Wednesday, June 24, 2020

ചില ബന്ധങ്ങള്‍

നൂറാണ്ടുകള് പഴമയുള്ള കോട്ടയത്തെ സി.എം.എസ് കോളേജ് ഹൈസ്കൂളില് സ്കൂള് ജീവിതകാലം ആരംഭിക്കുവാന് ഭാഗ്യം കിട്ടിയ എന്റെ ഓര്മ്മയില് ഇപ്പോഴും തെളിഞ്ഞ് നില്ക്കുന്നത് അവിടുത്തേ ഒറ്റ മുറി ലൈബ്രറിയാണ്,ജീവിതത്തില് ആദ്യമായി ഞാന് കണ്ട ലൈബ്രറിയുടെ ആ ഒറ്റ മുറിയില് മരം കൊണ്ടുള്ള ചില്ല് അലമാരകളിലാണ് പുസ്തകങ്ങള് അടുക്കി വച്ചിരുന്നത്.ഒന്നുരണ്ട് പ്രാവശ്യം അതിനുള്ളില് കടക്കുവാന് അവസരം കിട്ടിയേങ്കിലും ആ അലമാരകളിലെ പുസ്തകങ്ങളില് ഒന്ന് തൊടുവാന് സാറുമാര് സമ്മതിച്ചിരുന്നില്ല. പലപ്പോഴും ക്ളാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ലീഡറുമാര് കൊണ്ടുവരുന്ന പുസ്തകങ്ങളില് ഒന്ന് ആ തവണ എനിക്കും കിട്ടി,പക്ഷേ അത് ഒരു ഇംഗ്ളീഷ് പുസ്തകമായിരുന്നു, ഒരു ഇംഗ്ളീഷ് മീഡിയം വിദ്യാര്ത്ഥി ആയിരുന്നെങ്കിലും ഒരു ഇംഗ്ളീഷ് പുസ്തകം വായിക്കുവാനുള്ള ശേഷി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. പുസ്തകം വീട്ടില് കൊണ്ടു പോയെങ്കിലും തിരികെ നല്കെണ്ട സമയത്തെ ഓര്മ്മിപ്പിക്കുന്ന അദ്ധ്യാപകരുടെ വാക്കുകളെ പേടിച്ച് വായിക്കാതെ തന്നെ തിരികെ നല്കുകയാണ് ഉണ്ടായത്.
പിന്നീട് പ്രീഡിഗ്രി പഠനകാലത്ത് കോളേജ് ലൈബ്രറിയില് മെമ്പര്ഷിപ്പ് എടുത്തുവെങ്കിലും ഒരു പുസ്തകമെടുപ്പി ലൂടെ ആ ബന്ധം അവസാനിച്ചു.ഇതിനിടയില് നാട്ടിലെ ലൈബ്രറിയില് എടുത്ത അംഗത്വമാണ് എന്റെ വായനാ ലോകം വിശാലമാക്കിയത്. അവിടുത്തെ പുസ്തകങ്ങളു മായുള്ള ബന്ധം പോലെ പ്രായമായ ലൈബ്രറിയനുമാ യുള്ള സ്നേഹബന്ധവും കൂറെ കാലം തുടര്ന്നു.ഡിഗ്രി പഠനത്തിനായി എത്തിയ കോളേജിലാണ് നല്ലോരു ലൈബ്രറി ഞാന് കാണുന്നത്.നിരവധി ഇരുമ്പ്,മര അലമാരകള് നിറഞ്ഞ മലയാളത്തിലെയും ഇംഗ്ളീഷി ലെയും പുസ്തകങ്ങളുടെ നീണ്ടനിര മൂന്ന് വര്ഷകാലം അവിടുത്തെ നിത്യസന്ദര്ശകനാക്കി.മലയാള പുസ്തക ങ്ങള്ക്ക് ആവശ്യകാര് നിരവധി ഉണ്ടായിരു ന്നതിനാല് നല്ല പുസ്തകങ്ങള് ഒന്നും വായിക്കാന് കിട്ടുമായിരു ന്നില്ല.അതു കൊണ്ട് വെറുതെ ചില്ല് അലമാരകളില് പരതുമ്പോള്,കാലങ്ങളായി തുറക്കാത്ത നിരവധി അലമാരകളില് ആരും എടുത്ത് വായിച്ചതിന്റെ ലക്ഷണങ്ങള്‌ ഒന്നും തന്നെ ഇല്ലാത്തെ സ്വസ്ഥമായി ഇരിക്കുന്നത് നിരവധി പുസ്തകങ്ങള് കാണുന്നത്.അതു തുറക്കുക എന്ന ആവശ്യവുമായി ലൈബ്രറിയനെ സമീപിച്ചപ്പോള് താക്കോല് കാണാനില്ല എന്ന മറുപടിയില് എന്നെ മടക്കി,നിരാശനായി എങ്കിലും അടുത്ത ഒരു ശ്രമത്തില്, ലൈബ്രറിയന്റെ അസിസ്റ്റന്റെനെ സമീപിച്ച് ആ അലമാരകള് തുറപ്പിച്ചു, അതിനുള്ളില് രാഷ്ട്രീയം,ധനതത്ത്വശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ മികച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്,മാര്ക്സിസം സംബന്ധിച്ച് നിരവധി പുസ്തകങ്ങള് ഉണ്ടായിരുന്നതില് ചിലത് ഞാന് വായിക്കാന് എടുക്കുകയുണ്ടായി,എന്നാല് ചില പേജ് വായിക്കുകയും മുഴുമിപ്പിക്കാതെ പരാജയപ്പെടുകയും ചെയ്തു.എങ്കിലും ക്യമ്പസിലെ വായനക്കാര്ക്ക് ഇടയില് ‍‍ഒരല്പം ഗമ കിട്ടുന്നതിനായി ഈ പുസ്തകങ്ങള് കൈയ്യിലെന്തി നടക്കുന്നത് അന്ന് ഒരു ശീലമായിരുന്നു.
ആ കാലത്ത് തന്നെയാണ് കോട്ടയം പബ്ളിക്ക് ലൈബ്രറി യില് അംഗത്വമെടുക്കുന്നത് മലയാള സാഹിത്യത്തിലെ പല പ്രധാന കൃതികളും വായിക്കുന്നത് അവിടെ നിന്നായിരുന്നു .ഒരു മാസമാണ് പുസ്തകം കൈയ്യില് വയ്ക്കാന് അനുവദിക്കുന്ന സമയം എങ്കിലും ഒരിക്കലും സമയത്ത് തിരികെ കെടുക്കാന് കഴിയാതെ ഫയിന് അടക്കുക എന്നത് എന്റെ ഇഷ്ട പ്രവൃത്തിയായിരി ക്കുന്നു. പബ്ളിക്ക് ലൈബ്രറിയിയും ഒപ്പം നാട്ടിലെ ലൈബ്രറിയുമായിരുന്നു എന്റെ വായനയുടെ മുഖ്യ ഇടങ്ങള്.നഗരത്തിലേക്ക് ചെക്കേറിയതില് പിന്നെ നാട്ടിലെ ലൈബ്രിറിയില് പോകാന് കഴിയാതായി,ഇന്നും സ്ഥിരമായി പോകുന്നിടം പബ്ളിക്ക് ലൈബ്രറി മാത്രമായി.
പുസ്തകങ്ങള് സ്വന്തമായി വാങ്ങാന് കഴിയുന്നതിന് മുമ്പ് വീട്ടിലെ ഡ്രസിങ്ങ് ടെബിളിന്റെ ഒരു ഡ്രോയില് അടുക്കി വച്ചിരുന്ന പുസ്തകങ്ങളിലുടെ ആയിരുന്നു ആദ്യ വായനയുടെ രസം അനുഭവിച്ചത്.കൂടതലും നോവലുകളും,കഥകളും ചരിത്രങ്ങളും ലോകരാഷ്ട്രങ്ങളുടെ ചരിത്രവും ഒക്കയാണ് ആ ഡ്രോയിലുള്ള പുസ്തകങ്ങള് .സര്ക്കാര് ജോലി കിട്ടി പല പഞ്ചായത്തുകളില് ജോലി ചെയ്യുമ്പോള് അവിടങ്ങളിലെ ലൈബ്രറിയന്‍‍മാര് എന്റെ നല്ല ചങ്ങാത്തതികളായിരുന്നു ,വിജയദാസ്, എ.കെ.വിനോദ്, വിജയന്ചേട്ടന് സരസ്വതി, സജയ് ഇവരോടുള്ള സൌഹൃദം എനിക്ക് പുസ്തകങ്ങളോടുള്ള സൌഹൃദം തന്നെയായിരുന്നു. വായന അകന്നു പോകുന്ന ഈ കാലത്ത് ഇവരുടെ ലൈബ്രറികളില് പലതും പരിമിധമായ സ്ഥലസൌകര്യങ്ങളില് പ്രവൃത്തിക്കുന്നവയായിരുന്നു, എങ്കിലും പുസ്തകങ്ങളെ സ്വന്തം ജീവിതത്തിനോപ്പം സ്നേഹിക്കുന്ന ഇവരോട് മറ്റുള്ളവരെക്കാള് ഒരു അടുപ്പം എന്നും എനിക്കുണ്ടായിരുന്നു.വളരെ മുമ്പ് തന്നെ പ്രവര്ത്തനം ആരംഭിച്ച ഈ ലൈബ്രറികളില് അപൂര്വ്വങ്ങളായ പുസ്തകങ്ങളുടെ ഇടങ്ങള് കൂടിയായിരുന്നു, അവയൊക്കെ വായിക്കുവാനുള്ള ഭാഗ്യം ഇവിടങ്ങളിലെ ജോലിയുടെ ഭാഗമായി എനിക്കുണ്ടായി.കെട്ടിടം പൊളിഞ്ഞു പോയതിനാല് മറ്റോരു സ്ഥലം ഉണ്ടാകുന്നത് വരെ സൂക്ഷിക്കാന് ഓഫീസിന്റെ ഒരു ഭാഗത്തെ മുറിയില് കൊണ്ട് അടുക്കി വച്ചിരുന്ന പുസ്തക കൂട്ടത്തില് നിന്നാണ് നെരൂദായുടെ പുസ്തകങ്ങള് ഞാന് വായിച്ചത്,അതുപോലെ വാള്ഡന്,ജിദ്ദു കൃഷ്മമൂര്ത്തിയുടെ പുസ്തകങ്ങള് അങ്ങനെ എത്ര എഴുത്തുകാരുടെ പുസ്തകങ്ങള്. വായനയോട് പൊതുവെ ഇന്നുള്ള വിമുഖത ആരും തിരിഞ്ഞു നോക്കാത്ത ഇടങ്ങളായി ഇവിടങ്ങളെ മാറ്റിയിരിക്കുന്നു.
സര്വ്വിസ് സംഘടനാ പ്രവര്ത്തനത്തിന്റെ ഭാഗമായി സംഘടനാ ആസ്ഥാനത്ത് ഒരു ലൈബ്രറി തയ്യാറാക്കുന്ന പ്രവര്ത്തനത്തില് പങ്ക് ചേരുവാന് എനിക്ക് അവസരമുണ്ടായി,ജീവനക്കാരില് നിന്ന് സമാഹരിച്ച പുസ്തകങ്ങളായിരുന്നു അവ,തരം തിരിച്ചപ്പോളാണ് ഒരു സത്യം മനസ്സിലായത് അവര് ഉപേക്ഷിക്കാന് മാറ്റി വച്ചിരുന്ന പുസ്തകങ്ങളായിരുന്നു അധികവും. അടുത്തകാലത്ത് ജോലിയുടെ ഭാഗമായി ഇടുക്കിയിലെ വട്ടവട പഞ്ചായത്തില് പോകുവാന് ഇടയായി.അന്ന് അവിടെ നാട് മുഴുവന് ശ്രദ്ധിച്ചിരുന്ന ഒരു സംഭവം നടക്കുന്നുണ്ടായിരുന്നു,മതാന്ധതയുടെ കഠാരമുനയാല് അകാലത്തില് പൊലിഞ്ഞ് പോയ ഒരു യുവാവിന്റെ സ്വപ്നം യാഥാര്ത്യമാക്കുവാന് ഒരു കൂട്ടം ആളുകള് അക്ഷീണം പ്രവര്ത്തിക്കുന്ന കാഴ്ച.വട്ടവടയില് ഒരു ഗ്രന്ഥശാല എന്ന ആ യുവാവിന്റെ സ്വപ്നത്തിലെക്ക് നാടിന്റെ നാനാദിക്കില് നിന്നും ഒഴുകി എത്തുന്ന പുസ്തകങ്ങള്,അവ തരം തിരിക്കുന്ന ഒരു കൂട്ടം സഹോദരിമാര്,തങ്ങളുടെ കൊച്ചനുജന്റെ സ്വപ്നങ്ങള്ക്ക് ചിറക് നെയ്യുന്ന ആ കാഴ്ച എത്ര ഹൃദയഭരിതമായിരുന്നു.
ഒരു നല്ല ലൈബ്രറി പോലെ,നല്ല പുസ്തകങ്ങളുടെ ഒരു ശേഖരം എന്നും ഒരു സ്വപ്നമായിരുന്നു,.ഇന്ന് ഏകദേശം ആയിരം പുസ്തകങ്ങള്ക്ക് അടുത്തുള്ള ആ ശേഖരം സാദ്ധ്യമായത് ഡി.സി.ബുക്സിന്റെ HLS സ്കീമിലൂടെയും മറ്റുമാണ്.വായിച്ചവയും വായിക്കാനുള്ളവയുമായ ആ പുസ്തകങ്ങള് കാണുമ്പോള് ഓര്ക്കുക സമയത്തിന്റെ പരിമിതിയാണ്.അതിനെ മറക്കുന്നത് അടച്ചിട്ട ഷെല്ഫുകൾ ഇടക്ക് തുറന്ന പുസ്തകങ്ങളെ ഒന്ന് എടുത്ത് മറിച്ച നോക്കുമ്പോള് കിട്ടുന്ന സന്തോഷത്തിലൂടെയാണ്. അപ്പോള് ആ പുസ്തകങ്ങളില് നിന്ന് ഉണ്ടാകുന്ന,എന്നെ ഇതുവരെ വായിക്കാന് എടുത്തില്ല എന്ന പരിഭവം നമ്മെ സങ്കടപ്പെടുത്തും, ഈ അടച്ചുപൂട്ടലിന്റെ കാലത്ത് സമയത്തിന്റെ നല്ലോരു ഭാഗം വായനക്കായി മാറ്റി വച്ചു എന്ന സന്തോഷം മുന്പെങ്ങും കിട്ടാത്തതാണ്.കുറച്ച് നാളുകള്ക്ക് മുമ്പ് ഏറ്റേടുത്ത പുസ്തകവായന വെല്ലുവിളിയിലെ എണ്ണത്തിനോട് ഒരോ പുസ്തകവും വായിച്ച് അടുക്കുമ്പോള് കഴിഞ്ഞ കാലങ്ങളില് സ്വയം സൃഷ്ടിച്ച അനാവശ്യ തിരക്കുകളില് നഷ്ടമാക്കിയ സമയത്തെ പറ്റി വെറുതെ ഓര്ത്തു പോകുന്നു, ഇന്ന് സ്പര്ശന ഫോണിന്റെ മാസ്മരിക ലോകത്ത് നമ്മുടെ എത്ര മണിക്കൂറുകളാണ് നഷ്ടമാകുന്നത് എന്ന് സ്വയം നീരിക്ഷിച്ചാല് പരിഭ്രാന്തിപെടേണ്ടി വരും ,അനാവശ്യ സംഭാക്ഷണങ്ങളും ഫോണിലുള്ള അനാവശ്യ “ആപ്പു”കളിലും കുരുങ്ങി കളയുന്ന സമയവും അലമാരക്കുള്ളിലേ പുസ്തകങ്ങളില് നിക്ഷേപിക്കാന് തീരുമാനിച്ചപ്പോള് സമയം ഏറെ വൈകിപ്പോയി എന്നു തന്നെയാണ് മനസ്സില്.




Saturday, June 20, 2020

വായനയുടെ യാത്രകള്‍


തൊണ്ണൂറുകളില് പ്രിഡിഗ്രി പഠനകാലത്തി ന്റെ ഇടവെളില് വീട്ടിലെ അലമാരയില് ഭദ്രമായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളില് ചിലത് വായിച്ചു കൊണ്ടാണ് പുസ്തക ങ്ങളുടെ, വായനയുടെ ലോകത്തിലെക്ക് ഞാന് എത്തുന്നത്.ഈ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ചില പുസ്തകങ്ങള് വായിച്ചിരുന്നേങ്കിലും അന്നത്തെ കൂട്ടുകാർ വായന അത്ര നല്ല കാര്യമായി കണ്ടിരുന്നില്ല എന്നതു കൊണ്ട് എനിക്കും അന്ന് വായന അത്ര ഗൌരവമായി എടുക്കാൻ തോന്നിയില്ല. അതിനാല് ആദ്യ വായനക്ക് തുടർച്ചയായ വായനയും ഉണ്ടായില്ല. അക്കാലത്ത് വ്യക്തിപരമായ ചില അസൗകര്യങ്ങള് കൊണ്ട് കൂടുതല് സമയം വീട്ടില് തന്നെ കഴിച്ചു കൂട്ടേണ്ടി വന്നതിനാല് പുസ്തകങ്ങളെ ആശ്രയിക്കുക എന്നതു മാത്രമായിരുന്നു സമയത്തോട് സമരസപ്പെടാനുള്ള ഏക പോംവഴി. അന്നത്തെ വായനയില് വീട്ടിലുണ്ടായിരുന്ന പഴയ കാല നോവലുകള്, കഥകള് എന്നിവയായിരുന്നു,രാഘവന് പുന്നശ്ശേരിയുടെ ചാരം, ക്യാപ്റ്റന് കൊളാബാവാലയുടെ ഹിപ്പികളുടെ ലോകം, കർത്താെർസിംഗ് ദുഗ്ഗലിന്റെ നഖവും മാംസവും, കമലേശ്വന്റെ കൊടുംങ്കാറ്റ്, വി.കെ.മോഹനന്റെ താറാവ്, ധൂവങ്ങള് അനേകം, സൂര്യന്റെ മരണം,പിന്നെയും പേര് മറന്ന കുറേ പുസ്തകങ്ങള് വായിച്ചു .പിന്നിട് വായന ബഷീറിലെത്തുമ്പോള് വായനയുടെ മറ്റോരു ലോകം എന്റെ മുന്നില് തുറക്കുകയായിരുന്നു, ആ ലോകത്തിലെ പലതും എനിക്ക് ചുറ്റുമുള്ള പരിസരത്ത് ഞാന് കണ്ടു അത്ഭുതപ്പെട്ടു.

ആ കാലത്ത് ഒരു ലൈബ്രറിയില് അംഗത്വമെടുക്കുക എന്നത് ചിന്തിച്ചിട്ടു പോലുമില്ലത്ത കാര്യമാണ്. പ്രീഡിഗ്രി പഠനകാലത്ത് കോളേജ് ലൈബ്രറിയില് അംഗത്വമെടുക്കുവാന് ഞങ്ങളുടെ സംഘം ചേന്നപ്പോള് ആ കൂട്ടത്തിലെ സുഹ്യത്തിനോട് എന്താണ് വന്നത് എന്ന ലൈബ്രേറിയന് എന്ന് തോന്നിക്കുന്ന ആളുടെ ചോദ്യത്തിന് ഒരു അംഗത്വം വേണം എന്ന് ഗൌരവത്തോടെ മറുപടി പറയുകയും ഞങ്ങൾക്ക് എല്ലാവർക്കും അംഗത്വം കിട്ടുകയും ചെയ്തു. അന്ന് ആദ്യമായി എടുത്ത പുസ്തകത്തിന്റെ പേര് ഓർമ്മയില്ലെങ്കിലും ആ പുസ്തകം വായിച്ചില്ല എന്ന് വ്യക്തമായി ഓർക്കുന്നുണ്ട്. പിന്നീട് ഒരു ലൈബ്രറിയില് അംഗത്വമെടുക്കുന്നത് നാട്ടില് ഞാന് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചാറ് കിലോമീറ്റര് ദൂരെയുള്ള കിളിരൂരിലെ കാര്ത്ത്യായനി വിലാസം ഗ്രന്ഥശാലയിലാണ്. ആരുടെയോ കൂടെ ഒരു ഒഴിവ് ദിനം കിളിരൂർക്ക് പോകുകയും ഈ വായനശാല യുടെ മുന്നില് എത്തുകയും ചെയ്തു, അപ്പോള് തോന്നിയ ഒരു തോന്നലില് അംഗത്വം എടുക്കുന്നതിനായി വായനശാല കെട്ടിടത്തിലെക്ക് കയറിയേങ്കിലും അതിന്റെ വാതിലുകൾ അടഞ്ഞു കിടന്നു. മുന്നിലേ പകുതി തുറന്ന വരാന്തയില് പത്ര വായനക്കാർക്കുള്ള സ്ഥലത്ത് അന്നത്തേ പത്രവാർത്തകളിലെക്ക് മുഖമാഴ്ത്തി ഇരിക്കുന്ന ആളോട് വായനശാലയുടെ വാതിലുകള് എപ്പോള് തുറക്കും എന്ന് അന്വേഷിച്ചപ്പോള് വായിച്ചിരുന്ന പത്രത്തിൽ നിന്ന് മുഖമുയർത്താതെ തന്നെ നാലുമണി എന്ന് പറഞ്ഞു, നാലു മണിയാകുവാന് ഇനിയും ഏറെ സമയദൂരമുള്ളതിനാല് വീട്ടിലെക്ക് തിരികെ നടന്നു.പിന്നെ സൈക്കളില് വായന ശാലയില് അംഗത്വം എടുക്കുന്നതിനായി നാലു മണിക്ക് എത്തുമ്പോഴും വായനശാലയുടെ വാതിലുകള് തുറന്നിട്ടില്ലായിരുന്നു.കുറച്ച് സമയം കാത്ത് നിന്ന് കഴിഞ്ഞപ്പോൾ പ്രായമായ ഒരാളും,ഒരു ചെറുപ്പക്കാരനും അവിടെക്ക് വന്നു, ഞാൻ അംഗത്വത്തിന്റെ കാര്യം തിരക്കിയപ്പോള്, പരിചയപ്പെടുത്തു വാന് ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു,അന്ന് എന്റെ നാട്ടില് വായനശാലകളില് അംഗത്വമുള്ള അരെങ്കിലും ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു.പൊതുവെ പുസ്തക വായനക്കാര് ഇല്ലാത്ത ഒരു നാടാണ് എന്റെ ത് എന്നു തന്നെ പറയാം.നിരാശകലർന്ന എന്റെ മുഖം കണ്ടിട്ടാകാം എന്നെ പറ്റിയുള്ള കാര്യങ്ങള് അന്വേഷിച്ചിട്ട് അംഗത്വ ഫോറം എടുത്തു തന്നു.അംഗത്വമെടുത്ത് ഉള്ളിലെക്ക് കടന്നപ്പോള് പത്തുപന്ത്രണ്ട് മരറാക്കുകളില് അട്ടിഅട്ടിയായിട്ടുള്ള പുസ്തകങ്ങളാണ് എന്നെ കാത്തിരുന്നത്.അപ്പോള് എന്നെ കുഴക്കിയ പ്രശ്നം ഏതു പുസ്കകം എടുക്കും എന്നതാണ്,അന്ന് അധികം പുസ്തകങ്ങള് വായിക്കാത്ത എനിക്ക് അധികം എഴുത്തുകാരെയും അറിയില്ലായിരുന്നു.ഇന്ന് പേര് ഓർക്കാൻ കഴിയാത്ത രണ്ടു പുസ്തകങ്ങള് നോവലുകള് അണെന്നു തോന്നുന്നു,ഞാന് എടുത്തു.അത് രണ്ട് ദിവസം കൊണ്ടു വായിച്ചു തീർന്നു .പിന്നെ വായിച്ചു തീർന്ന എത്രയോ പുസ്തകങ്ങളുമായി കാര്ത്ത്യായനി വിലാസം ഗ്രന്ഥശാലയിലെക്ക് എത്രയോ വൈകുന്നേരങ്ങളില് സൈക്കിളില് ചവിട്ടി പോയിരിക്കുന്നു.അന്ന് അവിടുന്ന് വായിച്ച 60,70,80കളിലെ തിളക്കുന്ന എഴുത്തുകൾ എന്നെ എത്രയാണ് വിസ്മയിപ്പിച്ചിട്ടുള്ളത്. എം.ടി, കാക്കനാടന്, പുനത്തില്,മുകുന്ദന് അങ്ങനെ എത്രയോ എഴുത്തുകാര്,അവരുടെ എത്രയോ പുസ്തകങ്ങള്, ഒരോന്നായി വായനയുടെ പുതിയ ലോകങ്ങൾ എനിക്കായി തുറന്നിട്ടു തന്നു.

അക്കാലത്തായിരുന്നു ഒരു പുസ്തകം സ്വന്തമായി വാങ്ങുന്നത്, കോട്ടത്തെ എം.ഡി കോമേഷ്യല് സെന്റെറിലെ കറന്റെ ബുക്ക്സില് നിന്ന് പുനത്തിലിന്റെ മേഘകുടകള് എന്ന കഥാസമാഹാരം, ദേശാഭിമാനി പുസ്തശാലയില് നിന്ന് കാക്കനാടന്റെ ഒരു നോവല്,കൊല്ലത്തെ ഇംപ്രിന്റെ ബുക്ക്സില് നിന്ന് തപാലു വഴി ഫ്രിജല്ല് മുറാദിലെ പൂച്ചകള് എന്നിവയാണ് സ്വന്തമായി വാങ്ങിയ പുസ്തകങ്ങള്.അന്ന് ഉണ്ടായ സന്തോഷം പിന്നിട് സ്വന്തമാക്കിയ ഒരു പുസ്തകത്തിലും നിന്ന് കിട്ടിയിട്ടില്ല.ഡിഗ്രി പഠനകാലത്ത് കിട്ടിയ പുതിയ സൌഹൃദം വായനയുടെ പുതിയ ലോകം തുറന്നിട്ടു, എന്റെ സുഹൃത്ത് എനിക്ക് മുൻപേ വായന തുടങ്ങിയ ആളായിരുന്നു, ഞാന് വായിക്കാത്ത പുസ്തകങ്ങള് പരിചയപ്പെടുത്തിയത് എനിക്ക് വായനയില് കൂടുതല് സജീവമാകുന്നതിന് സഹായിച്ചു. അന്ന് പഠിച്ചത് രാഷ്ട്രമീമാസ ആയിരുന്നെ ങ്കിലും വായിച്ചത് കൂടുതലും സാഹിത്യമായിരുന്നു, ആ കാലത്താണ് 70കളിലെ കവിതകള് വായിക്കുന്നത്,ആ കവിതകളെ അനുകരിച്ച് ഞാനും രണ്ട് മൂന്ന് കവിതകള് എഴുതി കോളേജ് മാഗസിനില് പ്രസിദ്ധികരിച്ചെങ്കിലും പിന്നെ അത് എന്റെ പണിയല്ല എന്ന് തിരിച്ചറിഞ്ഞ് നിർത്തി. ഒരു ബന്ധുവിന്റെ വീട്ടില് ആ കാലത്ത് പോകാന് ഇടവന്നപ്പോള് അവിടുത്തെ ഒരു മുറിയില് കുറെ പുസ്തകങ്ങള് അടുക്കി വച്ചിരിക്കുന്നത് കണ്ടു,എല്ലാം പുതിയ പുസ്തകങ്ങള് ഒരോന്നായി മറിച്ചു നോക്കിയപ്പോള് ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടു, മരുഭൂമികള് ഉണ്ടാകുന്നത് എന്ന പേരുള്ള ആ പുസ്തകത്തിന്റെ എഴുത്തുകാരനായ ആനന്ദ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു പുസ്തകത്തിന്റെ പേരിൽ തോന്നിയ ഒരു കൌതുകം ആ പുസ്തകം വായിക്കാന് തരുമോ എന്ന് ചോദിപ്പിച്ചു,എടുത്തു കൊള്ളാന് ബന്ധു പറഞ്ഞു.വീട്ടില് എത്തി വായിക്കാന് ശ്രമിച്ചുവെങ്കിലും ഒന്നും മനസ്സിലാകാതെ പുസ്തകം അടച്ചു,പിന്നെ കൂറെ കാലം കഴിഞ്ഞാണ് ആ പുസ്തകം വായിക്കുന്നതും എഴുത്തുകാനേ മനസ്സിലാക്കുന്നതും , ഇന്നും ആ പുസ്തകം തിരികെ കൊടുക്കാതെ എന്റെ കൈയില് ഭദ്രമായി ഇരിപ്പുണ്ട്.പിന്നിട് ആനന്ദിന്റെ എത്രയോ പുസ്തകങ്ങള് വാങ്ങി വായിച്ചിരിക്കുന്നു, എന്റെ പ്രിയമുള്ള എഴുത്തുകാരില് ഏറ്റവും പ്രധാനിയാണ് ആനന്ദ് എന്ന എഴുത്തുകാരൻ.മേതില്, നിർമ്മൽകുമാർ എന്നിവരുടെ പുസ്തകങ്ങളും എഴുത്തുകളും ഈ കാലത്താണ് വായിക്കുന്നത്, അവ ഷെൽവിയുടെ മൾബറിയിലൂടെ പുറത്ത് വന്ന മനോഹര പുസ്തകങ്ങളായിരുന്നു

ഇതിനിടയില് കോട്ടയം പബ്ളിക്ക് ലൈബ്രറിയില് അംഗത്വം എടുത്തു,രണ്ട് പുസ്തകങ്ങള് മാത്രമെടുക്കാവുന്ന മെമ്പർഷിപ്പ്,അന്ന് അത് മതിയായിരുന്നു. രണ്ട് പുസ്തകങ്ങള് വായിക്കാന് രണ്ട് ദിവസം തന്നെ ധാരാളം.ഒന്നുരാടന് ലൈബ്രറിലെക്കുള്ള യാത്രയുടെ ആവേശത്തില് വായനയുടെ വേഗതയും കൂടി,ഇന്നും ആ മെമ്പർഷിപ്പ് തന്നെയാണ് തുടരുന്നത് കൂട്ടത്തില് അനിയന്റെ അംഗത്വത്തിലും പുസ്തകങ്ങള് ഞാന് എടുക്കുന്നു,അതും രണ്ട് പുസ്തകങ്ങള് എടുക്കുവാനുള്ള മെമ്പർഷിപ്പ് അങ്ങനെ നാല് പുസ്തകങ്ങള്, മുടങ്ങാതെ ഫൈന് അടച്ച് പുസ്തകങ്ങള് എടുക്കുന്നു

ഇതിനിടയില് കിട്ടിയ സർക്കാര് ഉദ്യോഗം വായനയേ രണ്ട് തരത്തില് ബാധിച്ചു,ഒന്ന് ഗുണപരമായി, പുസ്തകങ്ങൾ സ്വന്തമായി വാങ്ങുവാനുള്ള വരുമാനമായി, രണ്ട് ഉദ്യോഗത്തിന്റെ തിരക്കിൽ വായന വല്ലാതെ വരണ്ടു,ഒരു പരിധി വരെ നിന്ന് പോകുകയും ചെയ്തു.എങ്കിലും പുസ്തകശാലകളില് കയറുന്നുതോ, പുസ്തകമേളകളില് കയറുന്നതോ ഈക്കാലത്തും മുടക്കിട്ടില്ല.നഗരത്തില് ഏതോക്കെ പുസ്തകശാലകള് ഉണ്ടോ അവിടെ എല്ലാം ഒരു കാലത്തും, ഇന്നും നിത്യസന്ദർശകനാണ്, കറന്റെ ബുക്സിന്റെ രണ്ടു ശാഖകള്, എം.ഡി കോമേഷ്യല് സെന്റെറിലെയും കളരിക്കബസാറിലും.ദേശാഭിമാനി പുസ്തകശാല,പ്രഭാത് ബുക്ക്സ്. ചിന്തയിലൂടെയും, പ്രഭാതിലൂടെയും ഇടതു സാഹിത്യം പരിചിതമായി പിന്നിട് ഇവയില് മുന്നെണ്ണം പിന്നിട് നിന്നു പോയി എങ്കിലും ആ ഓര്മ്മനകള് വായനയുടെ വസന്ത കാലത്തെ ഓർമ്മിപ്പിക്കുന്നു.ഈ അടുത്ത കാലത്താണ് ഒൺലൈനിലുടെ പുസ്തകങ്ങള് വാങ്ങുന്നത് പരിചിത മാകുന്നത്, ആകൂട്ടത്തില് പരിചയപ്പെട്ട ബുക്കചോറ് ആപ്പിലൂടെ ഇംഗ്ളീഷ് പുസ്തകങ്ങളുടെ നല്ലോരു ശേഖരം സ്വന്തമാക്കി.നോവലുകളിലൂടെയും കഥകളി ലൂടെയും തുടങ്ങിയ വായനയുടെ വിഷയങ്ങള് പിന്നിട്ട കാലത്ത് എത്രയോ മാറിയിരിക്കുന്നു,രാഷ്ടിയം, സിനിമ , പരിസ്ഥിതി, യാത്രകള്, ആദ്യത്മീകം, അങ്ങനെ എത്രയോ മേഖലകള്.ഇന്ന് ഈ അടച്ചു പൂട്ടലിന്റെ കാലം വർഷങ്ങൾക്ക് ശേഷം വായനയുടെ നല്ല കാലമായി മാറി.ഹാരിസ് നെമേനി എന്ന എഴുത്തുകാരന്, വായനക്കാരന് ലിറ്റില് മാഗസിനില് എഴുതിയ ഒരു കുറിപ്പില് ഒരു വർഷം 100 പുസ്തകങ്ങള് വായിക്കുന്നതിനുള്ള ചലഞ്ചിനെ പറ്റി എഴുതിയപ്പോള് അത് ഞാനും ഏറ്റേടുത്തു.ഇപ്പോള് നാല്പ്പ്പതോളം പുസ്തകങ്ങളുടെ വായനയില് എത്തി നില്ക്കു ന്ന ആ വായനാ വെല്ലുവിളി,നൂറില് എത്തിയില്ലങ്കിലും വാങ്ങി കൂട്ടിയ പുസ്തകങ്ങളില് നല്ലോരു പങ്കിനെ,എന്നെ വായിക്കു എന്ന പുസ്തകങ്ങളുടെ നിലവിളിയേ, പിണക്കത്തെ മാറ്റാനുള്ളു അവസരമായി ഞാന് ഇത് ഏറ്റേടുക്കുന്നു.ശ്വാസമുള്ള കാലത്തോളം വായിക്കുക എന്ന ആശയോടെ,പണ്ട് ഒരു സുഹൃത്ത് ഒരു രാത്രി എന്റെ മുറിയില് കഴിച്ച് കൂട്ടിയപ്പോള്,അന്ന് ഇടുങ്ങിയ ആ ചെറിയ മുറിയുടെ ഒരു ദിത്തിയില് ഉറപ്പിച്ച പുസ്തക റാക്കിലും,മേശമേലും അരപ്പോക്കെമുള്ള അലമാരയുടെ മുകളിലും അടുക്കി വച്ച പുസ്തകങ്ങക്ക് ഇടയില് കിടന്ന് ഉറങ്ങിയത് വല്ലാത്ത ഒരു അനുഭവമാണ് എന്ന് പറഞ്ഞതു പോലെ, എന്നും പുസ്തകങ്ങൾ അടുക്കി വച്ച അലമാരകൾക്ക് സമീപം ഉറങ്ങാന് കഴിഞ്ഞിരുന്നുവെങ്കില് എന്ന വല്ലാതെ ആശിച്ച് പോകുന്നു.