്തുന്നത്. കാലം പോകെ പോകെ ആ കൈകോർക്കുലുകളിൽ ചിലത് അഴിയുന്നു ചിലത് തുടരുന്നു അങ്ങനെ തുടരുന്ന എത്ര കാലം കഴിഞ്ഞാലും തുടരും എന്ന് വിശ്വസിക്കാം. അൽപം കൂടി മുതിർന്ന് മുഖത്ത് ഒരു ചെറിയമീശ കിളിർക്കുവാൻ തുടങ്ങുകയും ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന നാട്ടിൻ പുറത്തേ കൂട്ടുകാരെ ഒക്കെ വിട്ട് നഗരയാത്രകളിൽ എന്നും അത്ഭുതത്തോടെ മാത്രം കണ്ടിരുന്നു കലാലായങ്ങളുടെ  വലിയ കവാടം കടന്നുചെല്ലുകയും വിവിധ വർണ്ണങ്ങളിൽ പാറിപറക്കുന്ന പറവകളെ പോലെയുള്ള അനേകരെ കാണുമ്പോൾ മെല്ലെ മെല്ലെ അവരിൽ പലരുടെയും പരിചയക്കാരനാകുമ്പോൾ, സൗഹൃദത്തിലാക്കുമ്പോൾ ഒരിക്കല്ലെങ്കിലും നമ്മൾ ഓർക്കാറുണ്ടോ ഇതിൽ ആരോക്കെയുമായി ആത്മബന്ധമുണ്ടാകുമെന്ന്. അവിടുത്തെ ഓരോ ദിനങ്ങളും കഴിഞ്ഞു പോകുമ്പോൾ പുതിയ കൂട്ടുകളുടെ പുതിയ രൂചികളും മണങ്ങളും ലഹരിയാകുമ്പോൾ , ആ ലഹരിയിൽ ഇതു വരെ രൂചിക്കാത്ത പ്രണയവും ചൊല്ലാത്ത കവിതയും പറയാത്ത കഥകളും കാണാത്ത സിനിമകളും കേൾക്കാത്ത സംഗീതവും ജീവിതമാകുമ്പോൾ ഇതിനോക്കെ ഒപ്പം ഊണിലും ഉറക്കത്തിലും തോളിൽ കൈയിട്ട് നടക്കുന്ന ചില ആത്മബന്ധങ്ങൾ മുളപൊട്ടി കഴിഞ്ഞിരുന്നു എന്ന് അറിയുമ്പോൾ, അത്‌ഭുതം ഊറിയ കണ്ണകളുമായി കടന്നു വന്ന കവാടത്തിലൂടെ തിരികെ ഇറങ്ങുവാൻ സമയമായി എന്ന അലാറം മുഴങ്ങുന്നത്. അവിടെ നിന്ന് ഇറങ്ങി നടന്ന്  ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ അവിടെ നിവർന്ന് നടക്കണം എന്ന് കൂടെ കൂടെ ഉള്ളിലിരുന്ന് ആരോ ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ ഒറ്റക്കല്ല എന്നും ഞാൻ കൈയിട്ട ഒരു തോളും എന്റെ തോളിൽ പതിഞ്ഞ ഒരു കൈയ്യും കൂട്ടിനുണ്ട് എന്ന ധൈര്യത്തിൽ തിരക്കുകൾ പാറിപറക്കുന്ന വഴിയുടെ ഓരത്തൂടെ അല്ല നട്ടു വിലൂടെ തന്നെ നടക്കുവാൻ ധൈര്യം വരുന്നത്. എന്നാൽ അധികം നടന്നു നീങ്ങുന്നതിന് മുമ്പ് മുന്നിലുള്ള വഴി രണ്ടായി പിരിയും എന്നും പരസ്പരം കൈകൾ കോർത്ത തോളുകൾ അകലും എന്നും ബോദ്ധ്യമാകുമ്പോൾ ജീവിതം ഇതാ അവസാനിക്കുകയാണ് എന്ന് തോന്നിപ്പോകും. എന്നാൽ അവസാനിക്കുന്നത് ജീവിതമല്ല എന്നും ഒരിക്കലും അറ്റ് പോകില്ല എന്ന് കരുതിയ ആത്മബന്ധമാണ് എന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോളത്തെക്കും നമ്മൾ നഗരത്തിൽ നിന്ന് നടന്ന നാട്ടിൽ പുറത്ത് തിരികെ എത്തിയിട്ടുണ്ടാകും , അവിടെ നാലും കൂടുന്ന കവലയിലെ പലചരക്ക് കടയിലും ഇളകുന്ന കാലുള്ള ബഞ്ചുകൾ കഥ പറയുന്ന ചായകടയിലും എന്നോ പരിചയിച്ച് മറന്നു കഴിഞ്ഞിരുന്ന ചില മുഖങ്ങളെ ,പുഞ്ചിരികളെ , പണ്ട് കൂറേ നാളുകൾക്ക് മുമ്പ് വീട്ടിൽ നിന്ന് നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള പള്ളി കുടത്തിലേക്കുള്ള പാച്ചിലിൽ കൂടെ ഉണ്ടായിരുന്നവർ , നഗരത്തിലെ വലിയ കവാടമുള്ള കലാലയം തേടി പോയ നാളിൽ വീട്ടിലെ അടുപ്പ് പുകക്കുവാൻ ഏതോക്കെയോ പണികൾ തേടി പോയവർ , നഗര കാഴ്ചകളുടെ തിക്കിതിരക്കിൽ നമ്മൾ മറന്നവർ, അവരുടെ മുഖത്തേ ചിരിക്ക് മറുചിരി നൽക്കി പേര് ഓർമ്മിക്കുവാൻ വിഷമിച്ച്  നിൽക്കുമ്പോൾ കുടിച്ചിരുന്ന ചായ ഗ്ളാസ് അവിടെ വച്ച് ഇറങ്ങി വന്ന് പുറത്ത് തട്ടി പേര് വിളിച്ച് സംസാരിക്കുമ്പോൾ അവിടെ അപ്പോൾ തിരിച്ചറിയുന്നതും ചില ആത്മബന്ധങ്ങളാണ്. ഇനിയുള്ള കുറേ നാൾ ചായകടയിലെ രാഷ്ടിയ ചർച്ചകളിൽ അമ്പല മൈതാനത്തെ ആൽത്തറയിലെ ഉത്സവ കാഴ്ചകളിൽ വായന   തഴമ്പുള്ള ബഞ്ചിലെ സാഹിത്യ ചർച്ചകളിൽ ഒക്കെയും ഒരു പക്ഷേ നിശബ്ദമായി തന്നെ ഇവർ കൂടെ ഉണ്ടാകും ഒരിക്കലും ഒന്നിനും മുന്നിൽ കയറാതെ പിന്നിൽ വളയാത്ത നട്ടെല്ലുപൊലെ , വെയിൽ ചായുന്ന വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകൾക്കായി കൂടുന്ന അറ്റുതീര കെട്ടുകളിൽ കണ്ടത്തിൻ കരയിൽ പാലത്തിൽ കൈകളിൽ ഒക്കെയും പൂത്തുലയുന്ന ചങ്ങാതി കൂട്ടങ്ങളിൽ പൂക്കുന്നത്ര ആത്മബന്ധങ്ങൾ മറ്റോരു ചങ്ങാതി കൂട്ടങ്ങളിലും കാണില്ല. നാട്ടിലെ ഒരു കല്യാണമോ , കയറി താമസമോ, അടിയന്തിരമോ എന്തുമാകട്ടെ അതിന്റെ നടത്തിപ്പ് ഒരു ഉത്സവമാക്കി മാറ്റും ഈ ആത്മബന്ധങ്ങൾ, വീട്ടിലേക്ക് അരി വാങ്ങുവാൻ പോകുന്ന പണികൾ വരെ മാറ്റിവയ്ക്കുന്ന ഇവർ ചങ്ങാതിമാരുടെ എന്ത് കാര്യത്തിനായും. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും നാട്ടിൽ നിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് പണിയൊന്നും ആയില്ലെ എന്ന് .

ആ ചോദ്യം കുത്തുന്ന കുത്തലിനെ അതിജീവിക്കുവാൻ പിന്നെ ഒരു പാച്ചിലാണ് എവിടെ ഒക്കെയോ തട്ടിയും തടഞ്ഞും വീണും എഴുന്നേറ്റും ഒടുവിൽ ഒന്ന് നിവരുമ്പോൾ മറ്റ് ചോദ്യങ്ങളുടെ വരവായി . ഈ ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടുന്നത് , മറവിലേക്ക് പിൻ തിരിഞ്ഞ് പോകുന്നത് ഒപ്പം നടന്നവരാണ് ആ നടത്തത്തിലെ ആത്മബന്ധങ്ങളാണ് . ഇതിനൊക്കെ ഇടയിൽ ഒപ്പം നടക്കുവാൻ ഒരുവൾ വരുമ്പോൾ മറ്റ് എല്ലാ ബന്ധങ്ങളും പിന്നിലാകുന്നു.  "  ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല  " എന്ന് കുട്ടി പറഞ്ഞതു പോലെയാണ് ഈ ബന്ധങ്ങളോക്കെയും . നാം ജീവിക്കുന്ന സമൂഹം നിർമ്മിച്ചിട്ടുള്ള ചില മതിലുകൾക്കുള്ളിൽ ജീവിക്കുമ്പോൾ ആ ജീവിതങ്ങളിലോക്കെയും എത്രത്തോളം ആത്മബന്ധങ്ങൾ ഉടലെടുക്കുന്നുണ്ട് എന്ന് അറിയാൻ രാവിലെ മുറ്റത്ത് വീഴുന്ന പത്രത്തിന്റെ താളുകൾ പരതുകയോ ഒരോ മണിക്കൂർ ഇടവിട്ട് മാറി മാറി വരുന്ന സീരിയൽ ജീവിതങ്ങളെ നിർമ്മിക്കുന്ന കഥകളും കണ്ടാലോ മതി . സ്വന്തം രക്തത്തിൽ നിന്ന് ജന്മമെടുക്കുന്ന മക്കളിൽ ഇന്ന് എത്ര പേര് കാണും സ്വന്തം അമ്മയോടും അച്ചനോടും ആത്മബന്ധം ഉള്ളവർ . നല്ല വിദ്യാഭ്യാസം നല്കി നല്ല ജോലി നേടി ഉയർന്ന  ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ സ്വന്തം ജീവിതത്തിന്റെ നല്ല നേരങ്ങൾ മാറ്റിവയ്ക്കുന്നവർ ,മക്കൾ അത് നേടി കഴിയുമ്പോൾ , പിന്നെ അവരെ ഒന്ന് അടുത്ത് കാണുവാൻ നേർച്ചകൾ നേരുന്ന കാലമാണിത് . വീട്ടിനുള്ളിലേക്കും തെരുവിലേക്കും പ്രായമായവർ പാർക്കുന്ന ഇടങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന അച്ഛൻ  അമ്മമാരുടെ കഥകൾ ഇന്ന് കഥകളല്ലാതായിരിക്കുന്നു .ജീവിതം ജീവിക്കുവാൻ ഓടുന്നതിനിടയിൽ എവിടെ ബന്ധങ്ങളും ആത്മബന്ധങ്ങളും . വർഷങ്ങളിൽ ഭാര്യയും ഭർത്താവും അച്ഛനും അമ്മയുമെക്കെയായി ജീവിച്ച ജീവിതങ്ങൾ മക്കൾക്കു വേണ്ടി കൊച്ചു മക്കൾക്ക് വേണ്ടി രണ്ടിടങ്ങളിൽ  ജീവിക്കാൻ നിശ്ചയിക്കപ്പെടുമ്പോൾ അവരുടെ ഉള്ളിൽ നിന്ന് പറയാതെ പറയുന്ന വരികളാണ് സ്പിരിറ്റ് എന്ന് ചലച്ചിത്രത്തിലെ  " മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ " എന്ന റഫീക്ക് അഹമ്മദിന്റെ വരികൾ എന്നത് ഇനിയും അറ്റ് പോയിട്ടില്ലാത്ത ആത്മബന്ധങ്ങളുടെ നോവായി തോന്നിയാൽ തെറ്റ് പറയാൻ കഴിയില്ല. എല്ലാ പ്രവൃത്തികളുടെയും കണക്കേടുപ്പുകൾ ഒടുവിലാണ് ചെയ്യുന്നത് , അതു തന്നെയാണ് ഒരോ മനുഷ്യനും ജീവിതത്തിലും ചെയ്യുന്നത് . ജീവിതത്തിൽ മുട്ടിലിഴഞ്ഞ് പിച്ചവച്ച് നടന്ന് ഓടി ഒടുവിൽ , ഈ പറഞ്ഞതിൽ ആദ്യത്തേതിൽ തിരികെ എത്തുമ്പോൾ മനസ്സിൽ എടുക്കുന്ന കണക്കെടുപ്പിൽ ആത്മബന്ധങ്ങൾ എന്ന കോളത്തിൽ ഒറ്റ അക്കങ്ങളിലെ സഖ്യകൾ മാത്രമാണ് ഉണ്ടാകുക എന്നത് ഒരിക്കലും മനസ്സിൽ നിന്ന് പുറത്ത് വരാത്ത ഒരു സത്യമാണ്. ഇനിയും കാലങ്ങൾ ഇതു പോലെ മുന്നോട്ട് പോകുമ്പോൾ ആത്മബന്ധമെന്നത് നീഘണ്ടുവിലും , അന്യം  നിന്നു പോയ വാക്കുകളുടെ സമാഹാരത്തിലും മാത്രം അവശേഷിക്കുന്ന ഒന്നായി തീരും എന്ന് മനസ്സ് പറയുന്നു , അത് ഒരിക്കലും സത്യമാകല്ലേ എന്ന് ആഗ്രഹിച്ചാലും , സത്യങ്ങൾ എത്ര വേദന നിറഞ്ഞവയാണ് എന്ന സത്യത്തേ മറക്കുവാൻ ആർക്കെങ്കിലും കഴിയുമോ ?