Tuesday, March 19, 2024

വാക്കുകളുടെ ദേശാടനം



ചില പുസ്തകങ്ങൾ അങ്ങനെയാണ് ,അപ്രതീക്ഷിതമായി നമ്മുടെ വായനയുടെ ഇടത്തിലേക്ക് കയറി വരും.

അങ്ങനെ കഴിഞ്ഞ ദിവസം വന്നതാണ് 'വാക്കുകളുടെ 'ദേശാടനം ' സി . ഗോപിനാഥനാണ് എഴുത്തുകാരൻ, കെ വേണു ചീഫ് എഡിറ്ററായിരുന്ന സമീക്ഷ മാസികയിലൂടെ എഴുത്തു വഴിയിലേക്ക് എത്തിയ അദ്ദേഹം  എഴുതിയ 157 കുറിപ്പുകളാണ് ഉള്ളടക്കം. പുറംച്ചട്ടയിൽ എഴുതിട്ടുള്ളതു പോലെ ഹൃദയം കൊണ്ട് സംവദിക്കുന്ന കുറിപ്പുകൾ തന്നെയാണ് ഇവയെല്ലാം .

എല്ലാ കുറിപ്പുകളിലും തൻ്റെ ചുറ്റിലും ഉള്ളതിനെ പറ്റിയും ഉള്ളവരെ പറ്റിയും ഒക്കെയുള്ള  ചിന്തകളാണ് .

'വാക്കുകളുടെ ദേശാടനത്തിൽ 'തുടങ്ങി ' രോഹിത് വെമുലയുടെ ' ഓർമ്മകളിൽ അവസാനിക്കുന്ന ഈ 157 കുറിപ്പുകളിൽ ഭൂമിയേ പറ്റി മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിജാലങ്ങളെ പറ്റി സസ്യജാലങ്ങളെ പറ്റി ഇവയുടെ ഒക്കെ നിലനില്പിനെ പറ്റിയുള്ള അതിജീവനത്തേ പറ്റിയുള്ള വേവലാതികൾ കാണാം.

ജീവിതയാത്രയിൽ തന്നോടോത്ത് ഇടപകിയവരെ പറ്റിയുള്ള ഓർമ്മകളും തൻ്റെ തന്നെ വായനയും എഴുത്തുകളെ പറ്റിയും കലയും സാഹിത്യവും മറ്റു വിവിധ രാഷ്ട്രീയ ധാരകളെയും നേതാക്കളേ പറ്റിയും ജീവിച്ച നാട്ടിൻ പുറങ്ങളും പട്ടണങ്ങളും ഒക്കെ ഈ കുറിപ്പുകളിൽ നിറയുന്നു.

ഒരോ കുറിപ്പുകളും വായിച്ച് പോകുമ്പോൾ ഇവയിൽ പലതും നമ്മുക്ക് ചുറ്റും നടന്നവയും നമ്മൾ കണ്ടും കേട്ടും വായിച്ചും മറന്നവയാകാം. ' എന്നാൽ ഭാഷയേ തൻ്റെ പൂർണ്ണ നിയന്ത്രണത്തിലാക്കി  ഇവയേ കുറിച്ചോക്കെ സി. ഗോപിനാഥൻ എഴുതുമ്പോൾ അത് വായനയുടെ ഓർമ്മകളുടെ തിരിച്ചു വരവിൻ്റെ എന്നോ മറന്ന സൗഹദങ്ങളെ ഓർമ്മപ്പെടുത്തുന്ന കാലത്തിൻ്റെ ഏതോ ഉള്ളറകളിൽ മറന്നു കളഞ്ഞ നോമ്പരങ്ങളുടെ തിരിച്ചു വരവിൻ്റെ മറ്റോരു അനുഭവമായി മാറുന്നു. 

ഈ കെട്ട കാലത്തെ അതിജീവിക്കാൻ നാം  ഉണർന്നിരിക്കെണ്ടതുണ്ട് എന്ന് വാക്കുകളുടെ ദേശാടനത്തിലെ ഒരോ കുറിപ്പുകളിലൂടെയും 
സി.ഗോപിനാഥൻ നമ്മേ ഓർമ്മിപ്പിക്കുന്നു.

Publisher-Paper Publica
വില - 350