Tuesday, May 31, 2022

ഒരു മെയ് 31 കൂടി കടന്നു പോകുമ്പോൾ


അന്ന് മലപ്പുറത്ത്, മാറഞ്ചേരിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നു.സാധാരണയായി ഒരാഴ്ച അവസാനം വീട്ടിലേക്ക് പോകെണ്ടതായിരുന്നു.ആ ആഴ്ച  എന്തുകൊണ്ടോ പോകാൻ കഴിഞ്ഞില്ല.ഞായറാഴ്ച ഒഴിവു ദിനത്തിന്റെ ആലസ്യത്തിൽ ഉച്ചയൂണിന് ശേഷം ഒന്നും മയങ്ങുമ്പോഴാണ് തൃശ്ശൂർ ഉള്ള സുഹൃത്ത് പ്രിൻസ് വിളിക്കുന്നത്.എന്താണ് പരിപാടി എന്ന് ചോദിച്ചത്, പ്രത്യേകിച്ചൊന്നുമില്ല എന്ന മറുപടിക്കിടെ  ഞാനങ്ങോട്ടു വരുവാണ് എന്ന് പറഞ്ഞു .അരമണിക്കൂർ ശേഷം  പ്രിൻസിന്റെ കൂടെ കാറിൽ കയറുമ്പോൾ എങ്ങോട്ടാണ് പോകുന്നത് അറിഞ്ഞിരുന്നില്ല .ആ യാത്ര  അല്പസമയത്തിനുള്ളിൽ ചെന്നെത്തിയത് നീർമാതളത്തിന്റെ ചുവട്ടിലായിരുന്നു ,ആ നീർമാതളം മാധവിക്കുട്ടിയുടെതായിരുന്നു. ആ നീർമാതളവും സർപ്പക്കാവും കുളവും ഒക്കെ ആദ്യമായി കാണുകയായിരുന്നു . ആ കഥകളിൽ അനുഭവിച്ച നീർമാതളവും സർപ്പക്കാവും കുളവുമെല്ലാം ആശ്ചര്യത്തോടെ നേരിൽ കണ്ടപ്പോൾ ,അതിനപ്പുറം ചെറിയ നമ്പരം ഉളവാക്കുന്ന ഒരു കാഴ്ചയും കണ്ടു ,ഉയരുന്ന ഒരു കോൺക്രിറ്റ് കെട്ടിടം, എഴുത്തുകാരിക്കായുള്ള സ്മാരകം. അത് കഥകളിലൂടെ മനസ്സിൽ ഉടലെടുത്ത സങ്കല്പങ്ങളിൽ നേരിയ വിള്ളലുകൾ  ഉണ്ടാക്കി, ആ കഥകളിലൂടെ രൂപമെടുത്ത കാല്പനികതകളായിരുന്നു ആ കാവും നീർമാതളവുമെക്കെ, എഴുത്തുകാരിയുടെ സ്മരണകളായി അതോക്കെ അവിടെ നില്കുമ്പോൾ എന്താണ് അവയ്ക്കിടയിൽ ഈ കെട്ടിടം എന്ന് മനസ്സിൽ ഇടക്കിടെ ചോദിച്ചു കൊണ്ടിരുന്നു.കുറച്ച് സമയം അവിടെ ചെലവഴിച്ച് തിരികെ വരുമ്പോൾ കുറച്ച് മാറിയുള്ള കവലയിൽ ഒരു ബാനർ കണ്ടിരുന്നു,അന്ന് മെയ് 31 ആയിരുന്നു. അന്നു രാവിലെ പ്രിയപ്പെട്ട കഥാകാരിയുടെ അനുസ്മരണം അവിടെ നടന്നിരുന്നു. ഞാൻ താമസിക്കുന്നു സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയായുള്ള ഈ സ്ഥലത്തേ , ഈ തീയതിയേ പറ്റിയോ , അനുസ്മരണത്തെ പറ്റിയോ ആരും പറഞ്ഞിരുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവരായിരുന്നു കൂടെയുള്ളവരിൽ ഭൂരിപക്ഷവും, ആഴ്ച അവസാനിക്കുമ്പോൾ എങ്ങനെയേങ്കിലും വീടെത്തുക എന്ന ചിന്തകൾക്കിടയിൽ എവിടെ അനുസ്മരണവും ,എവിടെ നീർമാതളവും. എന്തായാലും എനിക്ക്, യാദൃശ്ചികമെങ്കിലും ആ മെയ് 31 മറക്കാൻ കഴിയാത്തതായി .അവിടെ കണ്ട കഴ്ചയിൽ ആ കോൺക്രീറ്റ് രൂപം മനസ്സിൽ സങ്കടവും  നൊമ്പരവും ഉണ്ടാക്കിയേങ്കിലും  ആ എഴുത്തുകാരിയുടെ ഓർമ്മ ദിവസം തന്നെ അവിടെ എത്താൻ പറ്റി എന്നുള്ളതും വളരെ സന്തോഷം നല്കുന്ന ഒന്നായി മാറി.

 പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക ആവശ്യത്തിന്  പുന്നയൂർക്കുളത്ത് പോയപ്പോൾ വീണ്ടും അവിടെ പോയി ,എല്ലാം പഴയത് പോലെ , സ്മാരകെട്ടിടത്തിന്റെ പണി പൂർത്തിയാക്കിട്ടുണ്ട്. പരിസരം നന്നായി ക്രമീകരിച്ചിരിക്കുന്നു. ഒരു സ്മരകത്തിന് യോജിക്കും വിധം .എങ്കിലും മനസ്സിൽ കഥകളിലൂടെ കടന്നു കൂടിയ നീർമാതള സ്മരണയിൽ എവിടെയോ അത് ചേരാതെ നിൽക്കുന്നു .ഇന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു മ്യൂസിയം ,എഴുത്തുകാരിയുടെ സ്മരണാർത്ഥം രൂപപെടുത്തിരിക്കുന്നു .എഴുത്തുകാരിയുടെ ഓർമ്മകളെ പൂനർജ്ജീവിപ്പിക്കും വിധം ഓരോ സ്ഥലങ്ങളിലും ബഹു വർണ്ണ ചിത്രങ്ങൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു  .സ്മരണകൾ ഉണർത്തും വിധം എഴുത്തുകാരി ഉപയോഗിച്ച് പല വസ്തുക്കളും അവിടെല്ലാം വളരെ ഭംഗിയായി ,ആ കെട്ടിടത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു .
അൽപ സമയം നടന്നു കണ്ട് തിരികെ പോരുമ്പോൾ മനസ്സിൽ ഓർമ്മ വന്നത് കുറച്ചു നാളുകൾക്കു മുൻപ് യാദൃശ്ചികമായി മെയ് 31ന് പുന്നയൂർക്കുളത്ത് എത്തിയതാണ്. കാലം ഒരോ സ്ഥലങ്ങളെ എങ്ങനെയേല്ലാം മാറ്റുന്നു.

ഇന്നലെ മെയ് 31 ന് നിരവധി പേർ സാമൂഹ മാദ്ധ്യമത്തിൽ എഴുത്തുകാരിയെ ഓർമ്മിക്കുന്നത് കണ്ടു.നിരവധി പേരുടെ മനസ്സിൽ നിന്നും അവർ മറവിലേക്കും പോയിട്ടുണ്ടാവാം.അങ്ങനെ ഒരു മെയ് 31 കൂടി കടന്നുപോകുമ്പോൾ തീഷ്ണമായ ജീവിതത്തിന്റെ കഥകൾ നമുക്ക് നൽകിയ , കവിതകൾ നമുക്ക് നൽകിയ, തന്റെ ജീവിതം കൊണ്ടും എഴുത്തു കൊണ്ടും ജീവിതത്തെ തുറന്നു കാണിച്ച ഈ എഴുത്തുകാരിയുടെ ഓർമ്മ ദിവസം കൂടി കടന്നു പോയിരിക്കുന്നു. ഇനിയും കടന്നു വരും മെയ് 31 കൾ  ജീവിതത്തിൽ ഓരോ ദിനവും കുതിച്ച് പാഞ്ഞ് വേഗത പ്രാപിക്കുന്ന നമ്മുടെ ഓക്കെ ജീവിതത്തിൽ എത്ര കാലം വരെ ആ കഥകളുടെ എഴുത്തുകളുടെ ,ജീവിതത്തിന്റെ സ്മരണകളിൽ നിന്ന് എഴുത്തുകാരിയേ നമ്മൾ ഓർമ്മിക്കും. ഈ എഴുത്തുകാരിയ മാത്രമല്ല ,നമ്മുക്ക് അവരുടെ ജീവിതം കൊണ്ട് കഥകളും കവിതകളും തന്ന് കാലത്തിന്റെ അനിവാര്യതയിലെക്ക് മറഞ്ഞു പോയ എത്രയോ എഴുത്തുക്കാർ ,അവരെ ക്കൈയും . നാളെകളിൽ ഓർക്കുമോ ,എന്നാർക്കറിയാം.

Monday, May 30, 2022

അഹവും പരവുമുള്ള കഥകള്‍


ജീവിതത്തിന്റെ “അകവുംപുറവുമുള്ള” അനുഭവങ്ങള്‍ കഥകളായി വായിക്കുമ്പോള്‍‍ ഏതോരു വായനക്കാരനും തോന്നും ഇത് എന്റെയും അനുഭവങ്ങളല്ലേ എന്ന്,എന്തേ എനിക്കും ഇതു പോലെ എഴുതാന്‍ തോന്നിയില്ല എന്ന്.എന്നാല്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റോരാൾക്ക്  വായിച്ചാസ്വദിക്കാന്‍ തക്ക വിധം കഥകളായി മാറണെങ്കില്‍  അതിന് കഥയെഴുത്തിന്റെ ,ഭാഷയുടെ നല്ല കൈയടക്കം വേണം.അത്തരത്തില്‍ വായനക്കാരനെ കഥകളുടെ ലോകത്തിലെക്ക് ലയിപ്പിക്കുന്ന മുപ്പത്തിരണ്ട് കഥകളാണ് “അമ്പിളി.എംന്റെ അഹം പരം” എന്ന സമാഹാരത്തിലുള്ളത്.ഇന്ന് പല എഴുത്തകാരുടെയും കഥകള്‍ വായിക്കുക എന്നത് ബൗദ്ധികവ്യയാമമാണ്, ഭാഷാ നിഘണ്ടുകളുടെ സഹായത്തോടെ അല്ലാതെ ആ കഥകളോക്കെ വായിച്ചാസ്വദിക്കാന്‍ ഒരു സാധാരണ വായനക്കാരന് കഴിയുകയില്ല.തങ്ങളുടെ വായന വൈപുല്യത്തിന്റെയും,ഗവേഷണപാണ്ഡിത്യത്തിന്റെയും ഭാരം കഥകളായി പാവം വായനക്കരന്റെ മേല്‍ ഇറക്കി വെക്കുമ്പോള്‍‍, കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാരന്‍ ആ കഥകളുടെ വായനയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുയാവും ചെയ്യുക. എന്നാല്‍ അത്തരത്തിലുള്ള യാതോരു ജാഡയും ഇല്ലത്ത,വായിക്കുന്നവനെ തന്റെതു കൂടി എന്ന തോന്നിപ്പിക്കുന്ന അനുഭവ പശ്ചാത്തലങ്ങളെ കഥകളാക്കി മാറ്റുമ്പോൾ ,എഴുത്തുകാരി തനിക്ക് ചുറ്റിലും കാണുന്ന ജീവിതങ്ങളെ ,സമൂഹത്തിലെ ചില നേരില്ലായ്മെ തുറന്നു കാട്ടുകയാണ് തന്റെ കഥകളിലൂടെ.

“അഹം എന്നും പരം” എന്നും രണ്ടായി പകുത്ത ഈ സമാഹാരത്തിലെ കഥകളില്‍ “അഹം” തന്റെ തന്നെ ബാല്യം മുതൽക്കുള്ള ചില അനുഭവങ്ങള്‍ രസകരങ്ങളായ ചെറുകഥകളായി പറയുന്നു.എന്നാല്‍ ഈ കഥകൾക്കിടയിലെ ചിലത്  വായിക്കുമ്പോള്‍ ചില നോമ്പരങ്ങളിലെക്ക് വായനക്കാരനും കടന്നു പോകും.സ്കൂള്‍ കാലത്ത് ഉച്ച ഊണിന് അനുവദിച്ച ഇടവേളയില്‍ ഉണ്ട് തീർക്കാതെ അവശേഷിക്കുന്ന ചില സഹപാഠികളെ കുറിച്ചുള്ള ഓർമ്മകള്‍ നമ്മുക്കും ഉണ്ടാകും,അത്തരത്തിലുള്ള സ്വനുഭവം രസകരമായി പറയുന്നു “ഉച്ച ഊണ് തീർക്കാത്ത കുട്ടി” എന്ന കഥയില്‍.ചെറിയ ക്ളാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിൽ പങ്കെടുക്കാത്തവരായി ആരും ഉണ്ടാകില്ല,ഭൂരിപക്ഷവും രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അതില്‍ പങ്കെടുക്കുന്ന തന്നെ,എന്താണ് അവതരിപ്പിക്കുന്നതെന്ന് യാതോരു ധാരണയുമില്ലാതെ സ്റ്റേജില്‍ കയറി തട്ടിവിടുമ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് പോലും ആ കൊച്ചു മനസ്സുകൾക്ക്  അറിയുന്നുണ്ടാവില്ല. ഇത് സ്വജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവർക്ക്  “ഒരു  കലാപാതകം” സ്വന്തം അനുഭവം തന്നെയായി മാറും . മതസൌഹാർദ്ദം  അന്യമാകുന്ന ഈ കാലത്ത് തന്റെ ഓർമ്മയിലെ ഒരു പെരുന്നാള്‍ ചിത്രം വരച്ചു കാട്ടുന്നു, “പെരുന്നാള്‍ ഓർമ്മകള്‍” എന്ന കഥയില്‍, ബാല്യത്തില്‍ കളിവീട് കെട്ടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല,അത്തരം ഒരു അനുഭവം സരസ്സമായി വിവരിക്കുന്നു “പർണ്ണശാലയില്‍”,ജീവിതത്തിലെ പല ശീലങ്ങളും വിദ്യാലയ കാലത്താണ് നമ്മളിലെക്ക് എത്തുക,”വൃത്തിയുടെ പാഠം” വീണ്ടും ആ കാലത്തെ നമ്മളെ ഓർമ്മിപ്പിക്കുന്നു.എന്നാല്‍ ഈ ഓർമ്മകൾക്കെല്ലാം അപ്പുറം എവിടെയോ ഒരു നോമ്പരമാകുന്നു,”എന്റെ ശബരിമല യാത്ര”. കടത്ത് കടന്നുള്ള പള്ളികുടത്തില്‍ പോക്ക് മറക്കാനാകാത്ത് അനുഭവങ്ങളിലോന്നാണ്, വികസനം റോഡുകളുടെയും പാലങ്ങളുടെയും രൂപത്തില്‍ അവതരിച്ചപ്പോള്‍ ആ ഓർമ്മകളോക്കെ വല്ലപ്പോഴും ഓർമ്മിച്ചെടുക്കുന്ന മധുരമുള്ള ഒന്നായി മാത്രമായി തീര്‍‍ന്നു, മഴക്കാലത്തെ കടത്തുവള്ള യാത്ര രസകരമെന്നപോലെ അപകടം നിറഞ്ഞതുമാണ്,മഴയില്‍ കുതിർന്ന രാവിലെകളിൽ തിരക്കില്‍ വള്ളത്തില്‍ നിറയുന്ന ആൾക്കുട്ടം നിറഞ്ഞോഴുകുന്ന പുഴയിലെ അപകടത്തെ പറ്റി ഒരിക്കലും ഓർക്കാറില്ല,അവരുടെ മുന്നില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനം മാത്രമാണ് ഉണ്ടാക്കുക,ഇത്തരം ഒരു അപകടം ചിത്രം വരച്ചിടുന്നു “അന്ന് ഒരു മഴക്കാലത്ത്” .ഗ്രാമങ്ങള്‍ നഗരങ്ങളാകുവാന്‍ ശ്രമിക്കുന്ന ഈ കാലത്തെ ഗ്രാമത്തിലെ ഓർമ്മകള്‍ നോമ്പരങ്ങളാണ്, ആ നോമ്പരങ്ങളാണ് ഗ്രാമബിംബങ്ങളില്‍ നമ്മക്ക് വായിക്കാന്‍ കഴിയുക “ഉദയകാശത്തിലെ വെള്ളക്കൊക്കുകളും”, “ഗ്രാമബിംബങ്ങളും” ഒക്കെ നമ്മുടെ മറവിലെക്ക് പോയി തുടങ്ങുന്ന ഓർമ്മകളെ തിരികെ പിടിക്കുന്ന കഥകളാണ്.ഇങ്ങനെ സന്തോഷങ്ങളും നോമ്പരങ്ങളും നിറഞ്ഞ പതിമൂന്ന് കഥകള്‍ നിറഞ്ഞിരിക്കുന്ന “അഹം” എന്ന ആദ്യ ഭാഗത്ത്.

“അഹത്തില്‍” നിന്ന “പരത്തിലെക്ക്” വായന കടക്കുമ്പോള്‍ ആദ്യം വായനക്ക് എത്തുന്ന “നൈന” എന്ന കഥയില്‍ തകരുന്ന കുടുബബന്ധങ്ങളില്‍ അകന്നു പോകാത്ത ചില കണ്ണികളുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു,തിരക്കു പിടിച്ച ജീവിതത്തിനിടയിലെ ഏതോ ഒരു ഘട്ടത്തില്‍ അകന്നു പോകുന്നവര്‍, മകളിലൂടെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നു,  ഇന്നലെ വരെ തന്റെ മാത്രം സ്വന്തമായിരുന്ന അച്ഛന് കിട്ടാൻ പോകുന്ന ഒരു കൂട്ട്,ആ കൂട്ട് അച്ഛനെ  തന്റെതു മാത്രം അല്ലാതാക്കുന്നു എന്ന തോന്നല്‍ ,അതിനുമുമ്പ് എന്നൊ അകന്നു പോയ അമ്മയും അച്ഛനും മൊത്തം ഒരു യാത്ര, അതിമനോഹര ചിത്രമായി ഈ കഥയിൽ എഴുത്തുകാരി വരച്ചു ചേർക്കുന്നു. സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചവളെ ജാതിയും, മതവും, പണവും, പ്രതാപവും, ആഢ്യത്വും തന്നിൽ നിന്ന് അകറ്റിയപ്പോൾ, കാലങ്ങൾക്ക് ശേഷം അവളുടെ ജീവിതമാകുന്ന നൃത്തത്തിന്റെ  സാന്നിധ്യത്തിൽ വിദൂരമായ ഒരു ദേശത്ത് വച്ച് കണ്ടു മുട്ടുന്നതാണ് “ചിദംബരം” എന്ന കഥ, ജീവിതത്തിന്റെ ഒരു കാലത്ത് മാലതി രവിയോട് പറയുന്നുണ്ട് “നമ്മൾക്കൊരുമിച്ച് ചിദംബരത്ത് പോണം രവി. ഒരു മഹാ ശിവരാത്രി  നൃത്തോത്സവത്തിന്. നടരാജശിവന്റെ ആനന്ദ താണ്ഡവം എനിക്ക് മതിമറന്ന് ആടണം. ഒടുവിൽ ഞാൻ അർത്ഥനാരീശ്വരനാകും” എന്ന്. എന്നാൽ കാലം അതൊരിക്കലും അതേ അർത്ഥത്തില്‍ പൂർണമാക്കാൻ അനുവദിച്ചില്ല. എങ്കിലും ഒടുവിൽ രവി മാലതിയെ കാണുന്നത് ഒരു മഹാശിവരാത്രിയില്‍ ചിദംബരത്തിൽ വച്ചാണ്.അന്ന് അവിടെ നടന്ന ഉത്സവത്തിൽ ആനന്ദനടനത്തിന്റെ അനന്ത പ്രവാഹം രവി കാണുന്നു, എങ്കിലും അവള്‍‍ ഒരിക്കലും അർത്ഥനാരീശ്വരനില്‍ അലിഞ്ഞിരുന്നില്ല എന്ന് രവി തിരിച്ചറിയുന്നു .ബന്ധങ്ങളുടെ തീവ്രതയും  കാലം അതിൽ ഉണ്ടാകുന്നു വിള്ളലുകളുമാണ് “വല്യീറ്റയിലെ” പ്രമേയം, ബാല്യത്തില്‍ അനിലിന് വെല്ലീറ്റ ആയിരുന്നു എല്ലാം, നാരങ്ങാമിഠായി കൊതിയായിരുന്നു അനിലിന് ചിലപ്പോഴൊക്കെ വെല്ലീറ്റ  നൽകുന്ന ഒരു രൂപ അവൻ എത്ര വിലപ്പെട്ടതായിരുന്നു എന്ന്  അന്നത്തേക്കാൾ കാലം കടന്നുപോകുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്. വളരുകയും  കുടുംബനാഥൻ ആവുകയും ചെയ്തപ്പോൾ വെല്ലീറ്റ ഒരു ഭാരമായി തീരുന്നു,  എന്നാൽ ഇത് തിരിച്ചറിഞ്ഞ് സഞ്ജീവിനിലേക്ക് പോകുന്ന വെല്ലീറ്റയുടെ പിന്നീടുള്ള ജീവിതം സഞ്ജീവനിയിലെ നിരവധി കുട്ടികളായി മാറുന്നു. നിനച്ചിരിക്കാതെ കിട്ടുന്ന കത്ത് തന്റെ മറവിക്കു മേലുള്ള നൊമ്പരമായി മാറുമ്പോൾ, അനിൽ സഞ്ജീവിനിയിലെക്ക് ആകാംഷ നിറഞ്ഞ മനസ്സുമായി യാത്രയാകുന്നു, എന്നാൽ അവിടെ കുട്ടികൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വെല്ലീറ്റയാണ് അനിൽ കാണുന്നത്, അവരുടെ പിറന്നാളായിരുന്നു അന്ന്, എന്നാല്‍ പിറന്നാള്‍ സമ്മാനമായി വെല്ലീറ്റക്ക് നൽകുവാന്‍ അനിലിന്റെ കൈയ്യില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ,ഏറെ നാളുകൾക്ക് ശേഷം വെല്ലീറ്റയേ കാണുന്ന അനില്‍ തന്റെ ഒപ്പം രണ്ടുദിവസം പോരമോ എന്ന് ചോദിക്കുന്നുണ്ട്, എന്നാൽ വെല്ലീറ്റയുടെ മറുപടി "ഇല്ലാ അനീകുട്ടാ ഇവിടെ എല്ലാം എന്റെ അനികുട്ടൻമാരാണ് " എന്നതായിരുന്നു .അത് അനിലിന്റെ ഓർമ്മകളെ തന്റെ ബാല്യത്തിലെക്ക് നടത്തുന്നു, ഓറഞ്ച് നിറത്തിലെ നാരങ്ങ മിഠായി വാങ്ങാൻ ഒരു രൂപ വെല്ലീറ്റയോട് ചോദിക്കുന്ന അനിക്കുട്ടനെ വായിക്കുന്ന നമ്മളിലും എവിടെയൊക്കെയോ നോമ്പരങ്ങൾ ഈ കഥ ഉണർത്തുന്നുണ്ട്.ചില ബന്ധങ്ങൾ മറവിയുടെ, തിരസ്കാരത്തിന്റെ ഉള്ളറകളിലേക്ക് പോയാലും ഒരിക്കൽ തിരികെ വരും, അന്ന് കുറ്റബോധത്തിന്റെ നൊമ്പരം നമ്മളെ ആ പഴയ കാലത്തേക്ക് തന്നെ തിരിച്ചു കൊണ്ടു പോകും എന്നതിന് ഈ ഒരു കഥയുടെ വായന മാത്രം മതി. ഇതു പോലെ ജീവിതത്തിന്റെ പല നടവഴികളിലും നാൽക്കവലകളിലും കാണുകയും, അനുഭവിക്കുകയും, മറക്കുകയും ചെയ്യുന്ന പലതും “പരം” എന്ന ഭാഗത്തെ പത്തോമ്പത് കഥകളിലുടെ എഴുത്തുകാരി പറയുന്നു. ഇതിലുള്ള എല്ലാം സമൂഹത്തിൽ ഇന്നു നമ്മൾ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും, ചെയ്യുന്ന പലതിന്റെയും കഥാരൂപങ്ങളാണ് . ജീവിത നിസ്സഹായതയുടെ നോമ്പരങ്ങളും സാമൂഹിക മനസാക്ഷിയോടുള്ള  ചോദ്യങ്ങളും ഈ കഥകളുടെ വായനയിലൂടെ വായനക്കാരൻ നേരിടേണ്ടി വരുന്നു. നമ്മൾ മൗനമായി പോയ പല ഘട്ടങ്ങളും ഈ കഥകളിലൂടെ നമ്മെ വീണ്ടും കുത്തിനോവിക്കുമ്പോള്‍, വികസനവും സാങ്കേതിക വിദ്യയുടെ വ്യാപനവും നമ്മുടെ ജീവിതത്തെ എത്ര മാത്രം മാറ്റിമറിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്നു ഇതിലെ ചില കഥകൾ. ഓരോ കഥകളും വായിച്ച് അവസാനിപ്പിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. നിരൂപണജാഗ്രതയും അക്കാദമികപണ്ഡിത്യവും ആവശ്യമില്ല ജീവിതത്തോട് അടുത്തുനിൽക്കുന്ന ഈ കഥകൾ വായിക്കുവാൻ എന്നത് കഥപറച്ചിന്റെ ലാളിത്യത്തെ കുറിക്കുന്നു. എങ്കിലും ഇതിലും മൂർച്ചയുള്ള കഥകൾക്കായി ഇനിയും ജാഗ്രത്തായ വായനയും സമൂഹിക നിരിക്ഷണവും എഴുത്തുകാരിയില്‍ നിന്ന് വായനക്കാരൻ ആവശ്യപ്പെടുന്നു. തുടക്കക്കാരി എന്ന നിലയിൽ തന്നെ കഥകളെ പറ്റിയുള്ള പരിഭ്രമം പുസ്തകത്തിന്റെ ആദ്യതാളുകളിൽ എഴുത്തുകാരി പങ്കുവെക്കുന്നു ഉണ്ടെങ്കിലും കഥപറച്ചിലിലുള്ള കൈയടക്കം ആ സന്ദേഹങ്ങളെ മറികടക്കുന്നു. ഇനിയും "അഹവും പരവുമായ " നിരവധി കഥകൾ എഴുതാനുള്ള വിശാലമായ എഴുത്ത് ലോകം മുന്നിലുള്ള എഴുത്തുകാരിയില്‍ നിന്നും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്ന വായനക്കാരനെ “അഹത്തിന്റെ പരത്തിന്റെയും” എഴുത്തുകാരി  നിരാശനാക്കില്ല എന്ന് പ്രത്യാശിക്കാം.

പ്രസാധനം-അക്ഷര സ്ത്രീ,കോട്ടയം
വില-120

Tuesday, May 3, 2022

ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുമ്പോള്‍.......


ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുന്നത് നോക്കിയിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്തായിരിക്കും  തോന്നുക.വേനലിന്റെ ചൂട് പുകയുന്ന പകലിന്റെ ഒടുക്കവും,പകല്‍ പെയ്ത തോർന്ന മഴ ബാക്കിയാക്കിയ കാർമേഘത്തിന്റെ ഇരുളും ഈ സന്ധ്യകളില്‍ കണ്ടിരിക്കുമ്പോള്‍, പകലിന്റെ പ്രതീക്ഷകൾക്ക് മേല്‍ രാത്രിയുടെ ഇരുള്‍  പരക്കുന്നതിന് മുമ്പ് എല്ലാ ജീവജാലങ്ങളും, മനുഷ്യരുൾപ്പടെ സ്വന്തം കൂര തേടി പായുകയാണ്,ആ തിരക്കുകളില്‍ അതുവരെ ഉണ്ടായിരുന്നതിനപ്പുമുള്ള തിരക്കിലാകുന്നു ലോകം. ആകാശത്തിന്റെ മങ്ങിയ വെളിച്ചത്തില്‍ ഏതോ അജ്ഞാതനായ ചിത്രകാരന്റെ സൃഷ്ടി പോലെ രൂപം കൊള്ളുന്ന പറവകളുടെ കൂട്ടങ്ങള്‍ ,തങ്ങള്‍ ചേക്കേറിയ ചില്ലകളില്‍ നിന്ന് ഇര തേടി പുലർച്ചക്ക് പറന്ന ദൂരങ്ങളോക്കെയും തിരികെ പറക്കുമ്പോള്‍ ആ കൂട്ടത്തിന്റെ ഒരുമകള്‍ ഒരു ചലചിത്രത്തില്‍‍ എന്ന പോലെ ഒരോ നിമിഷവും രൂപാന്തിരം പ്രാപിക്കുമ്പോഴും സ്വന്തം കൂട്ടത്തിന്റെ വേഗത്തിനോപ്പം എത്താനാകാതെ പിന്നിലായി പോയവരെയും അവിടെ കാണാം .ഒരു പക്ഷേ വാർദ്ധ്യക്യത്തിന്റെയോ രോഗപീഡയുടെയോ പരുക്കുകളൊ ഒക്കെ ആകാം ഈ പിൻവാങ്ങലുകൾക്കും , ഒറ്റപ്പെടലുകൾക്കും കാരണം ,എത്ര ദൂരം ഒറ്റക്ക് പറക്കാനാകും എന്ന് പോലും നിശ്ചയമില്ലാത്ത ഇവരെ പോലുള്ളവരെ ആകാശത്ത് മാത്രമല്ല,ഭൂമിയിലും കാണാം.നാലും കൂടുന്ന കവലകളില്‍ പണ്ട് പടർന്നു പന്തലിച്ച് നിന്നിരുന്ന വൻ മരങ്ങളില്‍ സന്ധ്യ നേരങ്ങളില്‍ കേട്ടിരുന്ന കലപില ശബ്ദങ്ങള്‍ ഇന്ന് ഏറെ കുറെ അപ്രതിക്ഷമായി കഴിഞ്ഞു,ഇന്ന് ആ സ്ഥാനങ്ങളില്‍ ഉയർന്ന ബഹുനിലമന്ദിരങ്ങൾക്ക്  ചില്ലകളില്ലെന്ന സങ്കടത്തില്‍ അവിടെ ചേക്കേറിയിരുന്ന പറവകളോക്കെ ചേക്കേറുവാന്‍ ചില്ലകള്‍ തേടി എത്രയോ ദൂരങ്ങളിലെക്ക് പറന്നു പോയിരിക്കുന്നു.പണ്ട് കന്നുകാലികളെ മേയിക്കുവാന്‍ പുലർച്ചെ  പോയിരുന്നവർ നേരം മയങ്ങി , മടങ്ങാൻ തുടങ്ങുമ്പോൾ ആ കൂട്ടത്തേ നയിച്ചു പോയവരുടെ മനസ്സിലുണ്ടാകുന്ന ആധി, തെളിച്ചു വന്നവയിൽ ഒന്നിനുപോലും കുറവ്  ഉണ്ടാവരുത് എന്നതായിരുന്നു. ആ കൂട്ടത്തിൽ നിന്ന് ഒന്ന് കൂട്ടം തെറ്റി പോയേങ്കില്‍ അവയേ തോടി മറ്റുള്ളവയേ വിട്ട് കൂട്ടംതെറ്റിയവയ്ക്ക് പിന്നാലെയായിരുന്നു അവര്‍ പോയിരുന്നത്. അന്നത്തെ മെയ്ച്ചിലുകാരന്‍ ഇരുൾ പരക്കും മുമ്പു മേയാൻ പോയ കുന്നിൻപുറത്ത് പുൽമേട്ടിൽ നിന്നോ കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയവയേ അയാളുടെ സ്നേഹപൂർണമായ വിളികളാൽ തിരികെ എത്തിച്ചിരുന്നു. എന്നാല്‍ അന്നും ആ വഴികൾ ഒക്കയും ഒറ്റപ്പെട്ട് പോയവരെ,വിശപ്പിന്റെ വിളിയുമായി ചിലർ കാത്തിരുന്നിരുന്നു ,വിശക്കുമ്പോൾ മാത്രം ഇരതേടി ഇറങ്ങുന്നവരയിരുന്നു അവർ. വിശപ്പകറ്റാൻ അല്ലാതെ ഒരിക്കൽ പോലും ജിവിതത്തില്‍ അവര്‍ വേട്ടയാടി പിടിച്ചിട്ട് ഉണ്ടാവില്ല. തിരികെ എത്തി കഴിഞ്ഞാൽ ഇരുട്ടിനോടൊപ്പം അടുത്ത പുലരിയിലേക്ക്,പുതിയ മേച്ചിൽപുറങ്ങളെയും കിനാവ് കണ്ടിരുന്നിരിക്കാം  ഇവരും . എന്നാലിന്നോ പുലർച്ചെയെന്നൊ സന്ധ്യയേന്നൊ വ്യത്യാസമില്ലാതെ ഇവരെ ആട്ടിതെളിക്കപ്പെടുന്നത് കത്തിമുനകളിലെക്കാണ്.മുമ്പ് വിശപ്പകറ്റാന്‍ താണ്ടിയ ദൂരങ്ങളോന്നും അവർക്ക് ദൂരങ്ങളെ അല്ലായിരുന്നു,കല്ലും,മുള്ളും നിറഞ്ഞ വഴികളും,കുന്നുകളും,മേടുകളും കടന്നുള്ള യാത്രകളില്‍ അവര്‍ സ്വപ്നം കണ്ടിരുന്നത് ഹരിതാഭമാർന്ന  പുൽമേടുകളും മധുരിക്കുന്ന,കുളിർമ്മയും ജലത്താല്‍ നിറഞ്ഞോഴുകിരുന്ന അരുവികളുമായിരുന്നു. എന്നാല്‍ ഇന്നത്തെ യാത്രകൾ മോട്ടോർ വണ്ടികളിൽ അഞ്ചു പേർക്കുള്ള ഇടങ്ങളിൽ അതിനും ഇരട്ടിയെ കുത്തി നിറച്ചാണ് ഈ വണ്ടികൾ യാത്ര തിരിക്കുന്നത് പച്ചപ്പുകളിലേക്ക് അല്ല രാകിമിനുക്കിയ കത്തിതലപ്പുകളിലെക്കാണ് എന്ന് മിണ്ടാപ്രാണികൾ എങ്കിലും അവർക്കു മനസ്സിലാവുന്നുണ്ടാവാം . ആ കാഴ്ചകൾക്ക് ഇന്ന് രാവെന്നൊ പകലെന്നൊ ഇല്ല, പണ്ട് അവരെ കാത്തിരുന്നവര്‍ വിശക്കുന്നവർ മാത്രമായിരുന്നു,വിശക്കുമ്പോള്‍ മാത്രമായിരുന്ന അവര്‍ ഇരകളെ തേടി ഇറങ്ങിരുന്നത്,അവര്‍ വിരലിലെണ്ണവുന്ന നാൽക്കാലികള്‍ മാത്രമായിന്നെങ്കില്‍ ഇന്ന് അവരെ കാത്തിരിക്കുന്നവർ വിശപ്പിനേക്കാൾ അപ്പുറം സമൂഹത്തിൽ തങ്ങളുടെ സ്ഥാനം എവിടെ നിന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് മുന്തിയതെന്നോ തഴ്ന്നതെന്നൊ  ഇല്ലാത്ത ഇടങ്ങളിലെ  തീൻമേശകളിൽ ആവശ്യത്തിലേറെ വിളമ്പി കൂട്ടുന്ന ഇരുകാലികൾ ആണ് എന്നതാണ് ദുഖകരം .

പകൽ അധ്വാനത്തിന് ശേഷം വെയിൽ മായുമ്പോൾ കൂടണയാൻ പായുന്ന ഓരോരുത്തരുടെയും മനസ്സിൽ എന്തെല്ലാം ഉണ്ടാവുക. രാവിലെ തങ്ങളുടെ പണിഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മുന്നിലേക്ക് നീട്ടിയ വീട്ടു ആവശ്യങ്ങളുടെ നീണ്ട പട്ടികകൾ,അതിനു ഉപ്പും,മുളകും, പയറും,പഞ്ചസാരയും,എണ്ണയും തുടങ്ങി ഇതു വരെ ജീവിച്ച് ജീവിതത്തിനൊടുവിൽ തന്റെതായ നിമിഷങ്ങക്കായി കാത്തിരിക്കുന്നവർക്കായി ആവശ്യവും അനാവശ്യമായ  മരുന്നുകളുടെ കുറിപ്പടികൾ വരെ. ഓരോ മനുഷ്യനും ഉണരുന്നതും ഉറങ്ങുന്നതിന് ഇടയിലുള്ള സമയം ചെലവഴിക്കുന്നത്,പണിയെടുക്കുന്നത്,കച്ചവടം ചെയ്യുന്നത് ഒക്കെ ഇങ്ങനെയുള്ള നീണ്ട പട്ടികയിൽ കയറിക്കൂടിയ ആവശ്യവും അനാവശ്യമായ   സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനാണ് എന്ന് തോന്നും ഇന്നുള്ളവരുടെ ജീവിതം കണ്ടാല്‍. സന്ധ്യകൾക്ക് മുമ്പ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എവിടെയൊക്കെയാണ് തിരക്കുകൾ കൂടുന്നതെന്ന് ഈ പട്ടികകൾക്കുള്ളിലെ സാമാനങ്ങളുടെ പീടികളുടെ മുന്നിലാകും എന്നത് ഒന്ന് ശ്രദ്ധിച്ചാൽ കാണാൻ കഴിയും.എന്നും ഈ  പ്രാരാബ്ധ പട്ടികയിൽ മാത്രം ശ്രദ്ധിച്ച് അതിലെ ക്രമങ്ങൾ വെട്ടിയും തിരുത്തിയും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് തനിക്കു ചുറ്റുമുള്ള മറ്റുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ എങ്ങനെ കഴിയും.പണ്ട് നഗരങ്ങളിൽ ഏതെങ്കിലും തുറസ്സായ ഇടങ്ങളിൽ പാട്ടുകളും,നാടകങ്ങളും,നൃത്തങ്ങളും,സ്വപ്നങ്ങളും സിനിമാപ്രദർശനം ഒക്കെ നടക്കുന്നുണ്ടാവും അന്നോക്കെ ഈ ഓട്ടങ്ങളക്കിടയില്‍ അവർക്ക് ഒന്ന് കണ്ണുകൾ കൊടുക്കുവാൻ പലരും  സമയം  കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് അവരൊക്കെ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞിരിക്കുന്നു, അല്ലെങ്കിൽ പഴയ തുറസ്സുകളില്‍ നിന്നും അടഞ്ഞുകൂടിയ ചുവരുകൾക്കുള്ളിലെക്ക് അവ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ ചുവരുകള്‍ തേടി അധികമാരും പോകാറില്ല,അവിടെ കിട്ടുന്ന ഒക്കെയും തന്റെ കൈയ്യിലെ ചതുരത്തില്‍ കിട്ടുമ്പോള്‍, അവരെല്ലാം തങ്ങളുടെ ഓട്ടത്തിനിടയിൽ വീണു കിട്ടുന്ന അല്പം സമയം അത് ബസ്സിലായാലും തീവണ്ടിയില്‍ ആയാലും മറ്റ് എവിടെയായാലും തന്റെ കയ്യിൽ ചെറിയ ചതുര കണ്ണുകളിലേക്ക് മാത്രം  ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. എവിടെയെങ്കിലും നാലാൾ കൂടുന്ന ഇടങ്ങളിലൊക്കെ ഉയർന്ന ശിരസ്സുമായി ശബ്ദ കോലാഹലത്തോടെ പരസ്പരം മിണ്ടുന്ന ആളുകളെയിരുന്നു കണ്ടിരുന്നത് എങ്കില്‍ ഇന്ന് എവിടെ എന്നില്ലാതെ അതൊരു മരണ വീടൊ കല്യാണ വീടൊ മറ്റേത് ഇടമോ ആകട്ടെ കുനിഞ്ഞ ശിരസ്സുമായിട്ടുള്ളവരെ മാത്രമാണ്  കാണാൻ കഴിയുക.പണ്ട് സന്ധ്യകളുടെ ഭംഗി കാണുന്നവരില്‍  നിന്ന് ഈ കനിഞ്ഞ ശിരസ്സുമായിരിക്കുന്ന  ആൾകൂട്ടത്തിന് (ഇന്ന് അതിന് പ്രായഭേദമില്ലാ) പുലരികളുടെയൊ സന്ധ്യകളുടെയൊ ഭംഗിയുള്ള  കാഴ്ചകളെപ്പറ്റി എങ്ങനെ ഓർക്കാനാണ്. തന്റെ കയ്യിലെ ചതുരപ്പെട്ടിയുടെ നീലവെളിച്ചതിന്റെ  മാന്ത്രികതയില്‍പെട്ടു പോയ ഈ ആള്‍ക്കൂട്ടം അല്ലെ നമുക്ക് ചുറ്റും ഇന്ന് കാണുന്നത്. ഇങ്ങനെയൊക്കെ കാലവും ലോകവും മാറുമ്പോൾ തന്റെ പതിവ്  നടത്തിന് യാതൊരു  മുടക്കം വരുത്തതെ സൂര്യനും,ചന്ദ്രനും,നക്ഷത്രങ്ങളും പഴയ ഇടങ്ങളിൽ തന്നെയുണ്ട്. ചേക്കേറുവാൻ ചില്ലുകൾ കിട്ടാത്ത പക്ഷികളും,മേച്ചിൽപ്പുറങ്ങളിലെ പുൽമേടുകളുടെ പച്ചപ്പും തേടി അലയുന്ന  മൃഗങ്ങളും.നാലും കൂടുന്ന കവലകളിലെ ചെറുചായക്കടകളിലും ആല്ത്തചറകളിവും നാട്ടുമൈതാനങ്ങളിലും നാടൻ വായനശാലകളും ഒക്കെ നാട്ടിലെ പ്രായമായവരുടെ കിനാക്കളിൽ മാത്രം അവശേഷിക്കുന്നു. കുനിഞ്ഞ ശിരസ്സുമായി മാത്രം ജീവിക്കുന്ന ആൾക്കൂട്ടവും എന്തൊരു ചൂട് എന്ന് ശാപവാക്കുകളൊടെ സൂര്യനെയും,കറണ്ട് പോകുമ്പോള്‍ മാത്രം കോൺക്രീറ്റ് കൂടാരങ്ങളുടെ ജനൽ പഴുതിലൂടെ  കാണുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉയർന്ന ശിരസ്സോടെ  നോക്കി ഒരു ചെറുപുഞ്ചിരി പടർത്തുന്ന മുഖമുള്ളവരും ഇനി എന്നാണ് തിരികെ എത്തുക,അറിയില്ലയെങ്കിലും എന്നെങ്കിലും തിരികെ എത്തും എന്നു തന്നെ പ്രതീക്ഷിക്കാം.