Tuesday, July 29, 2025

▪️വായിച്ച പുസ്തകം / മരണകൂട്ട് / വിനു പി / നിയാസ് കരീം▪️



"ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹത്തിന്റെ പുറംപോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട, ഒരുവേള പകൽവെളിച്ചത്തിലേക്ക് ഇറങ്ങാൻ പറ്റാതെ ഇരുട്ടിന്റെ മാളങ്ങളിലഭയം തേടേണ്ടിവന്ന ഒരു മനുഷ്യന്റെ ആത്മകഥയാണ് ഈ പുസ്‌തകം".സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ഈ വാക്കുകൾ എത്ര കൃത്യമായി ഈ പുസ്തകത്തെ നിർവ്വചിക്കുന്നു എന്ന് പുസ്തകത്തിന്റെ ഓരോ താളും അതിലെ വാക്കുകളും വായനക്കരനോട് പറയുന്നു ....
"ജാതിയുടെയോ മതത്തിൻ്റെയോ നിറത്തിൻ്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിൻ്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു മനുഷ്യനാണ് മുന്നിൽ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങൾ എടുക്കുന്നതാണ് തൊഴിൽ. അതിന്റെ പേരിൽ നാട്ടുകാർ അയാൾക്കൊരു വിളിപ്പേരിട്ടു. ശവംവാരി!" എന്നാൽ ആ യഥാർത്ഥ മനുഷ്യൻ്റെ, യഥാർത്ഥ പേര് വിനു എന്നാണ്.....

സമൂഹത്തിന്റെ ദുർഗ്ഗന്ധമകറ്റാൻ അനിവാര്യമൊയൊരു തൊഴിൽ ഏറ്റവും ആത്മാർത്ഥമായി ചെയ്യുന്നൊരു മനുഷ്യനെ അതേ സമൂഹം പേപ്പട്ടിയെ പ്പോലെ ആട്ടിയകറ്റുമ്പോൾ ഇതെല്ലാം നടക്കുന്നത് ഈ പ്രബുദ്ധകേരള ത്തിലാണെന്നത് പലർക്കും അവിശ്വസനീയമായി തോന്നാം. ചില സത്യങ്ങൾ അങ്ങനെയാണ്. ആ വലിയ എഴുത്തുകാരൻ എഴുതിയതുപോലെ നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രം. വർത്തമാനകാലത്തെ ഏറ്റവും സത്യസന്ധമായ കെട്ടുകഥകളിലൊന്നാണ് വിനുവിൻ്റെ ജീവിതം! (നിയാസ് കരീം ആമുഖത്തിൽ പറയുന്നു )

വിവരവും വിദ്യാഭ്യാസവുമണ്ട് എന്ന് നടിക്കുന്ന മാന്യന്മാരാൽ അകറ്റി നിർത്തപ്പെട്ട ഈ മനുഷ്യൻ ചെയ്യുന്ന കർമ്മത്തിൽ ഒരുപക്ഷേ താനും നാളെ വന്നുചേരാമെന്ന് ഇവർ ആരും ഓർക്കുന്നില്ല. പുസ്തകത്തിൻറെ എഴുത്ത് പങ്കാളിയായി നിയാസ് കരീമിനോട് തന്നെ ജീവിതം പറയുമ്പോൾ, ചെറുപ്പം മുതലുള്ള തന്റെ ജീവിതവും,ആ ജീവിതത്തിൻ ഇടയിൽ എങ്ങനെ ഈ കർമ്മത്തിലേക്ക് താൻ എത്തിച്ചേർന്നു എന്നും വിവരിക്കുമ്പോൾ, ആ വാക്കുകളിൽ തെളിയുന്ന ആത്മാർത്ഥത, ഈ പുസ്തകത്തിൻറെ ഓരോ വരികളിലും വാക്കുകളിലും ഒട്ടും ചേരാതെ പോകാതെ നിയാസ് പകർത്തുന്നു.താൻ ഈ കർമ്മത്തിലേക്ക് എത്തിയ എല്ലാ മനുഷ്യരാലും അവമതിക്കപ്പെട്ട് , ഉറക്കം നഷ്ടപ്പെട്ട്, ആശ്വാസം തേടിയുള്ള രാത്രികളിലെ നടപ്പിനോടുവിൽ അലഞ്ഞുതിരിഞ്ഞ് എത്തിച്ചേരുന്നത് ശ്മശാനത്തി ലെക്കാണ്. രാത്രികളിൽ ശ്മശാനത്തിൽ പോയിരുന്ന് പറഞ്ഞു തിർത്തതിനോടുവിൽ ശ്മശാനം തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിത്തുടങ്ങി എന്ന പറയുമ്പോൾ, പുസ്തകത്തിലെ വിനുവിൻ്റെ ഈ വാക്കുകൾ അതിനുള്ള തെളിവുകളായി മാറുന്നു.
"പിന്നെപ്പിന്നെ ശ്മശാനം എന്റെ ചോദ്യങ്ങൾക്കുത്തരം തരാൻ തുടങ്ങി. ഞാൻ ഭൂമിക്കു ഭാരമല്ലെന്നും എന്റെ ജന്മത്തിന് അർത്ഥമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ വേരുകൾ തന്നു ഞാൻ നിൽക്കുന്ന ഭൂമിയിലേക്ക് എന്നെ ഒന്നുകൂടി ഉറപ്പിച്ചുനിർത്തിയത് ആലുവ കൊച്ചിൻ ബാങ്കിനടുത്തുള്ള ആ പൊതുശ്‌മശാനവും അവിടെക്കിടന്ന അനാഥ മൃതദേഹങ്ങളുമാണ്. അവിടെ വെച്ച് എന്തൊക്കെ ചിന്തിച്ചപ്പോഴും അതിനെല്ലാം എനിക്കുത്തരം കിട്ടി. എൻ്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവിടെക്കിടന്ന മൃതദേഹങ്ങൾ തന്നെയായിരുന്നു! ജീവിതത്തിൽ എവിടൊക്കെ പോയവരും എന്തൊക്കെ ചെയ്തവരും എത്രയൊക്കെ ഓടിയവരും എന്തെല്ലാം നേടിയവരും ദേ കെടക്കണ് എന്റെ മുമ്പിൽ, നേടാത്തവനും നേടിയവനുമൊക്കെ ഒടുവിൽ ഒടുങ്ങുന്നത് കഷ്ടിച്ചൊരാൾക്ക് കിടക്കാവുന്ന ഇത്തിരി മണ്ണിലാ നാളെ ഞാനും കിടക്കും ഇതേ മണ്ണിൽ." തൊഴിലിൻ്റെ പേരിൽ സകലരാലും അകറ്റപ്പെടുമ്പോഴും തന്നെ ചേർത്ത് നിർത്തിയ തൻ്റെ ആശാന്മാരോടും പോലിസ് സേനയിലെ സാറുമാരോടും ഉള്ള വിനുവിൻ്റെ സ്നേഹം ഈ പുസ്തകത്തിൻ്റെ താളുകളിൽ പലയിടങ്ങളിൽ നമ്മൾ കാണുന്നുണ്ട്.

തന്നെ അലട്ടിയ സകല ദുഖങ്ങൾക്കും ശാശ്വതമായ ഉത്തരം ആ ശ്മശാനം നൽകി എന്ന് വിനുവിൻ്റെ വാക്കുകൾ തന്നെ വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്നു."പതുക്കെ ഞാനെന്റെ ദുഃഖങ്ങൾ മറന്നുതുടങ്ങി. എന്റെ ജീവിതത്തിന് ഒരർത്ഥമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു. എന്റെ ജന്മത്തിലൂടെ എനിക്കു നൽകപ്പെട്ട കർത്തവ്യം ഞാൻ തിരിച്ചറിഞ്ഞു. എന്നെപ്പോലുള്ള മനുഷ്യർ ജീവനില്ലാ ത്ത വെറും മാംസപിണ്ഡങ്ങളായി മാറുമ്പോൾ അവരെ ഭൂമിയിലേക്ക് യാത്രയയയ്ക്കാൻ താൽക്കാലി കമായി നിയോഗിക്കപ്പെട്ട സാരഥിയാണു ഞാൻ. അതാണെൻ്റെ ജീവിതലക്ഷ്യം. അത് കണ്ടെത്തി യതോടെ തലയിലെ വലിയ ഭാരം ഒഴിഞ്ഞുപോകുന്നപോലെ തോന്നി. എന്റെ ജീവിതത്തിന് ഞാൻ ഉത്തരം കണ്ടെത്തി. അതോടെ 'ശവംവാരി' എന്ന കൂക്കുവിളി പോലും എനിക്കാനന്ദമായി."


ആ 'ജീവിതം പറച്ചിലിനോടുവിൽ വായന എത്തുമ്പോൾ നിറയേ "വലിയ മനുഷ്യർ" നിറഞ്ഞ ഈ ലോകത്തിൽ വിനു എന്ന "യഥാർത്ഥ മനുഷ്യൻ്റെ" ആത്മാർത്ഥതയുള്ള ഈ വാക്കുകളിൽ പോലെ തന്നെയാണ് അയാളുടെ ജീവിതവും എന്ന് വെളിവാകുന്നു "എന്റെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്കു വന്നവനെ മണ്ണിലേക്കുതന്നെ യാത്രയാക്കുക. നമ്മൾ തനിച്ചുവന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചുതന്നെയാ പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നോർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക; അവരെ നന്നായി യാത്രയയയ്ക്കുക. അതാണെന്റെ കർത്തവ്യം. ആരുമില്ലാത്തവരെ ആദരവോടെ ആ യാത്രയ്ക്കൊരുക്കുന്ന കർമ്മം എനിക്ക് ഭംഗിയായി ചെയ്യണം."
ഇങ്ങനെ ഒക്കെയാണെങ്കിലും ആമുഖത്തിൽ നിയാസ് എഴുതിയ ഈ വാക്കുകൾ കൂടി ചേർന്നവെങ്കിൽ മാത്രമേ വിനു എന്ന ഈ യഥാർത്ഥ്യ മനുഷ്യൻ്റെ ജീവിത വായന പൂർണ്ണമാകു.

"വിനുവിനെ കേൾക്കുന്ന ദിവസങ്ങളിലൊന്നിൽ പിരിയാൻ നേരം

ഞാൻ ചോദിച്ചു:

'നാളെ എപ്പോഴായിരിക്കും ഫ്രീ ആയിരിക്കുക?'

മറുപടിയായി വിനു പറഞ്ഞ വാക്കുകൾ എന്നെ സ്‌തബ്ധനാക്കി: 'നാളെയെന്നല്ല, ഇനിയൊരിക്കലും എന്നെയാരും വിളിക്കാതിരിക്കട്ടെ. ദുർമ്മരണത്തിനിരയായ ശരീരങ്ങൾ എടുക്കുന്നതാണെൻറെ ജോലി. ഞാൻ ചെല്ലുന്നിടത്ത് കുടുംബം കലങ്ങും. എനിക്ക് പണിയില്ലാതിരിക്കട്ടെ എന്നാണ് എല്ലാ ദിവസത്തെയും എൻ്റെ പ്രാർത്ഥന.'

രാവും പകലും കർമ്മനിരതനായി തുടരുമ്പോഴും തന്നെയാരും വിളിക്കാതിരി ക്കട്ടേയെന്ന് ഉള്ളിൽത്തട്ടി പ്രാർത്ഥിക്കുന്ന ഇതുപോലൊരു മനുഷ്യൻ മറ്റെവിടെയുണ്ടാകും..?" 
നമ്മൾ സാധാരണ വായിച്ചു രസിക്കുന്ന ജീവിതകഥകളിൽ പെടുന്ന ഒരു ജീവിതകഥയല്ല മരണകൂട്ട് ഒരു 'ശവംവാരി'യുടെ ആത്മകഥ എന്ന് മാത്രം പ്രിയ വായനക്കാരെ ഒർമ്മിപ്പിക്കട്ടേ.


📙- മരണകൂട്ട് (autobiography /non-fiction)
✍️- വിനു പി / നിയാസ് കരീം
📖-150
🖨️-മാതൃഭൂമി ബുക്സ് (2024)
💸-200

Sunday, July 27, 2025

▪️വായിച്ച പുസ്തകം / The Art of Loving / ശൈലൻ▪️


ശൈലനിസത്തിലെ......
ജീവിതം......
ചങ്ങാത്തം......
സ്നേഹം......
പ്രണയം......
വ്യക്തികൾ......
ബന്ധങ്ങൾ/ ബന്ധനങ്ങൾ......

യാത്രകൾ......
പട്ടണങ്ങൾ......
പട്ടണകാഴ്ചകൾ......
ഗ്രാമങ്ങൾ ......
ഗ്രാമീണ കാഴ്ചകൾ ......
അവിടങ്ങളിലെ ആളുകൾ ......
രുചികൾ......

എഴുത്തുകൾ......
കവിതകൾ ......
സിനിമകൾ......
സിനിമാ കാഴ്ചകൾ ......
പിന്നെയും എന്തെല്ലാം ......

വായിച്ചതൊന്നും പറഞ്ഞാൽ തീരില്ല
അതിനാൽ വായിക്കുക ......

പ്രിയ വായനക്കാരാ, 
ശൈലന്റെ "The Art of Loving "വായിച്ച് വായിച്ച് 
അവസാന താളിൽ എത്തുമ്പോൾ നിങ്ങളെ
കാത്തിരിക്കുന്ന വരികളിൽ 
ഇപ്രകാരമാണ്  " കൂട്ടിലിട്ട് വളർത്തുന്ന കോഴി... 
ചങ്ങലയിലെ പട്ടി... 
തൊഴുത്തിലെ പോത്ത്... 
അതുപോലെയൊക്കെയാണ് 99% മനുഷ്യരും.. 
സാധ്യതകളുടെ ലക്ഷംകോടികളിൽ 
ഒരുഭാഗം പോലും ഉപയോഗപ്പെടുത്താനാവാതെ 
വീട്, ഓഫീസ്, ഇണ, കുട്ടികൾ, ടിവി സീരിയൽ 
തുടങ്ങിയ ചള്ള് എക്സ്ക്യൂസുകളിൽ കുരുങ്ങിക്കിടക്കുന്ന
വിചിത്രജീവികൾ.

ജീവിക്കുന്നുണ്ടോ ചോദിച്ചാൽ ഉണ്ട്... 
ചത്തുപോവൂലേന്ന് ചോദിച്ചാൽ അതും ഉണ്ട്..

ഇത്തിരിയൊന്ന് 
ട്രാക്ക് മാറ്റിപ്പിടിച്ച് 
നോക്കെന്നേയ്..

അപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം
ഇതു വരെ നിങ്ങൾ ജീവിച്ച ജീവിതം 
എന്തായിരുന്നു എന്ന്..."

📙- The Art of Loving (ശൈലനിസം )
✍️- ശൈലൻ
📖- 479
🖨️- Insight Publica (2018)
💸-550