ഇന്നലെ രാത്രിയില്‍ സജീവിന്റെ വിളി വന്നപ്പോള്‍ പതിവില്ലാതെ എന്താണ് രാത്രിയില്‍ എന്ന ചോദ്യം മനസ്സില്‍ ഉണ്ടായി, ജീവിതഗാനം നിലച്ചു എന്ന് പറയുമ്പോഴും ആ വാക്കുകളുടെ പൂർണ്ണഅര്‍ത്ഥം മനസ്സില്‍ പതിഞ്ഞില്ല. ദാസ് മാഷ് പോയി എന്ന് പറയുമ്പോള്‍ മനസ്സിന്റെ അവസ്ഥ അതു തന്നെയായിരുന്നു,ആര് എന്ന എന്റെ ചോദ്യത്തിന് പി.എന്‍ ദാസ് മാഷ് മരണപ്പെട്ടു എന്ന് വ്യക്തമാക്കുമ്പോൾ മാസങ്ങള്‍ക്ക് മുമ്പ് എഴുതി,പോസ്റ്റ് ചെയ്യാതെ എന്റെ കൈയ്യില്‍ സൂക്ഷിക്കുന്ന കത്തായിരുന്നു മനസ്സില്‍.നമ്മള് വായിക്കാന്‍ ഇഷ്ടപ്പെടുന്ന വരികള്‍ എഴുതുന്ന എഴുത്തുകാരോട് ,ഒരു വായനക്കാരന് തോന്നുന്ന ബഹുമാനം, പ്രത്യേകമായ ഇഷ്ടം, അതായിരുന്നു എനിക്ക് പി.എന്‍ ദാസ് മാഷ് .ഇതു വരെ നേരില്‍ കണ്ടിട്ടില്ലാത്ത, എഴുതിയ വരികളിലുടെ മാത്രം പരിചയിച്ച എഴുത്തുകാരന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രൂഭൂമി തൊഴില്മാസികയോടോപ്പം കിട്ടിയിരുന്ന ശ്രീ എന്ന ചെറുമാസികയില്‍ ദാസ് മാഷ് എഴുതിയ കുറിപ്പുകളിലൂടെയാണ് ആ എഴുത്തിനെ പരിചയിക്കുന്നത്.പിന്നീട് ജീവിതഗാനം എന്ന പുസ്തകം വാങ്ങുകയും വായിക്കുവാന്‍ തുടങ്ങുകയും ചെയ്തുവെങ്കിലും ഇന്നും ആ പുസ്തകം പുര്ണ്ണമാക്കിട്ടില്ല എന്നത് എന്റെ മനസ്സിന്റെ ഭയം മൂലമാണ് .ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇരുണ്ടു പോയ മനസ്സിലേക്ക് വെളിച്ചമായി തിരിച്ചെത്തിയത് ആ പുസ്തകത്തിലെ ശ്രുതികളായിരുന്നു.ആ ശ്രുതികളിലെ വാക്കുകള്‍ നഷ്ടമാകുന്ന മനസ്സിനെ തിരിച്ചു പിടിക്കുവാന്‍ എത്രയാണ് സഹായിച്ചത് എന്ന് ഇപ്പോഴും തിട്ടമില്ല,അങ്ങനെയുള്ള ഒരു പുസ്തകത്തിന്റെ താളുകള്‍ പൂര്‍ണ്ണമായും വായിച്ചു തീര്‍ന്നാല്‍ ആ പുസ്തകം എന്നില്‍ നിന്ന് അകന്നു പോകുമോ എന്ന ഭയം പുസ്തകത്തെ പൂര്‍ണ്ണമായും വായിച്ചു തീര്‍ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു കൊണ്ടിരിക്കുന്നു,ഇന്നും പലപ്പോഴും മനസ്സ് ഇരുളുമ്പോള്‍ ആ പുസ്തകം വായിക്കുവാന്‍ കൈയ്യിലെടുക്കുന്നു,മൂന്ന്,നാല് ശ്രുതികള്‍ വായിച്ച് ശേഷം മടക്കി വെയ്ക്കുന്നു.അതു കൊണ്ട് ജീവിത ഗാനം ഇന്നും പൂര്‍ണ്ണമായും വായിക്കപ്പെടാത്ത പുസ്തകമായി എന്റെ പുസ്തക കൂട്ടത്തില്‍ ഇരിക്കുന്നു.ദാസ് മാഷിന്റെ വേരുകളും ചിറകുകളും,ധ്യാന പാഠങ്ങള്‍,ഇരുളിലെ ജീവതാരകം,വിളക്കില്ല വെളിച്ചം മാത്രം ,പക്ഷിമാനസ്സം,(ആദ്യം വാങ്ങിയ പുസ്തകത്തില്‍ നാല് പേജുകള്‍ അച്ചടി മഷി പതിയാതെ പോയതിനാല്‍ ആ പുസ്തകം വീണ്ടും വാങ്ങിച്ചു)ബോധിവ്യക്ഷത്തിന്റെ ഇലകള്‍,ബുദ്ധന് കത്തിയേരിയുന്നു, ഹൃദയനിലാവ്,ഒരു തുള്ളി വെളിച്ചം,കരുണയിലേക്കുള്ള തീര്‍ത്ഥാടനം, എഡിറ്ററായിയുള്ള ആരോഗ്യ ഹരിത ദര്‍ശനം തുടങ്ങിയ 12 പുസ്തകങ്ങള്‍ പുസ്തകകൂട്ടത്തില്‍ ഇരിക്കുമ്പോള്‍ വായിച്ചി മുഴുമിപ്പിക്കാത്ത ഒരേ ഒരു പുസ്തകം ജീവിത ഗാനം മാത്രമാണ്.ദാസ് മാഷിന്റെ പുസ്തകങ്ങളുടെ പേരുകള്‍ ശ്രദ്ധിക്കു,നമ്മുക്ക് മനസ്സിലാകും ഈ ഇരുണ്ട കാലത്ത് ഇരുണ്ടു പോയ മനസ്സുമായി ജീവിക്കന്ന മനുഷ്യര്‍ക്ക് ഒരു തുളളി വെളിച്ചമാകട്ടെ താന്‍ എഴുതുന്ന വരികള്‍ എന്ന പ്രാര്‍ത്ഥനയോടെ എഴുതിയതാണ് ആ വരികള്‍ എന്ന് .ബുദ്ധന്റെ വാക്കുകളിലൂടെയും,സെന്‍ കഥകളിലൂടെയും പ്രകൃതിയേ സ്നേഹിക്കുക എന്നും മാഷ് എപ്പോഴും നമ്മേ ഓർമ്മിപ്പിച്ചു കൊണ്ടിരിന്നു.ഇന്നുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആ വരികള്‍ ഏതെങ്കിലും മനസ്സുകള്‍ക്ക് വെളിച്ചമാകട്ടെ എന്നതായിരിക്കും മാഷ് മനസ്സില്‍ കണ്ടിരിക്കുക എന്നതും തീര്‍ച്ചയാണ്.പി.എന്‍.ദാസ് മാഷ് ഇനി എനിക്ക് വായിച്ച് തീരാത്ത പുസ്തകമായും,പോസ്റ്റ് ചെയ്യാത്ത കത്തായും.ഡയല് ചെയ്യാത്ത ഒരു ടെലിഫോണ്‍ നമ്പരായും മാത്രം അവശേഷിക്കുമോ മനസ്സിൽ ?ഇല്ല ഒരിക്കലും അതിന് കഴിയില്ല കാരണം ജീവിത ഗാനം അവസാനിക്കാതിടത്തോളം അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ആശ്വസിക്കാം,മാഷിന്റെ മരണത്തോടെ നമ്മുക്ക് നഷ്ടമാകുന്നത് ഇന്ന് നമ്മുക്ക് ആവശ്യമാണ് എന്ന് ഇതു വരെ നമ്മൾ തിരിച്ചറിയാത്ത വെളിച്ചത്തിന്റെ വരികളാണ് എന്നാല്‍ ഇന്ന് തീര്‍ത്തും ഇല്ലാതാകുന്നതും ഈ തിരിച്ചറിയാത്ത വെളിച്ചത്തിന്റെ വരികളാണ് എന്നതു മാത്രമാണ് അവശേഷിക്കുന്ന ഏകസത്യവും
Subscribe to:
Post Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
No comments:
Post a Comment